January 29, 2011

എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ക്രിസ്തു വര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്  ,
                     പതിമൂന്നു സംവത്സരങ്ങള്‍ക്കു ഇപ്പുറം ഒരു ഏകാംഗപ്രസ്ഥാനമായി സ്വയം അവരോധിച്ച ഈ ഞാന്‍ അന്ന് നവോദയ വിദ്യാലയത്തില്‍  ഭാവിയിലെ പ്രസ്ഥാന രൂപീകരണം മുന്നില്‍ കണ്ടു കൊണ്ട് തയാറെടുത്തു കൊണ്ടിരിക്കുന്നു.
                   പറഞ്ഞു വരുമ്പോള്‍ അന്ന് ഈയുള്ളവന്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്.
                   ഓര്‍ത്തു വെക്കാന്‍ എളുപ്പമാണ്. തൊണ്ണൂറ്റി  ഒന്ന് ജൂണ്‍ മാസം ഒന്നാം ക്ളാസ്സില്‍ ചേര്‍ന്നതിനാല്‍ തൊണ്ണൂറ്റി രണ്ടില്‍ രണ്ടിലെത്തി. പിന്നെയിങ്ങോട്ടു തോല്‍വി എന്തെന്നറിയാതെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനാല്‍ ഞാനും, പോയ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദവും ഒരുമിച്ചാണ് വര്‍ഷങ്ങളുടെ കണക്കു ഒന്ന്, രണ്ട്‌ എന്നിങ്ങനെ എണ്ണി തീര്‍ത്തത്.
                   ഈ കണക്കിന് മറ്റൊരു പാഠഭേദം നാല് വയസ്സിനിളപ്പമായ എന്റെ സഹോദരന്‍ കണ്ടു പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു വയസ്സായപ്പോള്‍ അവന്‍ ജീവിതത്തില്‍ ഇന്ന് വരെ പേര് മാത്രം വിളിച്ചിട്ടുള്ള അവന്റെ എല്ദേര്‍ ബ്രദര്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു. അവനു രണ്ട്‌ വയസ്സുള്ളപ്പോള്‍ ഈയുള്ളവന്‍ രണ്ടില്‍ . അങ്ങനെ അനിയന്റെ  പ്രായവും എന്റെ ക്ളാസ് കണക്കിലെ ആരോഹണവും ഒരുമിച്ചായത്‌ കൊണ്ട് അവന്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്താണെന്നാല്‍ ,
അദ്ദേഹം ഒരു നിത്യഹരിത പഞ്ചവല്‍സര കിശോരന്‍ ആയി നിലകൊണ്ടാല്‍ ഈയുള്ളവന്‍ അഞ്ചാം ക്ളാസ് എന്ന കടമ്പ ഈ ജന്മത്ത് കടക്കില്ല എന്നും, മഹാശയന്‍ ഒരു കരുണാനിധി ആയതിനാല്‍ ഈ പാവം പിടിച്ച വല്യേട്ടന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്നുമാണ്.
മാന്യനെക്കാള്‍ നാലോണം കൂടുതല്‍ ഉണ്ടതിന്റെ വിവരവും വിദ്യാഭ്യാസവും അധികം ഉള്ളതിനാല്‍ ഞാന്‍ ഇത് വരെ ഈ ഹൈപോതെസിസ് എതിര്‍ത്തിട്ടില്ല. (കുഞ്ഞു വാവയ്ക്ക് വിഷമമായാലോ-സഃ ഇദാനീമപി ബാലഃ - ചെക്കന്‍ ഇപ്പഴും ശിശുവാണെന്ന് മലയാളം )
കണക്കിലെ കളികള്‍ അവിടെ നില്‍ക്കട്ടെ, നമുക്ക് വിഷയത്തിലേക്ക് കടക്കാം.
                 അപ്പോള്‍ , ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില്‍ ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്നു.പഠിക്കുന്നത് നവോദയ വിദ്യാലയത്തില്‍ ആണെങ്കിലും മലയാളം ഒഴിച്ച് മറ്റു ഭാഷകളില്‍ ഒന്നിലും പ്രാവീണ്യം തീരെ ഇല്ല. (ഒരു പിടി ബ്ലോഗര്‍മാരെ ബൂലോകത്തിനു സംഭാവന ചെയ്ത ഒരു ഈറ്റില്ലമാണ് മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയം. ഞങ്ങളുടെ വല്യേട്ടന്‍ അരവിന്ദ്, എന്റെ സഹപാഠികള്‍ അര്‍ജുന്‍ , വന്ദന, ജൂനിയര്‍ ആയിരുന്ന ഓലപ്പടക്കം തുടങ്ങി ഞങ്ങള്‍ കുറച്ചു പേരുണ്ട് അറിയാവുന്ന മലയാളവും കൊണ്ട് ബൂലോകവാസികളെ സാഹിത്യം പഠിപ്പിക്കാന്‍ ഇറങ്ങിയിട്ടുള്ളവര്‍ ).
1996 -  2003  സഹോദരന്മാര്‍ 
                    അറിയാവുന്ന ഏകഭാഷ മാതൃഭാഷ മാത്രമായതിനാല്‍ പില്‍ക്കാലത്ത്‌ പഠിച്ചെടുത്ത ആംഗലേയം, രാഷ്ട്ര  ഭാഷ, തമിഴ്, ഗുജറാത്തി, കന്നഡ എന്നിവയില്‍ അന്ന് അങ്കം വെട്ട് ആരംഭിച്ചിട്ടില്ല. എന്റെ ഭാഷാ പരീക്ഷണങ്ങള്‍ ഉത്തരക്കടലാസുകളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നതിനാല്‍ ആര്‍ക്കും പ്രത്യേകിച്ച് ശല്യമൊന്നും ഉണ്ടായിരുന്നില്ല താനും.  ഉത്തരക്കടലാസ്സിനു പുറമേ ഭാഷാ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ ഉള്ള ഏക മാര്‍ഗ്ഗം കത്തെഴുത്താണ്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ അന്ന് നിത്യോപയോഗ സാധനങ്ങളില്‍ ടൂത്ത് ബ്രഷിന്റെ മുകളില്‍ കേറി ഇരിപ്പ് ഉറപ്പിച്ചിട്ടില്ല  എന്നോര്‍ക്കണം. ഉദാരവല്‍ക്കരണം ടീനേജ്  പ്രായത്തിലേക്ക് കടക്കാത്തതിനാല്‍ അന്ന് ലാന്‍ഡ്‌ ഫോണ്‍ പോലും ഗ്രാമങ്ങളിലെ സാധാരണക്കാരന് സ്വന്തമായി വീട്ടില്‍ വെക്കാവുന്ന ഒന്നായി മാറിയിട്ടില്ല  എന്നാണു എന്റെ ഓര്‍മ.
               കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ഉള്ളപ്പോഴാണ്, ഒരു മധ്യവേനല്‍ അവധിക്കു മലയാളത്തിന്റെ പുതിയൊരു വകഭേദത്തെ ഞാന്‍  കണ്ടു മുട്ടുന്നത്.
                   വാമൊഴിയായല്ല വരമൊഴിയായാണ് സംഭവത്തിന്റെ കിടപ്പ്. 
                   അതും മുദ്രപ്പത്രങ്ങളില്‍ .  
              എന്റെ പിതാമഹന്റെ പെട്ടിക്കകത്ത് ഭദ്രമായി സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ആധാരത്തിലെ വ്യവഹാര ഭാഷ  ആണ് നായകന്‍ (അതോ നായികയോ?) . വിശദാംശങ്ങള്‍ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ പറഞ്ഞു, അച്ചിലിട്ടു വാര്‍ത്തെടുത്ത പോലത്തെ വടിവുമായി അക്ഷരങ്ങള്‍ നിരന്നുനില്‍ക്കുന്ന മനോഹരമായ, സുന്ദരമായ, അഴകാര്‍ന്ന രീതി. 
                   പറഞ്ഞു കേട്ടും, എഴുതി വായിച്ചും അനുഭവം ഇല്ലാത്തതിനാലാവാം, പ്രഥമദൃഷ്ട്യാല്‍ അനുരാഗം എന്ന് പറയുന്നത് പോലെ എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ഈ ശൈലി ഒരുപാടങ്ങ്‌ ‌ ഇഷ്ടപ്പെട്ടു. .

                     ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായില്ലല്ലോ.. പ്രയോഗിക്കുകയും കൂടി വേണ്ടേ..!!
        ഈ പുതിയ ശൈലി പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി എവിടെയുണ്ട് എന്നുള്ള അന്വേഷണമായി പിന്നീട്. അന്വേഷണത്തിനിടയില്‍ , മധ്യവേനല്‍ അവധി അടുത്ത കൊല്ലം ഇതേ സമയത്ത് കാണാം എന്ന് യാത്ര പറഞ്ഞു പോയി. അന്വേഷണത്തിന്റെ ശിഷ്ട ഭാഗം നവോദയയുടെ കമ്പി വേലിക്കുള്ളില്‍  ഒതുങ്ങി.
                   നേരത്തെ പറഞ്ഞത് പോലെ രണ്ടു വഴിയെ ഉള്ളൂ ഭാഷ പ്രയോഗിക്കാന്‍ . 
                   പരീക്ഷ എഴുത്തും, കത്തെഴുത്തും.!!
                  ഇതിലെ ആദ്യം പറഞ്ഞ സംഭവത്തില്‍ കൈ വെക്കാന്‍ പേടി എന്ന വികാരം എന്നെ അനുവദിച്ചില്ല. അതേ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഓര്‍മ വന്നത്  സ്റ്റാഫ്‌ റൂം എന്ന പേരില്‍ സ്കൂളില്‍ ഉള്ള ടോര്‍ചര്‍ റൂമാണ്. പിന്നെ കേശാദിപാദം ഏറ്റു വാങ്ങേണ്ടാതായുള്ള മൂന്നാം മുറകളെ സമീപ ഭാവിയില്‍ തന്നെ കാണാന്‍ കഴിഞ്ഞതിനാല്‍ ആദ്യത്തെ ചോയ്സ് ഞാന്‍ ഒഴിവാക്കി.
                    ഇനിയുള്ളത് കത്തെഴുത്ത് മാത്രം.
                   പക്ഷേ, ആര്‍ക്കയയ്ക്കും?
                  'വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം' എന്നാണു ശ്രീപാര്‍വതി സ്വന്തം ഭര്‍ത്താവിനു ഉപദേശിച്ചു കൊടുത്തത്. ഇല്ലെങ്കില്‍  കൊടുത്ത അറിവ് തിരിച്ചടിക്കുമത്രേ. ഇതും അത് പോലൊക്കെ തന്നെ.. ഈ കത്തെഴുത്തും..
                   സ്വീകര്‍ത്താവിന്റെ സ്വഭാവം ശരിക്ക് അറിയില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത് എന്നാണു ഉപബോധമനസ്സ് ബോധമനസ്സിന് നല്‍കിയ ഉപദേശം.
                  സംഗതി ചീറ്റിപ്പോയാല്‍ ചിലപ്പോള്‍ നാട്ടുകാര് പറയും 'ചെക്കന് പഠിച്ചു പഠിച്ചു വട്ടായി പോയെന്ന് !'. ഇപ്പോഴായിരുന്നെങ്കില്‍ ആ 'വട്ടന്‍ പദവി' സസന്തോഷം ഏറ്റെടുത്തെനെ. തലയ്ക്കല്‍പ്പം സ്ഥിരത ഇല്ലാത്തതാണ് ഈ ലോകത്ത് ജീവിക്കാന്‍ കൂടുതല്‍ സൗകര്യം എന്ന് മനസ്സിലാക്കാന്‍ പത്തിരുപത്തഞ്ചു വര്‍ഷം എടുത്തു.പക്ഷേ അന്ന് സ്ഥിതിഗതികള്‍ വ്യത്യസ്തമായതിനാല്‍ നിര്‍ദ്ദിഷ്ട പദവിയില്‍  തീരെ താല്പര്യം ഉണ്ടായിരുന്നില്ല.
                         എങ്കിലും പിന്മാറാന്‍ തോന്നിയില്ല. റിസ്ക്‌ ഉള്ള എന്തെങ്കിലും ചെയ്യുന്നതിനാണല്ലോ ത്രില്‍ . ഇങ്ങനെ ത്രില്ലിക്കാതെ ജീവിക്കാന്‍ അന്നും ഇന്നും എനിക്ക് ബുദ്ധിമുട്ടാണ്.


                നവോദയയില്‍ എല്ലാവരും കത്തെഴുതാരുള്ളത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ്. നമ്മുക്കാണെങ്കില്‍  ദൈവം സഹായിച്ചു നവോദയക്ക്  പുറത്തു പറയത്തക്ക സുഹൃത്തുക്കള്‍ ഒന്നും ഇല്ല. ഇരുപത്തി നാല് മണിക്കൂറും കൂടെയുള്ള നവോദയന്‍ ദോസ്ത്തുക്കള്‍ക്ക് കത്തെഴുതിയാല്‍ കത്ത് അവന്മാര്‍ വായിക്കുന്നതിനു മുന്നേ തന്നെ നമുക്ക് പുതിയ നാമധേയം അടിച്ചു കിട്ടും. അത് കൊണ്ട് ആ പരിപാടി വേണ്ട എന്ന് വെച്ചു (എന്നിട്ടും ഞാന്‍ നവോദയയില്‍ ഒരാള്‍ക്ക്‌ എല്ലാ ദിവസവും കത്തെഴുതുമായിരുന്നു. അതിലെ ഭാഷ വളരെ കാവ്യാത്മകവും, പ്രേമസുരഭിലവും ആയിരുന്നു എന്ന് മാത്രം. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വട്ടായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഗൌനിച്ചുമില്ല ) .
                     അങ്ങനെ എന്റെ നോട്ടം ബന്ധുജനങ്ങളിലേക്ക് തിരിഞ്ഞു.
                    അന്നും ഇന്നും അഡ്രസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയവ സൂക്ഷിച്ചു വെക്കുന്നതില്‍ ഞാന്‍ ഒരു ഉഴപ്പനാണ്. ആവശ്യം വരുമ്പോള്‍ സംഗതി കയ്യില്‍ ഉണ്ടാവില്ല. അന്നും ഇത് തന്നെ സംഭവിച്ചു. 
                     സ്വന്തം മേല്‍വിലാസത്തിന്  പുറമേ എന്റെ കയ്യിലുള്ളത് അമ്മാവന്മാരുടെ നമ്പര്‍ മാത്രം. വല്ല്യമ്മാവന്റെ വിലാസം ഇല്ല. രണ്ടാമത്തെ അമ്മാവന്റെയും, എയര്‍ ഫോര്‍സിലെ കുഞ്ഞമ്മാവന്റെയും വിലാസം മാത്രമേ ആയുധമായുള്ളൂ.
                      ഇതില്‍ ആര്‍ക്കയക്കും..?
                    കുലംകുഷമായ ചിന്താ യജ്ഞത്തിനു ശേഷം നറുക്കിട്ട് നോക്കിയപ്പോള്‍ എന്റെ സൃഷ്ടി വായിക്കുന്നതിനുള്ള ഭാഗ്യയോഗം, അക്ഷരനഗരിയായ കോട്ടയത്ത്‌ തന്നെ താമസിക്കുന്ന എന്റെ കുട്ടമ്മാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന രണ്ടാമത്തെ അമ്മാവനാണ് കിട്ടിയത്.
മാത്രമല്ല അദ്ദേഹവും ഒരു ഭാഷാ നിപുണന്‍ ആണ് .  ഭാഷാപോഷിണി മാസിക വായിക്കുന്ന ചുരുക്കം ചിലരെ പരിചയമുള്ളവരില്‍ ഒരാളാണ് അദ്ദേഹം.
                അന്ന് ഞാന്‍ കുട്ടമ്മാമനു അയച്ച വ്യവഹാര കടിതത്തിന്റെ ഒരു സാമ്പിള്‍  വായനക്കാര്‍ക്ക് ഉപ്പു  നോക്കാനായി ഇവിടെ തരുന്നു.
 " ഉഴവൂര്‍ താലൂക്ക് കാണക്കാരി വില്ലേജ്  വേങ്ങത്ത് ‌ വീട്ടില്‍ ദാമോദരന്‍ മകന്‍ മുരളീധരന്‍ ഒന്നാം കക്ഷിയായും, ടിയാന്റെ പിതാവ് ദാമോദരന്‍ , മാതാവ് ജാനകി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും കക്ഷിയായും വായിച്ചറിയുന്നതിനായി കണയന്നൂര്‍ താലൂക്ക് കൈപ്പട്ടൂര്‍ ദേശം തഴയപ്പാടത്ത്  വീട്ടില്‍ ശശീന്ദ്രന്‍ മകന്‍ അംജിത് എന്ന് പേരായ ഒന്നാം കക്ഷിയുടെ അനന്തിരവന്‍ എഴുതുന്നത്......" 
                           അങ്ങനെ പോകുന്നു കത്തിന്റെ ഉള്ളടക്കം. മുഴുവനും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തല്‍ക്കാലം ഉപ്പു നോക്കാന്‍ ഇത്രയും മതി.
                          എന്തായാലും കത്തയച്ചു കഴിഞ്ഞപ്പോഴേക്കു എനിക്ക് ആശ്വാസമായി. വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയാത്ത ഒരു നിര്‍വൃതി കുറച്ചു ദിവസത്തേക്ക് എന്നെ മൊത്തമായി മൂടിയിരുന്നു എന്ന് തന്നെ പറയാം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍വൃതിയും, രോമാഞ്ചവുമെല്ലാം എന്നെ വിട്ടു പോയി. കത്തയച്ച കാര്യം തന്നെ  ഓര്‍മയില്‍ നിന്നും മാഞ്ഞു പോയി.
                        സമയം ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി മുന്നോട്ട് കറങ്ങി.
                       എന്റെ അടുത്ത അവധിക്കാലം അഥവാ പൂജാ ഹോളിഡേയ്സ് എന്ന് വടക്കേ ഇന്ത്യക്കാരന്‍ വിളിക്കുന്ന ഒരു മാസത്തെ അവധി വന്നു ചേര്‍ന്നു. അച്ഛനും അമ്മയുമൊത്ത് അമ്മവീട്ടിലേക്ക് പോവുന്നത് വെക്കേഷന്‍ ആഘോഷിക്കുന്ന എല്ലാ കുട്ടികളുടെയും അവകാശം ആണെന്നാണല്ലോ സാമാന്യ മതം. എന്റെ അവകാശം എനിക്കും കിട്ടി.
                       ഞാനും പോയി അമ്മവീട്ടിലേക്ക് ഒരു യാത്ര.
                      പോയി, എല്ലാവരെയും കണ്ടു.. ആഘോഷമായി കളിച്ചു. വേനല്‍ അവധിയില്‍ നിന്നും ഈ അവധിയിലേക്ക് നീക്കിയിരിപ്പായി അമ്മമ്മ കരുതി വെച്ച ചക്ക വറുത്തതും, കാ വറുത്തതും , ചക്ക വരട്ടിയതുമൊക്കെ ആവോളം കഴിച്ചു വയറു നിറച്ചു. തലേന്ന് വരെ നാലഞ്ചു സുന്ദരി പിടകള്‍ക്ക് നാഥനായി തലയുയര്‍ത്തി നടന്നിരുന്ന സുന്ദരന്‍ ഒരു അങ്കവാലന്‍ പൂവന്‍ ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ഫലമായി നല്ലൊന്നാന്തരം കോഴിക്കറിയായി  മാറി.. സന്ദര്‍ശകര്‍ക്ക്  ആകെ മൊത്തം പരമസുഖം.
                            കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായത് യാത്ര പറഞ്ഞു പോകാന്‍ ഇറങ്ങിയപ്പഴാണ്.
                             ഒരു മിനിറ്റ് എന്ന് പറഞ്ഞു പുറകിലേക്ക് വലിഞ്ഞ അമ്മാവന്‍ പിന്നെ പൊങ്ങിയത് ഒരു കത്തും കയ്യില്‍ പിടിച്ചാണ്.  ഏതു കത്താണ് അതെന്നു മാന്യ വായനക്കാര്‍ക്ക് ഞാന്‍ പറഞ്ഞു തരാതെ മനസ്സിലായിരിക്കുമല്ലോ. പക്ഷെ എനിക്ക് അന്നേരം മനസ്സിലായില്ല 'എന്താണ് ആ സംഗതി' എന്ന്. കത്തയച്ച കാര്യം എനിക്ക് ഒട്ടും തന്നെ ഓര്‍മയില്ലായിരുന്നു. പിന്നെന്താ ചെയ്യാ...
                            നമുക്ക് സംഭവങ്ങളുടെ ഒരു ഒഴുക്ക്  മനസ്സിലായി വന്നപ്പോഴെക്കു എല്ലാം കൈ വിട്ടു പോയിരുന്നു. ഒരു പിഞ്ചു സാഹിത്യ പരീക്ഷേതാവിനു യാതൊരു പരിഗണനയും നല്‍കാതെ മൂരാച്ചി ബൂര്‍ഷ്വാ കരിങ്കാലിയായ അമ്മാവന്‍ എന്റെ കന്നി വ്യവഹാര പരീക്ഷണം ഉറക്കെ വായിച്ചു.
                            ആകെപ്പാടെ ഒരു വെപ്രാളത്തിലായി  പോയി ഞാന്‍ . നൂറ്റാണ്ടുകളായി മഴ പെയ്യാത്ത മരുഭൂമി പോലെ എന്റെ തൊണ്ടയും വരണ്ടുണങ്ങി. തൊണ്ടയില്‍ വറ്റിപ്പോയ വെള്ളം മുഴുവന്‍ കണ്ണില്‍ വന്നു നിറഞ്ഞു. മിച്ചമുള്ളത് ദേഹമാസകലം വിയര്‍പ്പായി പൊടിഞ്ഞു. കഴുത്ത് അറുപതു ഡിഗ്രിയില്‍ മുന്നോട്ടു ചെരിഞ്ഞു. 
                            കുനിഞ്ഞു പോയ കഴുത്ത് ഒരു കണക്കിന് ഉയര്‍ത്തി സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണും കാതും തുറന്നു നോക്കിയപ്പോഴേക്കും അമ്മാവന്റെ കടിത പാരായണം അവസാനിച്ചിരുന്നു. എനിക്ക് ചുറ്റുമുള്ള എന്റെ ലോകം മുഴുവന്‍ അന്തം വിട്ട അവസ്ഥയില്‍ മിഴിച്ച കണ്ണുകളോടെ എന്നെ തന്നെ  നോക്കി നില്‍ക്കുകയാണ്. ഒരു കൈ വന്നു എന്റെ ചെവിയില്‍ പിടിച്ചു വിശദമായി തന്നെ ഒന്ന് തിരുമ്മി. നോക്കിയപ്പോള്‍ അച്ഛന്‍ . അമ്മ അച്ഛന് പിന്തുണ രൂപത്തില്‍ എന്നോട് ചോദിച്ചു " ധിക്കാരി, ഇങ്ങനെയാണോടാ മുതിര്‍ന്നവര്‍ക്ക് കത്തെഴുതുന്നത്?". നാലാം ക്ലാസ്സില്‍ പഠിക്കുന്ന അനിയന് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു. അവന്‍ ഇരുപത്തെട്ടു പല്ലും വെളിയില്‍ കാണിച്ചു ചിരിച്ചു കൊണ്ടിരുന്നു.
                     ഈ സാഹചര്യത്തില്‍ ആരോടും പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത ഞാന്‍ ദയനീയമായി അമ്മാവനെ നോക്കി. ഞാന്‍ പ്രതീക്ഷിച്ചിരുന്നു  "അവന്‍ കൊച്ചല്ലേ, ഇതൊക്കെ പിള്ളാരുടെ ഒരു തമാശ ആയിട്ടെടുത്താല്‍ മതി" എന്ന് അമ്മാവന്‍ പറയുമെന്ന്.
                       എവിടെ? അദ്ദേഹം ശത്രുപാളയത്തിലാണ് ഇപ്പോഴും. മുറിവില്‍ ഉപ്പു പുരട്ടാനായി മാമന്റെ വക ഒരു ഡയലോഗും പുറകെ വന്നു. "നല്ല ചുട്ട അടി വെച്ച് കൊടുക്കുകയാ വേണ്ടത്, ഇമ്മാതിരി കാട്ടിക്കൂട്ടലിനൊക്കെ". ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.
                        ആ സംഭവം അതോടു കൂടി അവസാനിച്ചു. പ്രതിഷേധം എന്ന നിലയില്‍ എഴുത്തെഴുതുന്ന പരിപാടിയെ ഞാന്‍ ബഹിഷ്ക്കരിച്ചു . കാലക്രമേണം ലോകം മുഴുവന്‍ ഇ-മെയിലിനും മൊബൈലിനും കീഴടങ്ങിയപ്പോള്‍ എന്റെ ബഹിഷ്ക്കരണം അസാധുവായി മാറി.
                            പക്ഷെ എനിക്ക് ഇന്നും മനസ്സിലാകാത്തത്, എന്തിനാണ് അമ്മാവന്‍ അന്ന് ആ കത്തെടുത്തു എല്ലാവരുടെയും മുന്നില്‍ ഉറക്കെ വായിച്ചത് എന്നാണ്. ചെയ്തത് ഒരു തെറ്റാണ് എന്ന് അന്നും ഇന്നും എനിക്ക് തോന്നാത്തത് കൊണ്ടാവും  ആ നടപടി ആവശ്യമില്ലാത്തതായിരുന്നു എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നത്. നേരത്തെ പറഞ്ഞത് പോലെ, ഒരു കുട്ടിയുടെ ചെറിയൊരു കുസൃതി ആയി എടുക്കാമായിരുന്നു ഈ അസാധാരണ എഴുത്തിനെയും എന്നാണ്  എന്റെ പക്ഷം.. അങ്ങനെയല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്നു എങ്കില്‍ , മുകളില്‍ ഒരിടത്ത് ഞാന്‍ പറഞ്ഞിട്ടുള്ള ആ സംസ്കൃത വാചകം നിങ്ങള്‍ക്കും പറയാം.  
സഃ ഇദാനീമപി ബാലഃ  അവന്‍ ഇപ്പോഴും കുട്ടിയാണ്

January 14, 2011

നിരാശയുടെ കാമുകഭാവത്തിനു ഒരു അന്ത്യം


                   വെറുതെ ഒന്ന് ഓണ്‍ലൈന്‍ വന്നപ്പോഴാണ് അനിത  ടീച്ചറെ കണ്ടത്.. എന്നെ സ്കൂളില്‍ പഠിപ്പിച്ചതാണ്. അന്നേ ഞാന്‍ ഒരു അപൂര്‍വ പ്രതിഭ ആയിരുന്നത് കൊണ്ട് ടീച്ചര്‍ക്ക്‌ എന്നെ വലിയ കാര്യമാണ്, അന്നും ഇന്നും.
                  ടീച്ചര്‍ക്ക്‌ ഓണ്‍ലൈനില്‍ ചെസ്സ്‌ കളിക്കുന്നത് ഒരു ഹരമാണ്. വെറുതെ ആര്‍ക്കും ഒന്നിലും ഹരം കയറില്ലല്ലോ..? നമ്മള്‍ ചെയ്യുന്ന എന്തെങ്കിലുമൊക്കെ നല്ലതാണെന്ന് നമ്മളല്ലാതെ ഒരു നാലുപേര്‍ പറയുംപോഴാണല്ലോ ആ സംഗതിയില്‍ നമുക്കൊരു ആത്മവിശ്വാസം തോന്നുന്നതും, അതൊക്കെ നമുക്കൊരു ഹരമായി മാറുന്നതും. സ്വാഭാവികമായും ചെസ്സുകളിയില്‍ ടീച്ചര്‍ ഒരു വിദഗ്ദ്ധ തന്നെ. നാട്ടിലുള്ള എതിരാളികളെ തോല്‍പ്പിച്ചു തോല്‍പ്പിച്ച് മടുത്തത് കാരണം അന്താര്ഷ്ട്രതലത്തിലാണ് ഇപ്പോള്‍ ടീച്ചര്‍ ബോര്‍ഡിലെ പട നയിക്കാറുള്ളത്. അന്താരാഷ്‌ട്ര എതിരാളികളോടുള്ള മത്സരത്തില്‍ മിക്കവാറും ജയിക്കാറും ഉണ്ട്. തോറ്റു കൊടുക്കാന്‍  മടിയുള്ള ടീച്ചറെ തോല്പ്പികണമെങ്കില്‍ എന്നെ പോലെയുള്ള അപൂര്‍വ പ്രതിഭകള്‍ വിചാരിക്കണം.
 
                   ചെസ്സ്  കളിച്ചു തോല്പ്പികാനാണെന്ന് തെറ്റിദ്ധരിക്കല്ലേ..!!
                 ടീച്ചറുടെ പേരിനു നേരെ പച്ച നിറം കത്തി കിടക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ്, ടീച്ചര്‍ ചതുരംഗത്തില്‍ മുഴുകി ഇരിക്കുകയാണ് എന്ന്. അത് കണ്ടാല്‍ ഉടനെ എന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന വികൃതിപ്പയ്യന്‍ ഉണരും. അദ്ദേഹം ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത് ടീച്ചറോട്‌ ഒരു ഹായ് പറയലാണ്. വല്സലശിഷ്യനെ അവഗണിക്കാന്‍ പറ്റാത്തതുകൊണ്ട് ടീച്ചര്‍ പ്രതികരിക്കും. വിശേഷങ്ങളുടെ ഒന്നുമില്ലായ്മയില്‍ നിന്നും എന്തെങ്കിലുമൊക്കെ കുത്തിപ്പൊക്കി ഒരു പതിനഞ്ചു മിനിട്ട് ഞാന്‍ ടീച്ചറെ ചാറ്റില്‍ കുടുക്കും. ചാറ്റും, ഗെയ്മും ഒരുമിച്ചു കൊണ്ട് പോകാനാകാതെ ടീച്ചര്‍ കളിയില്‍ തോല്‍ക്കും. തോല്‍ക്കും. അന്താരാഷ്ട്ര കളിക്കാരെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ അവരുടെ  മുന്നില്‍ തോറ്റാലും  ടീച്ചര്‍ക്ക് വിഷമമൊന്നുമില്ല. (അഥവാ ഉണ്ടെങ്കില്‍ തന്നെ കാര്യമാക്കേണ്ടതില്ല എന്നാണു ശിഷ്യന്‍ ടീച്ചറോട് മുന്‍കൂറായി പറഞ്ഞിട്ടുള്ളത് ).
                ടീച്ചര്‍ കളി തുടങ്ങിയെങ്കില്‍ തോല്‍പ്പിക്കാന്‍  ഒരു കൈ റെഡി എന്ന മട്ടില്‍ ഞാന്‍ സ്ഥിരം ശൈലിയില്‍ തുടങ്ങി.
               "വണക്കം, കളി തുടങ്ങിയോ ടീച്ചറെ ..?"
               "ഇല്ല്യെടാ, കുറച്ചു നേരം ചാറ്റ് ചെയ്തിട്ട് കളിക്കാംന്നു കരുതി" ഓഹോ, അപ്പോള്‍ എന്റെ ടൈമിംഗ് തെറ്റി, ഞാന്‍ മനസ്സില്‍ കരുതി.
           "അപ്പൊ ശരി, ഞാന്‍ പിന്നെ വരാം.. ടീച്ചര്‍ കളി തുടങ്ങിക്കോളൂ" കുറച്ചു കഴിഞ്ഞിട്ട് വരാമല്ലോ. ടീച്ചര്‍ അവിടെത്തന്നെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാ.
              "നിക്കെടാ അവിടെ.. അല്ലെങ്കിലും നിനക്ക് പണ്ടേ ഈ പണി ഉള്ളതാ, ഞാന്‍ എപ്പോ ചെസ്സ് കളിക്കാന്‍ തുടങ്ങിയാലും  ഓരോന്ന് പറഞ്ഞു വരും. എന്നിട്ട് എന്നെ തോല്പ്പിക്കൂം ചെയ്യും"
              "അയ്യോ, ഇതങ്ങനല്ല ടീച്ചറെ, ഞാന്‍ ചുമ്മാ ഒന്ന് ഓണ്‍ലൈന്‍ വന്നു എന്നെ ഉള്ളൂ. ടീച്ചര്‍ കളിച്ചോളൂ..ഇന്ന് ഞാനായിട്ട് തോല്പ്പിക്കിനില്ല."
              "നീ പോവല്ലേ... ഒരു കാര്യം പറയട്ടെ"
              "എന്താണാവോ?"
              "നിന്റെ എക്സ്-ഗേള്‍ ഫ്രണ്ട് എന്നെ വിളിച്ചിരുന്നു..".
             ടീച്ചര്‍ എന്നെ പഠിപ്പിച്ചിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ഞാന്‍ പ്രണയം എന്ന പൈങ്കിളി കല അഭ്യസിക്കുന്നത്. ടീച്ചറുടെ വിദ്യാര്‍ഥിനിയും എന്റെ സഹപാഠിയുമായ ഒരു പെണ്‍കുട്ടിയായിരുന്നു കഥാനായിക. ഏഴു കൊല്ലം , ഒരു സ്കൂളില്‍ ഒരുമിച്ചു പഠിച്ചവള്‍ .
മഹാത്മാക്കള്‍ എത്ര രഹസ്യമായി എന്ത് ചെയ്താലും അത് അങ്ങാടിപ്പാട്ടാകാന്‍ അധികം ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? അതേ കാരണം കൊണ്ട് തന്നെ  എന്റെ കൌമാരപ്രണയവും ഒരു പരസ്യമായ രഹസ്യം ആയിരുന്നു. കൌമാര പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ അത് വെറുമൊരു വണ്‍ വേ പ്രതിഭാസമായിരുന്നു എന്ന് കരുതരുതേ ..!! രണ്ടു കയ്യും ചേര്‍ന്ന് ശബ്ദമുണ്ടാക്കിയ ഒരു കയ്കൊട്ടു മേളം തന്നെയായിരുന്നു അത്. മനസ്സിലായില്ലേ, സംഭവം ടു വേ തന്നെയായിരുന്നു.  ഈ പറഞ്ഞ  നളചരിതത്തിലെ ദമയന്തി വിളിച്ചിരുന്നു എന്നാണു  ടീച്ചര്‍ ഉദ്ദേശിച്ചത്. അല്ലാതെ എനിക്കുണ്ടെന്നു ഞാന്‍ കരുതുന്ന   കാക്കതൊള്ളായിരം കാമുകിമാരെയൊന്നും ടീച്ചര്‍ക്ക്‌ അറിയില്ലല്ലോ!
                       "എന്താണാവോ കാര്യം"
                       "അഞ്ചാം തിയതി കല്യാണമാണത്രെ, ക്ഷണിക്കാന്‍ വിളിച്ചതാ"
                       "നടക്കട്ടെ..!! മംഗളം ഭവതു"
                       കലിയുടെ അപഹാരവും, ഉന്നത വിദ്യാഭ്യാസത്തിന്റെ വേറിട്ട വഴികളും ഈ നളനെ ആ ദമയന്തിയില്‍  നിന്നും അകറ്റി കളഞ്ഞു എന്ന് മാന്യ വായനക്കാര്‍ ഇതിനകം മനസ്സിലാക്കിയിരിക്കുമല്ലോ?
                      ദമയന്തി ആരാ മോള്‍ ? ഒരു നളന്‍ പോയാല്‍ വേറെ രണ്ടു നളന്‍ വരും എന്നറിയാവുന്ന അഭിനവ ഭൈമി, ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് പ്രണയ കലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും വേറെ രണ്ടു പേരില്‍ നിന്നായി കരസ്ഥമാക്കി. (സ്കൂള്‍ , കോളേജ് , അതിനുമപ്പുറത്തെ പഠിത്തം എന്ന് ചുരുക്കം) മിടുക്കരായ വിദ്യാര്‍ഥികളെ ചില സര്‍വകലാശാലകള്‍ അധ്യാപകരായി നിയമിക്കാരുള്ളത് പോലെ, പ്രണയത്തിന്റെ ബിരുദാനന്തര ബിരുദം നല്‍കിയ മഹാനെ ആ കശ്മല ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചു, അതും നാട്ടുകാരുടെയും വീട്ടുകാരുടെയും അറിവോടെയും സമ്മതത്തോടെയും. ഇതാണ് പുതുക്കി എഴുതിയ ദമയന്തീ ചരിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇനി നമുക്ക് തിരിച്ചു വരാം ഞാനും ടീച്ചറും തമ്മിലുള്ള സംഭാഷണത്തിലേക്ക്.
                      "നിന്നോട് പറഞ്ഞില്ല്യെ? പറയാണ്ടിരിക്കാന്‍ വഴിയില്ലാല്ലോ. നിങ്ങള്  'തിക്ക് ഫ്രണ്ട്സ് ' അല്ലെ?"
                     എന്നെ ഒന്ന് ഇരുത്തിയതാണ്. മനസ്സിലായി. സ്കൂള്‍കാലഘട്ടത്തിന്റെ നീക്കിയിരുപ്പിനെ കുറിച്ച്  ടീച്ചര്‍ എന്നോട് പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ 'ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ' അന്ന്  ഞാന്‍ മറുപടി കൊടുത്തിരുന്നു.
              "എന്നോടാരും പറഞ്ഞില്ല.. അതിനു മാത്രം തൊലിക്കട്ടി അവള്‍ക്കുണ്ടെന്ന് തോന്നുന്നില്ല"
                  "ഇതിനിപ്പോ അത്രയ്ക്ക് തൊലിക്കട്ടിയൊന്നും  വേണ്ട."
                എനിക്കൊരല്‍പ്പം ചൊറിഞ്ഞ്കേറി തുടങ്ങി. കളിയില്‍ തോല്പ്പിക്കുന്നതിനു പകരം വീട്ടുകയാണോ? ഈ വിഷയം പണ്ടേ ഞാന്‍ വിട്ടതാണ് .  ആരെങ്കിലും ഇത് പൊക്കി കൊണ്ട് വരാറുള്ളത് എന്നെ ഒന്ന് ചൊറിയാന്‍ തന്നെയാണെന്നുള്ള ബോധം ഉള്ളത് കൊണ്ട് ഓര്‍മപ്പെടുത്തലുകള്‍ എനിക്ക് അല്പമല്ലാത്ത ഇഷ്ടക്കെടാണ് താനും. നിരാശാകാമുകനായി ഒന്ന് രണ്ടു  നല്ല വസന്തങ്ങള്‍ സ്വയം നശിപ്പിച്ചതിന്റെ നിരാശയും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
                "ടീച്ചര്‍ക്ക് ശിഷ്യയോടു ചോദിക്കാന്‍ മേലായിരുന്നോ, എന്നെ വിളിക്കുന്നില്ലേന്നു?" 
                "അതിനു എന്നോടവള്‍ നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല്യാല്ലോ.. നിന്നെക്കുറിച്ച് ചോദിക്കാന്‍ "
              "അത് നന്നായി"
              "ഡല്‍ഹിയില്‍   വീട് നോക്കുന്നുണ്ടത്രേ.. "
            "നോക്കട്ടെ .. അതിനിപ്പോ ഞാന്‍ എന്താ വേണ്ടേ?" അവളും അവളെ കെട്ടാന്‍ പോകുന്നവനും ഡല്‍ഹിയില്‍ ജോലിക്കാരയതിനു ഞാന്‍ എന്ത് പിഴച്ചു?
             "അല്ല , ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ, നെനക്ക് വേഷമോന്നുല്ല്യാലോ?" ആഹാ, എത്ര മനോഹരമായ ആചാരങ്ങള്‍ . മുള്ള് കൊണ്ട് പുണ്ണ് കുത്തിയിളക്കിയിട്ടു വേദനയുണ്ടോന്നു  ചോദിച്ചാല്‍ എങ്ങനെയിരിക്കും?
                "എനിക്കെന്തു വിഷമം  എന്റെ ടീച്ചറെ, ഈ സംഭവം ഞാന്‍ ഒരു നാലഞ്ചു കൊല്ലം മുന്നേ തന്നെ അറബിക്കടലില്‍ തള്ളിയതാ" ലോകം അറിയരുതല്ലോ ഈ കഠിന ഹൃദയത്തിനുള്ളില്‍ ഇത്തിരിയോളം പോന്ന ഒരു മൃദുലത ഇന്നും നിലവിലുണ്ടെന്ന്.
                "മിടുക്കന്‍ , അങ്ങനെ വേണം ആണ്‍കുട്ട്യോളായാല്‍ "
                "മിടുക്കനാവാതെ തരമുണ്ടോ, എനിക്കും ജീവിക്കേണ്ടേ ടീച്ചറെ"
                "എന്നാ ശരീടാ.. ഞാന്‍ കളി തുടങ്ങട്ടെ"
                "ഓ, ശരി.. വിജയീ ഭവ" ഇന്നിനി ഞാന്‍ ശല്യമുണ്ടാക്കില്ലെന്നു ടീച്ചര്‍ക്ക്‌ ഉറപ്പായി കാണും.

                വടി കൊടുത്തു അടി വാങ്ങിയ അവസ്ഥയിലായിപ്പോയി ഞാന്‍ . അങ്ങോട്ട്‌ ചെന്ന് ചോദിച്ചു മേടിച്ചതാണല്ലോ കിട്ടിയ സമ്മാനം. അനുഭവിക്കാതെ നിവൃത്തിയില്ല.
               എന്തായാലും എന്റെ മൂഡ്‌ കാശിക്കു പോയി.
              കസേരയില്‍ ചാഞ്ഞു കണ്ണടച്ചിരുന്നപ്പോള്‍ മനസ്സ് ഒരു അഞ്ചാറു വര്ഷം പുറകോട്ടു ചെന്ന് അന്നത്തെ എന്നെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമം നടത്തി.
              "ദു:ഖമാണെങ്കിലും  നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനെ "  എന്ന് ആനന്ദധാര സ്റ്റൈലില്‍ ചിന്തിച്ചു  കൊണ്ട് മെന്‍സ് ഹോസ്റ്റലിലെ ചുവരായ ചുവരെല്ലാം കവിത എന്നാ പേരില്‍ ചുവരെഴുത്ത് നടത്തി പ്രണയ വിലാപങ്ങള്‍ കുറിച്ചിട്ട നാളുകള്‍ ..
             ഹാ, ഓര്‍ക്കുമ്പോഴേ  നാണക്കേട്‌ കൊണ്ട് ചൂളി പോകുന്നു  .
            മനസ്സിനെ തിരിച്ചു വിളിച്ചു. അലഞ്ഞു തിരിയാന്‍ വിട്ടാല്‍ ചിലപ്പോള്‍ എനിക്ക് ബുദ്ധിമുട്ടായേക്കും എന്ന് തോന്നി.
               അവളെ പോലെ തന്നെ ഞാനും ചിന്തിക്കേണ്ടതായിരുന്നു. ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന്.
                എന്തോ, കഴിഞ്ഞില്ല..ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഈ കാലമത്രയും കഴിഞ്ഞിട്ടില്ല.
                    ശ്രമിച്ചു നോക്കിയില്ലെന്നല്ല, എന്നെ കൊണ്ട് കഴിയുമായിരുന്നില്ല.
                  പിന്നെ പിന്നെ സ്വയം സമാധാനിപ്പിച്ചു. അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല ഗുരുനാഥന്‍ . മുന്നോട്ടുള്ള ജീവിതത്തില്‍ ഉപയോഗിക്കാനായി ചെറുപ്പത്തിലെ തന്നെ ദൈവം ഒരു പാഠം ചൊല്ലി തന്നതാണ്    എന്നൊക്കെ ഒരു പാട് തവണ സ്വയം പറഞ്ഞു.  ഒരു നിരാശയോക്കെ ഏതൊരു ആണിനും പറഞ്ഞിട്ടുള്ളതാണ് എന്നും  അതില്ലെങ്കില്‍ ജീവിതം പൂര്‍ണമാവുന്നില്ല എന്നും നിരാശയുടെ വഴിയിലെ എന്റെ പിന്ഗാമികള്‍ക്ക് ഉപദേശിച്ചു കൊടുക്കാനായി ഒരു തിയറി ഞാന്‍ സ്വയം നിര്‍മിച്ചു  . എന്നോട് ഞാന്‍ തന്നെ പറഞ്ഞു ശീലിച്ചു 'പോനാല്‍ പോകട്ടും, പോടാ' എന്ന്.
                       ഒരു വിധത്തില്‍ ഞാന്‍ ആ നിരാശയില്‍ നിന്നും പുറത്തു കടന്നു. കടന്നെന്നാണ് എന്റെ വിശ്വാസം, അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്.
                       പിന്നെ, ആ കൌമാര പ്രണയത്തെ അവള്‍ എന്ത് വിളിച്ചുവോ അത് തന്നെ ഞാനും വിളിച്ചു - infatuation. പ്രായത്തിന്റെ ചാപല്യം എന്ന് പറഞ്ഞു ചിരിച്ചു തള്ളി.
                     എന്നിട്ട്  പോലും ഇന്ന് ടീച്ചറോട്‌ സംസാരിച്ചു കഴിഞ്ഞപ്പോള്‍  ഉള്ളില്‍ എവിടെയോ ഒരു മീശ മുളക്കാത്ത പയ്യന്‍ , അവന്റെ  നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ ആരും കാണാതെ തുടക്കാന്‍ ശ്രമിച്ചത് ഞാന്‍ അറിഞ്ഞു.
                     ഉദയാസ്തമയങ്ങള്‍ക്കും   ഋതു ഭേദങ്ങള്‍ക്കും അന്ന് വരെ കണ്ടിട്ടില്ലാത്ത ചാരുതയുണ്ട് എന്ന് തിരിച്ചറിഞ്ഞ, നനുത്തൊരു കാറ്റിനു പ്രണയത്തിന്റെ സുഗന്ധം ഉണ്ടെന്നു കണ്ടെത്തിയ, ഇടിയും മിന്നലുമായി തുള്ളിക്കൊരു കുടം പെയ്യുന്ന മഴയില്‍ ആകാശം ഭൂമിയെ സ്നേഹിക്കുകയാനെന്നു കരുതിയ  ആ പയ്യന്റെ മനസ്സ് , ഉണങ്ങിയുറയ്ക്കാന്‍ മടി കാണിക്കുന്ന സിമെന്റ് ചാന്തിട്ട ചുമര് പോലെ ആയിരുന്നിരിക്കണം. വഴിയെ പോയൊരു പെണ്‍കുട്ടി ചൂണ്ടുവിരല്‍ കൊണ്ടു കോറിയിട്ട ഓര്‍മകള്‍ വര്‍ഷങ്ങളുടെയും, മറവികളുടെയും പായലിന് താഴെ ഇനിയും മായാതെ മറഞ്ഞു കിടക്കുന്നതിനു വേറെ എന്താണൊരു ന്യായീകരണം?
                  പുറകോട്ടുള്ള തിരിഞ്ഞു നോക്കലുകള്‍ ഇവിടെ നിര്‍ത്താം.
                  എനിക്കും എന്റെ ജീവിതമാണ് വലുത്. നഷ്ടസ്വപ്നങ്ങളുടെ കൂമ്പാരത്തിനു കീഴെ തളര്‍ന്നു കിടക്കാന്‍ എനിക്ക് കഴിയില്ല. പ്രതീക്ഷകളുടെ പുത്തനുണര്‍വുമായി കാലം എന്നെ കാത്തു നില്ല്ക്കുന്നു. കൈ വിട്ട കല്ലും, വാ വിട്ട വാക്കും മാത്രമല്ല കഴിഞ്ഞു പോയ സമയവും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ട്‌.

                  പിന്നണിയില്‍  ഏതു പാട്ട് വേണം ? 'മംഗളം നേരുന്നു ഞാന്‍ ' വേണോ അതോ 'സുമംഗലീ നീ ഓര്‍മിക്കുമോ ' വേണോ? 
വേണ്ടാ,, ഒരു മാര്‍ച്ചിംഗ് സോംഗ് മതി. (പിറന്നു കഴിഞ്ഞവരും, ഇനി പിറക്കാനിരിക്കുന്നതുമായ എല്ലാ നിരാശാകാമുകന്മാര്‍ക്കും എന്റെ പുറകില്‍ നിരക്കാം. എനിക്കൊരു വിരോധവുമില്ല)

 "കദം കദം ബഡായെ ജാ.. ഖുശീ കി ഗീത്  ഗായെ ജാ" ഇത് ധാരാളം.


 


Ratings and Recommendations by outbrain