January 29, 2011

എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ക്രിസ്തു വര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്  ,
                     പതിമൂന്നു സംവത്സരങ്ങള്‍ക്കു ഇപ്പുറം ഒരു ഏകാംഗപ്രസ്ഥാനമായി സ്വയം അവരോധിച്ച ഈ ഞാന്‍ അന്ന് നവോദയ വിദ്യാലയത്തില്‍  ഭാവിയിലെ പ്രസ്ഥാന രൂപീകരണം മുന്നില്‍ കണ്ടു കൊണ്ട് തയാറെടുത്തു കൊണ്ടിരിക്കുന്നു.
                   പറഞ്ഞു വരുമ്പോള്‍ അന്ന് ഈയുള്ളവന്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്.
                   ഓര്‍ത്തു വെക്കാന്‍ എളുപ്പമാണ്. തൊണ്ണൂറ്റി  ഒന്ന് ജൂണ്‍ മാസം ഒന്നാം ക്ളാസ്സില്‍ ചേര്‍ന്നതിനാല്‍ തൊണ്ണൂറ്റി രണ്ടില്‍ രണ്ടിലെത്തി. പിന്നെയിങ്ങോട്ടു തോല്‍വി എന്തെന്നറിയാതെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനാല്‍ ഞാനും, പോയ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദവും ഒരുമിച്ചാണ് വര്‍ഷങ്ങളുടെ കണക്കു ഒന്ന്, രണ്ട്‌ എന്നിങ്ങനെ എണ്ണി തീര്‍ത്തത്.
                   ഈ കണക്കിന് മറ്റൊരു പാഠഭേദം നാല് വയസ്സിനിളപ്പമായ എന്റെ സഹോദരന്‍ കണ്ടു പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു വയസ്സായപ്പോള്‍ അവന്‍ ജീവിതത്തില്‍ ഇന്ന് വരെ പേര് മാത്രം വിളിച്ചിട്ടുള്ള അവന്റെ എല്ദേര്‍ ബ്രദര്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു. അവനു രണ്ട്‌ വയസ്സുള്ളപ്പോള്‍ ഈയുള്ളവന്‍ രണ്ടില്‍ . അങ്ങനെ അനിയന്റെ  പ്രായവും എന്റെ ക്ളാസ് കണക്കിലെ ആരോഹണവും ഒരുമിച്ചായത്‌ കൊണ്ട് അവന്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്താണെന്നാല്‍ ,
അദ്ദേഹം ഒരു നിത്യഹരിത പഞ്ചവല്‍സര കിശോരന്‍ ആയി നിലകൊണ്ടാല്‍ ഈയുള്ളവന്‍ അഞ്ചാം ക്ളാസ് എന്ന കടമ്പ ഈ ജന്മത്ത് കടക്കില്ല എന്നും, മഹാശയന്‍ ഒരു കരുണാനിധി ആയതിനാല്‍ ഈ പാവം പിടിച്ച വല്യേട്ടന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്നുമാണ്.
മാന്യനെക്കാള്‍ നാലോണം കൂടുതല്‍ ഉണ്ടതിന്റെ വിവരവും വിദ്യാഭ്യാസവും അധികം ഉള്ളതിനാല്‍ ഞാന്‍ ഇത് വരെ ഈ ഹൈപോതെസിസ് എതിര്‍ത്തിട്ടില്ല. (കുഞ്ഞു വാവയ്ക്ക് വിഷമമായാലോ-സഃ ഇദാനീമപി ബാലഃ - ചെക്കന്‍ ഇപ്പഴും ശിശുവാണെന്ന് മലയാളം )
കണക്കിലെ കളികള്‍ അവിടെ നില്‍ക്കട്ടെ, നമുക്ക് വിഷയത്തിലേക്ക് കടക്കാം.
                 അപ്പോള്‍ , ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില്‍ ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്നു.പഠിക്കുന്നത് നവോദയ വിദ്യാലയത്തില്‍ ആണെങ്കിലും മലയാളം ഒഴിച്ച് മറ്റു ഭാഷകളില്‍ ഒന്നിലും പ്രാവീണ്യം തീരെ ഇല്ല. (ഒരു പിടി ബ്ലോഗര്‍മാരെ ബൂലോകത്തിനു സംഭാവന ചെയ്ത ഒരു ഈറ്റില്ലമാണ് മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയം. ഞങ്ങളുടെ വല്യേട്ടന്‍ അരവിന്ദ്, എന്റെ സഹപാഠികള്‍ അര്‍ജുന്‍ , വന്ദന, ജൂനിയര്‍ ആയിരുന്ന ഓലപ്പടക്കം തുടങ്ങി ഞങ്ങള്‍ കുറച്ചു പേരുണ്ട് അറിയാവുന്ന മലയാളവും കൊണ്ട് ബൂലോകവാസികളെ സാഹിത്യം പഠിപ്പിക്കാന്‍ ഇറങ്ങിയിട്ടുള്ളവര്‍ ).
1996 -  2003  സഹോദരന്മാര്‍ 
                    അറിയാവുന്ന ഏകഭാഷ മാതൃഭാഷ മാത്രമായതിനാല്‍ പില്‍ക്കാലത്ത്‌ പഠിച്ചെടുത്ത ആംഗലേയം, രാഷ്ട്ര  ഭാഷ, തമിഴ്, ഗുജറാത്തി, കന്നഡ എന്നിവയില്‍ അന്ന് അങ്കം വെട്ട് ആരംഭിച്ചിട്ടില്ല. എന്റെ ഭാഷാ പരീക്ഷണങ്ങള്‍ ഉത്തരക്കടലാസുകളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നതിനാല്‍ ആര്‍ക്കും പ്രത്യേകിച്ച് ശല്യമൊന്നും ഉണ്ടായിരുന്നില്ല താനും.  ഉത്തരക്കടലാസ്സിനു പുറമേ ഭാഷാ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ ഉള്ള ഏക മാര്‍ഗ്ഗം കത്തെഴുത്താണ്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ അന്ന് നിത്യോപയോഗ സാധനങ്ങളില്‍ ടൂത്ത് ബ്രഷിന്റെ മുകളില്‍ കേറി ഇരിപ്പ് ഉറപ്പിച്ചിട്ടില്ല  എന്നോര്‍ക്കണം. ഉദാരവല്‍ക്കരണം ടീനേജ്  പ്രായത്തിലേക്ക് കടക്കാത്തതിനാല്‍ അന്ന് ലാന്‍ഡ്‌ ഫോണ്‍ പോലും ഗ്രാമങ്ങളിലെ സാധാരണക്കാരന് സ്വന്തമായി വീട്ടില്‍ വെക്കാവുന്ന ഒന്നായി മാറിയിട്ടില്ല  എന്നാണു എന്റെ ഓര്‍മ.
               കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ഉള്ളപ്പോഴാണ്, ഒരു മധ്യവേനല്‍ അവധിക്കു മലയാളത്തിന്റെ പുതിയൊരു വകഭേദത്തെ ഞാന്‍  കണ്ടു മുട്ടുന്നത്.
                   വാമൊഴിയായല്ല വരമൊഴിയായാണ് സംഭവത്തിന്റെ കിടപ്പ്. 
                   അതും മുദ്രപ്പത്രങ്ങളില്‍ .  
              എന്റെ പിതാമഹന്റെ പെട്ടിക്കകത്ത് ഭദ്രമായി സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ആധാരത്തിലെ വ്യവഹാര ഭാഷ  ആണ് നായകന്‍ (അതോ നായികയോ?) . വിശദാംശങ്ങള്‍ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ പറഞ്ഞു, അച്ചിലിട്ടു വാര്‍ത്തെടുത്ത പോലത്തെ വടിവുമായി അക്ഷരങ്ങള്‍ നിരന്നുനില്‍ക്കുന്ന മനോഹരമായ, സുന്ദരമായ, അഴകാര്‍ന്ന രീതി. 
                   പറഞ്ഞു കേട്ടും, എഴുതി വായിച്ചും അനുഭവം ഇല്ലാത്തതിനാലാവാം, പ്രഥമദൃഷ്ട്യാല്‍ അനുരാഗം എന്ന് പറയുന്നത് പോലെ എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ഈ ശൈലി ഒരുപാടങ്ങ്‌ ‌ ഇഷ്ടപ്പെട്ടു. .

                     ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായില്ലല്ലോ.. പ്രയോഗിക്കുകയും കൂടി വേണ്ടേ..!!
        ഈ പുതിയ ശൈലി പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി എവിടെയുണ്ട് എന്നുള്ള അന്വേഷണമായി പിന്നീട്. അന്വേഷണത്തിനിടയില്‍ , മധ്യവേനല്‍ അവധി അടുത്ത കൊല്ലം ഇതേ സമയത്ത് കാണാം എന്ന് യാത്ര പറഞ്ഞു പോയി. അന്വേഷണത്തിന്റെ ശിഷ്ട ഭാഗം നവോദയയുടെ കമ്പി വേലിക്കുള്ളില്‍  ഒതുങ്ങി.
                   നേരത്തെ പറഞ്ഞത് പോലെ രണ്ടു വഴിയെ ഉള്ളൂ ഭാഷ പ്രയോഗിക്കാന്‍ . 
                   പരീക്ഷ എഴുത്തും, കത്തെഴുത്തും.!!
                  ഇതിലെ ആദ്യം പറഞ്ഞ സംഭവത്തില്‍ കൈ വെക്കാന്‍ പേടി എന്ന വികാരം എന്നെ അനുവദിച്ചില്ല. അതേ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഓര്‍മ വന്നത്  സ്റ്റാഫ്‌ റൂം എന്ന പേരില്‍ സ്കൂളില്‍ ഉള്ള ടോര്‍ചര്‍ റൂമാണ്. പിന്നെ കേശാദിപാദം ഏറ്റു വാങ്ങേണ്ടാതായുള്ള മൂന്നാം മുറകളെ സമീപ ഭാവിയില്‍ തന്നെ കാണാന്‍ കഴിഞ്ഞതിനാല്‍ ആദ്യത്തെ ചോയ്സ് ഞാന്‍ ഒഴിവാക്കി.
                    ഇനിയുള്ളത് കത്തെഴുത്ത് മാത്രം.
                   പക്ഷേ, ആര്‍ക്കയയ്ക്കും?
                  'വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം' എന്നാണു ശ്രീപാര്‍വതി സ്വന്തം ഭര്‍ത്താവിനു ഉപദേശിച്ചു കൊടുത്തത്. ഇല്ലെങ്കില്‍  കൊടുത്ത അറിവ് തിരിച്ചടിക്കുമത്രേ. ഇതും അത് പോലൊക്കെ തന്നെ.. ഈ കത്തെഴുത്തും..
                   സ്വീകര്‍ത്താവിന്റെ സ്വഭാവം ശരിക്ക് അറിയില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത് എന്നാണു ഉപബോധമനസ്സ് ബോധമനസ്സിന് നല്‍കിയ ഉപദേശം.
                  സംഗതി ചീറ്റിപ്പോയാല്‍ ചിലപ്പോള്‍ നാട്ടുകാര് പറയും 'ചെക്കന് പഠിച്ചു പഠിച്ചു വട്ടായി പോയെന്ന് !'. ഇപ്പോഴായിരുന്നെങ്കില്‍ ആ 'വട്ടന്‍ പദവി' സസന്തോഷം ഏറ്റെടുത്തെനെ. തലയ്ക്കല്‍പ്പം സ്ഥിരത ഇല്ലാത്തതാണ് ഈ ലോകത്ത് ജീവിക്കാന്‍ കൂടുതല്‍ സൗകര്യം എന്ന് മനസ്സിലാക്കാന്‍ പത്തിരുപത്തഞ്ചു വര്‍ഷം എടുത്തു.പക്ഷേ അന്ന് സ്ഥിതിഗതികള്‍ വ്യത്യസ്തമായതിനാല്‍ നിര്‍ദ്ദിഷ്ട പദവിയില്‍  തീരെ താല്പര്യം ഉണ്ടായിരുന്നില്ല.
                         എങ്കിലും പിന്മാറാന്‍ തോന്നിയില്ല. റിസ്ക്‌ ഉള്ള എന്തെങ്കിലും ചെയ്യുന്നതിനാണല്ലോ ത്രില്‍ . ഇങ്ങനെ ത്രില്ലിക്കാതെ ജീവിക്കാന്‍ അന്നും ഇന്നും എനിക്ക് ബുദ്ധിമുട്ടാണ്.


                നവോദയയില്‍ എല്ലാവരും കത്തെഴുതാരുള്ളത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ്. നമ്മുക്കാണെങ്കില്‍  ദൈവം സഹായിച്ചു നവോദയക്ക്  പുറത്തു പറയത്തക്ക സുഹൃത്തുക്കള്‍ ഒന്നും ഇല്ല. ഇരുപത്തി നാല് മണിക്കൂറും കൂടെയുള്ള നവോദയന്‍ ദോസ്ത്തുക്കള്‍ക്ക് കത്തെഴുതിയാല്‍ കത്ത് അവന്മാര്‍ വായിക്കുന്നതിനു മുന്നേ തന്നെ നമുക്ക് പുതിയ നാമധേയം അടിച്ചു കിട്ടും. അത് കൊണ്ട് ആ പരിപാടി വേണ്ട എന്ന് വെച്ചു (എന്നിട്ടും ഞാന്‍ നവോദയയില്‍ ഒരാള്‍ക്ക്‌ എല്ലാ ദിവസവും കത്തെഴുതുമായിരുന്നു. അതിലെ ഭാഷ വളരെ കാവ്യാത്മകവും, പ്രേമസുരഭിലവും ആയിരുന്നു എന്ന് മാത്രം. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വട്ടായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഗൌനിച്ചുമില്ല ) .
                     അങ്ങനെ എന്റെ നോട്ടം ബന്ധുജനങ്ങളിലേക്ക് തിരിഞ്ഞു.
                    അന്നും ഇന്നും അഡ്രസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയവ സൂക്ഷിച്ചു വെക്കുന്നതില്‍ ഞാന്‍ ഒരു ഉഴപ്പനാണ്. ആവശ്യം വരുമ്പോള്‍ സംഗതി കയ്യില്‍ ഉണ്ടാവില്ല. അന്നും ഇത് തന്നെ സംഭവിച്ചു. 
                     സ്വന്തം മേല്‍വിലാസത്തിന്  പുറമേ എന്റെ കയ്യിലുള്ളത് അമ്മാവന്മാരുടെ നമ്പര്‍ മാത്രം. വല്ല്യമ്മാവന്റെ വിലാസം ഇല്ല. രണ്ടാമത്തെ അമ്മാവന്റെയും, എയര്‍ ഫോര്‍സിലെ കുഞ്ഞമ്മാവന്റെയും വിലാസം മാത്രമേ ആയുധമായുള്ളൂ.
                      ഇതില്‍ ആര്‍ക്കയക്കും..?
                    കുലംകുഷമായ ചിന്താ യജ്ഞത്തിനു ശേഷം നറുക്കിട്ട് നോക്കിയപ്പോള്‍ എന്റെ സൃഷ്ടി വായിക്കുന്നതിനുള്ള ഭാഗ്യയോഗം, അക്ഷരനഗരിയായ കോട്ടയത്ത്‌ തന്നെ താമസിക്കുന്ന എന്റെ കുട്ടമ്മാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന രണ്ടാമത്തെ അമ്മാവനാണ് കിട്ടിയത്.
മാത്രമല്ല അദ്ദേഹവും ഒരു ഭാഷാ നിപുണന്‍ ആണ് .  ഭാഷാപോഷിണി മാസിക വായിക്കുന്ന ചുരുക്കം ചിലരെ പരിചയമുള്ളവരില്‍ ഒരാളാണ് അദ്ദേഹം.
                അന്ന് ഞാന്‍ കുട്ടമ്മാമനു അയച്ച വ്യവഹാര കടിതത്തിന്റെ ഒരു സാമ്പിള്‍  വായനക്കാര്‍ക്ക് ഉപ്പു  നോക്കാനായി ഇവിടെ തരുന്നു.
 " ഉഴവൂര്‍ താലൂക്ക് കാണക്കാരി വില്ലേജ്  വേങ്ങത്ത് ‌ വീട്ടില്‍ ദാമോദരന്‍ മകന്‍ മുരളീധരന്‍ ഒന്നാം കക്ഷിയായും, ടിയാന്റെ പിതാവ് ദാമോദരന്‍ , മാതാവ് ജാനകി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും കക്ഷിയായും വായിച്ചറിയുന്നതിനായി കണയന്നൂര്‍ താലൂക്ക് കൈപ്പട്ടൂര്‍ ദേശം തഴയപ്പാടത്ത്  വീട്ടില്‍ ശശീന്ദ്രന്‍ മകന്‍ അംജിത് എന്ന് പേരായ ഒന്നാം കക്ഷിയുടെ അനന്തിരവന്‍ എഴുതുന്നത്......" 
                           അങ്ങനെ പോകുന്നു കത്തിന്റെ ഉള്ളടക്കം. മുഴുവനും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തല്‍ക്കാലം ഉപ്പു നോക്കാന്‍ ഇത്രയും മതി.
                          എന്തായാലും കത്തയച്ചു കഴിഞ്ഞപ്പോഴേക്കു എനിക്ക് ആശ്വാസമായി. വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയാത്ത ഒരു നിര്‍വൃതി കുറച്ചു ദിവസത്തേക്ക് എന്നെ മൊത്തമായി മൂടിയിരുന്നു എന്ന് തന്നെ പറയാം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍വൃതിയും, രോമാഞ്ചവുമെല്ലാം എന്നെ വിട്ടു പോയി. കത്തയച്ച കാര്യം തന്നെ  ഓര്‍മയില്‍ നിന്നും മാഞ്ഞു പോയി.
                        സമയം ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി മുന്നോട്ട് കറങ്ങി.
                       എന്റെ അടുത്ത അവധിക്കാലം അഥവാ പൂജാ ഹോളിഡേയ്സ് എന്ന് വടക്കേ ഇന്ത്യക്കാരന്‍ വിളിക്കുന്ന ഒരു മാസത്തെ അവധി വന്നു ചേര്‍ന്നു. അച്ഛനും അമ്മയുമൊത്ത് അമ്മവീട്ടിലേക്ക് പോവുന്നത് വെക്കേഷന്‍ ആഘോഷിക്കുന്ന എല്ലാ കുട്ടികളുടെയും അവകാശം ആണെന്നാണല്ലോ സാമാന്യ മതം. എന്റെ അവകാശം എനിക്കും കിട്ടി.
                       ഞാനും പോയി അമ്മവീട്ടിലേക്ക് ഒരു യാത്ര.
                      പോയി, എല്ലാവരെയും കണ്ടു.. ആഘോഷമായി കളിച്ചു. വേനല്‍ അവധിയില്‍ നിന്നും ഈ അവധിയിലേക്ക് നീക്കിയിരിപ്പായി അമ്മമ്മ കരുതി വെച്ച ചക്ക വറുത്തതും, കാ വറുത്തതും , ചക്ക വരട്ടിയതുമൊക്കെ ആവോളം കഴിച്ചു വയറു നിറച്ചു. തലേന്ന് വരെ നാലഞ്ചു സുന്ദരി പിടകള്‍ക്ക് നാഥനായി തലയുയര്‍ത്തി നടന്നിരുന്ന സുന്ദരന്‍ ഒരു അങ്കവാലന്‍ പൂവന്‍ ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ഫലമായി നല്ലൊന്നാന്തരം കോഴിക്കറിയായി  മാറി.. സന്ദര്‍ശകര്‍ക്ക്  ആകെ മൊത്തം പരമസുഖം.
                            കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായത് യാത്ര പറഞ്ഞു പോകാന്‍ ഇറങ്ങിയപ്പഴാണ്.
                             ഒരു മിനിറ്റ് എന്ന് പറഞ്ഞു പുറകിലേക്ക് വലിഞ്ഞ അമ്മാവന്‍ പിന്നെ പൊങ്ങിയത് ഒരു കത്തും കയ്യില്‍ പിടിച്ചാണ്.  ഏതു കത്താണ് അതെന്നു മാന്യ വായനക്കാര്‍ക്ക് ഞാന്‍ പറഞ്ഞു തരാതെ മനസ്സിലായിരിക്കുമല്ലോ. പക്ഷെ എനിക്ക് അന്നേരം മനസ്സിലായില്ല 'എന്താണ് ആ സംഗതി' എന്ന്. കത്തയച്ച കാര്യം എനിക്ക് ഒട്ടും തന്നെ ഓര്‍മയില്ലായിരുന്നു. പിന്നെന്താ ചെയ്യാ...
                            നമുക്ക് സംഭവങ്ങളുടെ ഒരു ഒഴുക്ക്  മനസ്സിലായി വന്നപ്പോഴെക്കു എല്ലാം കൈ വിട്ടു പോയിരുന്നു. ഒരു പിഞ്ചു സാഹിത്യ പരീക്ഷേതാവിനു യാതൊരു പരിഗണനയും നല്‍കാതെ മൂരാച്ചി ബൂര്‍ഷ്വാ കരിങ്കാലിയായ അമ്മാവന്‍ എന്റെ കന്നി വ്യവഹാര പരീക്ഷണം ഉറക്കെ വായിച്ചു.
                            ആകെപ്പാടെ ഒരു വെപ്രാളത്തിലായി  പോയി ഞാന്‍ . നൂറ്റാണ്ടുകളായി മഴ പെയ്യാത്ത മരുഭൂമി പോലെ എന്റെ തൊണ്ടയും വരണ്ടുണങ്ങി. തൊണ്ടയില്‍ വറ്റിപ്പോയ വെള്ളം മുഴുവന്‍ കണ്ണില്‍ വന്നു നിറഞ്ഞു. മിച്ചമുള്ളത് ദേഹമാസകലം വിയര്‍പ്പായി പൊടിഞ്ഞു. കഴുത്ത് അറുപതു ഡിഗ്രിയില്‍ മുന്നോട്ടു ചെരിഞ്ഞു. 
                            കുനിഞ്ഞു പോയ കഴുത്ത് ഒരു കണക്കിന് ഉയര്‍ത്തി സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണും കാതും തുറന്നു നോക്കിയപ്പോഴേക്കും അമ്മാവന്റെ കടിത പാരായണം അവസാനിച്ചിരുന്നു. എനിക്ക് ചുറ്റുമുള്ള എന്റെ ലോകം മുഴുവന്‍ അന്തം വിട്ട അവസ്ഥയില്‍ മിഴിച്ച കണ്ണുകളോടെ എന്നെ തന്നെ  നോക്കി നില്‍ക്കുകയാണ്. ഒരു കൈ വന്നു എന്റെ ചെവിയില്‍ പിടിച്ചു വിശദമായി തന്നെ ഒന്ന് തിരുമ്മി. നോക്കിയപ്പോള്‍ അച്ഛന്‍ . അമ്മ അച്ഛന് പിന്തുണ രൂപത്തില്‍ എന്നോട് ചോദിച്ചു " ധിക്കാരി, ഇങ്ങനെയാണോടാ മുതിര്‍ന്നവര്‍ക്ക് കത്തെഴുതുന്നത്?". നാലാം ക്ലാസ്സില്‍ പഠിക്കുന്ന അനിയന് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു. അവന്‍ ഇരുപത്തെട്ടു പല്ലും വെളിയില്‍ കാണിച്ചു ചിരിച്ചു കൊണ്ടിരുന്നു.
                     ഈ സാഹചര്യത്തില്‍ ആരോടും പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത ഞാന്‍ ദയനീയമായി അമ്മാവനെ നോക്കി. ഞാന്‍ പ്രതീക്ഷിച്ചിരുന്നു  "അവന്‍ കൊച്ചല്ലേ, ഇതൊക്കെ പിള്ളാരുടെ ഒരു തമാശ ആയിട്ടെടുത്താല്‍ മതി" എന്ന് അമ്മാവന്‍ പറയുമെന്ന്.
                       എവിടെ? അദ്ദേഹം ശത്രുപാളയത്തിലാണ് ഇപ്പോഴും. മുറിവില്‍ ഉപ്പു പുരട്ടാനായി മാമന്റെ വക ഒരു ഡയലോഗും പുറകെ വന്നു. "നല്ല ചുട്ട അടി വെച്ച് കൊടുക്കുകയാ വേണ്ടത്, ഇമ്മാതിരി കാട്ടിക്കൂട്ടലിനൊക്കെ". ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.
                        ആ സംഭവം അതോടു കൂടി അവസാനിച്ചു. പ്രതിഷേധം എന്ന നിലയില്‍ എഴുത്തെഴുതുന്ന പരിപാടിയെ ഞാന്‍ ബഹിഷ്ക്കരിച്ചു . കാലക്രമേണം ലോകം മുഴുവന്‍ ഇ-മെയിലിനും മൊബൈലിനും കീഴടങ്ങിയപ്പോള്‍ എന്റെ ബഹിഷ്ക്കരണം അസാധുവായി മാറി.
                            പക്ഷെ എനിക്ക് ഇന്നും മനസ്സിലാകാത്തത്, എന്തിനാണ് അമ്മാവന്‍ അന്ന് ആ കത്തെടുത്തു എല്ലാവരുടെയും മുന്നില്‍ ഉറക്കെ വായിച്ചത് എന്നാണ്. ചെയ്തത് ഒരു തെറ്റാണ് എന്ന് അന്നും ഇന്നും എനിക്ക് തോന്നാത്തത് കൊണ്ടാവും  ആ നടപടി ആവശ്യമില്ലാത്തതായിരുന്നു എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നത്. നേരത്തെ പറഞ്ഞത് പോലെ, ഒരു കുട്ടിയുടെ ചെറിയൊരു കുസൃതി ആയി എടുക്കാമായിരുന്നു ഈ അസാധാരണ എഴുത്തിനെയും എന്നാണ്  എന്റെ പക്ഷം.. അങ്ങനെയല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്നു എങ്കില്‍ , മുകളില്‍ ഒരിടത്ത് ഞാന്‍ പറഞ്ഞിട്ടുള്ള ആ സംസ്കൃത വാചകം നിങ്ങള്‍ക്കും പറയാം.  
സഃ ഇദാനീമപി ബാലഃ  അവന്‍ ഇപ്പോഴും കുട്ടിയാണ്

22 comments:

 1. ഒന്ന് ചുരുക്കി എഴുതിയാല്‍ നീളം കണ്ടു വായനക്കാര്‍ ഓടില്ലായിരുന്നു ..സമയം വേണ്ടേ !!

  ReplyDelete
 2. @രമേശ്‌അരൂര്‍
  എന്തായാലും ആദ്യത്തെ അഭിപ്രായത്തിനു നന്ദി. സമയം ആവശ്യതിനുല്ലപ്പോള്‍ വീണ്ടും വന്നു വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. വായിച്ചു. ഈ ആധാര ഭാഷ എനിക്കും ഒത്തിരി ഇഷ്ടമാണ്. പക്ഷെ നേരെ ചൊവ്വേ ഒന്നും എഴുതാതെ വളച്ചുകെട്ടിയെഴുതി ആളുകളെ ഒരു വഴിക്കാക്കി പലപ്പോഴും വഴിയാധാരവുമാക്കുന്നതാണ് ഈ എഴുത്ത് രീതി.

  ReplyDelete
 4. ഒരു പക്ഷെ നീ അമ്മാവനെ കളിയാക്കി എഴുതിയതായിരിക്കും എന്ന് കരുതി ആവണം അവര്‍ പിച്ചിയത്...കാരണം അവര്‍ക്കരിയില്ലല്ലോ നീ ആധാരം കണ്ടതും അത് പ്രയോഗിക്കാന്‍ നടന്നതും ..!!

  എനിവേ വളരെ നന്നായി എഴുതി.പഴയ കത്തിന്റെ തുടക്കം വായിച്ചു ചിരിച്ചു ...അതിന്‍റെ ബാക്കി ഭാഗം കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ...?

  ReplyDelete
 5. @ ഇ.എ.സജിം തട്ടത്തുമല
  വായിച്ചതിനു നന്ദി. മാഷ്ടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

  @faisu madeena
  ഫൈസു പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
  ഞാന്‍ കുറെ ശ്രമിച്ചു നോക്കി, കത്തിന്റെ പൂര്‍ണരൂപം കിട്ടാന്‍ . സംഭവം നടന്നിട്ട് പത്തു-പതിമൂന്നു കൊല്ലം കഴിഞ്ഞില്ലേ? ഇത്രയൊക്കെ തന്നെ ഓര്‍ത്തെടുക്കാന്‍ പറ്റിയത് ദൈവകാരുണ്യം.

  ReplyDelete
 6. നന്നായി ...ചുരുക്കമായിരുന്നു കേട്ടോ

  ReplyDelete
 7. ഈ ആധാരക്കത്ത് വായിച്ചപ്പോള്‍ ആദ്യം മനസ്സിലീക്കെത്തിയത് യു.എ.ഖാദര്‍ ആണ്.
  മൂപ്പരുടെ കഥകള്‍ മിക്കതും തുടങ്ങുക ഇതിനോട് സാമ്യമുള്ള ഒരുതരം ശൈലിയിലാണ്.
  ഏതായാലും എനിക്ക് ഉപ്പും മുളകും നോക്കാന്‍ പറ്റി.കാരണം ഞാനിപ്പോ ഒരു ചമ്മന്തി അരച്ചിട്ട് വന്നതേയുള്ളു.

  ReplyDelete
 8. നന്നായി എഴുതി. ആശംസകള്‍

  ReplyDelete
 9. ആധാരഭാഷയെ ആരാധിച്ച് ആദ്യമായി തന്റെ സർഗ്ഗപ്രതിഭ പകർത്തി കാഴ്ച്ച വെച്ചപ്പോൾ ...
  സ്വന്തം അധികാരികളിൽ നിന്നും കിട്ടിയ അനാദരവിൽ ആകുലചിത്തനായ ഒരു കൌമാരക്കാരന്റെ ആധികൾ...
  ഒട്ടും അധിഭാവുകത്തമില്ലാതെ ആവിഷ്കരിക്കുന്നതിനോടപ്പം തന്നെ തന്റെ ഭാഷാപ്രാവീണ്യങ്ങളിലുള്ള ആധികാരികത കൂടി ആവിഷ്കരിച്ച് അംജിത് ഇവിടെ എല്ലാ എഴുത്തുകാരുടേയും ശ്രദ്ധ നേടിയിരിക്കുന്നു....!

  അഭിനന്ദനം...കേട്ടൊ ഗെഡീ.

  ReplyDelete
 10. @ ആചാര്യന്‍
  നന്ദി,തീര്‍ച്ചയായും ചുരുക്കാന്‍ ശ്രമിക്കാം.

  @~ex-pravasini*
  ആ മുളക് ചമ്മന്തി ഞാനും ഒന്നും സ്വാദ് നോക്കി.
  യു.എ.ഖാദര്‍ ശൈലി മനപ്പൂര്‍വം കൊണ്ട് വന്നതല്ല. അറിയാതെ അങ്ങനെ സംഭവിച്ചു പോയി. താത്ത പറഞ്ഞപ്പോഴാ അങ്ങനെ ഒരു സാമ്യം ഉണ്ടെന്നു തന്നെ അറിയുന്നത്.

  @Salam
  വായനയ്ക്കും,ആശംസകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

  ReplyDelete
 11. മുരളിയേട്ടാ,
  ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു- 'ആധാരഭാഷയെ ആരാധിച്ചു'എന്നുള്ളത്.
  മുരളിയേട്ടന്റെ നല്ല അഭിപ്രായത്തിനു നന്ദി.
  പക്ഷെ,ഇവിടെ കമന്റ്‌ എഴുതാതെ നേരിട്ട് അഭിപ്രായം പ്രകടിപ്പിച്ച ഒരാള്‍ക്ക്‌ പോലും ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടില്ല എന്നാണു സത്യം. ഞാന്‍ ആകെ ആധയാക്കുഴപ്പത്തിലാണ്. പോസ്റ്റ്‌ നീളം എറിയതാണ് എന്ന് വായനക്കാര്‍ക്ക് തോന്നുന്നു എങ്കില്‍ അവര്‍ക്ക് വായന വിരസമായിരിക്കുന്നു എന്നാണു അതിന്റെ അര്‍ഥം. നല്ല രചനയായിരുന്നെങ്കില്‍ 'ഒറ്റ ഇരുപ്പിന്' വായിച്ചു തീര്‍ത്തേനെ. അത് കൊണ്ട്, എഴുത്തില്‍ മാറ്റം വരുത്തേണ്ട സംഗതികള്‍ പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 12. അംജിത് എഴുതുന്നത് വായിക്കാൻ നല്ല രസമാണ്( തിരക്കഥയെഴുത്ത് എന്തായി? നന്നാകും) പിന്നെ ഭാഷാപോഷിണി വായിച്ചാലൊന്നും മുതിർന്നവർക്കുള്ള കോമ്പ്ലക്സ് പോവില്ല എന്നതാണു സത്യം, വിദ്യാർത്ഥി എതിർത്തു പറയുമ്പോൾ നല്ല അധ്യാപകർ പോലും കോപാകുലരാകുന്ന പോലെ, ലോകം മുഴുവൻ സമഭാവനയിൽ കാണുന്ന സംന്യാസി ശീഷ്യന്മാർ തർക്കത്തിനു വന്നാൽ സമചിത്തത കൈവിടും പോലെ, എല്ലാവരും സമന്മാരാകുന്നതിനായി അഹോരാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇടതു നേതാവ് മാടമ്പി മട്ടിൽ സഖാക്കളോട് പെരുമാറുന്ന പോലെ!

  ReplyDelete
 13. പ്രിയപ്പെട്ട സാര്‍ ,
  പാലക്കാട്ടെ വേനല്‍ക്കാലത്ത് മഞ്ജുളയിലോ സാനഡുവിലോ പോയി തണ്ണിമത്തന്‍ ജ്യൂസ്‌ കുടിച്ച സുഖം, സാറിന്റെ കമന്റ്‌ വായിച്ചപ്പോള്‍ . ഇന്നലെ ഉറങ്ങാന്‍ പോകുന്നത് വരെ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. എന്റെ എഴുത്തിനു സംവാദന ശേഷി നഷ്ടപ്പെട്ടോ എന്ന്. മുരളിയേട്ടന്റെ കമന്റിനുള്ള മറുപടിയില്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.എന്തായാലും ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല. ആശയക്കുഴപ്പം മാറിപ്പോയി.
  തല്‍ക്കാലം തിരക്കഥ എഴുതുന്നില്ല. ഈ ചെറിയ ലോകത്ത് ഇങ്ങനെ ചില ചെറിയ കഥകള്‍ എഴുതി ഒന്ന് പതം വന്നിട്ടാവാം എന്ന് കരുതി.

  ReplyDelete
 14. എനിക്ക് ഇഷ്ടപ്പെട്ടു അംജിത്. കലക്കിയിട്ടുണ്ട്.

  ReplyDelete
 15. റിയാഫേ, സന്തോഷമായിട്ടോ..

  നന്ദി പ്രദീപ്‌..ഹാജര്‍ വരവ് വെച്ചിരിക്കുന്നു

  ReplyDelete
 16. പ്രിയ്യപ്പെട്ട അംജിത് ഏട്ടാ..(തൊണ്ണൂറ്റി എട്ടില്‍ ഞാന്‍ അഞ്ചില്‍ ആണ് ) ചില നേരങ്ങളില്‍ ഈ മുതിര്‍ന്നവരുടെ പെരുമാറ്റം കാണുമ്പോള്‍ , അവരാണോ കുട്ടികള്‍ നമ്മളാണോ കുട്ടികള്‍ എന്ന് വരെ തോന്നി പോകും. അത് പോട്ടെ..
  പിന്നെ ഭാഷയില്‍ അധികം പരീക്ഷണങ്ങള്‍ നടത്താനൊന്നും നില്‍കേണ്ട. കാര്യം നാട്ടുകാരോന്നും നമ്മുടെ ആ ഒരു ലവലില്‍ എത്തിയിട്ടില്ലെന്നെ...പാവങ്ങള്‍.
  എഴുത്ത് നന്നായിട്ടുണ്ട്.
  നിങ്ങള്‍ ഈ നവോദയക്കാര്‍ എല്ലാവരും കൂട്ടമായി ഇറങ്ങിയിരിക്കുകയാനല്ലേ...

  ReplyDelete
 17. നന്ദി അനൂപ്‌ നന്ദി... സന്തോഷമായി.. ഈ ബൂലോകത്ത് പരിചയപ്പെട്ട ഒട്ടുമുക്കാല്പങ്കിനെയും ചേട്ടാ, ചേച്ചീ എന്നൊക്കെ വിളിച്ചു കൊണ്ടിരിക്കുന്ന എന്നെ അനൂപാണ് ആദ്യമായി ചേട്ടാ എന്ന് വിളിച്ചത്. (എന്ന് പറഞ്ഞു പോളിസിയോന്നും ഞാന്‍ എടുക്കില്ല കേട്ടോ.. എടുത്തത് തന്നെ അടയ്ക്കാനുള്ള തത്രപ്പാട് എനിക്കെ അറിയൂ.. ഹി ഹി).നാട്ടുകാര്‍ എല്ലാവരോന്നും ഇല്ലെങ്കിലും കുറച്ചു പേരുണ്ട് അനിയാ നമ്മളെക്കാളും നിലവാരം കൂടിയവര്‍ . അതാണാശ്വാസം.
  നവോടയക്കാര് പണ്ടേ ഇങ്ങെനെയാ.. താറാക്കൂട്ടം പോവുന്ന പോലെയേ പോവൂ..പണ്ട് നവോദയയില്‍ അസ്സംബ്ളി കഴിഞ്ഞു പോയിരുന്ന ഓര്‍മ നിലനില്‍ക്കുന്നത് കൊണ്ടാവും.. വളരെ നന്ദി.

  ReplyDelete
 18. എനിക്കുമിഷ്ടായി എഴുത്ത്.:)
  എന്നാലും ആ കുഞ്ഞു ആധാരമെഴുത്തുകാരനെ അമ്മാവനത്രയ്ക്കും കൊച്ചാക്കേണ്ടായിരുന്നു.ചിലപ്പോ എഴുത്തിലൂടെ കളിയാക്കിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാനും മതി അല്ലേ..
  മുതിര്‍ന്നവര്‍ക്ക് കൊച്ചു ലോകത്തിലേക്കിറങ്ങി വരാന്‍ എന്തൊരു പാടാണ്..!

  ReplyDelete
 19. ഹഹഹ, കൊള്ളാം. വായിച്ചപ്പോ എനിക്കും തോന്നുന്നു ആധാരഭാഷ ഒന്ന് പ്രയോഗിക്കേണ്ട സംഗതിയാണ് എന്ന്. ഒത്തിരി ഇഷ്ടായി

  ReplyDelete
 20. റോസാക്കുട്ടീ, അല്ലേല്ലും ഈ മുതിര്‍ന്നവരൊക്കെ ഇങ്ങനെ തന്നാ. ഇപ്പോഴെത്തെ പ്രശ്നം എന്താണെന്നാല്‍, എല്ലാവരും പറയുന്നത് ഞാനും ഒരു 'മുതിര്‍ന്ന'മൂരാച്ചി ആയിക്കൊണ്ടിരിക്കുന്നു എന്നാ..എന്ത് ചെയ്യും?

  നന്ദി പ്രവീണ്‍ , ഒന്ന് പരീക്ഷിച്ചു നോക്ക് . നിനക്ക് വട്ടാണെന്ന് ഇപ്പോള്‍ കുറച്ചു പെര്‍ക്കല്ലേ അറിയൂ..ഇനി അത് പരസ്യമാക്കണോ?

  ReplyDelete
 21. വരാന്‍ അല്പം താമസിച്ചു..പക്ഷെ വരവ് വെറുതെ ആയില്ല..

  കൊള്ളാട്ടോ..

  ReplyDelete

Comments Please

Ratings and Recommendations by outbrain