November 28, 2014

ഒരു ചായയില്‍ എന്തിരിയ്ക്കുന്നു !! ??ഒരു ചായയിൽ എന്തിരിയ്ക്കുന്നു ?


ചായ എന്ന് പറഞ്ഞാല്‍ പാലൊഴിച്ചു വൃത്തികേടാക്കി തേയിലയുടെ ആത്മാവിനെ കൊന്ന ആ മിശ്രിതമല്ല - നല്ലൊന്നാന്തരം ഫസ്റ്റ് ക്ലാസ്സ്‌ കട്ടന്‍ ചായ .

ഡല്‍ഹിയിലെ തണുത്ത് വരണ്ട പുലരികള്‍ക്ക് ഒരു ഉണര്‍വ്വ് കിട്ടണം എങ്കില്‍ ചില്ലിനു പുറത്തേയ്ക്ക് സ്വര്‍ണ്ണം കലര്‍ന്ന ചുവപ്പ് നിറം പ്രകാശം പരത്തുന്നതും , ആവിയില്‍ തേയിലയുടെ ലഹരി പകരുന്ന ഗന്ധമുള്ളതും , നാവിനു കുത്തല്‍ ഇല്ലാത്ത വിധത്തില്‍ ചായപ്പൊടിയുടെ സത്തിനെ ബാധിയ്ക്കാത്തത്ര മധുരവും ചേര്‍ന്ന ആ ചൂട് ദ്രാവകം കൂടിയേ തീരു . ഡല്‍ഹി എന്നല്ല , എവിടെയായിരുന്നാലും.ചായകുടി എന്ന് പറയുന്നതെ ഒരു കലയാണ്‌ . വെള്ളം തിളപ്പിയ്ക്കാന്‍ വെയ്ക്കുന്നതിനും , അവസാനത്തെ തുള്ളി ആസ്വദിച്ചു നുണയുന്നതിനും ഇടയില്‍ മനോധര്‍മ്മതിനും ഭാവനയ്ക്കും വേണ്ടുവോളം സാധ്യതയുള്ള ഒരു കല . അതിനൊരു അല്ഗോരിതാമോ നിയമാവലികളോ ഒന്നും കാര്യമായി ഇല്ല . മനോധര്‍മ്മം അഥവാ കയ്യില്‍ന്നിടല്‍ ആണ് ഒരു ചായയെ ചായയാക്കുന്നത് . പരീക്ഷണനിരീക്ഷണങ്ങളുടെ അനന്തസാധ്യതയാണ് ഓരോ ചായയും .
കയ്യില്‍ന്നിടല്‍ എന്നത് ഞാന്‍ കാര്യമായി പറഞ്ഞതാണ് . ചായപ്പൊടി പല ഗുണത്തിലും തരത്തിലും ഉള്ളത് മേടിയ്ക്കാന്‍ കിട്ടും . നമ്മുടെ നാവിനു പാകമുള്ളത് ട്രയല്‍ ആണ്ട് എറര്‍ മെത്തേഡ് ഉപയോഗിച്ച് കണ്ടെത്തിയാല്‍ മതി . സ്പൂണില്‍ തേയില എടുത്തു വെള്ളത്തിലിട്ടാല്‍ എനിയ്ക്ക് പിശകും . താഴേയ്ക്ക് പിടിച്ച താമരമൊട്ടില്‍ പരാഗങ്ങളായി ചായപ്പൊടി എടുത്തു ഒരല്പം സമയമെടുത്ത്‌ വെള്ളത്തില്‍ വട്ടത്തില്‍ വിതറുന്നതും , ഓരോ തരിയില്‍ നിന്നും ചായയുടെ ആത്മാവ് വെള്ളത്തിലേക്ക് നിറമായി പടര്‍ന്നാവേശിയ്ക്കുന്നത് നോക്കി നിന്നാസ്വാദിയ്ക്കാനും എനിയ്ക്കിഷ്ടമാണ് - അഥവാ അങ്ങനെ ചെയ്യുന്നത് ഒരു രസമാണ് . ഇങ്ങനെ കൊച്ചുകൊച്ചു സ്വകാര്യരസങ്ങളൊക്കെ ആര്‍ക്കാ ഇല്ലാത്തത് ! അതും ചായ ചായയാകണം എങ്കില്‍ ഒരു കുട്ടകം നിറച്ച് ചായ വെയ്ക്കരുത് - ചായയുടെ കാര്യത്തില്‍ സ്മാള്‍ ഈസ്‌ ബ്യൂട്ടിഫുള്‍ - മാക്സിമം മൂന്നു പേര്‍ക്കുള്ള ചായ മതി . രണ്ടാണ് ബെസ്റ്റ് .
ലഭ്യതയും സൌകര്യവും ആ സമയത്തെ തോന്നലും ഒക്കെയനുസരിച്ചു ഏലക്കാ , ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടമായോ അവനവന്റെ ഇഷ്ടം അനുസരിച്ച് ചേര്‍ക്കുന്നതില്‍ തെറ്റില്ല എന്നാണു എന്‍റെ അഭിപ്രായവും അനുഭവവും . ചേര്‍ക്കുന്നതിന്റെ സ്വാദ് ഊറ്റി എടുക്കാനുള്ള സമയം നമ്മള്‍ അനുവദിച്ചു കൊടുക്കണം എന്ന് മാത്രം. ഓരോന്ന് ചെയ്യുമ്പോ അതിനു ഓരോ സമയത്ത് ഓരോ ഫീലിംഗ് ആണ് . ആവര്‍ത്തനവിരസത ഉണ്ടാവുകയും ഇല്ല . കണ്ടീഷന്‍ ഒന്നയൂള്ളൂ - ചായയുടെ സ്വാദിന് മുകളില്‍ പോവരുത് ഈ ചേര്‍ക്കുന്ന ഐറ്റംസ് . ചായ രാജാവും ബാക്കിയുള്ളതൊക്കെ അനുചരരും ആണ് . ആ ഒറ്റ കാരണം കൊണ്ടാണ് പാലോഴിച്ച ചായയെ നമ്മള്‍ പുറംതള്ളിയത്. പാലിന് ഡബിള്‍ സ്ട്രോങ്ങ്‌ കാപ്പി വിത്ത്‌ എക്സസ് മധുരം ആണ് നല്ലത് . പക്ഷേ, അതിനൊരിയ്ക്കലും കട്ടന്‍ ചായയുടെ കാല്‍പ്പനികത ഇല്ല .
പഞ്ചസാര ചായയിലെയ്ക്ക് ഇട്ടു കലക്കുന്നതില്‍ എനിയ്ക്ക് യോജിപ്പില്ല . ഗ്ലാസില്‍ ആവശ്യത്തിനു പഞ്ചസാര എടുത്തു അതിന്റെ മുകളിലേയ്ക്ക് ചൂട് ചായ പകര്‍ന്നു , സ്പൂണ് കൊണ്ടിളക്കി മിക്സ് ചെയ്യുന്നതാണ് എന്‍റെ ഇഷ്ടം. നമ്മളിങ്ങനെ ആസ്വദിച്ചാസ്വദിച്ചുണ്ടാക്കിയ ചായ പങ്കുവെച്ചു കുടിയ്ക്കാന്‍ വേറെ ഒരാളും കൂടിയുണ്ടെങ്കില്‍ സംഗതി ഉഷാര്‍ . അതാരുമാവാം - പങ്കുവെയ്ക്കല്‍ ചായയുടെ സ്വാദ് കൂട്ടുകയെ ഉള്ളൂ .ഇനിയൊരു കയ്പ്പന്‍ ചായയുടെ കഥ പറയാം . പണ്ട്, എന്ജിനീയറിംഗ് ഒന്നാം വര്‍ഷം പഠിയ്ക്കുമ്പോള്‍ ഞാനും എന്‍റെ സ്കൂളിലെ സഹപാഠി സതീഷും കൂടി തിരൂരുള്ള വേറൊരു സഹപാഠിനിയുടെ വീട്ടില്‍ പോയി. സതീഷാണ് വഴികാട്ടി അഥവാ ഗൈഡ് . അവനും ആ പ്രദേശത്ത് തന്നെയാണ് .  . മറ്റു കൂട്ടുകാരുടെ ഒന്നും വീട്ടില്‍ പോവാതെ ഇങ്ങോട്ട തന്നെ വരാന്‍ ഉള്ള കാരണം വേറൊന്നുമല്ല - ദിവ്യാനുരാഗം! അല്ലറ ചില്ലറ മുഹബ്ബതിന്റെ ഇഷ്ടാനിഷ്ടപരാക്രമവീരകൃത്യഗുണഗണങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം . അന്നത്തെ നാളെകളിലെ കൂട്ടുകാരിയുടെ വീട്ടില്‍ ആദ്യമായി പോവുകയാണ് .  നമ്മളാണ് അന്ന് ആ ബാച്ചില്‍ന്നു പ്രൊഫെഷണല്‍ കോഴ്സിനു ചേര്‍ന്ന ഏക സംഭവം . സതീശന്‍ പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞാണ്  എന്‍ഐടിയില്‍ ജോയിന്‍ ചെയ്യുന്നത് . വര്‍ക്കിച്ചനും രസീലും അടക്കമുള്ള ക്ലാസ്സിലെ പുലികളൊക്കെ  എന്ജിനീയറിംഗിന് തല വെയ്ക്കാന്‍ പിന്നെയും ഒരു കൊല്ലം എടുത്തു  . നമ്മള്‍ ഒറ്റ ചാട്ടത്തിനു കടല് കടന്ന ഹനുമാന്‍ .  കഥാനായികയ്ക്ക്  കണക്കു ആരോഗ്യത്തിനു ഹാനികരം ആയതിനാല്‍ പ്ലസ്‌ ടുവിനു കണക്കു പോയി. അന്ന്  അത് എഴുതി എടുത്തു അവള്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നിരുന്നോ എന്ന് ഇപ്പോള്‍ ഓര്‍മ കിട്ടുന്നില്ല . പതിനൊന്നു വര്‍ഷം പുറകില്‍ അരങ്ങേറിയ കഥയാണ്‌ . എന്തായാലും മൂപ്പത്തിയ്ക്ക് ഒരു ഇന്ഫീരിയോരിട്ടി കോമ്പ്ലെക്സ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . 
" വലിയ  എഞ്ചിനീയറോക്കെ ആയി കഴിയുമ്പോ ഈ പാവത്തിനെ  മറക്ക്വോ " എന്ന് അവള്‍ ചോദിച്ചതായും " എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ? നിന്നേ മറന്ന് എനിയ്ക്കൊരു ജീവിതമുണ്ടോ ?" എന്ന് ഞാന്‍ തിരിച്ചു ചോദിച്ചതായും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു .  ( നാടകമേ ഉലകം )
എന്തായാലും നമ്മള്‍ ഭാരതപ്പുഴ താണ്ടി , ബസ്‌ കേറി ഇറങ്ങി നായികയുടെ വീട്ടിലെത്തി . ഉള്ളില്‍ തുള്ളി തുളുമ്പുന്ന പ്രേമം . മുഖത്ത് ഒന്നുമറിയാത്ത ഭാവം . അവളുടെ അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അവളും സ്ഥലത്തുണ്ട് . ഔപചാരികതകള്‍ , കുശലപ്രശ്നങ്ങള്‍ , കോളേജ് വിശേഷങ്ങള്‍ തിരക്കല്‍ - കാര്യങ്ങള്‍ അങ്ങനെ ഞെരിപ്പായി മുന്നോട്ട് പോകുന്നു . അതിനിടയില്‍ ചായ എത്തി . നമ്മള്‍ടെ ഇഷ്ടക്കാരന്‍ കട്ടന്‍ ചായ അല്ല -വല്ലാതെ നീട്ടിയ പാലോഴിച്ച അസ്സല്‍ മലയാളി ചായ . ഗ്ലാസ് എടുത്തു ചുണ്ടില്‍ മുട്ടിയ്ക്കുന്നത് വരെ നോ കുഴപ്പം . ഒരു പ്രശ്നവും ഇല്ലാതെ എല്ലാം സ്മൂത്തായി മുന്നോട്ട് പോവുന്നു . ചുണ്ടിനും പല്ലിനും പുറകിലായി നാവിലേയ്ക്കു ചായ എത്തിയപ്പോഴാണ് - കയ്പ്പ് , അപാര കയ്പ്പ്! അസഹനീയം! കാഞ്ഞിരക്കുരു കയ്പ്പ് മാറാന്‍ ഇട്ടുവെച്ച പാലാണോ  ചായയുണ്ടാക്കാന്‍ എടുത്തത് !

മുന്നില്‍ ഇരിയ്ക്കുന്ന അവളുടെ കാരണവരും , സൈഡില്‍ ഇരിയ്ക്കുന്ന സതീശനും നിസ്സാരാമായി ചായ കുടിയ്ക്കുന്നു . ഒരു ഭാവഭേദവും ഇല്ല . എനിയ്ക്കാനെങ്കില്‍ കയ്ച്ചിട്ട് വയ്യ . പ്രേമത്തിന്റെ മധുരം കാരണം ഈ സാധനം തള്ളി കളയാനും കഴിയുന്നില്ല .  കാല്മുകിയുടെ വീട്ടില്‍ന്നു ആദ്യമായി കഴിയ്ക്കുന്ന ചായയല്ലേ . കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് വേണ്ടാന്ന് വെയ്ക്കാനും കഴിയാത്ത ആ ചായ എന്‍റെ കയ്യില്‍ ഇരുന്ന് എന്നെ നോക്കി പല്ലിളിച്ചു . എന്നാല്‍ നിങ്ങളിരുന്നു സംസാരിയ്ക്കു എന്ന് പറഞ്ഞു കാര്‍ന്നോരു പുറത്തേക്കു പോയി. സതീഷ്‌ ചായ കുടിച്ചു കഴിഞ്ഞു . നമ്മുടെ കയ്യിലുള്ളത് അത് പോലെ ഇരിയ്ക്കുന്നു . ചൂടാണെങ്കില്‍ ആറ്റി തരാം എന്ന് അവള്‍ടെ നേരെ താഴെയുള്ള അനിയത്തി . ചൂടോന്നുമില്ല , സാരമില്ല എന്ന് നമ്മള്‍ . കയ്പ്പാണെന്ന് നേരെയങ്ങ് പറഞ്ഞാല്‍ മതി . പക്ഷേ , ഔപചാരികതയും , പറ്റാവുന്ന ഏറ്റവും വലിയ അബദ്ധമായ പ്രേമവും   ചായ ഉണ്ടാക്കിയ കരങ്ങളുടെ പിറകിലെ പനിനീര്‍ പൂവ് പോലുള്ള മാനസ്സത്തെ  വേദനിപ്പിക്കലില്‍ നിന്നും എന്നെ തടഞ്ഞു നിര്‍ത്തി . ഇപ്പോഴും പാവമായ ഞാന്‍ അന്ന് ഇതിന്റെ എത്രയോ മടങ്ങ്‌ പാവമായിരുന്നിരിയ്ക്കണം എന്ന് ഇപ്പോള്‍ തോന്നുന്നു - പാവം മണ്ടനായ ഞാന്‍ ! 
 ഒടുവില്‍ കയ്പ്പെങ്കില്‍ കയ്പ്പ് , പ്രേമമാണ് വലുത് എന്ന് ചിന്തിച്ചു ഒരൊറ്റ വലി . പാവയ്ക്കാജ്യൂസ് കഴിച്ചു തീര്‍ത്ത അനുഭൂതി . 
വയറിനുള്ളില്‍ ഭൂകമ്പം എന്തെങ്കിലും ഉണ്ടാവുന്നുടോ ? ഒന്ന് കാതോര്‍ത്തു . ഇല്ല - സമാധാനം .
 തിരിച്ചു പോരുന്ന വഴി സതീഷിനോട് ഞാന്‍ ഈ കയ്പ്പിനെ കുറിച്ച് പറഞ്ഞു . അവനു ചിരിയാണ് . അല്ലെങ്കിലും ആ സാധനത്തിനു വര്‍ത്തമാനം കുറവാണ് . വല്ലതും പറഞ്ഞാലും അത് ഡീക്കോട് ചെയ്തെടുക്കാന്‍ വേറെ ആരെങ്കിലും വേണം. വേഗതയും സ്പഷ്ടത ഇല്ലായ്മയും തന്നെ കാരണം . അവന്റെ ചിരിയ്ക്കിടയിലെ പിറുപിറുക്കലില്‍ നിന്നും ഞാന്‍ മനസ്സിലാക്കി എടുത്തത് ഇന്ത മാതിരി കൊടുമൈ എല്ലാം അവനു ശീലമാണ് എന്നാണു . 

എന്നിട്ട് ,
 ആ ചായയ്ക്ക് ശേഷം കാലം ഒരുപാട് ഉരുണ്ടു . വിഷും വര്‍ഷവും തിരുവോണവും പലയാവൃത്തി വന്നു . ഗൌതം മേനോന്‍ അങ്ങേര്‍ടെ കോളേജ് പ്രേമത്തിന്റെ മേലെ  സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി  എടുക്കുന്നത് പോലെ ആ പ്രേമത്തിന്റെ മേലെ ഞാന്‍ ഒരുപാട് ബ്ലോഗ്ഗിച്ചു .ഏകദേശം  ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു പല നാട്ടില്‍ നിന്നും പല തരം ചായ കുടിച്ചു . സ്വന്തം വീട്ടിലെ കണ്ടു പഴകിയ ചായകള്‍  , അര്‍ജുന്റെ അച്ഛന്‍ ' ശോഭേ, അവനും ഒരു ചായ കൊടുക്ക്‌ , കട്ടന്‍ ചായ അവനും ഇഷ്ടമാണ് ' എന്ന് പറഞ്ഞു തരുന്ന ചായകള്‍  , പേരറിയാത്തൊരു രാജസ്ഥാനി തണുത്ത്  വിറച്ചു ഞാന്‍ ചാവാതിരിയ്ക്കാന്‍ പകര്‍ന്നു തന്ന ചായ , മേഹസാനയിലെ  രമേശേട്ടന്‍ രാവിലെ എണീറ്റ്‌ വന്നു ഇഞ്ചി ചതച്ചിട്ട് ഉണ്ടാക്കുന്ന ഗുജറാത്തി മലയാളി ചായ , ബെംഗലൂരുവിലെ ബൈടു , പ്ലാന്റില്‍ ഓപ്പറേറ്റര്മാര്‍ ഉണ്ടാക്കുന്ന കൊഴുപ്പും മധുരവും ഒരുപാടുള്ള മിട്ടായി പോലത്തെ ചായ , മസാല ചായ , കാശ്മീരി ചായ , ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സുഹൃത്തുക്കള്‍  മണ്ണ് കൊണ്ടുള്ള സോസറില്‍ ഒഴിച്ച് തരുന്ന സ്നേഹം നിറഞ്ഞ ഗാര്‍ഹിക ചായ , തമിഴ് നാട്ടിലെ ടീഷോപ്പില്‍ ടീമാസ്റ്റര്‍ അടിയ്ക്കുന്ന കമ്മേഴ്സ്യല്‍  ടീ , എണ്ണമില്ലാത്തത്ര   ബിരിയാനികള്‍ക്ക് അപ്പുറം കുടിച്ച ലയിം ടീകള്‍ , സ്റ്റാര്‍ കൂടിയ ഹോട്ടലുകളില്‍ ചൂട് വെള്ളം , ഷുഗര്‍ ക്യൂബ്സ് , ക്രീം, ടി ബാഗ്‌  തുടങ്ങിയവ വേറെ വേറെ തന്നു സ്വയം ഉണ്ടാക്കിയ ചായകള്‍ ,ഗ്രീന്‍ ടി, മിന്റ് ടീ , ജിഞ്ചര്‍ ടീ,  നിഖിലും ഞാനും ഉണ്ടാക്കിയ ഏലയ്ക്കാ ചായകള്‍ , തന്നെത്താനെ ഉണ്ടാക്കുന്ന ചായ അങ്ങനെയങ്ങനെയങ്ങനെ  ചായകള്‍ ഒരുപാട് കുടിച്ചെങ്കിലും അന്നത്തെ ആ ഒരു ചെന്നിനായകം കലക്കിയ പോലത്തെ  ചായയുടെ കയ്പ്പ് - അതിന്നും വായില്‍ നിന്നും ഓര്‍മയില്‍ നിന്നും പോയിട്ടില്ല . എന്താണാവോ ആ ചായയുടെ കയ്പ്പിന്റെ രഹസ്യം ? ആവോ, ആര്‍ക്കറിയാം . 

ഒരു ചായയില്‍ എന്തിരിയ്ക്കുന്നു ?
എന്തൊക്കയോ ഇരിയ്ക്കുന്നു! ല്ലേ ?

All images downloaded from internet  

4 comments:

 1. എഫ്ബിയില്‍ ചുമ്മാ ഒരു രസത്തിനു ചായയെ കുറിച്ച് എഴുതി തുടങ്ങിയതാണ്‌ . എങ്കില്‍ പിന്നെ ബ്ലോഗ്ഗിനെ ഒന്ന് പുനരുജ്ജീവിപ്പിയ്ക്കാം എന്ന് കരുതി ഇങ്ങു പോന്നു . അപ്പോഴാണ്‌ ആ ചെന്നിനായകം ചായയുടെ കയ്പ്പ് വായിലേയ്ക്ക് ഇരച്ചു കേറി വന്നത് . എന്നാല്‍ പിന്നെ അതും കൂടി കിടക്കട്ടെ എന്ന് കരുതി .. ലോലോട് ലോല്‍

  ReplyDelete
 2. എന്നാല്‍ ഞാന്‍ ഇനി ഒരു ചായ ഉണ്ടാക്കി കുടിക്കട്ടെ.

  ReplyDelete
 3. ചായക്കോപ്പയിലെ
  ഒരു കൊടുങ്കാറ്റാണല്ലോ ഇത്
  ഒപ്പം പ്രണയത്തിന്റെ ഒരു മന്ദമാരുതനും...

  ReplyDelete
 4. ചായപുരാണം അസ്സലായി.
  എന്നാലും ആ കയ്പ്പിന്‍റെ രഹസ്യം എന്താണാവോ?!!
  ആശംസകള്‍

  ReplyDelete

Comments Please

Ratings and Recommendations by outbrain