സഹസ്രാബ്ധത്തിന്റെ തുടക്കം
.
വിനീതവിധേയനായ ഈ ലേഖകനും സുഹൃത്തുക്കളും പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ . പതിനഞ്ചു വയസ്സ് പ്രായമേ ഉള്ളെങ്കിലും ഞങ്ങളുടെയൊക്കെ ധാരണ ലോകം സ്വന്തം കാല്ച്ചുവട്ടിലാണെന്നാണ്.
അല്ലെങ്കിലും ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയും കരുതുന്നില്ലല്ലോ അവന്‍ / അവള്‍ ഒരു കുട്ടിയാണെന്ന്. മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതാണെങ്കിലും അവര്‍ അവരുടെ കാഴ്ചപ്പാടില്‍ മുതിര്‍ന്നവരോളം വളര്‍ന്നവരാണ്. അല്ലെന്നു പറഞ്ഞാല്‍ ഒരു കുമാരനും സമ്മതിച്ചു കൊടുക്കാനും പോകുന്നില്ല.
നവോദയ വിദ്യാലയങ്ങളുടെ വെക്കേഷന്‍ ഉത്തരേന്ത്യന്‍ മാതൃകയിലാണ്. മധ്യവേനല്‍ അവധി മെയ് -ജൂണ്‍ മാസങ്ങളില്‍ . ഇടയ്ക്ക് പൂജയും ദീപാവലിയും ചേര്‍ന്ന് വരുന്ന മാതിരി വേറൊരു അവധി.
ആകെ മൂന്നു മാസം അവധി കിട്ടുന്നതില്‍ മലയാളക്കരയോടു ചേര്‍ന്ന് പോവുന്നത് മെയ് മാസം മാത്രം. ഫലത്തില്‍ രണ്ടു മാസം ഞങ്ങള്‍ അവരവരുടെ വീടുകളില്‍ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സമപ്രായക്കാരായ ഞങ്ങളുടെ നവോദയേതര സുഹൃത്തുക്കള്‍ക്ക് അധ്യയനം ഉണ്ടെന്നത് തന്നെ കാരണം.
പത്താം ക്ലാസ്സ് വരെ നമ്മള്‍ തീരെ ചെറിയ കുട്ടികള്‍ ആയതിനാല്‍ മറ്റു നവോദയന്‍ സഹോദരങ്ങളുടെ വീടുകളില്‍ ഒറ്റയ്ക്ക് പോവാനോന്നും വീട്ടില്‍ നിന്നും സമ്മതം ഉണ്ടായിരുന്നില്ല. നവോദയ വിദ്യാര്‍ഥികള്‍ ജില്ല മുഴുവനും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.പോരാത്തതിന് അന്ന് കോട്ടക്കല്‍ , മലപ്പുറം, പെരിന്തല്‍മണ്ണ , മഞ്ചേരി, തിരൂര്‍ , പരപ്പനങ്ങാടി , വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദൂരം ഇന്നുള്ളതിലും കൂടുതലും ആയിരുന്നു. ഗണിത വിശാരദര്‍ കോപിക്കരുത്. അന്ന് വാഹനങ്ങള്‍ക്ക് ഇന്നത്തെ അത്ര വേഗതയോ , പാതകള്‍ ഇന്നത്തെയത്ര സുഗമമോ ആയിരുന്നില്ല.ആയതിനാല്‍ റിക്വയെട് ടൈം അഥവാ യാത്രാ ദൈര്‍ഘ്യം ഇന്നത്തക്കാള്‍ കൂടുതലായിരുന്നു.
എന്തായാലും പത്തില്‍ എത്തിയപ്പോഴേക്കും സ്ഥിതി മാറി . മാതാപിതാക്കള്‍ക്ക് അല്പസ്വല്പം ധൈര്യം ഒക്കെ വന്നു തുടങ്ങി. ഇനി ഇവന്മാരെ ഒറ്റക്കൊക്കെ ദൂരദേശങ്ങളിലെക്കൊക്കെ അയയ്ക്കാം എന്ന് അവരും ചിന്തിച്ചു തുടങ്ങി. നമ്മളാണെങ്കില്‍ ഒറ്റയ്ക്ക് എവരെസ്ടിന്റെ മണ്ടയ്ക്ക് കേറും എന്നുള്ള ആത്മവിശ്വാസത്തിലും. അങ്ങനെ പതിയെ പതിയെ ഞങ്ങള്‍ കൌമാരവും സ്വാതന്ത്രവും ആഘോഷിച്ചു തുടങ്ങി.
പത്തിലെ പൂജാ അവധി.
സ്കൂള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ ജിഷ്ണുവും, അഭിലും, ഞാനും തീരുമാനിച്ചിരുന്നു ഈ അവധിയ്ക്ക് ഒത്തു കൂടണം എന്ന്. ജിഷ്ണുവിന്റെ വീട് അരക്ക്പറമ്പ് എന്ന സ്ഥലത്ത് . ഈയുള്ളവന്‍ കോട്ടക്കല്‍ നിവാസി. അഭിലാണെങ്കില്‍ കൊളത്തൂര്‍കാരനും. നടുക്കുള്ളത് കൊളത്തൂര്‍ ആയതിനാല്‍ സംഗമവേദി അഭിലിന്റെ വീടായി തീരുമാനിച്ചു.
ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ അന്ന് പെരിന്തല്‍മണ്ണയ്ക്ക് പോകുന്നത്. പെരിന്തല്‍മണ്ണ ബസ് സ്ടാന്റിനടുത്തുള്ള വീരമണി ടെക്സ്റ്റൈല്സിനു മുന്നില്‍ വെച്ച് ജിഷ്ണുവുമായി സന്ധിക്കുമെന്നും, അവിടെ നിന്നും ഞങ്ങള്‍ ഒരുമിച്ചു കൊളത്തൂര്‍ ബസ്സില്‍ കയറി അഭിലിന്റെ വീട്ടിലേക്കു പോകുമെന്നും ആയിരുന്നു ധാരണ. പറഞ്ഞ സമയത്ത് തന്നെ ഞാനും ജിഷ്ണുവും എത്തി. കൊളത്തൂര്‍ ബസ്സില്‍ കയറി തൂങ്ങിയാടി പോയികൊണ്ടിരിക്കുമ്പോഴാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത്. ഉച്ചയ്ക്ക് ഒരു സിനിമയ്ക്ക് പോയാലോ ? ജിഷ്ണുവിനു സമ്മതം.
കൊളത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ അഭില്‍ കാത്തു നിന്നിരുന്നു. ബസ് സ്റ്റാന്റ് എന്ന് പറയാന്‍ മാത്രമൊന്നും അന്നില്ല. ബസ് തിരിക്കാന്‍ ഒരു സ്ഥലം. ഈയടുത്ത് അഭിലിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ടു, ചെറുതാണെങ്കിലും ഒരു ബസ് സ്റ്റാന്റ് ഇപ്പോള്‍ അവിടെയുണ്ട്.
അഭിലിന്റെ അമ്മ വിഭവ സമൃദ്ധമായ സദ്യ തന്നെ തയ്യാറാക്കിയിരുന്നു മകന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി. ജിഷ്ണു ശുദ്ധസസ്യഭുക്ക് ആയതിനാല്‍ പച്ചക്കറി വിഭവങ്ങളും , ഞാനും അഭിലും മിശ്രഭുക്കുകള്‍ ആയതിനാല്‍ മത്സ്യമാംസാദികളും ഉച്ചഭക്ഷണത്തിന് ഉണ്ടായിരുന്നു. അന്ന് കഴിച്ച കാന്താരിമുളക് അച്ചാറിന്റെ സ്വാദ് ഇന്നും നാവില്‍ നിന്നും പോയിട്ടില്ല.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ കാര്യം ഞങ്ങള്‍ എടുത്തിട്ടു. അപ്പോഴാണ് അറിയുന്നത് പിള്ളേരുടെ മനസ്സറിയാവുന്ന അഭിലിന്റെ അച്ഛന്‍ രാവിലെ തന്നെ മകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് കൂട്ടുകാര്‍ വന്നാല്‍ അവരെയും കൊണ്ട് സിനിമയ്ക്ക് പോകണം എന്ന്. രോഗി കൊതിച്ചതും വൈദ്യന്‍ വിധിച്ചതും പാല് തന്നെ. സന്തോഷം.
വല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രം തകര്‍ത്തോടുന്ന സമയമാണ് . നരസിംഹത്തിന്റെ ഹാങ്ങ് ഓവര്‍ മാറിയിട്ടുമില്ല. തര്‍ക്കമൊന്നും ഉണ്ടായില്ല - മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു - വല്യേട്ടന്‍ കാണാം.
പെരിന്തല്‍മണ്ണ കെ സി മൂവീസിലാണ് വല്യേട്ടന്‍ കളിക്കുന്നത്. രണ്ടു മണിക്കാണ് മാറ്റിനി .
അഭിലിന്റെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം ഒന്നേകാല്‍ . ഒന്നേ മുക്കാലിനെങ്കിലും തിയേറ്ററില്‍ എത്തിയില്ലെങ്കില്‍ ടിക്കറ്റ് കിട്ടില്ല എന്ന് ഉറപ്പ്. പ്രതീക്ഷ കൈവിട്ടില്ല . സലിം കുമാര്‍ അന്ന് പറഞ്ഞിട്ടില്ല - ബിരിയാണി കിട്ടിയാലോ എന്ന് . എങ്കിലും അത് തന്നെ സംഗതി.
പക്ഷെ ഞങ്ങള്‍ അങ്ങാടിപ്പുറം എത്തിയപ്പോഴേക്കും രണ്ടു മണിയായി. പ്രതീക്ഷകളുടെ സൂര്യന്‍ അസ്തമിച്ചു തുടങ്ങി എന്ന് തോന്നിയപ്പോഴാണ് പുറത്തേക്കു വെറുതെ ഒന്ന് നോക്കിയത്.
തൊട്ടു മുന്നില്‍ കണ്ട പോസ്റ്ററില്‍ മദാലസയായി നിന്ന് കൊണ്ട് ഒരു മുണ്ട് മാത്രം മാറിടത്തിന് കുറുകെ ഉടുത്ത ഷക്കീല ചേച്ചി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു.
പടത്തിന്റെ പേര് തങ്കത്തോണി.
അങ്ങാടിപ്പുറം കെ സി സിനി പാരഡയിസില്‍ രണ്ടരയ്ക്ക് മാറ്റിനി.
കൌമാരമനസ്സുകളില്‍ ആകാംക്ഷ ഉണര്‍ന്നു. ഇതെന്തായിരിക്കും സംഗതി?
കിന്നാരത്തുമ്പികളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പത്രത്തിലും വഴിയരികിലും കാണുന്ന അര്‍ദ്ധനഗ്ന സിനിമാ പരസ്യങ്ങള്‍ ആരും കാണാതെ ഇടം കണ്ണ് കൊണ്ട് പാത്തും പതുങ്ങിയും നോക്കിയിട്ടുണ്ട്.
ഇത്രയുമേ ഉള്ളൂ മൂവര്‍ക്കും ഈ വകുപ്പിലുള്ള മുന്‍പരിചയം.
മനസ്സില്‍ കുന്നോളം പേടിയുണ്ട് .
അറിയാത്തത് അറിയാനുള്ള കൌമാരസഹജമായ ആകാംക്ഷ ഞങ്ങളെ വിട്ടു പോകുന്നുമില്ല. മൂവരും മുഖത്തോടു മുഖം നോക്കി .
ഒരു ചര്‍ച്ച വേണ്ടി വന്നില്ല- ആരും ഒന്നും പറയാതെ തന്നെ ഞങ്ങള്‍ അങ്ങാടിപ്പുറത്ത് ഇറങ്ങി.
തിയേറ്ററിലേക്ക് നടക്കുമ്പോള്‍ ഒന്ന് കൂടി സ്വയം ചോദിച്ചു നോക്കി - വേണോ ?
മൂന്നു പേരുടെയും മനസ്സിനുള്ളില്‍ ഒരു വടം വലി നടക്കുകയായിരുന്നു. പേടിയും കൌതുകവും തമ്മില്‍ . ഒടുവില്‍ കൌതുകം തന്നെ വിജയിച്ചു.
ടിക്കറ്റ് എടുക്കാനുള്ള വരിയില്‍ കേറി നിന്നു. റോഡില്‍ നിന്നും മുഖം തിരിച്ചാണ് നില്‍പ്പ് . പരിചയക്കാര്‍ ആരെങ്കിലും കണ്ടാലോ എന്നാണു പേടി . ഇന്‍ ഹരിഹര്‍ നഗറില്‍ പറഞ്ഞ പോലെ 'ഗോവിന്ദന്‍ കുട്ടി സാറിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ' ആണെങ്കിലോ ? സമൂഹത്തില്‍ അല്‍പ സ്വല്പം നിലയും വിലയുമോക്കെയ്ല്ലവരാന് മൂന്നു പേരുടെയും കാര്‍ന്നോന്മാര്‍ . അവരുടെ മക്കളെ ഷക്കീലപ്പടം ഓടുന്ന തിയേറ്ററില്‍ വച്ച് കണ്ടെന്നു ആരെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ! ഹോ , ആലോചിക്കാന്‍ കൂടി വയ്യ. സ്വന്തം മാനം മാത്രമല്ല , വീട്ടുകാരുടെയും മുഖത്ത് കരി തേക്കാന്‍ മാത്രം പോന്ന വിഷയമാണ്.
ഒടുവില്‍ തീരുമാനിച്ചു - ക്യൂ വരെ എത്തിയില്ലേ, ഇനി കണ്ടിറങ്ങാം എന്ന്. നനഞ്ഞു, പിന്നെ
കുളിക്കാനെന്തിനാ മടി?
ഒരു മുടി നരച്ച അമ്മാവന്‍ വരിയില്‍ നിന്നു പറയുന്നത് കേട്ടു " ചെക്കമ്മാര് ട്രൌസരില്‍ന്നു കേറീട്ടില്ല .. "
അമ്മാവനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ആരുടേയും പ്രതികരണം ഒന്നും കേട്ടില്ല . കുനിഞ്ഞ മുഖം പതുക്കെയൊന്നു ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടു - ഒട്ടു മിക്ക ആള്‍ക്കാരും ഒട്ടകപ്പക്ഷി മണലില്‍ തല പൂഴ്ത്തിയ ചേലിലാണ് നില്‍പ്പ്. അപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് മനസ്സിലായി. എങ്കിലും പേടിക്കൊരു കുറവും ഇല്ല..
ടിക്കറ്റെടുത്ത് അകത്തു കേറി ഇരിപ്പുറപ്പിച്ചിട്ടും പേടി മാറുന്നില്ല. അഭിലിനാണ് ഏറ്റവും കൂടുതല്‍ പേടി ഉണ്ടായിരുന്നത് . അവനാണല്ലോ സമീപവാസി. ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത്ത സ്ഥലത്തെ പ്രധാന വിദ്വാന്മാര്‍ ആരെങ്കിലുമൊക്കെ കൊട്ടകയ്ക്കുള്ളില്‍ വെച്ച് കണ്ടാല്‍ പിന്നെ മറ്റൊന്നും വേണ്ട. ബീബീസിയ്ക്ക് വാര്‍ത്ത കിട്ടിയതിലും വേഗത്തില്‍ സംഭവം നാട് മുഴുവന്‍ അറിയും.
പടം തുടങ്ങിയിട്ടും ഞങ്ങള്‍ മൂന്നു പേരും തല ഉയര്‍ത്തിയില്ല.
പേടി കൊണ്ട് അഭിലിന്റെ മുട്ട് കൂട്ടി ഇടിയ്ക്കാന്‍ തുടങ്ങി. പതിയെ ഞാനും ജിഷ്ണുവും തല ഉയര്‍ത്തി പടം കാണാന്‍ തുടങ്ങി. അന്ന് വരെ കണ്ട സിനിമകളുടെ സ്റ്റാന്‍ഡേര്‍ഡ് ഒന്നും അതിനില്ലായിരുന്നു. മോശം സംവിധാനം, മോശം തിരക്കഥ, മോശം അഭിനയം , മോശം ശബ്ദലേഖനം- ആകെമൊത്തം ടോടല്ലി ഒരു മോശം പടം.
തുണ്ട് പടത്തില്‍ പിന്നെ നീയൊക്കെ എന്താ പ്രതീക്ഷിക്കുന്നത് എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചോദ്യകര്‍ത്താക്കള്‍ ദയവായി ക്ഷമിക്കുക.
അന്ന് ഞങ്ങള്‍ കൊച്ചു കുട്ടികളായിരുന്നു.പോരാത്തതിന് പേടി കാരണം ഞങ്ങള്‍ക്ക് ആ പടത്തിനു അര്‍ഹമായ പരിഗണന കൊടുക്കാനും കഴിഞ്ഞില്ല. കൌമാര സഹജമായ കൌതുകം മാത്രമായിരുന്നു ഞങ്ങളെ ആ ചിത്രശാലയില്‍ എത്തിച്ചത്. മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ സഹായം ധാരാളമായി ഉണ്ടായിരുന്നതിനാല്‍ കാര്യമായ 'കാഴ്ചകള്‍ ' ഒന്നും ഉണ്ടായിരുന്നില്ല താനും.
എന്തായാലും ഇന്റര്‍വെല്‍ ആയപ്പോഴേക്കും ഞങ്ങള്‍ക്ക് പടം മടുത്തു.
പേടി കാരണം, അഭില്‍ പടം കാണല്‍ മതിയാക്കി ഇറങ്ങി പോയി. കാശ് കൊടുത്തതല്ലേ എന്ന് കരുതി ഞാനും ജിഷ്ണുവും അവിടെ തന്നെ ഇരുന്നു. പക്ഷെ രണ്ടു പേര്‍ക്കും കേറിയത് അബദ്ധമായി എന്ന ധാരണ ശക്തമായി തന്നെ ഉണ്ടായിരുന്നു താനും. പടം കഴിഞ്ഞു ഒരു വിധത്തില്‍ ആരും കാണാതെ പുറത്തു കടന്നു ഞാന്‍ കോട്ടയ്ക്കലെക്കും ജിഷ്ണു അരക്കുപറമ്പിനും പോയി.
ആരും ആരോടും ഒന്നും പറഞ്ഞില്ല.
ഇതിന്റെ ക്ലൈമാക്സ് ഉണ്ടായത് അഭിലിന്റെ വീട്ടിലാണ്. നിര്‍ദ്ദിഷ്ട സമയത്തിനും മുന്‍പ് വീട്ടിലെത്തിയ മകനോട് അമ്മ ചോദിച്ചു - എന്താ മോനെ സിനിമ കണ്ടില്ലേ? .
നുണ പറഞ്ഞു പരിചയം ഇല്ലാത്ത അഭില്‍ സത്യസന്ധമായി മറുപടി കൊടുത്തു , കണ്ടെന്നു.
ഉടനെ വന്നു അടുത്ത ചോദ്യം , ഇത്ര പെട്ടെന്ന് സിനിമ കഴിഞ്ഞോ ?
അബദ്ധം മനസ്സിലാകിയ സുഹൃത്ത് വീണിടത്ത് കിടന്നു ഉരുളാന്‍ ശ്രമിച്ചു. പടം അവനു ഇഷ്ടമായില്ല , അത് കൊണ്ട് പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നുവെന്നു.
ഹൈ സ്കൂളിലെ ടീച്ചറായ അമ്മയുണ്ടോ വിടുന്നു , ദാ വരുന്നു അടുത്ത ചോദ്യം - ഏതായിരുന്നു സിനിമ?
കള്ളം പറയാനറിയാത്ത അഭില്‍ വീണ്ടും പരുങ്ങി . " പടത്തിന്റെ പേര് ഓര്‍മയില്ല അമ്മെ, ശോഭന ആയിരുന്നു നായിക, പടത്തില്‍ കുറച്ചു ചീത്ത സീന്‍ ഒക്കെ... എനിക്കിഷ്ടപ്പെട്ടില്ല "
ശോഭനയെങ്ങാനും ഇത് അറിഞ്ഞിരുന്നെങ്കില്‍ അവനെതിരെ മാനനഷ്ടക്കേസ് കൊടുത്തേനെ. ഭാഗ്യം.
അവന്റെയും ഞങ്ങളുടെയും നല്ലകാലത്തിന് കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും വന്നില്ല. ശോഭന എന്ന് കേട്ടപ്പോള്‍ അമ്മയ്ക്ക് തൃപ്തിയായി കാണണം.
ആ സിനിമാ ചരിത്രം അവിടെ അങ്ങനെ അവസാനിച്ചു.
പക്ഷെ ഞങ്ങള്‍ മൂന്നു പേരും പിന്നെ ഈ വക ബി ഗ്രേഡ് സിനിമ കാണാന്‍ പോയിട്ടില്ല. പോവാന്‍ താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആദ്യത്തെ ആഘാതമാണ് ഏറ്റവും തീക്ഷ്ണമായ ആഘാതം എന്നാണല്ലോ. കേരളം ആബാലവൃദ്ധം ചേച്ചിമാരെ കാണാന്‍ തിയെട്ടരുകളിലേക്ക് ഒഴുകിയപ്പോഴും ഞങ്ങള്‍ പോയില്ല. മള്‍ടി മീഡിയ മൊബൈല്‍ ഫോണുകളും ലാപടോപുകളും വേഗമേറിയ നെറ്റ് കണക്ഷനും ഇല്ലാത്ത കാലമാണ് എന്നോര്‍ക്കണം.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി പാലക്കാട് വരുമ്പോഴും സിനിമയിലെ നീലത്തരംഗം അവസാനിച്ചിരുന്നില്ല. അവധി ദിവസങ്ങളില്‍ ശ്രീദേവി ദുര്‍ഗയിലും, സെന്ട്രലിലും മറ്റും പോയി ഷക്കീല ചേച്ചിയെ കണ്ണ് നിറയെ കണ്ടിരുന്ന എന്റെ കൂട്ടുകാരെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അന്ന് ആ പടം കണ്ടത് എത്ര നന്നായി - അത് കൊണ്ടല്ലേ ഇപ്പോള്‍ ഇതിനു പോവാതെ പോക്കറ്റ് മണി സേവ് ചെയ്യാന്‍ പറ്റുന്നത് എന്ന്.
ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണമുണ്ട്. തങ്കത്തോണിയിലെ നായിക ഷക്കീല ചേച്ചിക്ക് വേണ്ടി മാതൃഭൂമി ഓണപ്പതിപ്പ് ഇരുപത്തി എട്ടു പേജ് നീക്കി വെച്ചിരിക്കുന്നു എന്നാണു അറിഞ്ഞത്. കവിതയ്ക്ക് വേണ്ടി ഒരു പേജു പോലും നീക്കി വെക്കാതെ സമൃദ്ധിയുടെ ഉത്സവത്തിനു ഷക്കീലയെ ആഘോഷിക്കുന്ന മാതൃഭൂമിയുടെ കച്ചവട തന്ത്രത്തെ അപലപിച്ചു കൊണ്ടുള്ള ഒരു മെസ്സേജ് ഫേസ് ബുക്കില്‍ ഒരു സുഹൃത്തിന്റെ ചുമരില്‍ കണ്ടു. ഈ വര്‍ഷം മുഴുവന്‍ മാതൃഭൂമിക്ക് മുകളില്‍ ചപ്പാത്തി നിരത്തി പ്രതിഷേധിക്കണം എന്നാണു സുഹൃത്തിന്റെ ആഹ്വാനം.
ചപ്പാത്തി നിരത്തിയാലും ഇല്ലെങ്കിലും ഒരു കാര്യം മറക്കേണ്ടാ... ദീപസ്തംഭം മഹാശ്ചര്യം- നമുക്കും കിട്ടണം കമന്റ്.
മാതൃഭൂമിയുടെ ആശംസകള്‍ക്കൊപ്പം ഈ എളിയവന്റെയും ഈദ്-ഓണാശംസകള്‍ സ്വീകരിക്കണം എന്ന് അപേക്ഷ.