November 30, 2010

നായിന്റെ മോനേ, നിനക്കായ്‌.. സ്നേഹത്തോടെ

ഒരു നായ ചത്താല്‍ നിങ്ങളില്‍ എത്ര പേര്‍ കരയും?
 നിസ്സാര ചോദ്യം..!
മേനക ഗാന്ധി സദയം ക്ഷമിക്കുക. 'ഇഹലോക വാസം വെടിഞ്ഞാല്‍' എന്നോ 'അന്തരിച്ചാല്‍' എന്നോ ഒക്കെ വച്ച് നോക്കിയിട്ടും ചേരാത്തത് കൊണ്ടാണ് 'ചത്താല്‍' എന്ന് തന്നെ ഉപയോഗിച്ചത്.
 ചോദ്യത്തിലേക്ക് തിരിച്ചു വരാം..
ഒരു നായ ചത്താല്‍ നിങ്ങളില്‍ എത്ര പേര്‍ കരയും?
കരയില്ല നിങ്ങള്‍ എങ്കില്‍ ഇത് വായിക്കാനുള്ള യോഗ്യത നിങ്ങള്‍ക്കുണ്ട്‌.
ചിലരുണ്ട് ഏതൊരു തെരുവ് നായയുടെ മരണത്തിലും കണ്ണീര്‍  ഒഴുക്കുന്നവര്‍.
വേറെ ചിലരുണ്ട്, അവര്‍ കരയണമെങ്കില്‍ ശ്വാനമൃത്യുവില്‍ എന്തെങ്കിലും അസ്വാഭാവികത വേണം. ഒന്നുകില്‍ നാഷണല്‍ ഹൈവേയില്‍ എണ്‍പത് കി.മി വേഗതയില്‍ പോവുന്ന കാറിനു തല വെച്ചോ, ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുത്ത് ചീഞ്ഞ വൃണങ്ങളുമായി ഏതെങ്കിലും കുപ്പത്തൊട്ടിയില്‍ കിടന്നു ചാവുംപോഴോ (നായ) മാത്രം ദു:ഖിക്കുന്നവര്‍.
മറ്റു  ചിലര്‍, അവര്‍ കരയണം എങ്കില്‍ നായ അവരുടെ കിണറ്റില്‍ വീണു ചാവണം.(നെലോളി  നായക്ക് വേണ്ടി ആവണം എന്നില്ല). അല്ലെങ്കില്‍ പിന്നെ  നായുടെ ജഡം ചീഞ്ഞു നാറി, ആ നാറ്റം അവരുടെ മൂക്കിന്‍ തുമ്പത്ത് എത്തണം.
വേറെയും ഒന്ന്-രണ്ടു കൂട്ടരുണ്ട്.അവരുടെ പൊന്നിന്റെ വിലയുള്ള കണ്ണീര്‍ത്തുള്ളികള്‍  അവരുടെ വീട്ടില്‍, ഓമനിച്ചു വളര്‍ത്തുന്ന നായുടെ മരണത്തിനായി സംവരണം ചെയ്തിരിക്കുന്നു. ഇനിയും ചിലര്‍ ഉണ്ട്. ദേ ഡോണ്ട്  കെയര്‍ എബൌട്ട്‌ ദി ഡെത്ത് ഓഫ് എനി സണ്‍ ഓഫ് എ ഡോഗ്.
ഞാന്‍ ഈ പറഞ്ഞതില്‍ ഒരു കൂട്ടത്തിലും വരില്ല എന്ന് തോന്നുന്നു. അല്പമെങ്കിലും ചെരുമെങ്കില്‍ അത് താഴെ നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടത്തിലായിരിക്കും.
എന്തായാലും ഇവിടെ വിസ്തരിക്കാന്‍ പോകുന്നത് ഒരു ജീവചരിത്രമാണ്. സ്വാഭാവികമായും എ ഡോഗ്സ് സ്റ്റോറി. 
*******************
                      ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്ന കാലത്ത് അച്ഛനും, ഒറ്റവള്ളിക്കലെ സദന്‍ ചേട്ടനും എവിടെ നിന്നോ 7000 രൂപ വീതം കൊടുത്തു മേടിച്ചു കൊണ്ട് വന്നതാണ് ഒരു മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെ.  ശ്വാനസുന്ദരന്റെ പേര് ടൈഗര്‍.(സദന്‍ ചേട്ടന്‍ കൊണ്ട് വന്ന ഐറ്റം ഒരു സുന്ദരിക്കോത ആയിരുന്നു കേട്ടോ). സായിപ്പ് നമ്മുടെ കടുവയെ ചിലപ്പോഴൊക്കെ ഡോഗ് എന്ന് പറയും. നമ്മളോ, സായിപ്പിന്റെ  ഡോഗിനു ഇടുന്ന പേര് ടൈഗര്‍. വിരോധാഭാസം. അതവിടെ നില്‍ക്കട്ടെ. ടൈഗര്‍ എന്റെ വീട്ടിലെ വളര്‍ത്തു നായാണ്‌ (ആയിരുന്നു എന്ന് വായിക്കുക). തെറ്റിദ്ധരിക്കണ്ട, ആശാന്‍ വെറും നാടന്‍ ശുനകവംശജന്‍ അല്ല. ഗ്രേറ്റ്‌ ഡേ൯, എന്ന വേട്ടനായ് ഇനമാണ്.
                      അടയ്ക്കാ കണ്ടാല്‍ അറിയാന്‍ പറ്റൂലല്ലോ കവുങ്ങിന്റെ വലിപ്പം.. കൊണ്ടോന്നപ്പം ലവന്‍ തീരെ ശിശു.. വേണേല്‍ എടുത്തു മടീ വെക്കാം.. താഴത്ത് വെച്ചാല്‍ ചോണനുറുമ്പോ, മിശര്‍ എന്ന പുളിയുറുംപോ കടിച്ചാലോ, തലയില്‍ വെച്ചാല്‍ മുഖത്ത് നക്കിയാലോ, കയ്യിലെടുത്താല്‍ ഇച്ചീച്ചി മുള്ളിയാലോ എന്ന് നാം ഭയപ്പെടുന്ന പരുവം. ഹച്ചിന്റെ പരസ്യം പോലെ where ever you are,  കള്ളനായിന്റെ മോന്‍ പിന്നാലെ വരും. എന്തായാലും ആശാന്‍ വളരെ ഈസിയായി നായ വിരോധിയായ എന്റെ അമ്മ ഉള്‍പ്പെടുന്ന വീട്ടുകാരെ കയ്യില്‍ എടുത്തു. ശുനകപ്രേമികളായ അച്ഛന്റെയും, അനിയന്റെയും കാര്യം പറയാനുമില്ല. അച്ഛമ്മ എന്ന എന്റെ പിതാമഹി എന്നെത്തെയും പോലെ മുഖമൊന്നു ചുളിച്ചു - ഓ, നമ്മള്‍ എത്ര ശ്വനസന്തതികളെ കണ്ടതാ..ഇവന്‍ വെറും ചൊക്ലി- എന്ന ഭാവത്തില്‍ വീരരസത്തില്‍ " കൊണ്ട് പൊക്കോണം മണ്ടിനെയൊക്കെ! എന്റെ കണ്ണിന്റെ മുന്നില്‍ കണ്ടു പോകരുത്" എന്നലറിക്കൊണ്ട് വാത്സല്യപൂര്‍വ്വം ശുനകന്റെ പുറത്തു തഴുകി. എന്നിട്ട് അടുക്കളയില്‍ പോയി അര ലിറ്റര്‍  ശുദ്ധമായ പശുവിന്‍ പാല്‍ കൊണ്ട് വന്ന് നിപ്പ്ള് വച്ച കുപ്പിയിലൊഴിച്ചു ടൈഗറിന്റെ അണ്ണാക്കിലോട്ട് തിരുകി. പിതാമഹന്‍ കട്ടിലില്‍  നിന്നും ഉയര്‍ന്നു വന്ന്, കാലഘട്ടം മാറിയതറിയാതെ ആദിമധ്യാന്ത കാലങ്ങളില്‍ നായിന്റെ മക്കള്‍ക്കായി റിസേര്‍വ് ചെയ്തിരുന്ന രാമന്‍, സുന്ദരന്‍, നല്ലവന്‍ തുടങ്ങിയ പേരുകള്‍ ഓരോന്നായി വിളിച്ചു ഏതിനാണ്‌ ലവന്‍ പ്രതികരിക്കുന്നത് എന്നുള്ള പരീക്ഷണത്തില്‍ മുഴുകി.   നമ്മള്‍ അപ്പോഴും ന്യുടര്‍ ഗിയറില്‍ തന്നെ നിന്നു (നമുക്ക് എല്ലാവരെയും പോലെ ആവാന്‍ പ്രോടോകോള്‍ അനുവദിക്കുന്നില്ലല്ലോ, കാരണം നാം വീരാധി വീര സിങ്കം ആകുന്നു.. no emotional outbursts are allowed).
എന്തായാലും ശുനകപുത്രന്റെ വിളയാട്ടുകള്‍ കാണാന്‍ നില്‍ക്കാതെ ഞാന്‍ കോളേജിലേയ്ക്കുള്ള ആദ്യത്തെ വണ്ടി പിടിച്ചു നാട് വിട്ടു. ശേഷം ഒരു ഒന്നൊന്നര മാസം കോളേജും, ഹൊസ്ട്ടെലുമൊക്കെയായി ജോളിയായി  ചിലവാക്കിയപ്പോഴാണ് മാന്യ പിതാശ്രീ ഫോണില്‍ വിളിച്ചു പരിഭവം പറയുന്നത്- " ഡാ പുത്രാ, വീട്ടിലേക്കുള്ള വഴി മറന്നിട്ടില്ലെങ്കില്‍ ഒന്ന് ഇത്രടം വരിക. നീ ദേഹിയോ ദേഹമോ എന്ന് ഞങ്ങള്‍ക്ക് സന്ദേഹം ജനിച്ചിരിക്കുന്നു". ജീവിച്ചിരിക്കുന്നു എന്ന്  സാക്ഷ്യപ്പെടുതുന്നതിന്നായി ഈയുള്ളവന്‍ അടുത്ത വെള്ളിയാഴ്ച സന്ധ്യ മയങ്ങി 4 നാഴിക കഴിഞ്ഞപ്പോള്‍ വീടിന്റെ  ഉമ്മറത്ത്‌ ഹാജരായി. ലവന്‍, ആ ശുനക സന്തതിയുടെ കഥ നിന്തിരുവടികള്‍ (അഹം ബ്രഹ്മാസ്മി) പാടെ മറന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഉമ്മറത്തെത്തി എഞ്ചിന്‍ ഓഫ് ചെയ്ത്  "അമ്മേ, വിശക്കുന്നു" എന്ന് ഡയലോഗ് കാച്ചാന്‍ വട്ടം കൂട്ടുമ്പോഴാണ്  "യാരത്..?യാരത്..? എതുക്കാകെ വന്തേന്‍?" എന്ന് നാഗവല്ലി സ്റ്റൈലില്‍ ബൌ ബൌ എന്നൊരു ഗര്‍ജനം കാതുകളില്‍ വന്നു ഭവിച്ചത്.
ഞെട്ടിയില്ല..പക്ഷെ ഒന്ന് ഭയന്നോ എന്നൊരു സംശയം.
ഗര്‍ജനത്തിന്റെ ഉറവിടത്തിനു അതിനിടയില്‍ ആളെ മനസ്സിലായിര്യ്ക്കണം. (അച്ഛമ്മ സിഗ്നല്‍ കൊടുത്തെന്നു  തോന്നുന്നു- അവന്‍ നമ്മുടെ കുട്ട്യാണെന്ന്.)
  ഹും, ഇല്ലെങ്കില്‍ കാണാമായിരുന്നു-ഒറ്റവെട്ടിന് ഞാന്‍... ( നോ തിലകന്‍ ഹിയര്‍. ഡയലോഗ് വിഴുങ്ങിയിരിക്കുന്നു)
ശരി, ഒന്നുമില്ലെങ്കിലും വെറുമൊരു നായിന്റെ മോന്റെ മോന്‍ അല്ലെ അവന്‍ എന്ന് കരുതി  ഞാന്‍ അങ്ങ് ക്ഷമിച്ചു. 
നാമജപാമൃത മന്ത്രം എന്റെ ചുണ്ടോഴിച്ചു മറ്റു പല ചുണ്ടിലും ക്ലാവ് പിടിക്കുന്ന നേരമല്ലേ.. ഞാന്‍ സ്നാന ഭക്ഷണാദി കര്‍മങ്ങള്‍ കഴിച്ചു മെത്തയെ   പുല്‍കാം എന്ന സദുദ്ദേശത്തോട് കൂടി  ഞാനും അനിയനും പങ്കിട്ടു കിടക്കുന്ന കട്ടിലിനടുതെക്ക്  ചെന്നു.
ദോ കിടക്കണ് ശുനകപുത്രന്‍ എനിക്ക് ഭാഗം ചെയ്തു തന്നിട്ടുള്ള കട്ടില്പ്പാതിയില്‍. !!
ചുമ്മാതെയോന്നുമല്ല, എന്റെ പോന്നനുജനും അവനും ഒരു പുതപ്പിന്‍ താഴെ കെട്ടിപ്പിടിച്ചു സുഖമായി നിദ്രകൊള്ളുന്നു. നായിന്റെ മോന്‍ മനുഷ്യപുത്രന്റെ മുഖത്ത് ഇടക്കൊക്കെ നന്ദിപ്രകടനം എന്നപേരില്‍ ഓരോ നക്കല്‍ പാസ്സാക്കുന്നു. മനുഷ്യപുത്രന്‍ ഇടയ്ക്കിടയ്ക്ക്  അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് നായിന്റെ മോന്റെ മുഖത്തെ തട്ടി മാറ്റുന്നു.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.!!
നമ്മള്‍ സീനില്‍ നിന്നും കട്ടിലില്‍ നിന്നും ഔട്ട്‌.
***************
കാലം ആരോടും മിണ്ടാതെ ഒരു ആറ് മാസം കൂടി കടന്നു പോയി. മൂവാറ്റുപുഴയാറ്റിലൂടെ എനിക്ക് അളക്കാന്‍ കഴിയാത്ത അളവില്‍ വെള്ളവും ഒലിച്ചു പോയി. എങ്കിലും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചു. കാക്കകളും കോഴികളും അതികാലത്തുണര്‍ന്നു കലപില കൂട്ടി. നമ്മുടെ ശ്വാനസുന്ദരന്‍ കോഴി, കാക്ക, പൂച്ച തുടങ്ങിയവ വിളിപ്പാടകലെ കൂടി പോകുമ്പോള്‍ "ബൌ ..ബൌ..ഗ്ര്ര്ര്‍" എന്നൊക്കെ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി. അതിരാവിലെ  അച്ഛന്‍ വാഴകളുടെ വളര്‍ച്ചയും കേടുപാടുകളും പരിശോധിക്കാന്‍ പാടത്തേക്കു പോകുമ്പോള്‍ ആശാനും  കാലത്ത് എഴുന്നേറ്റു കൂടെ യാത്രയാകും. രണ്ടുണ്ട് ലക്‌ഷ്യം- പ്രകൃതിയുടെ വിളികള്‍ കേള്‍ക്കാനും, അതോടൊപ്പം വാഴക്കിടക്ക് മാളം ഉണ്ടാക്കി മറഞ്ഞിരിക്കുന്ന എലികളെ പിടിക്കാനും. എലിപിടുത്തത്തില്‍ ടൈഗര്‍ ആളൊരു പുലി തന്നെയായിരുന്നു എന്ന് വേണം പറയാന്‍. എലിയുടെ പൊത്തിലേക്ക് അച്ഛന്‍ വെള്ളം പമ്പ്‌ ചെയ്യും. ഒരൊറ്റ വെന്റിലെഷനെ മരമണ്ടന്‍ എലി നിര്‍മിചിട്ടുള്ളൂ എങ്കില്‍ ലവന് ശ്വാസം മുട്ടും. ചാവാതിരിക്കാനായി പുറത്തു ചാടും. ചാടുന്നത് ടൈഗറിന്റെ വായിലെക്കല്ലെങ്കിലും കുഴപ്പമില്ല.ഓടിച്ചിട്ട്‌ പിടിച്ചോളും. നേരത്തെ പറഞ്ഞല്ലോ ശുനകന്‍ വേട്ടനായ്‌ വംശജന്‍ ആണെന്ന്. നായകളിലെ ക്ഷത്രിയന്‍. (ചിലപ്പോഴൊക്കെ സഹതാപം തോന്നും. പണ്ട് മാന്‍,കടുവ, പുലി, സിംഹം തുടങ്ങിയവരെ വിറപ്പിച്ചിരുന്ന ഏതോ ഒരു നായരാജാവിന്റെ പിന്മുറക്കാരനാണല്ലോ  ഇങ്ങനെ എലിയെ വിറപ്പിച്ചു ജീവിതം പാഴാക്കുന്നത് എന്നോര്‍ക്കുമ്പോള്‍. രാജരക്തം,രാജകുടുംബം എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും വച്ചുകാച്ചുന്ന ചില മനുഷ്യജീവികളെ വല്ലപ്പോഴുമൊക്കെ കാണുന്നതാണ്  ഒരാശ്വാസം. പാവം ടൈഗര്‍ ഹിസ്ടറി പഠിച്ചിട്ടില്ലല്ലോ എന്ന് !!)

വേറെയുമുണ്ട് ശുനക ക്ഷത്രിയന്റെ വീര കൃത്യങ്ങള്‍. എപ്പോഴോ അച്ഛച്ചന്‍ ഇദ്ദേഹത്തിനു പറമ്പിന്റെയും തൊടിയുടെയുമൊക്കെ ആധാരം വായിച്ചു കേള്‍പ്പിച്ചു കൊടുത്തെന്നു തോന്നുന്നു. നമ്മുടെ അതിര്‍ത്തിയെകുറിച്ചും, അതിര്‍ത്തിക്കുള്ളിലെ സ്ഥാവര-ജംഗമ വസ്തു വകകളെ കുറിച്ചും ഉഗ്രന് നല്ല ബോധം. തേങ്ങ,മാങ്ങാ,ചക്ക, റബ്ബര്‍ ഷീറ്റ്, ഉണക്ക കമ്പ്  തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ പോകട്ടെ, കാക്കയ്ക്കെറിയാന്‍ ഒരു കല്ല്‌ പോലും പറമ്പില്‍ നിന്നും എടുക്കാന്‍ അന്യനൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. പോസ്റ്റ്‌ മാന്‍ പോലും വീടിനു അഞ്ഞൂറ് വാര ദൂരെ നിന്നും വിളിച്ചു ചോദിക്കും, "വല്യമ്മേ, പട്ടിയെ പൂട്ടീട്ടുണ്ടോ?" എന്ന്. ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ കേള്‍ക്കാം ഗര്ര്ര്ര്‍..എന്ന് ശുനകന്‍ മുരളുന്ന ശബ്ദം. അതിശയോക്തിയല്ല, മാന്യന്റെ കുരയുടെ ശബ്ദം ഉദ്ദേശം അര കി.മി ദൂരെയുള്ള വട്ടപ്പാറ കവലയില്‍ വരെ കേള്‍ക്കാമായിരുന്നു.
ഇങ്ങനെ സ്വത്തു കാവല്‍ക്കാരനായി ടൈഗര്‍ പേരെടുത്തു നില്‍ക്കുന്ന കാലത്താണ്, ഒരുച്ച സമയത്ത് പറമ്പില്‍ നില്‍ക്കുന്ന തെങ്ങുകള്‍ വിളിച്ചു ചൊല്ലി അറിയിച്ചത്- "തേങ്ങാ ഇടാന്‍ സമയമായി..തേങ്ങാ തലയില്‍ വീണു അകാലമൃത്യു സംഭവിക്കണം എന്നില്ലെങ്കില്‍ തെങ്ങ് കേറ്റക്കാരന്‍ മത്തായിയോടു ഒന്നിത്രടം  വരാന്‍ പറയ്യാ.." ന്ന്‍.  അന്നൊരു പ്രവൃത്തി ദിവസം ആയിരുന്നതിനാല്‍ വാധ്യാര്‍ ദമ്പതികളായ അച്ഛനമ്മമാരും വിദ്യാര്‍ഥിയായ അനുജനും വീട്ടില്‍ ഉണ്ടായിരുന്നില്ല. സത്യമുള്ള കല്പവൃക്ഷമല്ലേ, അകാലമൃതി സംഭവിച്ചാലോ! മരിക്കാന്‍ ഭയമുള്ള അച്ഛച്ചന്‍ ഒട്ടും അമാന്തിച്ചില്ല. ആളെ വിട്ടു-മത്തായി ചേട്ടനെ വിളിക്കാന്‍. മത്തായി ചേട്ടനും അമാന്തിച്ചില്ല, കള്ള് കുടിക്കാന്‍ കാശില്ലാതെ വിഷമിച്ചിരുന്ന സമയമായിരുന്നിരിക്കണം. ഉടനെ തൊഴിലായുധങ്ങളായ ഏണി, വാക്കത്തി, തളപ്പ് എന്നിവയുമേന്തി  വര്‍ക്ക്‌ യുണിഫോറം ആയ തോര്‍ത്തും തോളത്തിട്ടു മത്തായി ചേട്ടന്‍ വീട്ടുമുറ്റത്ത് ഹാജര്‍.
മത്തായി ചേട്ടന്‍ പരിസരമൊക്കെ നന്നായി വീക്ഷിച്ച്, ടൈഗര്‍ ചങ്ങലയാല്‍ ബന്ധനസ്ഥന്‍ തന്നെയെന്നു ഉറപ്പു വരുത്തിയതിനു ശേഷം ആയുധങ്ങളില്‍ ഒന്നായ ഏണി തെങ്ങില്‍ ചാരി വെച്ച് ജോലി തുടങ്ങാന്‍ തയ്യാറായി.   ഒന്ന് പറയട്ടെ ,അച്ഛമ്മ അറിഞ്ഞിരുന്നില്ല - തെങ്ങുകള്‍ വിളിച്ചു ചൊല്ലി അറിയിച്ചതും, ആളെവിട്ടു മത്തായി ചേട്ടനെ  വിളിപ്പിച്ചതും, അദ്ദേഹം ജോലിക്കാജരായതും ഒന്നും. അച്ഛമ്മ പതിവ് പോലെ ശുനകപുത്രന്റെ അമൃതെത്തിനു സമയമായി എന്ന് നിഴലും ക്ലോക്കും നോക്കി ഗ്രഹിച്ചു ടൈഗറിന് ലഞ്ച് വിളമ്പി. ഭക്ഷണശേഷം നൂറു കാതം ഉലാത്തണം എന്നാണല്ലോ പഴമൊഴി. പാത്രം വടിച്ചു നക്കി വൃത്തി ആക്കിയതും അച്ഛമ്മ ശുനകനെ ബന്ധനത്തില്‍ നിന്നും മോചിതനാക്കി. 
ചങ്ങല കഴുത്തില്‍ നിന്നുംവിട്ടതും ടൈഗര്‍ തെക്കോട്ട്‌ ഒറ്റ പാച്ചില്‍. തെക്കുവശത്തായി നിന്നിരുന്ന ഒരു തെങ്ങില്‍ ഏണി ചാരി വെച്ച് ഏകദേശം ഒരു ഏഴടി  മുകളിലേക്ക് കേറി കാണും മത്തായി ചേട്ടന്‍. പാവം ടൈഗര്‍ തെറ്റിദ്ധരിച്ചു, മത്തായി ചേട്ടന്‍ തെങ്ങ് അപ്പാടെ പറമ്പീന്ന് എടുത്തോണ്ട് പോകുകയാണെന്ന്. അന്യനോരാള്‍ക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാന്‍ പോലും അനുവാദം നല്‍കാത്ത  തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച്  പുലര്‍ത്താത്ത  ടൈഗര്‍  മടിച്ചു നിന്നില്ല. ഒറ്റച്ചാട്ടം!! ഏഴടി പൊക്കം  അജാനുബാഹുവായ ടൈഗറിന് വെറും പുല്ലു-പുഷ്പ-സസ്യലതാദികള്‍. ടൈഗറിന്റെ കൂര്‍ത്ത കോമ്പല്ലുകള്‍ രണ്ടും മത്തായിചേട്ടന്റെ ഞെരിയാണിയില്‍ ആഴ്ന്നിറങ്ങി. വിട്ടില്ല, വലിച്ചു താഴത്തിട്ടു കളഞ്ഞു പഹയന്‍. തെങ്ങീന്ന് ചേട്ടന്റെ പിടി വിട്ടതും ശുനകരാജന്‍ ശാന്തന്‍, സല്‍സ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞുവാവയായി  മാറി. ഭാഗ്യത്തിന് കാലിലെ മുറിവല്ലാതെ വേറൊന്നും മത്തായി ചേട്ടന് പറ്റിയില്ല. എങ്കിലും മത്തായി ചേട്ടന്റെ വീടുകാര് കാശ് കൊടുക്കുന്നതില്‍ നിന്നും അച്ഛനെ  വിലക്കുന്നത് വരെ  അദ്ദേഹം പട്ടികടിച്ചതിന്റെ ചികിത്സക്കായി അച്ഛന്റെ അടുത്ത് നിന്നും പലപ്രാവശ്യം കാശ് വാങ്ങി , പ്രദേശത്തെ കള്ള് ഷാപ്പില്‍ കൊടുതിരുന്നതായാണ്  അറിവ്.  
വൈകുന്നേരം സ്കൂള്‍ വിട്ട ശേഷം അച്ഛനും അമ്മയും മിക്കവാറും പാടത്തായിരിക്കും ഇരുട്ടുന്നതു വരെ. അവര്‍ പോവുമ്പോള്‍ ടൈഗരിനെയും കൂടെ കൂട്ടും. കാര്യമായി വേട്ടയാടെണ്ട ആവശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് ടൈഗറിന്റെ പ്ലേ ടൈം ആകുന്നു. അച്ഛനും അമ്മയും കൃഷിയില്‍ മുഴുകുമ്പോള്‍ ശുനകന്‍ പാടത്തെ പുല്ലിലൂടെ ഓടി നടക്കും, തലകുത്തി മറിയും.. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മറ്റു പ്രജകളുടെ ഭരണം സ്വയം ഏറ്റെടുക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൌതുകകരമായ ഒരു ദൃശ്യം കൈപ്പട്ടൂര്‍ വാസികള്‍ കണ്ടിട്ടുണ്ടാവണം. ഒരു എട്ടു-പത്തു നായ്ക്കളുടെ നടുക്ക് തല ഉയര്‍ത്തി രാജാവിന്റെ ഗമയില്‍ ഇരിക്കുന്ന ഞങ്ങളുടെ ടൈഗറിനെ. സാധാരണ നാടന്‍ പ്രജകള്‍ക്കില്ലാത്ത ശരീരവലുപ്പവും, ഉടലിന്റെ ആകൃതിയും, സിംഹത്തിന്റെ കൈ പോലുള്ള ആ കൈകളും തീര്‍ച്ചയായും അവനെ രാജാവായി പട്ടാഭിഷേകം ചെയ്യാന്‍ മറ്റു ശുനകന്മാരെ പ്രേരിപ്പിചിരിക്കണം. രാജാവിനെ എതിര്‍ത്തവര്‍ മിക്കവാറും ആ പല്ലിന്റെ മൂര്‍ച്ച അനുഭവിചിട്ടുണ്ടാവാം എന്നുള്ളത് വേറെ കാര്യം.
************** 
കഥാനായകന്‍ ശുനകരാജ വംശജന്‍  ടൈഗറിന് വെള്ളം അലര്‍ജി ആണെന്ന് കണ്ടു പിടിച്ചത് എന്റെ പിതാശ്രീ ആണെന്നാണ്‌ ഓര്‍മ. അല്ലെര്‍ജിയോ, ഹൈഡ്രോഫോബിയയോ എന്തുമാകട്ടെ, കുളി ടൈഗര്‍ എന്ന രാജരക്തം ഒട്ടും ആസ്വദിച്ചിരുന്നില്ല എന്നാണു, അവന്റെ കുളിസീനിനു ദൃക്സാക്ഷി  എന്ന നിലയില്‍ എന്റെ അഭിപ്രായം. അടി പേടിച്ചു കുളിക്കാന്‍ നിന്ന് കൊടുക്കുന്ന കൊച്ചുപിള്ളാരുടെ  മുഖഭാവമായിരുന്നു എല്ലായ്പ്പോഴും കുളിക്കുമ്പോള്‍ ടൈഗറിന്റെ മുഖത്ത് നിഴലിചിരുന്നത്. പുവര്‍ ഡോഗ്. അതവിടെ നില്‍ക്കട്ടെ. എനിക്ക് പറയാനുള്ളത് പല്ല് തെക്കലിനെ  കുറിച്ചാണ്. എന്റെ മാസാന്ത്യ-ആദ്യ ഗൃഹ സന്ദര്‍ശന വേളയില്‍ ആണ് സംഭവം നടക്കുന്നത്. 
അവധി ദിവസങ്ങളില്‍ നായപ്രേമിയായ എന്റെ ഏകോദരസഹോദരന്റെ  ഒരു നേരം പോക്ക് ഈ നായയെ കളിപ്പിക്കലും കുളിപ്പിക്കലും ആണ്. നമ്മള് പിന്നെ ഈ വക വഷള് ഏര്‍പ്പാടിനോന്നും പോവാറില്ല. മാറിനിന്നു മേല്‍നോട്ടം വഹിക്കലാണ് പതിവ്. അങ്ങനെ ഈയുള്ളവന്‍ സുപെര്‍വിഷനിലും, അനിയന്‍ പ്രവര്‍ത്തനത്തിലും മുഴുകി ഇരിക്കുമ്പോള്‍ പെട്ടെന്ന് അനിയനൊരു വെളിപാട്. 
"നായയുടെ വായ നാറുന്നു"
നമ്മളുണ്ടോ വിടുന്നു, തിരിച്ചടിച്ചു "പിന്നേ, ക്ലോസ് അപ്പ്‌ കൊണ്ടല്ലേ ലവന്‍ ദന്തധാവനം നടത്തുന്നത്. ഒന്ന് പോടേ"
നമ്മുടെയല്ലേ അനിയന്‍. അവനും വിട്ടില്ല.. ഉടനെ എവിടെ നിന്നോ ഒരു പഴയ ബ്രഷ് തപ്പിപ്പിടിച്ചു കൊണ്ടുവന്നു ക്ലോസ് അപ്പ്‌ ടൂത്ത് പേസ്റ്റും വച്ച് അവന്‍ നായയോട് കല്‍പ്പിച്ചു.
"വാ പൊളി നായെ"!!
ഗോഡ്ഫാദര്‍ സിനിമയിലെ 'പനിനീര് തളിയാനെ' ആണ് അന്നേരം ഓര്‍മ വന്നത്.
നായ വാ പൊളിച്ചില്ല 
 വിട്ടില്ല അനുജന്‍. ബലപ്രയോഗം തുടങ്ങി.
ഇടത്തേ കൈകൊണ്ടു ബലമായി ടൈഗറിന്റെ വാ തുറന്നു പിടിച്ചു, വലത്തേ കൈ കൊണ്ട് ആശാന്‍ ടൈഗറിന്റെ വായ്ക്കുള്ളിലെ അണപ്പല്ലുകളും, കോമ്പല്ലുകളും വൃത്തിയായി തേച്ചു.എന്നിട്ട് അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്റെ നേരെ നോക്കി കണ്ണുകൊണ്ട് മുകളിക്ക്‌ ഒരേറ്.
"ഇപ്പൊ കണ്ടോ മോനെ നായ പല്ല് തേക്കുന്നത്" ന്നു.
"നിന്നെ ഇവന്‍ കടിക്കില്ലേ?" എന്റെ ന്യായമായ സംശയം 
ഉത്തരം പ്രവൃത്തിയിലൂടെ- ദാ, അഹമ്മദി പിടിച്ചവന്‍ ടൈഗറിന്റെ വായ പിളര്‍ത്തി കൈമുട്ടിനു കീഴെയുള്ള ഭാഗം വായ്ക്കകത്തെക്ക്  വച്ചിരിക്കുന്നു.ഒന്നും സംഭവിക്കുന്നില്ല. നായ മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. എന്റെ രണ്ടു കണ്ണുകളും ഉരുണ്ടുരുണ്ട്‌ പുറത്തു ചാടാത്തത്തിനു ദൈവത്തിനു നന്ദി.
ടൈഗറിന് ആകെയുള്ള ഒരേ ഒരു നിര്‍ബന്ധം ഭക്ഷണമാണ്. സമയാസമയം  വയറു നിറക്കാന്‍ ഉള്ള വക മുന്നിലെത്തണം. മുന്നിലെത്തിയാല്‍ മാത്രം പോരാ, ആരും ശല്യപ്പെടുത്തുകയും അരുത്. തിന്നുന്ന നേരത്ത് ആര് വന്നാലും, എന്തിനു, വീട് തന്നെ ആരെങ്കിലും എടുത്തോണ്ട് പോയാലും ടൈഗര്‍ നെവെര്‍ മൈന്‍ഡ് ആണ്. അഥവാ ആരെങ്കിലും ഈ സമയത്ത് ആശാനെ ചൊറിയാന്‍ ചെന്നാല്‍ ഒരു മുരള്ച്ചയുണ്ട്.. "നിന്നെ ഞാന്‍ കൊല്ലുമെടാ" എന്ന മാതിരി. കേള്‍ക്കുന്നവന്‍ ജീവനും കൊണ്ടോടും. (അനുഭവം ഗുരു)
ഇങ്ങനെയൊരു ഭക്ഷണസമയത്ത് എന്റെ തലയില്‍ ചെകുത്താന്‍ കൂട് കൂട്ടുന്നു. 
വെറുതെ ഇരിക്കുന്ന എനിക്ക് തോന്നുന്നു, ടൈഗറിനെ ഒന്ന് പ്രകോപിപ്പിച്ചാല്‍ എന്താ പ്രശ്നം?
നേരെ ചെന്ന് ടൈഗര്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന പാത്രം ഞാനല്‍പ്പം മാറ്റി വെച്ചു.
ഗര്‍ര്‍ര്‍.. കൊല്ലുമെടാ നിന്നെ. ടൈഗര്‍ മുരണ്ടു.
നമ്മളുണ്ടോ പേടിക്കുന്നു.
കുറച്ചുകൂടി മാറ്റി വച്ചു പാത്രം..
ഒരു സെക്കന്റ്‌ വേണ്ടി വന്നില്ല.. എനിക്ക് സ്ഥലകാല ബോധം തിരിച്ചു വരുമ്പോള്‍ പാത്രം നീക്കാന്‍ പോയ എന്റെ കൈ നായിന്റെ മോന്റെ വായിലിരിക്കുന്നു. 
കൈ തിരിച്ചെടുത്തു സി.ഐ.ഡി.മൂസ ജഗതി സ്റ്റൈലില്‍ വന്ദേ മാതരം പറയണോ, അമ്മേ എന്നെ പട്ടി കടിച്ചു എന്ന് അലറാണോ  എന്ന് ആലോചിക്കുമ്പോഴാണ് എനിക്ക് ആ സുന്ദരസത്യം മനസ്സിലായത്. എന്റെ കൈക്ക് വേദനയില്ല.. കയ്യില്‍ നിന്നും ചോര മുവാറ്റുപുഴയാറായ് ഒഴുകുന്നില്ല. 
സുന്ദരന്‍ കൈ അത് പോലെ തന്നെ..ഒരു പോറല്‍ പോലുമില്ല..
രാജശുനകന്‍ പല്ല് കൊള്ളരുത്‌ എന്ന് കരുതി തന്നെയാണ് ആ മിന്നല്‍ ആക്രമണം നടത്തിയത്. 
ഞാന്‍ ടൈഗറിനെ നോക്കി.
പുള്ളി ഇപ്പഴും ഗൌരവമായി വെട്ടിക്കൊണ്ടിരിക്കുന്നു. ഇടയ്ക്ക് ഇടംകണ്ണിട്ടു  എന്നെ ഒന്ന് നോക്കി..
" വേണ്ടാന്നു വിചാരിച്ചിട്ടാ മോനെ... കളിക്കല്ലേ" എന്നല്ലേ അവന്‍ ഉദ്ദേശിച്ചത്!!
ഒരു പുഞ്ചിരി ഉണ്ടായിരുന്നിരിക്കണം അവന്റെ മുഖത്തപ്പോള്‍..
***********************
ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലം. വര്ഷം 2008 .
വീട്ടില്‍ നിന്നും ഒരു കാള്‍, ഉച്ചസമയത്ത്. സാധാരണ  പതിവില്ലാത്തതാണ് ഈസമയത്ത് വീട്ടില്‍ നിന്നുമുള്ള വിളി.
ഫോണെടുത്തപ്പോള്‍  അമ്മയാണ് മറു വശത്ത്.
"എന്താ അമ്മേ. ഈ സമയത്ത്?" എന്തെങ്കിലും അത്യാഹിതം നടന്നോ എന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു എന്റെ ശബ്ദത്തില്‍. വയസ്സായ കാരണവന്മാരോക്കെ  വീട്ടിലുണ്ടല്ലോ,  എന്തും സംഭവിക്കാം.
ഒരു കരച്ചില്‍ മറു വശത്ത് നിന്നും. എനിക്കൊന്നും മനസ്സിലായില്ല
"അമ്മേ, കാര്യം പറ.." മനുഷ്യന് ആധി കേറി .
"നമ്മുടെ ടൈഗര്‍ പോയെടാ മോനെ".. ഫോണിലൂടെ എനിക്ക് കേള്‍ക്കാം അപ്പുറത്തെ എണ്ണി പെറുക്കിയുള്ള തേങ്ങലുകള്‍.  അമ്മയും, അച്ഛമ്മയും..എല്ലാവരുമുണ്ട്‌.
എനിക്കും വാക്കുകള്‍ ഇല്ലാതായി.
ഉള്ളില്‍ എവിടെയോ ഒരു കൊളുത്തിപ്പിടിത്തം. ഒരു അടുത്ത ബന്ധു മരിച്ചു പോയത് പോലെ ഒരു വേദന. ഓര്‍മ വച്ചതിനു ശേഷം അടുത്ത ബന്ധുക്കള്‍ ആരും മരിക്കാത്തതിനാല്‍ അന്ന് ആദ്യമായി ഞാന്‍ അറിഞ്ഞു ഉറ്റവരെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന വേദന.
പിന്നീടറിഞ്ഞു, മൂന്നു ദിവസത്തേക്ക് വീട്ടില്‍ ഒരു ഒച്ചയോ അനക്കമോ ഇല്ലായിരുന്നെന്ന്. ആര്‍ക്കും ഭക്ഷണം വേണ്ട, ജലപാനം വേണ്ടാ.. അത്രക്കായിരുന്നു ഒരു നായുടെ മരണം ചെലുത്തിയ ആഘാതം. അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു ഞങ്ങള്‍ക്ക് ടൈഗര്‍.
""പ്രിയപ്പെട്ട ടൈഗര്‍,
നീ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു.
നീ ഞങ്ങളെ പിരിഞ്ഞിട്ടു  മൂന്നു വര്‍ഷമാകുന്നു.
മരിക്കുന്നില്ല നീ .!! ജീവിച്ചിരിക്കുന്നു
ദീപ്തമാം ഓര്‍മകളില്‍ അനന്തമായെന്നുമേ""

29 comments:

 1. Nammude koottathil oruthan saahithyam ezhuthuneey :)

  ReplyDelete
 2. സഖാവേ, ലാല്‍ സലാം...
  ബീഡിയുണ്ടോ ഒരു തീപെട്ടി എടുക്കാന്‍

  ReplyDelete
 3. @Arjun
  സഹൃദയത്വം നീണാള്‍ വാഴട്ടെ

  ReplyDelete
 4. nannyittundu... oru "Sanjayan" touch !

  ReplyDelete
 5. റിയാഫെ, ഈ പറഞ്ഞത് സഞ്ജയന്‍ അറിയണ്ട..
  എന്നെയും നിന്നെയും ഓടിച്ചിട്ട്‌ തല്ലും
  (അത്യുന്നതങ്ങളില്‍ സഞ്ജയന് മഹത്വം.
  സന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം)

  ReplyDelete
 6. മൊരടാ, മൊരടനാണെന്ന് ഇതു വായിച്ചാലാരും പറയില്ല :)

  ReplyDelete
 7. @ Kiran / കിരണ്‍
  പാറ പൊട്ടിക്കണം കിണറു കുത്താന്‍ ..
  തേങ്ങാ പൊട്ടിക്കണം തേങ്ങാവെള്ളം കിട്ടാന്‍..

  ReplyDelete
 8. എന്റെ കൂട്ടുകാരാ .. കുത്തിയിരുന്ന് ഒരു പാട് നേരം വായിക്കുന്ന സ്വഭാവ ശുദ്ധി ഈ ഉള്ളവന് പണ്ടേ ഇല്ലാ..എങ്കിലും സഖാവ്നിന്റെ ചെറിയ പൊട്ടത്തരങ്ങള്‍ വായിച്ചപ്പോള്‍ അഭിനന്ദനം അറിയിക്കല്‍ എന്റെ ഒരു ബാധ്യത കടപ്പാട് പോലെ ആയിരിക്കുന്നു.... മുവാടുപുഴയിലൂടെ നിനക്ക് അളക്കാന്‍ കഴിയാത്ത വെള്ളം ഒളിച്ചു പോയാലും ഇങ്ങനെ അങ്ങ് മുന്നോട്ട് പോകുക .. ഈ ഉള്ളവന്‍ വായനക്കാരന്റെ പ്രച്ഛന്ന വേഷത്തില്‍ ഉണ്ടാകും .. നടന്നു പോയ വഴിയില്‍ ചതഞ്ഞു അരഞ്ഞ പുല്ലുകളുടെ രുചിയും മണവും മറക്കാതെ ഇരിക്കാനും ശ്രമിക്കുമല്ലോ..

  ReplyDelete
 9. ചതഞ്ഞരഞ്ഞ പുല്ലുകളേ മറന്നാലും, ഈയുള്ളവന്‍ അഭിനവ ടാര്‍സന്‍ ആയി വിരാജിച്ച മഴക്കാടുകളെയും, അതിനകത്തെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങളെയും (ഉദാ: താങ്ങള്‍ ) അല്ഷിമേഴ്സ് പിടിച്ചാലും മറക്കില്ല. കാവിലമ്മയാണേ, കളരി പരമ്പര ദൈവങ്ങളാണേ സത്യം..സത്യം..സത്യം !!

  ReplyDelete
 10. തമാശകൾക്ക് അപ്പുറത്ത് മനസ്സു തൊടുന്ന ഒന്നാണ് അംജിതിന്റെ എഴുത്ത്, തുടരുക, ആശംസകൾ!

  ReplyDelete
 11. @ശ്രീനാഥന്‍
  പ്രിയപ്പെട്ട സാര്‍, സാറിന്റെ അഭിപ്രായം വിലമതിക്കാനാവാത്ത നിധിയാണ്‌. നന്ദി

  ReplyDelete
 12. moved me....by the way sunakanmarkidayile chaathurvarnyathinte sankalpam enikkishtamayi..:)
  keep up the good work

  ReplyDelete
 13. കാര്‍ത്തൂ ,
  വന്നതിനും, വായിച്ചതിനും, സങ്കല്പം ഇഷ്ടമായത്തിനും, അഭിപ്രായം പറഞ്ഞതിനും നന്ദി
  വീണ്ടും വരിക

  ReplyDelete
 14. Really nice Amjith. Mallu Liter auteur in the making I guess. Keep posting.

  ReplyDelete
 15. പ്രിയപ്പെട്ട VMK
  auteur എന്ന വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ ഡിക്ഷ്ണറി തപ്പേണ്ടി വന്നു.
  ഒരു പുതിയ വാക്ക് പരിചയപ്പെടുത്തിയതിനും, വിലയേറിയ വിശേഷണത്തിനും വളരെ നന്ദി. സഹൃദയര്ക്കായി ഞാന്‍ ആ വാക്കിനെ പരിഭാഷപ്പെടുത്തുന്നു.
  "a filmmaker whose individual style and complete control over all elements of production give a film its personal and unique stamp"

  ReplyDelete
 16. അക്ഷരങ്ങള്‍ ഒരിക്കലും തെറ്റാതിരിക്കട്ടെ......

  Sreejith

  ReplyDelete
 17. തീര്‍ച്ചയായും ശ്രീജിത്ത്‌,
  വന്നതിനു നന്ദി

  ReplyDelete
 18. അംജിത് വെറുമൊരു നാ‍യക്കഥയാണെങ്കിലും ഈ എഴുത്തിലുള്ള വൈഭവത്തെ ഞാൻ ആദരിക്കുന്നു കേട്ടൊ...പിന്നെ ആ വാക്ക് തിട്ടപ്പെടുത്തൽ സംഗതികളൊക്കെ എടുത്ത് കള...ഭായ്

  ReplyDelete
 19. തീര്‍ച്ചയായും.. മുരളിയേട്ടന്‍ പറഞ്ഞാല്‍ അപ്പീല്‍ ഉണ്ടോ?

  ReplyDelete
 20. ee kathayile anujan aanu njan.......ee katha{kathayala,jeevithathile kurach edukal}vayichapol manassil niraye tiger aanu,njangalude swantham tiger................manasilevideyo oru vingal baki vechu poya ente swantham tiger.............cheru vedanayilum ormakalilude allenkil orma peduthalukalilude kshna neram kond manassine ente tigerinte aduthethicha ente chetanu orayiram nanni..............

  ReplyDelete
 21. Nallathu naayakku pidikkilla ennu aar paranje..ella naayakalkkum pidikkum..Good work..

  ReplyDelete
 22. നായ കൊള്ളാം. സോറി, നായ കഥ കൊള്ളാം. ഒരു പാട് നീണ്ടു പോയിട്ടോ. വായിച്ചു മടുത്തു പോയി. ഏതായാലും നന്നായി പറഞ്ഞു.
  പിന്നെ ചത്ത നായയുടെ ജഡം , എന്നാ പ്രയോഗം വേണ്ട, ഒന്നുകില്‍ ചത്ത നായ അല്ലെങ്കില്‍ ജഡം ഏതിങ്കിലും ഒന്ന് മതി. (ഫോറെസ്റ്റ് കാട് എന്ന് പറയും പോലെ ആവും)
  ക്ഷമിക്കുക, വായിച്ചപ്പോള്‍ കണ്ട തെറ്റ് പറഞ്ഞു എന്നെ ഉള്ളൂ.

  ReplyDelete
 23. നന്ദി സുള്‍ഫിക്കാ,
  തെറ്റ് തിരുത്തിയിരിക്കുന്നു. ഇനിയും വരണം.
  എഡിറ്റിംഗ് എന്ന കലയില്‍ ഞാന്‍ തീര്‍ത്തും ശിശു ആയതിനാല്‍ ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ തീര്‍ത്തും അമൂല്യമാണ്‌. എല്ലാ പോസ്റ്റും വായിച്ചു നോക്കി അഭിപ്രായം പ്രകടിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 24. കൊള്ളാല്ലോ ഈ നായിന്റെ മോന്‍....(abt tiger)

  ReplyDelete
 25. കൊള്ളാം കിടുവായിട്ടുണ്ട്. മനോഹരം.

  ReplyDelete
 26. nintae tigerae polae enikkum nashttamaya entae shekar

  ReplyDelete
 27. ഹാ, ഒരു പട്ടിപ്രേമിയെക്കൂടി കണ്ടതില്‍ സന്തോഷം

  HATCHI, TALE OF A DOG സിനിമ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് കാണണം കേട്ടോ

  ReplyDelete

Comments Please

Ratings and Recommendations by outbrain