November 30, 2010

നായിന്റെ മോനേ, നിനക്കായ്‌.. സ്നേഹത്തോടെ

ഒരു നായ ചത്താല്‍ നിങ്ങളില്‍ എത്ര പേര്‍ കരയും?
 നിസ്സാര ചോദ്യം..!
മേനക ഗാന്ധി സദയം ക്ഷമിക്കുക. 'ഇഹലോക വാസം വെടിഞ്ഞാല്‍' എന്നോ 'അന്തരിച്ചാല്‍' എന്നോ ഒക്കെ വച്ച് നോക്കിയിട്ടും ചേരാത്തത് കൊണ്ടാണ് 'ചത്താല്‍' എന്ന് തന്നെ ഉപയോഗിച്ചത്.
 ചോദ്യത്തിലേക്ക് തിരിച്ചു വരാം..
ഒരു നായ ചത്താല്‍ നിങ്ങളില്‍ എത്ര പേര്‍ കരയും?
കരയില്ല നിങ്ങള്‍ എങ്കില്‍ ഇത് വായിക്കാനുള്ള യോഗ്യത നിങ്ങള്‍ക്കുണ്ട്‌.
ചിലരുണ്ട് ഏതൊരു തെരുവ് നായയുടെ മരണത്തിലും കണ്ണീര്‍  ഒഴുക്കുന്നവര്‍.
വേറെ ചിലരുണ്ട്, അവര്‍ കരയണമെങ്കില്‍ ശ്വാനമൃത്യുവില്‍ എന്തെങ്കിലും അസ്വാഭാവികത വേണം. ഒന്നുകില്‍ നാഷണല്‍ ഹൈവേയില്‍ എണ്‍പത് കി.മി വേഗതയില്‍ പോവുന്ന കാറിനു തല വെച്ചോ, ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുത്ത് ചീഞ്ഞ വൃണങ്ങളുമായി ഏതെങ്കിലും കുപ്പത്തൊട്ടിയില്‍ കിടന്നു ചാവുംപോഴോ (നായ) മാത്രം ദു:ഖിക്കുന്നവര്‍.
മറ്റു  ചിലര്‍, അവര്‍ കരയണം എങ്കില്‍ നായ അവരുടെ കിണറ്റില്‍ വീണു ചാവണം.(നെലോളി  നായക്ക് വേണ്ടി ആവണം എന്നില്ല). അല്ലെങ്കില്‍ പിന്നെ  നായുടെ ജഡം ചീഞ്ഞു നാറി, ആ നാറ്റം അവരുടെ മൂക്കിന്‍ തുമ്പത്ത് എത്തണം.
വേറെയും ഒന്ന്-രണ്ടു കൂട്ടരുണ്ട്.അവരുടെ പൊന്നിന്റെ വിലയുള്ള കണ്ണീര്‍ത്തുള്ളികള്‍  അവരുടെ വീട്ടില്‍, ഓമനിച്ചു വളര്‍ത്തുന്ന നായുടെ മരണത്തിനായി സംവരണം ചെയ്തിരിക്കുന്നു. ഇനിയും ചിലര്‍ ഉണ്ട്. ദേ ഡോണ്ട്  കെയര്‍ എബൌട്ട്‌ ദി ഡെത്ത് ഓഫ് എനി സണ്‍ ഓഫ് എ ഡോഗ്.
ഞാന്‍ ഈ പറഞ്ഞതില്‍ ഒരു കൂട്ടത്തിലും വരില്ല എന്ന് തോന്നുന്നു. അല്പമെങ്കിലും ചെരുമെങ്കില്‍ അത് താഴെ നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടത്തിലായിരിക്കും.
എന്തായാലും ഇവിടെ വിസ്തരിക്കാന്‍ പോകുന്നത് ഒരു ജീവചരിത്രമാണ്. സ്വാഭാവികമായും എ ഡോഗ്സ് സ്റ്റോറി. 
*******************
                      ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്ന കാലത്ത് അച്ഛനും, ഒറ്റവള്ളിക്കലെ സദന്‍ ചേട്ടനും എവിടെ നിന്നോ 7000 രൂപ വീതം കൊടുത്തു മേടിച്ചു കൊണ്ട് വന്നതാണ് ഒരു മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെ.  ശ്വാനസുന്ദരന്റെ പേര് ടൈഗര്‍.(സദന്‍ ചേട്ടന്‍ കൊണ്ട് വന്ന ഐറ്റം ഒരു സുന്ദരിക്കോത ആയിരുന്നു കേട്ടോ). സായിപ്പ് നമ്മുടെ കടുവയെ ചിലപ്പോഴൊക്കെ ഡോഗ് എന്ന് പറയും. നമ്മളോ, സായിപ്പിന്റെ  ഡോഗിനു ഇടുന്ന പേര് ടൈഗര്‍. വിരോധാഭാസം. അതവിടെ നില്‍ക്കട്ടെ. ടൈഗര്‍ എന്റെ വീട്ടിലെ വളര്‍ത്തു നായാണ്‌ (ആയിരുന്നു എന്ന് വായിക്കുക). തെറ്റിദ്ധരിക്കണ്ട, ആശാന്‍ വെറും നാടന്‍ ശുനകവംശജന്‍ അല്ല. ഗ്രേറ്റ്‌ ഡേ൯, എന്ന വേട്ടനായ് ഇനമാണ്.
                      അടയ്ക്കാ കണ്ടാല്‍ അറിയാന്‍ പറ്റൂലല്ലോ കവുങ്ങിന്റെ വലിപ്പം.. കൊണ്ടോന്നപ്പം ലവന്‍ തീരെ ശിശു.. വേണേല്‍ എടുത്തു മടീ വെക്കാം.. താഴത്ത് വെച്ചാല്‍ ചോണനുറുമ്പോ, മിശര്‍ എന്ന പുളിയുറുംപോ കടിച്ചാലോ, തലയില്‍ വെച്ചാല്‍ മുഖത്ത് നക്കിയാലോ, കയ്യിലെടുത്താല്‍ ഇച്ചീച്ചി മുള്ളിയാലോ എന്ന് നാം ഭയപ്പെടുന്ന പരുവം. ഹച്ചിന്റെ പരസ്യം പോലെ where ever you are,  കള്ളനായിന്റെ മോന്‍ പിന്നാലെ വരും. എന്തായാലും ആശാന്‍ വളരെ ഈസിയായി നായ വിരോധിയായ എന്റെ അമ്മ ഉള്‍പ്പെടുന്ന വീട്ടുകാരെ കയ്യില്‍ എടുത്തു. ശുനകപ്രേമികളായ അച്ഛന്റെയും, അനിയന്റെയും കാര്യം പറയാനുമില്ല. അച്ഛമ്മ എന്ന എന്റെ പിതാമഹി എന്നെത്തെയും പോലെ മുഖമൊന്നു ചുളിച്ചു - ഓ, നമ്മള്‍ എത്ര ശ്വനസന്തതികളെ കണ്ടതാ..ഇവന്‍ വെറും ചൊക്ലി- എന്ന ഭാവത്തില്‍ വീരരസത്തില്‍ " കൊണ്ട് പൊക്കോണം മണ്ടിനെയൊക്കെ! എന്റെ കണ്ണിന്റെ മുന്നില്‍ കണ്ടു പോകരുത്" എന്നലറിക്കൊണ്ട് വാത്സല്യപൂര്‍വ്വം ശുനകന്റെ പുറത്തു തഴുകി. എന്നിട്ട് അടുക്കളയില്‍ പോയി അര ലിറ്റര്‍  ശുദ്ധമായ പശുവിന്‍ പാല്‍ കൊണ്ട് വന്ന് നിപ്പ്ള് വച്ച കുപ്പിയിലൊഴിച്ചു ടൈഗറിന്റെ അണ്ണാക്കിലോട്ട് തിരുകി. പിതാമഹന്‍ കട്ടിലില്‍  നിന്നും ഉയര്‍ന്നു വന്ന്, കാലഘട്ടം മാറിയതറിയാതെ ആദിമധ്യാന്ത കാലങ്ങളില്‍ നായിന്റെ മക്കള്‍ക്കായി റിസേര്‍വ് ചെയ്തിരുന്ന രാമന്‍, സുന്ദരന്‍, നല്ലവന്‍ തുടങ്ങിയ പേരുകള്‍ ഓരോന്നായി വിളിച്ചു ഏതിനാണ്‌ ലവന്‍ പ്രതികരിക്കുന്നത് എന്നുള്ള പരീക്ഷണത്തില്‍ മുഴുകി.   നമ്മള്‍ അപ്പോഴും ന്യുടര്‍ ഗിയറില്‍ തന്നെ നിന്നു (നമുക്ക് എല്ലാവരെയും പോലെ ആവാന്‍ പ്രോടോകോള്‍ അനുവദിക്കുന്നില്ലല്ലോ, കാരണം നാം വീരാധി വീര സിങ്കം ആകുന്നു.. no emotional outbursts are allowed).
എന്തായാലും ശുനകപുത്രന്റെ വിളയാട്ടുകള്‍ കാണാന്‍ നില്‍ക്കാതെ ഞാന്‍ കോളേജിലേയ്ക്കുള്ള ആദ്യത്തെ വണ്ടി പിടിച്ചു നാട് വിട്ടു. ശേഷം ഒരു ഒന്നൊന്നര മാസം കോളേജും, ഹൊസ്ട്ടെലുമൊക്കെയായി ജോളിയായി  ചിലവാക്കിയപ്പോഴാണ് മാന്യ പിതാശ്രീ ഫോണില്‍ വിളിച്ചു പരിഭവം പറയുന്നത്- " ഡാ പുത്രാ, വീട്ടിലേക്കുള്ള വഴി മറന്നിട്ടില്ലെങ്കില്‍ ഒന്ന് ഇത്രടം വരിക. നീ ദേഹിയോ ദേഹമോ എന്ന് ഞങ്ങള്‍ക്ക് സന്ദേഹം ജനിച്ചിരിക്കുന്നു". ജീവിച്ചിരിക്കുന്നു എന്ന്  സാക്ഷ്യപ്പെടുതുന്നതിന്നായി ഈയുള്ളവന്‍ അടുത്ത വെള്ളിയാഴ്ച സന്ധ്യ മയങ്ങി 4 നാഴിക കഴിഞ്ഞപ്പോള്‍ വീടിന്റെ  ഉമ്മറത്ത്‌ ഹാജരായി. ലവന്‍, ആ ശുനക സന്തതിയുടെ കഥ നിന്തിരുവടികള്‍ (അഹം ബ്രഹ്മാസ്മി) പാടെ മറന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഉമ്മറത്തെത്തി എഞ്ചിന്‍ ഓഫ് ചെയ്ത്  "അമ്മേ, വിശക്കുന്നു" എന്ന് ഡയലോഗ് കാച്ചാന്‍ വട്ടം കൂട്ടുമ്പോഴാണ്  "യാരത്..?യാരത്..? എതുക്കാകെ വന്തേന്‍?" എന്ന് നാഗവല്ലി സ്റ്റൈലില്‍ ബൌ ബൌ എന്നൊരു ഗര്‍ജനം കാതുകളില്‍ വന്നു ഭവിച്ചത്.
ഞെട്ടിയില്ല..പക്ഷെ ഒന്ന് ഭയന്നോ എന്നൊരു സംശയം.
ഗര്‍ജനത്തിന്റെ ഉറവിടത്തിനു അതിനിടയില്‍ ആളെ മനസ്സിലായിര്യ്ക്കണം. (അച്ഛമ്മ സിഗ്നല്‍ കൊടുത്തെന്നു  തോന്നുന്നു- അവന്‍ നമ്മുടെ കുട്ട്യാണെന്ന്.)
  ഹും, ഇല്ലെങ്കില്‍ കാണാമായിരുന്നു-ഒറ്റവെട്ടിന് ഞാന്‍... ( നോ തിലകന്‍ ഹിയര്‍. ഡയലോഗ് വിഴുങ്ങിയിരിക്കുന്നു)
ശരി, ഒന്നുമില്ലെങ്കിലും വെറുമൊരു നായിന്റെ മോന്റെ മോന്‍ അല്ലെ അവന്‍ എന്ന് കരുതി  ഞാന്‍ അങ്ങ് ക്ഷമിച്ചു. 
നാമജപാമൃത മന്ത്രം എന്റെ ചുണ്ടോഴിച്ചു മറ്റു പല ചുണ്ടിലും ക്ലാവ് പിടിക്കുന്ന നേരമല്ലേ.. ഞാന്‍ സ്നാന ഭക്ഷണാദി കര്‍മങ്ങള്‍ കഴിച്ചു മെത്തയെ   പുല്‍കാം എന്ന സദുദ്ദേശത്തോട് കൂടി  ഞാനും അനിയനും പങ്കിട്ടു കിടക്കുന്ന കട്ടിലിനടുതെക്ക്  ചെന്നു.
ദോ കിടക്കണ് ശുനകപുത്രന്‍ എനിക്ക് ഭാഗം ചെയ്തു തന്നിട്ടുള്ള കട്ടില്പ്പാതിയില്‍. !!
ചുമ്മാതെയോന്നുമല്ല, എന്റെ പോന്നനുജനും അവനും ഒരു പുതപ്പിന്‍ താഴെ കെട്ടിപ്പിടിച്ചു സുഖമായി നിദ്രകൊള്ളുന്നു. നായിന്റെ മോന്‍ മനുഷ്യപുത്രന്റെ മുഖത്ത് ഇടക്കൊക്കെ നന്ദിപ്രകടനം എന്നപേരില്‍ ഓരോ നക്കല്‍ പാസ്സാക്കുന്നു. മനുഷ്യപുത്രന്‍ ഇടയ്ക്കിടയ്ക്ക്  അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് നായിന്റെ മോന്റെ മുഖത്തെ തട്ടി മാറ്റുന്നു.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.!!
നമ്മള്‍ സീനില്‍ നിന്നും കട്ടിലില്‍ നിന്നും ഔട്ട്‌.
***************
കാലം ആരോടും മിണ്ടാതെ ഒരു ആറ് മാസം കൂടി കടന്നു പോയി. മൂവാറ്റുപുഴയാറ്റിലൂടെ എനിക്ക് അളക്കാന്‍ കഴിയാത്ത അളവില്‍ വെള്ളവും ഒലിച്ചു പോയി. എങ്കിലും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചു. കാക്കകളും കോഴികളും അതികാലത്തുണര്‍ന്നു കലപില കൂട്ടി. നമ്മുടെ ശ്വാനസുന്ദരന്‍ കോഴി, കാക്ക, പൂച്ച തുടങ്ങിയവ വിളിപ്പാടകലെ കൂടി പോകുമ്പോള്‍ "ബൌ ..ബൌ..ഗ്ര്ര്ര്‍" എന്നൊക്കെ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി. അതിരാവിലെ  അച്ഛന്‍ വാഴകളുടെ വളര്‍ച്ചയും കേടുപാടുകളും പരിശോധിക്കാന്‍ പാടത്തേക്കു പോകുമ്പോള്‍ ആശാനും  കാലത്ത് എഴുന്നേറ്റു കൂടെ യാത്രയാകും. രണ്ടുണ്ട് ലക്‌ഷ്യം- പ്രകൃതിയുടെ വിളികള്‍ കേള്‍ക്കാനും, അതോടൊപ്പം വാഴക്കിടക്ക് മാളം ഉണ്ടാക്കി മറഞ്ഞിരിക്കുന്ന എലികളെ പിടിക്കാനും. എലിപിടുത്തത്തില്‍ ടൈഗര്‍ ആളൊരു പുലി തന്നെയായിരുന്നു എന്ന് വേണം പറയാന്‍. എലിയുടെ പൊത്തിലേക്ക് അച്ഛന്‍ വെള്ളം പമ്പ്‌ ചെയ്യും. ഒരൊറ്റ വെന്റിലെഷനെ മരമണ്ടന്‍ എലി നിര്‍മിചിട്ടുള്ളൂ എങ്കില്‍ ലവന് ശ്വാസം മുട്ടും. ചാവാതിരിക്കാനായി പുറത്തു ചാടും. ചാടുന്നത് ടൈഗറിന്റെ വായിലെക്കല്ലെങ്കിലും കുഴപ്പമില്ല.ഓടിച്ചിട്ട്‌ പിടിച്ചോളും. നേരത്തെ പറഞ്ഞല്ലോ ശുനകന്‍ വേട്ടനായ്‌ വംശജന്‍ ആണെന്ന്. നായകളിലെ ക്ഷത്രിയന്‍. (ചിലപ്പോഴൊക്കെ സഹതാപം തോന്നും. പണ്ട് മാന്‍,കടുവ, പുലി, സിംഹം തുടങ്ങിയവരെ വിറപ്പിച്ചിരുന്ന ഏതോ ഒരു നായരാജാവിന്റെ പിന്മുറക്കാരനാണല്ലോ  ഇങ്ങനെ എലിയെ വിറപ്പിച്ചു ജീവിതം പാഴാക്കുന്നത് എന്നോര്‍ക്കുമ്പോള്‍. രാജരക്തം,രാജകുടുംബം എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും വച്ചുകാച്ചുന്ന ചില മനുഷ്യജീവികളെ വല്ലപ്പോഴുമൊക്കെ കാണുന്നതാണ്  ഒരാശ്വാസം. പാവം ടൈഗര്‍ ഹിസ്ടറി പഠിച്ചിട്ടില്ലല്ലോ എന്ന് !!)

വേറെയുമുണ്ട് ശുനക ക്ഷത്രിയന്റെ വീര കൃത്യങ്ങള്‍. എപ്പോഴോ അച്ഛച്ചന്‍ ഇദ്ദേഹത്തിനു പറമ്പിന്റെയും തൊടിയുടെയുമൊക്കെ ആധാരം വായിച്ചു കേള്‍പ്പിച്ചു കൊടുത്തെന്നു തോന്നുന്നു. നമ്മുടെ അതിര്‍ത്തിയെകുറിച്ചും, അതിര്‍ത്തിക്കുള്ളിലെ സ്ഥാവര-ജംഗമ വസ്തു വകകളെ കുറിച്ചും ഉഗ്രന് നല്ല ബോധം. തേങ്ങ,മാങ്ങാ,ചക്ക, റബ്ബര്‍ ഷീറ്റ്, ഉണക്ക കമ്പ്  തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ പോകട്ടെ, കാക്കയ്ക്കെറിയാന്‍ ഒരു കല്ല്‌ പോലും പറമ്പില്‍ നിന്നും എടുക്കാന്‍ അന്യനൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. പോസ്റ്റ്‌ മാന്‍ പോലും വീടിനു അഞ്ഞൂറ് വാര ദൂരെ നിന്നും വിളിച്ചു ചോദിക്കും, "വല്യമ്മേ, പട്ടിയെ പൂട്ടീട്ടുണ്ടോ?" എന്ന്. ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ കേള്‍ക്കാം ഗര്ര്ര്ര്‍..എന്ന് ശുനകന്‍ മുരളുന്ന ശബ്ദം. അതിശയോക്തിയല്ല, മാന്യന്റെ കുരയുടെ ശബ്ദം ഉദ്ദേശം അര കി.മി ദൂരെയുള്ള വട്ടപ്പാറ കവലയില്‍ വരെ കേള്‍ക്കാമായിരുന്നു.
ഇങ്ങനെ സ്വത്തു കാവല്‍ക്കാരനായി ടൈഗര്‍ പേരെടുത്തു നില്‍ക്കുന്ന കാലത്താണ്, ഒരുച്ച സമയത്ത് പറമ്പില്‍ നില്‍ക്കുന്ന തെങ്ങുകള്‍ വിളിച്ചു ചൊല്ലി അറിയിച്ചത്- "തേങ്ങാ ഇടാന്‍ സമയമായി..തേങ്ങാ തലയില്‍ വീണു അകാലമൃത്യു സംഭവിക്കണം എന്നില്ലെങ്കില്‍ തെങ്ങ് കേറ്റക്കാരന്‍ മത്തായിയോടു ഒന്നിത്രടം  വരാന്‍ പറയ്യാ.." ന്ന്‍.  അന്നൊരു പ്രവൃത്തി ദിവസം ആയിരുന്നതിനാല്‍ വാധ്യാര്‍ ദമ്പതികളായ അച്ഛനമ്മമാരും വിദ്യാര്‍ഥിയായ അനുജനും വീട്ടില്‍ ഉണ്ടായിരുന്നില്ല. സത്യമുള്ള കല്പവൃക്ഷമല്ലേ, അകാലമൃതി സംഭവിച്ചാലോ! മരിക്കാന്‍ ഭയമുള്ള അച്ഛച്ചന്‍ ഒട്ടും അമാന്തിച്ചില്ല. ആളെ വിട്ടു-മത്തായി ചേട്ടനെ വിളിക്കാന്‍. മത്തായി ചേട്ടനും അമാന്തിച്ചില്ല, കള്ള് കുടിക്കാന്‍ കാശില്ലാതെ വിഷമിച്ചിരുന്ന സമയമായിരുന്നിരിക്കണം. ഉടനെ തൊഴിലായുധങ്ങളായ ഏണി, വാക്കത്തി, തളപ്പ് എന്നിവയുമേന്തി  വര്‍ക്ക്‌ യുണിഫോറം ആയ തോര്‍ത്തും തോളത്തിട്ടു മത്തായി ചേട്ടന്‍ വീട്ടുമുറ്റത്ത് ഹാജര്‍.
മത്തായി ചേട്ടന്‍ പരിസരമൊക്കെ നന്നായി വീക്ഷിച്ച്, ടൈഗര്‍ ചങ്ങലയാല്‍ ബന്ധനസ്ഥന്‍ തന്നെയെന്നു ഉറപ്പു വരുത്തിയതിനു ശേഷം ആയുധങ്ങളില്‍ ഒന്നായ ഏണി തെങ്ങില്‍ ചാരി വെച്ച് ജോലി തുടങ്ങാന്‍ തയ്യാറായി.   ഒന്ന് പറയട്ടെ ,അച്ഛമ്മ അറിഞ്ഞിരുന്നില്ല - തെങ്ങുകള്‍ വിളിച്ചു ചൊല്ലി അറിയിച്ചതും, ആളെവിട്ടു മത്തായി ചേട്ടനെ  വിളിപ്പിച്ചതും, അദ്ദേഹം ജോലിക്കാജരായതും ഒന്നും. അച്ഛമ്മ പതിവ് പോലെ ശുനകപുത്രന്റെ അമൃതെത്തിനു സമയമായി എന്ന് നിഴലും ക്ലോക്കും നോക്കി ഗ്രഹിച്ചു ടൈഗറിന് ലഞ്ച് വിളമ്പി. ഭക്ഷണശേഷം നൂറു കാതം ഉലാത്തണം എന്നാണല്ലോ പഴമൊഴി. പാത്രം വടിച്ചു നക്കി വൃത്തി ആക്കിയതും അച്ഛമ്മ ശുനകനെ ബന്ധനത്തില്‍ നിന്നും മോചിതനാക്കി. 
ചങ്ങല കഴുത്തില്‍ നിന്നുംവിട്ടതും ടൈഗര്‍ തെക്കോട്ട്‌ ഒറ്റ പാച്ചില്‍. തെക്കുവശത്തായി നിന്നിരുന്ന ഒരു തെങ്ങില്‍ ഏണി ചാരി വെച്ച് ഏകദേശം ഒരു ഏഴടി  മുകളിലേക്ക് കേറി കാണും മത്തായി ചേട്ടന്‍. പാവം ടൈഗര്‍ തെറ്റിദ്ധരിച്ചു, മത്തായി ചേട്ടന്‍ തെങ്ങ് അപ്പാടെ പറമ്പീന്ന് എടുത്തോണ്ട് പോകുകയാണെന്ന്. അന്യനോരാള്‍ക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാന്‍ പോലും അനുവാദം നല്‍കാത്ത  തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച്  പുലര്‍ത്താത്ത  ടൈഗര്‍  മടിച്ചു നിന്നില്ല. ഒറ്റച്ചാട്ടം!! ഏഴടി പൊക്കം  അജാനുബാഹുവായ ടൈഗറിന് വെറും പുല്ലു-പുഷ്പ-സസ്യലതാദികള്‍. ടൈഗറിന്റെ കൂര്‍ത്ത കോമ്പല്ലുകള്‍ രണ്ടും മത്തായിചേട്ടന്റെ ഞെരിയാണിയില്‍ ആഴ്ന്നിറങ്ങി. വിട്ടില്ല, വലിച്ചു താഴത്തിട്ടു കളഞ്ഞു പഹയന്‍. തെങ്ങീന്ന് ചേട്ടന്റെ പിടി വിട്ടതും ശുനകരാജന്‍ ശാന്തന്‍, സല്‍സ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞുവാവയായി  മാറി. ഭാഗ്യത്തിന് കാലിലെ മുറിവല്ലാതെ വേറൊന്നും മത്തായി ചേട്ടന് പറ്റിയില്ല. എങ്കിലും മത്തായി ചേട്ടന്റെ വീടുകാര് കാശ് കൊടുക്കുന്നതില്‍ നിന്നും അച്ഛനെ  വിലക്കുന്നത് വരെ  അദ്ദേഹം പട്ടികടിച്ചതിന്റെ ചികിത്സക്കായി അച്ഛന്റെ അടുത്ത് നിന്നും പലപ്രാവശ്യം കാശ് വാങ്ങി , പ്രദേശത്തെ കള്ള് ഷാപ്പില്‍ കൊടുതിരുന്നതായാണ്  അറിവ്.  
വൈകുന്നേരം സ്കൂള്‍ വിട്ട ശേഷം അച്ഛനും അമ്മയും മിക്കവാറും പാടത്തായിരിക്കും ഇരുട്ടുന്നതു വരെ. അവര്‍ പോവുമ്പോള്‍ ടൈഗരിനെയും കൂടെ കൂട്ടും. കാര്യമായി വേട്ടയാടെണ്ട ആവശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് ടൈഗറിന്റെ പ്ലേ ടൈം ആകുന്നു. അച്ഛനും അമ്മയും കൃഷിയില്‍ മുഴുകുമ്പോള്‍ ശുനകന്‍ പാടത്തെ പുല്ലിലൂടെ ഓടി നടക്കും, തലകുത്തി മറിയും.. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മറ്റു പ്രജകളുടെ ഭരണം സ്വയം ഏറ്റെടുക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൌതുകകരമായ ഒരു ദൃശ്യം കൈപ്പട്ടൂര്‍ വാസികള്‍ കണ്ടിട്ടുണ്ടാവണം. ഒരു എട്ടു-പത്തു നായ്ക്കളുടെ നടുക്ക് തല ഉയര്‍ത്തി രാജാവിന്റെ ഗമയില്‍ ഇരിക്കുന്ന ഞങ്ങളുടെ ടൈഗറിനെ. സാധാരണ നാടന്‍ പ്രജകള്‍ക്കില്ലാത്ത ശരീരവലുപ്പവും, ഉടലിന്റെ ആകൃതിയും, സിംഹത്തിന്റെ കൈ പോലുള്ള ആ കൈകളും തീര്‍ച്ചയായും അവനെ രാജാവായി പട്ടാഭിഷേകം ചെയ്യാന്‍ മറ്റു ശുനകന്മാരെ പ്രേരിപ്പിചിരിക്കണം. രാജാവിനെ എതിര്‍ത്തവര്‍ മിക്കവാറും ആ പല്ലിന്റെ മൂര്‍ച്ച അനുഭവിചിട്ടുണ്ടാവാം എന്നുള്ളത് വേറെ കാര്യം.
************** 
കഥാനായകന്‍ ശുനകരാജ വംശജന്‍  ടൈഗറിന് വെള്ളം അലര്‍ജി ആണെന്ന് കണ്ടു പിടിച്ചത് എന്റെ പിതാശ്രീ ആണെന്നാണ്‌ ഓര്‍മ. അല്ലെര്‍ജിയോ, ഹൈഡ്രോഫോബിയയോ എന്തുമാകട്ടെ, കുളി ടൈഗര്‍ എന്ന രാജരക്തം ഒട്ടും ആസ്വദിച്ചിരുന്നില്ല എന്നാണു, അവന്റെ കുളിസീനിനു ദൃക്സാക്ഷി  എന്ന നിലയില്‍ എന്റെ അഭിപ്രായം. അടി പേടിച്ചു കുളിക്കാന്‍ നിന്ന് കൊടുക്കുന്ന കൊച്ചുപിള്ളാരുടെ  മുഖഭാവമായിരുന്നു എല്ലായ്പ്പോഴും കുളിക്കുമ്പോള്‍ ടൈഗറിന്റെ മുഖത്ത് നിഴലിചിരുന്നത്. പുവര്‍ ഡോഗ്. അതവിടെ നില്‍ക്കട്ടെ. എനിക്ക് പറയാനുള്ളത് പല്ല് തെക്കലിനെ  കുറിച്ചാണ്. എന്റെ മാസാന്ത്യ-ആദ്യ ഗൃഹ സന്ദര്‍ശന വേളയില്‍ ആണ് സംഭവം നടക്കുന്നത്. 
അവധി ദിവസങ്ങളില്‍ നായപ്രേമിയായ എന്റെ ഏകോദരസഹോദരന്റെ  ഒരു നേരം പോക്ക് ഈ നായയെ കളിപ്പിക്കലും കുളിപ്പിക്കലും ആണ്. നമ്മള് പിന്നെ ഈ വക വഷള് ഏര്‍പ്പാടിനോന്നും പോവാറില്ല. മാറിനിന്നു മേല്‍നോട്ടം വഹിക്കലാണ് പതിവ്. അങ്ങനെ ഈയുള്ളവന്‍ സുപെര്‍വിഷനിലും, അനിയന്‍ പ്രവര്‍ത്തനത്തിലും മുഴുകി ഇരിക്കുമ്പോള്‍ പെട്ടെന്ന് അനിയനൊരു വെളിപാട്. 
"നായയുടെ വായ നാറുന്നു"
നമ്മളുണ്ടോ വിടുന്നു, തിരിച്ചടിച്ചു "പിന്നേ, ക്ലോസ് അപ്പ്‌ കൊണ്ടല്ലേ ലവന്‍ ദന്തധാവനം നടത്തുന്നത്. ഒന്ന് പോടേ"
നമ്മുടെയല്ലേ അനിയന്‍. അവനും വിട്ടില്ല.. ഉടനെ എവിടെ നിന്നോ ഒരു പഴയ ബ്രഷ് തപ്പിപ്പിടിച്ചു കൊണ്ടുവന്നു ക്ലോസ് അപ്പ്‌ ടൂത്ത് പേസ്റ്റും വച്ച് അവന്‍ നായയോട് കല്‍പ്പിച്ചു.
"വാ പൊളി നായെ"!!
ഗോഡ്ഫാദര്‍ സിനിമയിലെ 'പനിനീര് തളിയാനെ' ആണ് അന്നേരം ഓര്‍മ വന്നത്.
നായ വാ പൊളിച്ചില്ല 
 വിട്ടില്ല അനുജന്‍. ബലപ്രയോഗം തുടങ്ങി.
ഇടത്തേ കൈകൊണ്ടു ബലമായി ടൈഗറിന്റെ വാ തുറന്നു പിടിച്ചു, വലത്തേ കൈ കൊണ്ട് ആശാന്‍ ടൈഗറിന്റെ വായ്ക്കുള്ളിലെ അണപ്പല്ലുകളും, കോമ്പല്ലുകളും വൃത്തിയായി തേച്ചു.എന്നിട്ട് അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്റെ നേരെ നോക്കി കണ്ണുകൊണ്ട് മുകളിക്ക്‌ ഒരേറ്.
"ഇപ്പൊ കണ്ടോ മോനെ നായ പല്ല് തേക്കുന്നത്" ന്നു.
"നിന്നെ ഇവന്‍ കടിക്കില്ലേ?" എന്റെ ന്യായമായ സംശയം 
ഉത്തരം പ്രവൃത്തിയിലൂടെ- ദാ, അഹമ്മദി പിടിച്ചവന്‍ ടൈഗറിന്റെ വായ പിളര്‍ത്തി കൈമുട്ടിനു കീഴെയുള്ള ഭാഗം വായ്ക്കകത്തെക്ക്  വച്ചിരിക്കുന്നു.ഒന്നും സംഭവിക്കുന്നില്ല. നായ മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. എന്റെ രണ്ടു കണ്ണുകളും ഉരുണ്ടുരുണ്ട്‌ പുറത്തു ചാടാത്തത്തിനു ദൈവത്തിനു നന്ദി.
ടൈഗറിന് ആകെയുള്ള ഒരേ ഒരു നിര്‍ബന്ധം ഭക്ഷണമാണ്. സമയാസമയം  വയറു നിറക്കാന്‍ ഉള്ള വക മുന്നിലെത്തണം. മുന്നിലെത്തിയാല്‍ മാത്രം പോരാ, ആരും ശല്യപ്പെടുത്തുകയും അരുത്. തിന്നുന്ന നേരത്ത് ആര് വന്നാലും, എന്തിനു, വീട് തന്നെ ആരെങ്കിലും എടുത്തോണ്ട് പോയാലും ടൈഗര്‍ നെവെര്‍ മൈന്‍ഡ് ആണ്. അഥവാ ആരെങ്കിലും ഈ സമയത്ത് ആശാനെ ചൊറിയാന്‍ ചെന്നാല്‍ ഒരു മുരള്ച്ചയുണ്ട്.. "നിന്നെ ഞാന്‍ കൊല്ലുമെടാ" എന്ന മാതിരി. കേള്‍ക്കുന്നവന്‍ ജീവനും കൊണ്ടോടും. (അനുഭവം ഗുരു)
ഇങ്ങനെയൊരു ഭക്ഷണസമയത്ത് എന്റെ തലയില്‍ ചെകുത്താന്‍ കൂട് കൂട്ടുന്നു. 
വെറുതെ ഇരിക്കുന്ന എനിക്ക് തോന്നുന്നു, ടൈഗറിനെ ഒന്ന് പ്രകോപിപ്പിച്ചാല്‍ എന്താ പ്രശ്നം?
നേരെ ചെന്ന് ടൈഗര്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന പാത്രം ഞാനല്‍പ്പം മാറ്റി വെച്ചു.
ഗര്‍ര്‍ര്‍.. കൊല്ലുമെടാ നിന്നെ. ടൈഗര്‍ മുരണ്ടു.
നമ്മളുണ്ടോ പേടിക്കുന്നു.
കുറച്ചുകൂടി മാറ്റി വച്ചു പാത്രം..
ഒരു സെക്കന്റ്‌ വേണ്ടി വന്നില്ല.. എനിക്ക് സ്ഥലകാല ബോധം തിരിച്ചു വരുമ്പോള്‍ പാത്രം നീക്കാന്‍ പോയ എന്റെ കൈ നായിന്റെ മോന്റെ വായിലിരിക്കുന്നു. 
കൈ തിരിച്ചെടുത്തു സി.ഐ.ഡി.മൂസ ജഗതി സ്റ്റൈലില്‍ വന്ദേ മാതരം പറയണോ, അമ്മേ എന്നെ പട്ടി കടിച്ചു എന്ന് അലറാണോ  എന്ന് ആലോചിക്കുമ്പോഴാണ് എനിക്ക് ആ സുന്ദരസത്യം മനസ്സിലായത്. എന്റെ കൈക്ക് വേദനയില്ല.. കയ്യില്‍ നിന്നും ചോര മുവാറ്റുപുഴയാറായ് ഒഴുകുന്നില്ല. 
സുന്ദരന്‍ കൈ അത് പോലെ തന്നെ..ഒരു പോറല്‍ പോലുമില്ല..
രാജശുനകന്‍ പല്ല് കൊള്ളരുത്‌ എന്ന് കരുതി തന്നെയാണ് ആ മിന്നല്‍ ആക്രമണം നടത്തിയത്. 
ഞാന്‍ ടൈഗറിനെ നോക്കി.
പുള്ളി ഇപ്പഴും ഗൌരവമായി വെട്ടിക്കൊണ്ടിരിക്കുന്നു. ഇടയ്ക്ക് ഇടംകണ്ണിട്ടു  എന്നെ ഒന്ന് നോക്കി..
" വേണ്ടാന്നു വിചാരിച്ചിട്ടാ മോനെ... കളിക്കല്ലേ" എന്നല്ലേ അവന്‍ ഉദ്ദേശിച്ചത്!!
ഒരു പുഞ്ചിരി ഉണ്ടായിരുന്നിരിക്കണം അവന്റെ മുഖത്തപ്പോള്‍..
***********************
ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലം. വര്ഷം 2008 .
വീട്ടില്‍ നിന്നും ഒരു കാള്‍, ഉച്ചസമയത്ത്. സാധാരണ  പതിവില്ലാത്തതാണ് ഈസമയത്ത് വീട്ടില്‍ നിന്നുമുള്ള വിളി.
ഫോണെടുത്തപ്പോള്‍  അമ്മയാണ് മറു വശത്ത്.
"എന്താ അമ്മേ. ഈ സമയത്ത്?" എന്തെങ്കിലും അത്യാഹിതം നടന്നോ എന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു എന്റെ ശബ്ദത്തില്‍. വയസ്സായ കാരണവന്മാരോക്കെ  വീട്ടിലുണ്ടല്ലോ,  എന്തും സംഭവിക്കാം.
ഒരു കരച്ചില്‍ മറു വശത്ത് നിന്നും. എനിക്കൊന്നും മനസ്സിലായില്ല
"അമ്മേ, കാര്യം പറ.." മനുഷ്യന് ആധി കേറി .
"നമ്മുടെ ടൈഗര്‍ പോയെടാ മോനെ".. ഫോണിലൂടെ എനിക്ക് കേള്‍ക്കാം അപ്പുറത്തെ എണ്ണി പെറുക്കിയുള്ള തേങ്ങലുകള്‍.  അമ്മയും, അച്ഛമ്മയും..എല്ലാവരുമുണ്ട്‌.
എനിക്കും വാക്കുകള്‍ ഇല്ലാതായി.
ഉള്ളില്‍ എവിടെയോ ഒരു കൊളുത്തിപ്പിടിത്തം. ഒരു അടുത്ത ബന്ധു മരിച്ചു പോയത് പോലെ ഒരു വേദന. ഓര്‍മ വച്ചതിനു ശേഷം അടുത്ത ബന്ധുക്കള്‍ ആരും മരിക്കാത്തതിനാല്‍ അന്ന് ആദ്യമായി ഞാന്‍ അറിഞ്ഞു ഉറ്റവരെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന വേദന.
പിന്നീടറിഞ്ഞു, മൂന്നു ദിവസത്തേക്ക് വീട്ടില്‍ ഒരു ഒച്ചയോ അനക്കമോ ഇല്ലായിരുന്നെന്ന്. ആര്‍ക്കും ഭക്ഷണം വേണ്ട, ജലപാനം വേണ്ടാ.. അത്രക്കായിരുന്നു ഒരു നായുടെ മരണം ചെലുത്തിയ ആഘാതം. അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു ഞങ്ങള്‍ക്ക് ടൈഗര്‍.
""പ്രിയപ്പെട്ട ടൈഗര്‍,
നീ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു.
നീ ഞങ്ങളെ പിരിഞ്ഞിട്ടു  മൂന്നു വര്‍ഷമാകുന്നു.
മരിക്കുന്നില്ല നീ .!! ജീവിച്ചിരിക്കുന്നു
ദീപ്തമാം ഓര്‍മകളില്‍ അനന്തമായെന്നുമേ""

November 27, 2010

യാത്ര


ഞാന്‍ ഒരു വഴിയാത്രക്കാരന്‍ 
വന്നതും പോയതുമായ വഴികളുടെ ,
ഇനിസഞ്ചരിക്കാനിരിക്കുന്ന പാതകളുടെ 
ഓര്‍മകളിലും, സ്വപ്നങ്ങളിലും അഭയം 
കണ്ടെത്തുന്നവന്‍..
സഞ്ചാരികളുടെ ഉള്ളില്‍ പലരുമുണ്ട്.
ഇടയിലെപ്പോഴോ കൂടെ നടന്നു പെട്ടെന്നൊരുനാള്‍ 
എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയവര്‍ 
കുടഞ്ഞെറിയാന്‍ ശ്രമിച്ചിട്ടും വിട്ടു പോകാത്തവര്‍ 
ഇനിയും കാണാത്ത, പിരിയാത്ത സഹയാത്രികര്‍ 
വഴിയിലെ  പല നിറമുള്ള മണ്ണിലെ കാല്‍പ്പാടുകള്‍ ,
സഞ്ചാരിയുടെ പൊടിയണിഞ്ഞ മുഖം 
ഇവരുടെയും കൂടിയാണത്രേ.
ഇനിയും കാണാത്ത, തന്നെയറിയാത്ത,
താനറിയാത്ത വഴികള്‍ തിരഞ്ഞ്
തനിക്കായി കാത്തിരിക്കുന്ന വഴിയമ്പലങ്ങളെ തേടി
യാത്രയാവട്ടെ ഈ സ്വപ്നാടകന്‍
തളരുന്ന കാലുകള്‍ താങ്ങുന്ന തളരാത്ത മനസ്സുമായ്.

November 16, 2010

ഓം..സ്വസ്തി..

  • ഗോകര്‍ണ്ണം എന്ന പുണ്യ പുരാതന ഗ്രാമത്തിനടുത്ത്, ഓം എന്ന പേരില്‍ ഒരു കടല്‍തീരവും , കടല്ത്തീരത്തൊരു റിസോര്‍ട്ടും ..
 SWASTIK RESORT at OM BEACH (KARNATAKA, INDIA)
ഓം ബീച്ചിനു അതിന്റെ പേര് കിട്ടിയത് ആകൃതിയി നിന്നും...
ഇതേ ഗോകര്‍ണതെ ഏതോ കുന്നിന്റെ അറ്റത്തു നിന്ന് ഭ്രിഗുവിന്റെ അരുമ സന്തതി, ഭാര്‍ഗവ രാമന്‍ തന്റെ മഴു കടലിലേക്ക് നീട്ടി എറിഞ്ഞാണ് പില്‍ക്കാലത്ത്  god's own country എന്ന് അറിയപ്പെട്ട കേരളം സൃഷ്ടിച്ചതെന്ന് ആര്യമൊഴി! (മഹാബലിയുടെ അനുചരര്‍ ദയവു ചെയ്തു ക്ഷമിക്കുക, മാവേലി നാടിനെ കള്ളവേഷം കെട്ടി വന്ന ഏതോ വടക്കെ ഇന്ത്യന്‍ ഗോസായി വേലയിറക്കി തട്ടിയെടുതതാണ് എന്നും ഒരു പഴമൊഴി പ്രചാരത്തില്‍ ഉണ്ടത്രേ! പരശുരാമന്‍ കഥ ഒരു excuse മാത്രം എന്നാണു അവരുടെ ഭാഷ്യം. അത് വിട്, നമുക്ക് എന്ത്  പരസുരാമാനും മാവേലിയും.. ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം? )


തിരിച്ചു ഓം ബീച്ചിലേയ്ക്ക് ,


 കാര്യം പരശുരാം ചരിത്രം നിലനില്‍ക്കുന്ന ഈ കാലത്തും ഓം ബീച്ചില്‍ പരശു രാമനോ ഹിന്ദുത്വമോ ഒന്നും ഇല്ല .. ക്ഷമിയ്ക്കണം, പേരില്‍ മാത്രം ഉണ്ടെന്നു പറയാം .
ഓം ബീച്ചിനു കഞ്ചാവിന്റെ സുഗന്ധമാണ് (ചിലപ്പോഴൊക്കെ അതില്‍ കൂടിയവന്മാരുറെയും).. സാക്ഷാല്‍ നീലച്ചടയന്റെ.. പരശു മാമന്റെ സഹായത്തിനു നമ്മള്‍ മലയാളികള്‍ ചെയ്യുന്ന ഒരു പ്രത്യുപകാരം അങ്ങനെയാണ്.
പരശുറാം ക്ഷേത്രത്തിന്റെ കിഴക്കേ അതിരില്‍  കാടു വെട്ടി തെളിച്ചു നമ്മള്‍ വേലി കെട്ടിയിരിയ്ക്കുന്നത് കഞ്ചാവ് എന്ന് സാധാരണക്കാരന്‍ വിളിയ്ക്കുന്ന ഈ അസാധാരണന്റെ മെയ്ക്കരുത്തു കൊണ്ടാണത്രേ!
പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി എങ്ങാന്ടെന്നോക്കെയോ വരും എന്ന് പറഞ്ഞ മാതിരി ഈ സോയംബന്റെ മണം പിടിച്ചു തൊലി വെളുത്തതും കറുത്തതും ആയ സായിപ്പന്മാര്‍ എത്രയാണെന്നോ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലേയ്ക്ക് പറന്നു ഇറങ്ങുന്നത്?
അട്ടപ്പാടിയില്‍ നിന്നും ഇടുക്കീന്നുമൊക്കെ സാധനം ആവശ്യത്തിനു അരയ്ക്കു ചുറ്റും കെട്ടി വെച്ച് എത്രയോ മലയാളി യുവാക്കള്‍  ടൂറിസം പ്രൊമോഷന്‍ ചെയ്യാനായി ഗോവയിലും ഗോകര്‍ണത്തും വരുന്നു..! പോവുന്നു..!ആരിതൊക്കെ അറിയുന്നു..?
വീണ്ടും ഞാന്‍ ദിശ മാറി പോകുന്നു.. കം ബാക്ക് ടു ഗോകര്‍ണം .
ബീച്ചിന്റെ പടിഞ്ഞാറു കടലാണ് , മറ്റെല്ലാ വശവും സഹ്യനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു .. അതായത്ഉള്ളില്‍ പെട്ടാല്‍ തിരിച്ചു വരാന്‍ അല്പം ബുദ്ധി മുട്ടും
civilization ഉദ്ദേശം 9  കി.മീ അകലെയാണ്..
എത്തിച്ചേരാന്‍ എളുപ്പം ...
ഗോകര്‍ണം വരെ ബസ്സും, കാറും, തീവണ്ടിയും എല്ലാം available
അവിടന്നു അങ്ങോട്ടും വാഹനം കാറിന്റെ രൂപത്തിലും, മുച്ചക്രന്‍ ഓട്ടോ യുടെ രൂപത്തിലും നമ്മളെ വഹിയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്നു.വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും ഒരു സാഹസികയാത്രയ്ക്കൊടുവില്‍ ഓം ബീച്ചില്‍ എത്താന്‍ എളുപ്പം.
പക്ഷേ, കയറി ചെല്ലാന്‍ എളുപ്പവും, ഊരിപ്പോരാന്‍ പറ്റാത്തതുമായ ഒരു കോട്ടയാണ് നമ്മുടെ സ്വന്തം ഓം ബീച്ച്..
അലമ്പ് കാണിച്ചാല്‍ തിരിച്ചു പോരാനൊക്കില്ല.. അലമ്പോന്നും ഉണ്ടാക്കാതെ തന്നെ, നാഗരികത കാണണം എങ്കില്‍ സ്വസ്തിക് റിസോര്‍ട്ട് ന്റെ  receptionist  കനിയണം..
വല്ലപ്പോഴുമൊക്കെ നമ്മള്‍ പത്രത്തില്‍ കണ്ടിരിയ്ക്കണം ഈ വാര്‍ത്ത - "മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു "- സ്ഥലം ഗോവയോ അല്ലെങ്കില്‍ നമ്മളുടെ സ്വന്തം ഗോകര്‍ണമോ ആവാം..
മിയ്ക്കവാറും ഇതിന്റെ സത്യാവസ്ഥ എന്താണെന്നാല്‍, ഈ പയ്യന്‍/പയ്യന്‍സ്, ഇങ്ങനത്തെ ഏതെങ്കിലും റിസോര്‍ട്ടില്‍ കേറി ചെന്ന്, തനി കൂതറ മലയാളി സ്റ്റൈലില്‍, കാശുള്ള തന്തയ്ക്കു ജനിച്ചതിന്റെ അഹങ്കാരം അല്പം മദ്യത്തിന്റെ ചിലപ്പോഴൊക്കെ മയക്കു മരുന്നിന്റെയും പിന്തുണയില്‍ ഒന്നുറക്കെ, നാല് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ മാത്രം ഒന്ന് പ്രദര്‍ശിപ്പിച്ച്ചിരിയ്ക്കാം.. ഇവന്മാരുടെയൊക്കെ അപ്പനേം, അപ്പന്റെ അപ്പനേം, അങ്ങേരുടെ അപ്പനേം വരെ തൂക്കി വിറ്റ റിസോര്ടുകാര് വിടുമോ? കൊന്നു "കൊളത്തീ താഴ്ത്തി" എന്നത് "കടലീ താഴ്തീ" എന്ന് അവരൊന്നു പരിഷകരിയ്ക്കും. അത്ര തന്നെ.  ഇതൊന്നും എനിയ്ക്ക് ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞ കാഴ്ചകളോ വെളിപാടോ ഒന്നുമല്ല കേട്ടോ. നമ്മുടെ സ്വന്തം കേരളഭൂവിന്റെ പ്രാതിനിധ്യം കഞ്ചാവിന്റെ രൂപത്തില്‍ വഹിച്ചുകൊണ്ട്, കഴിഞ്ഞ 15 സംവത്സരങ്ങളായി ഗോകര്‍ണത്ത് മാസാമാസം ശാന്തി തേടിയെത്തുന്ന  ടോണി ചേട്ടന്‍ പറഞ്ഞു തന്നതാ. (ശരിയ്ക്കുള്ള പേര് ടോണി ആണ്ട്രൂസ് എന്നൊന്നുമല്ല.. ടോണി ഞാന്‍ ഇട്ട പേരാ.എനിയ്ക്ക്  ജീവനില്‍ കൊതിയുള്ളത് കാരണം അദ്ധേഹത്തിന്റെ യദ്ധാര്‍ത്ഥ നാമധേയം ഞാന്‍ മറച്ചു വയ്ക്കുന്നു). ടോണി ചേട്ടന്റെ ഭാഷയില്‍  ഓം ബീച് നല്ലൊന്നാന്തരം ഒരു 'dog lock' സ്ഥലം ആണ്..ഞാനും അതങ്ങ് ശരി വയ്ക്കുന്നു- അനുഭവം ഗുരു!
ഇനി ഓം ബീച്ചിലെ  daily activities ലേയ്ക്ക് കടക്കാം..
നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ ഇത് മടിയന്മാരുടെ സ്വര്‍ഗം ആണെന്ന്. അതിനു യാതൊരു മാറ്റവും ഇല്ല ഇപ്പോഴും.
രാവിലെ സൂര്യന്‍ ഉദിക്കുന്നത് ഏകദേശം എട്ടര-ഒന്‍പതു മണിയോടെയാണ്. ഇതിനു മുന്പായിട്ടു ഇന്ത്യാ മഹാരാജ്യത്തെ ഏതൊരു സ്ഥലത്തും സൂര്യോദയം ഉണ്ടാവും എന്ന് തര്‍ക്കിക്കുന്നവന്‍ ഓം ബീച്ചിന്റെ എഴയാല്വക്കത്തു കൂടി പോവാന്‍ പോലും യോഗ്യന്‍ അല്ലാ.. മനസ്സിലിരിക്കട്ടെ..!! (ചുമ്മാ)
എല്ലാത്തിനും അതിന്റേതായ ചില രീതികള്‍ ഉണ്ടാവുമല്ലോ?, ഇവിടെ അനുസരിക്കേണ്ട നടപടി ക്രമങ്ങളുടെ (procedure ) ലിസ്റ്റ് സമര്‍പ്പിയ്ക്കുന്നു. just follow this.
1. എഴുന്നേറ്റ പുറകെ പല്ല് തേക്കരുത്.. അത്യാവശ്യം വേണ്ട വിധത്തില്‍ ശരീരത്തിനെ സമാധാനിപ്പിച്ചിട്ട് നേരെ നമസ്തേ കഫെ (റിസോര്ടിന്റെ കഫെക്ക് പേര് അങ്ങനെ)യിലേയ്ക്കു ചെല്ലുക.
2 . ഒരു കട്ടന്‍ ചായ (ബ്ലാക്ക്‌ ടീ എന്നെ അവരോടു പറയാവൂ.. നമ്മള് തനി കണ്‍ട്രി ആണെന്ന് അവര്‍ അറിയരുതല്ലോ) കൊണ്ടു വരാന്‍ ബെയറര്‍ സഖാവിനോട് ആവശ്യപ്പെടുക. അവന്‍ നമ്മളെക്കാളും മടിയന്‍ ആയതിനാലും, മടിയാണ് ലോകത്തിന്റെ പൊതു സ്വഭാവം എന്നതിനാലും സഖാവ് നമ്മുടെ അടുത്തെത്താന്‍ എന്തായാലും വൈകും. അതുവരെ തൊട്ടുമുന്നില്‍ ആടിയാടി കളിയ്ക്കുന്ന തെങ്ങുകളെയും, ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് പറഞ്ഞുകൊണ്ടു വരുന്ന തിരമാലകളെയും നോക്കിയിരിയ്ക്കുക. ആശാന്‍ അടുതെതിയാല്‍ ആവശ്യം അറിയിയ്ക്കുക..വീണ്ടും തിരകളിലേയ്ക്ക്  കണ്ണുകളെ  മടങ്ങാന്‍ അനുവദിയ്ക്കുക .ഒരു സിഗരെട്ടിന്റെ അകമ്പടിയോടെ.
പറഞ്ഞാല്‍ ഉടനെ ചായ കൊണ്ടുവരാന്‍ ഇത് വട്ടപ്പാറ കവലയിലെ കുട്ടായി ചേട്ടന്റെ ചായക്കട ഒന്നുമല്ല..ചായ കട്ടനാണേല്‍ അര മണിക്കൂര്‍, പാലോഴിച്ചതാണേല്‍ പതിനഞ്ചു മിനുട്ട്. ഇതാണവിടത്തെ നിയമം (മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് : ഈ കട്ടന്‍ ചായ എന്നാല്‍ ചൂടുവെള്ളം, തേയില, പഞ്ചസാര എനിങ്ങനെ മൂന്നും മൂന്നായി നമ്മുടെ മുന്‍പില്‍ എത്തുന്നതും , നമ്മളാല്‍ ആവശ്യാനുസരണം സമന്വയിപ്പിക്കെന്ടതും ആകുന്നു. പാല്ചായ നമുക്ക് പരിചിതമായ ചായ രൂപത്തില്‍ തന്നെ എത്തും. നമ്മളായിട്ട് കുടിച്ചാല്‍ മാത്രം മതി. അതുകൊണ്ടു തന്നെ ഈ സമയവ്യത്യാസം  എനിയ്ക്ക് തീരെ ദഹിച്ചിട്ടില്ല ഇത് വരെ)
3 . ചായ ചായരൂപ്തില്‍ നമുക്ക് മുന്നില്‍ എത്തിയതിനു ശേഷവും തിരനോട്ടം തുടരുക (തിര നോക്കിയിരിയ്ക്കുന്നതിനു  ഇങ്ങനേം ഒറ്റവാക്ക് പറയാമെന്നാണ്  മലയാള സിനിമയുടെ ഭാവി വാഗ്ദാനവും, എന്റെ സുഹൃത്തുമായ സഹസംവിധായക പ്രതിഭ ശ്രീമാന്‍ ശ്രീനാഥനദ്ദേഹം പറഞ്ഞിട്ടുള്ളത്.. എന്തരോ മഹാനുഭാവലു , അതിനാല്‍ തിരു വായ്ക്കെതിര്‍ വായില്ല). ചായയെ ശ്രദ്ധിയ്ക്കുക പോലും അരുത്. അതവിടെ ഇരുന്നു കാറ്റും കൊണ്ടു തണുത്തു, വല്ല ഈച്ചയോ ഉറുമ്പോ ഒക്കെ നീന്തല്‍ പരിശീലനത്തിനായി കച്ച കെട്ടി ഇറങ്ങിയിരിയ്ക്കുന്നു  എന്ന് തോന്നുമ്പോള്‍ മാത്രം ഒരു സിപ് എടുക്കുക.. അങ്ങനെയങ്ങനെ ഒരു മുകാല്‍ മണിക്കൂര് കൊണ്ടു ഒരു കട്ടന്‍/ചായ കുടിയ്ക്കുക. how is this? fantastic na? (പുക വലിയ്ക്കുന്നവരാണ് എങ്കില്‍ ഒന്നിന് പുറകെ ഒന്നായി സിഗരെറ്റ്‌ കത്തിച്ചു കൊണ്ടിരിയ്ക്കണം. വലിയ്ക്കണം എന്ന് നിര്‍ബന്ധമില്ല)

4. ചായ/കട്ടന്‍ സിപ്പ് സിപ്പായി നമ്മുടെ അകത്തെത്തിയ ശേഷം ഒരു 15 മിനിറ്റ്, മുന്‍പ് ചെയ്തിരുന്ന ലളിതകലകള്‍ തുടരേണ്ടതാണ്. ഇതിനിടയ്ക്ക് നമ്മുടെ സുഹൃത്തുക്കള്‍ പള്ളിയുറക്കം വെടിഞ്ഞു നമുക്കൊരു കമ്പനി തരാന്‍ നിശ്ചയിച്ചു നമ്മുടെ അടുത്തു തന്നെ ഏതെങ്കിലും കസേരയില്‍ ആസനം ഉറപ്പിച്ചിരിയ്ക്കും (മുന്‍പരിചയം ഉള്ളവരും അല്ലാത്തവരും..എല്ലാം.. ഈ ലോകം സമത്വസുന്ദരവും, പരസ്പര സ്നേഹത്താല്‍, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, സൌഹൃദത്തിന്റെ  അദൃശ്യ ചരടുകളാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന സുന്ദര സത്യം മനസ്സിലാവണമെങ്കില്‍  ഇവിടെ വരണം) . താമസം വിനാ ഓരോ ബിയര്‍ ഓര്‍ഡര്‍ ചെയ്യുക (പറയാന്‍ മറന്നു, സമത്വ സുന്ദര റിസോര്‍ട്ടില്‍  ബിയര്‍ മാത്രമേ കിട്ടൂ, ഹോട്ട് വേണമെങ്കില്‍  പുറത്തു നിന്ന് വാങ്ങികൊണ്ടു വരണം..കൊച്ചു വെളുപ്പാങ്കാലത്ത് ആര്‍ക്കു അതിനൊക്കെ സമയം ?). മിനിമം ഡെലിവറി ടൈം 20 മിനിറ്റ് ആയതു കൊണ്ടു പതുക്കെ അന്താരാഷ്‌ട്ര പ്രശ്നങ്ങള്‍, അതായത്, കാശ്മീര്‍ അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ISI യുടെ  പങ്ക്, അച്ചുമാമനും സഖാവ് പിണറായിയും തമ്മിലുള്ള ആഭ്യന്തര കലഹം അവിഭക്ത റഷ്യയുടെ പതനവുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു? , തുടങ്ങി തൊട്ടടുത്ത വീട്ടിലെ ഡിഗ്രി ഫസ്റ്റ് ഇയര്‍നു പഠിയ്ക്കുന്ന മാദകതിടമ്പ്, മധുരപ്പതിനെഴുകാരി മറിയക്കുട്ടിയെ വളയ്ക്കാനുള്ള പ്ലാനുകള്‍, മംഗലശ്ശേരി നീലകണ്ഠന്‍ സ്വര്‍ഗത്തില്‍  നിന്നും തിരിച്ചു വരുമോ? എന്നിങ്ങനെ  സൂര്യന് കീഴിലുള്ള ഏതെങ്കിലും ഒരു വിഷയത്തില്‍ ചര്‍ച്ച ആരംഭിയ്ക്കുക. ചര്ച്ചയല്ലേ, കാടു കേറിക്കോളും..നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ മുന്നിലെ ബിയര്‍ കുപ്പികളുടെ എണ്ണം കൂടും. 
        കാശ് കയ്യോടെ കൊടുക്കണം എന്നില്ല, സൗകര്യം പോലെ രാത്രിയിലോ, പിറ്റേന്ന് കാലത്തോ, അല്ലെങ്കില്‍ അവിടുന്നു വെകേറ്റ് ചെയ്യുമ്പോഴോ കൊടുത്താല്‍ മതി. ഓര്‍ക്കുക, കയ്യില്‍ പുത്തന്‍ ഇല്ലാത്ത ദരിദ്രവാസി ഇന്ത്യകാര്‍ക്ക് മടി പറഞ്ഞിട്ടുള്ളതല്ല. അവന്‍ അന്നന്നത്തെ നൂറു മില്ലിയ്ക്കായി വിയര്‍ക്കെണ്ടവന്‍.

5. ഭക്ഷണം വേണമെന്നുള്ള സുഹൃത്തുക്കള്‍ ചായകള്‍ക്കും, ബിയര്‍ കുപ്പികള്‍ക്കും, വീര്യമുള്ളതും അല്ലാത്തതുമായ സിഗരെട്ടുകള്‍ക്കും ഇടയില്‍ അല്പം സമയം കണ്ടെത്തുക... ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല. അധ്വാനം കാര്യമായിട്ടില്ലാതതിനാല്‍ വിശക്കാന്‍ സാധ്യത ഇല്ല.
       ഇതിനിടയ്ക്ക് തിരമാലകളെയും കടലിനെയും മറക്കാതിരിയ്ക്കുക. ചിലപ്പോഴെല്ലാം കയ്യില്‍ ബിയര്‍കുപ്പിയുമായി തിരകളിലേക്ക് നടന്നു ചെല്ലുന്നതും, ആര്‍ത്തിരമ്പി വരുന്ന കടലലകള്‍ക്ക് മീതെ കൂടി അല്പം ലഹരി  നുകരുന്നതുമെല്ലാം ഒരു രസം ആണല്ലോ.
        നിങ്ങള്‍ അറിയില്ല.. സമയം കടന്നു പോകുന്നത്.. കഫെയില്‍ വൈദ്യുതി വിളക്കുകള്‍ തെളിയുമ്പോള്‍ മനസ്സിലാക്കികൊള്ളണം പകലിന്റെ ഊഴം ഇനി അടുത്ത ദിവസം എന്ന്..രാത്രിയില്‍ അല്പസ്വല്പം രാജകീയം ആയാണ് കാര്യങ്ങള്‍ സാധാരണ നടക്കാറ്.. നാടനും വിദേശികളും എല്ലാം വൈദ്യുത വിളക്കിന്റെ അരണ്ട വെളിച്ചത്തിന് താഴെ ഇരുന്നു അവനവന്റെ കഴിവ് പോലെ ബിയര്‍ മൊത്തിക്കുടിച്ചു കൊണ്ട്  കടലിന്റെ സംഗീതത്തിനു കാതോര്‍ത്  സ്വപ്‌നങ്ങള്‍  കണ്ടും, പങ്കുവെച്ചും ചര്‍ച്ച ചെയ്തും.. അങ്ങനെ.. അങ്ങനെ..  ... ലഹരി രാവിനെ കാര്‍ന്നു തിന്നുന്നു.. സിഗരെട്ടായും, മദ്യമായും, മദിരാക്ഷിയായും, മയക്കുമരുന്നായും.. കൊടുക്കല്‍ വാങ്ങലുകളിലൂടെ..
(ടോണി ചേട്ടന്റെ കച്ചവടതെക്കുരിച് ഒന്ന്  സൂചിപ്പിച്ചോട്ടെ.. ടോണി ചേട്ടന്റെ കയ്യില്‍ നിന്നും മരുന്ന് വാങ്ങുന്നവന്‍ കാശ് കൊടുക്കണം എന്ന്  നിര്‍ബന്ധമില്ല, കൂടെ നല്ല കിളി പോലത്തെ ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍..ഒരു mutual understanding : സാധാരണക്കാരായ country ഇന്ത്യന്‍സ് പൊറുക്കുക)


ലഹരിയില്‍ മുഴുകിയ കാഫെയില്‍ ആളൊഴിയുന്നത് പുലര്‍ച്ചയ്ക്ക്.. രാവേറുവോളം പല ഭാഷകളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്കും, ആവര്‍ത്തിച്ചു നിറയുന്ന മധുച്ചഴകങ്ങള്‍ക്കും വിശ്രമം  നല്‍കി മൂകത വ്യാപിക്കുന്നതപ്പോള്‍..


ഇവിടെ കഥ എഴുതാന്‍ വരുന്നവരുണ്ട്.. കഥ പറയുന്നവരുണ്ട്.. ഏകാന്തതയില്‍ മുഴുകനായി വരുന്നവരുണ്ട്.. മയക്കുമരുന്ന് തേടി വരുന്നവരുണ്ട്.. അപൂര്‍വമായി ചില ഹണിമൂണ്‍ ആഘോഷക്കാരും..
 വലിയ ചലനങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ബീച്ചിന്റെ ആത്മാവ് ഇവരൊക്കെ തന്നെ ..
സിഗരെട്ടിന്റെ പുകയും, പതയുന്ന ബിയര്‍ കുപ്പികളും, അനന്തതയിലേക്ക് കണ്ണും നട്ടിരിയ്ക്കുന്നതോ  പുസ്തകത്തിലേയ്ക്ക് തലപൂഴ്ത്തി ഇരിയ്ക്കുന്നതോ ആയ കുറെ ദേഹങ്ങളും, കഞ്ചാവിന്റെ മണമുള്ള കടല്‍ക്കാറ്റിന്റെ തണുത്ത സ്പര്‍ശവും, തിരമാലകലുറെ പൊട്ടിച്ചിരിയും, ഇരുട്ടില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ആരുടെ എന്നറിയാത്ത ശരീരങ്ങളും  .. ഇതൊക്കെ തന്നെ ഓം ബീച്ചിന്റെ 'ambiance '(താങ്ക്സ് വിനി, നിന്റെ കയ്യില്‍ നിന്നും കടമെടുക്കട്ടെ ഈ വാക്ക്).
സമയം ഒരു കള്ളനെ പോലെ പതുങ്ങി ശബ്ദമുന്ടാകാതെ കടന്നു പോകും ഈ സ്വര്‍ഗത്തില്‍..മടിയന്മാരുക്ക് വേണ്ടിയുള്ള ഈ സ്വര്‍ഗത്തില്‍..


                                                  

Ratings and Recommendations by outbrain