September 25, 2015

പറിക്കപ്പെടാന്‍ കൂട്ടാക്കാതിരുന്ന ഒരു ആപ്പിളിന്റെ കഥ

സ്വാതന്ത്രം ലഭിയ്ക്കുന്നതിന് മുന്പായി നാട്ടുരാജ്യങ്ങളെ ഒരു കൂടയിലാക്കി , ഇന്ത്യ എന്ന മഹാരാജ്യം രൂപീകരിക്കുന്നതിനു വേണ്ടി ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് എല്ലാവരും കേട്ട് കാണും . യഥാര്‍ത്ഥത്തില്‍ സര്‍ദാര്‍ പട്ടേലും, വൈസ്രോയി മൌണ്ട്ബാറ്റനും , വീ.പി. മേനോനും അടങ്ങുന്ന ത്രിമൂര്‍ത്തി സംഘമായിരുന്നു തലോടണ്ട സ്ഥലത്ത് തലോടിയും തല്ലെണ്ടിടത്ത് തല്ലിയും , ഈ ദുഷ്കരമായ പ്രവൃത്തി സാധ്യമാക്കിയത് . അശോകന്റെയോ , അക്ബരിന്റെയോ, ബ്രിട്ടീഷ് രാജിന്റെയോ കാലത്ത് ഇന്ന് ഇന്ത്യ എന്ന് വിളിക്കുന്ന ഭൂവിഭാഗം മുഴുവനായും ഒരൊറ്റ ഭരണത്തിന്റെ കീഴില്‍ വന്നിട്ടില്ല . ഇന്നും വിഘടനവാദങ്ങളും , നിലവില്‍ ഇല്ലാത്ത രാജാക്കന്മാരോട് ഉള്ള വിധേയത്വവും ഭക്തിയും ചിലര്‍ക്കെങ്കിലും കുറഞ്ഞിട്ടുമില്ല . അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ എത്രത്തോളം കഠിനമായ ജോലി ആയിരുന്നിരിയ്ക്കണം ' ഈ ആപ്പിളുകള്‍ മുഴുവന്‍ പറിച്ച് ഒരു കൂടയില്‍ ഒരുമിപ്പിയ്ക്കുക ' എന്നത് .

ബ്രിട്ടീഷ് രാജില്‍ ഉള്‍പ്പെടാതിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് എവിടെയാണ് ( സെകുലര്‍ ഇന്ത്യയിലോ , മതാധിഷ്ടിത പാകിസ്ഥാനിലോ ) ചേരേണ്ടത് എന്ന് തീരുമാനിക്കാന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നു . കാശ്മീര്‍ , ഹൈദരാബാദ്, ഭോപാല്‍ , തിരുവിതാംകൂര്‍ എന്നിവയായിരുന്നു ഈ നാട്ടുരാജ്യങ്ങളില്‍ വലിപ്പം കൊണ്ടും വിഭവങ്ങള്‍ കൊണ്ടും ഏറ്റവും പ്രാധാന്യം ഉണ്ടായിരുന്നവ. സ്വാഭാവികമായും , അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിൽ ആയിരുന്നു ഇവരെ ഏതെങ്കിലും വിധത്തില്‍ ഇന്ത്യയ്ക്ക് കീഴില്‍ കൊണ്ട് വരാനുള്ള ചുമതല വരേണ്ടിയിരുന്നത് . എങ്കിലും, ഒരു വികാരജീവിയായിരുന്ന നെഹ്‌റുവിനു പകരം ഈ ജോലിയ്ക്ക് ഏറ്റവും അനുയോജ്യന്‍ അക്ഷോഭ്യനായ പട്ടേല്‍ ആണെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ്‌ അല്ല, വൈസ്രോയി മൌണ്ട്ബാറ്റെന്‍ ആണ് ( Viceroy's personal report no.10, 27 June 1947). നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിക്കുന്ന പക്ഷം , ആ ഇടങ്ങളില്‍ ഭരണവിരുദ്ധപ്രക്ഷോഭങ്ങള്‍ നടത്തി ഭരണം അട്ടിമറിച്ച് ഇന്ത്യയില്‍ ചേര്‍ക്കുക എന്ന ഒട്ടും പ്രാക്ടിക്കല്‍ അല്ലാത്ത ഒരു പദ്ധതി ആയിരുന്നു നെഹ്രുവിന്റെത് . " സുഹൃത്തേ, നിങ്ങളുടെ ബുദ്ധിക്കു കുഴപ്പമൊന്നും ഇല്ലല്ലോ?" എന്നായിരുന്നു ഇതിനോട് വൈസ്രോയിയുടെ പ്രതികരണം ( Jawaharlal Nehru, June 10-1947 , cited in The Transfer of Power , Vol11, p 233)

ഇതില്‍, നമുക്കേറ്റവും പരിചിതമായ തിരുവിതാംകൂറിന്റെ ലയനത്തെ കുറിച്ചാണ് ഈ ലേഖനം .
സ്വാതന്ത്ര്യം ലഭിയ്ക്കുന്ന കാലയളവിനു തൊട്ടുമുന്‍പാണ് തിരുവിതാംകൂറിന്റെ കടലോരങ്ങളില്‍ അമൂല്യവും അപൂര്‍വവുമായ ധാതുനിക്ഷേപം ഉണ്ടെന്നു ലോകം തിരിച്ചറിയുന്നത്‌ . അന്താരാഷ്‌ട്രതാത്പര്യം ഇന്നും ശക്തമായ ഈ ധാതുനിക്ഷേപത്തിന്റെ പിന്‍ബലത്തില്‍, സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാന്‍ ബ്രിട്ടനുമായി തിരുവിതാംകൂര്‍ രഹസ്യ ഉടമ്പടി ഉണ്ടാക്കിയിരുന്നു എന്നും, അങ്ങനെയാണെങ്കില്‍ തിരുവിതാംകൂറില്‍ ബോംബിടാന്‍ ഇന്ത്യന്‍ വായുസേനയെ നെഹ്‌റു ചട്ടം കെട്ടിയിരുന്നു എന്നുമാണ് പറയപ്പെടുന്നത്‌ ( Cambel-Johnson, Mission with MountBatten, p.54; ). പോരാത്തതിന് , സോവിയറ്റ് യൂണിയനുമായി നെഹ്‌റു നയതന്ത്രബന്ധം ഉണ്ടാക്കിയതും വന്ചിഭൂപനെ ചൊടിപ്പിച്ചു . അദ്ദേഹം ഇന്ത്യയില്‍ ചേരാന്‍ കൂട്ടാക്കിയില്ല .( Times of India, 7 July 1947). ചര്‍ച്ചകള്‍ക്ക് പോലും രാജാവ് തയാറായില്ല. "മന്നന്‍ പദ്മനാഭനാണ്, ഞാന്‍ വെറും ദാസന്‍ " എന്ന് പറഞ്ഞു ഒഴിയാനാണ് രാജാവ് ശ്രമിച്ചത് .

ഇത് മാത്രമോ , സ്വതന്ത്ര തിരുവിതാംകൂറിന്റെ ഏറ്റവും വലിയ അനുകൂലികളില്‍ ഒരാളായിരുന്നു മുഹമ്മദാലി ജിന്ന . ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വേണ്ടിയുള്ള എന്തിനോടും നൂറ് വട്ടം യോജിപ്പായിരുന്നു ജിന്നയ്ക്ക് . നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ ഇന്ത്യക്കെതിരെ നിര്‍ത്താന്‍ ജിന്ന കഴിയുന്നതും പരിശ്രമിച്ചു . 1947 ജൂണ്‍ 20 ന് , ജിന്ന സ്വതന്ത്രതിരുവിതാംകൂറിനു പിന്തുണ അറിയിച്ചു കൊണ്ട് 'Ready to establish relationship with Travancore which will be of mutual advantage' എന്ന് മഹാരാജാവിനു ടെലെഗ്രാം ചെയ്യുകയുണ്ടായി . ഇതിനു മറുപടിയായി രാജാവിന് വേണ്ടി ദിവാന്‍ സീ.പി. രാമസ്വാമി അയ്യര്‍ അയച്ച മറുപടി ഇപ്രകാരമായിരുന്നു - തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നിലകൊള്ളാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതിനാല്‍ , Independent Sovereign State of Travancore ഉം , Government of Pakistan ഉം തമ്മില്‍ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാവുന്നതെയുള്ളൂ . ( The strange case of Sir C.P.Ramaswami Iyer, Ramachandra Guha, May 25 2008, The Hindu) . തീവ്രദേശീയത , മതം , പാകിസ്ഥാന്‍വിദ്വേഷം എന്നിവ മുഖമുദ്രയായിടുള്ള അഭിനവ മുന്‍-രാജകുടുംബ ഭക്തരും, ഇന്ത്യാവിരുദ്ധ-പാക് അനുകൂലികള്‍ ആയിരുന്ന അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടവും തമ്മിലുള്ള ചേര്‍ച്ച-ഇല്ലായ്മ ഒരു പഠനത്തിനുള്ള വിഷയമാണ് .

ജൂലൈ 20 ന്, ദിവാന്‍ സര്‍ സി.പി. , രാജാവിന് വേണ്ടി മൌന്റ്റ്ബാറ്റന്‍ പ്രഭുവുമായി കൂടിക്കാഴ്ച നടത്താന്‍ വൈസ്രോയിയുടെ കൊട്ടാരത്തില്‍ എത്തി. പ്രഖ്യാപിത ഇന്ത്യയുടെ നേതാക്കാന്മാരെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ചേരുന്നതിനു തടസ്സങ്ങളായി സര്‍ സി.പി നിരത്തിയത് . നെഹ്രുവിനെ സ്ഥിരത ഇല്ലാത്തയാള്‍ എന്നും, ഗാന്ധിയെ ' ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ സ്വാധീനം ' , ' ചെറുപ്പകാരികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യമാല്ലാത്ത ലൈംഗീകഭ്രാന്തന്‍ ' എന്നുമൊക്കെയാണ് ദിവാന്‍ വിശേഷിപ്പിച്ചത്‌ . ഇത്തരക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ചേരാന്‍ മഹാരാജാവിനു സമ്മതം അല്ല എന്നും , അന്യായമായി ഇന്ത്യയില്‍ ചേരാന്‍ തന്റെ രാജ്യത്തെ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിക്കുകയാണ് എന്നും , രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞൊപ്പിച്ചു ( Viceroy's Personal Report No.14, 25 July 1947, Transfer of Power, Vol 12, p 336 )

പക്ഷേ, ദിവാന്‍ സമര്‍ത്ഥനം ചെയ്തത് രാജാവിന്റെ കാഴ്ചപ്പാട് മാത്രമായിരുന്നു . ന്യൂനപക്ഷം വരുന്ന രാജഭക്തര്‍ ഒഴിച്ച് ബാക്കിയുള്ള സാമാന്യജനത്തിന് രാജഭരണം വേണ്ടായിരുന്നു. ശ്രീനാരായണഗുരു, അയ്യങ്കാളി , വൈകുണ്ട സ്വാമികള്‍ തുടങ്ങിയവരുടെ പോയ ഒരു നൂറ്റാണ്ടിലെ പ്രവര്‍ത്തന ഫലമായി രാജഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപീടവരും, അധസ്ഥിതര്‍ ആയി തീര്‍ന്നവരുമായ സാമൂഹികവിഭാഗങ്ങള്‍ക്ക് ഉണ്ടായ സ്വാതന്ത്ര്യബോധം , അവകാശദാഹം, ഉണര്‍വ്വ് , മതപരവും ജാതീയവുമായി സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍, അതിന്റെ ഫലമായി ഏറെ മുന്പല്ലാതെ സംഭവിച്ചിരുന്ന വൈക്കം സത്യാഗ്രാഹവും മറ്റു അവകാശ സമരങ്ങളും , തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരുന്ന നായര്‍ - ഈഴവ സംഘര്‍ഷങ്ങള്‍ , ഗാന്ധിയുടെയും നെഹ്രുവിന്റെയും നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ടിയുടെ (സ്റ്റേറ്റ് കോണ്‍ഗ്രസ്‌ ) സ്വാധീനം , സ്വാധീനം വര്‍ധിച്ചു വന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍, 1946 ഒക്ടോബറില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരവും അനുബന്ധമായി നൂറ് കണക്കിന് ആളുകള്‍ മരിച്ച വെടിവെപ്പ് തുടങ്ങിയവ ഭൂരിഭാഗം ജനങ്ങളെയും ഇന്ത്യയോട് തല്‍പ്പരര്‍ ആക്കി എന്ന് വേണം കരുതാന്‍ ( സ്വന്തം കാഴ്ചപ്പാട് )

രാജഭരണത്തോട് വിമുഖരും, ഇന്ത്യയോട് തല്പ്പരരുമായ ജനങ്ങള്‍ രാജവിരുദ്ധപ്രക്ഷോഭങ്ങള്‍ നടത്തി . ദിവാന്റെ ഭരണകൂടം സ്വ്വഭാവികമായും അതിനെ അടിച്ചമര്‍ത്താനും ശ്രമിച്ചു. അഞ്ചുരൂപാ പോലീസ് എന്ന് അറിയപ്പെട്ടിരുന്ന റോയല്‍ പോലീസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും , വിപ്ലവപാര്‍ടികളുടെയും എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഉരുക്കുമുഷ്ടി പ്രയോഗിച്ചു . അക്കാമ്മ ചെറിയാന്‍ ഈ സമരത്തിന്റെ നേതാവ് ആയിരുന്നു .
"അമ്മേ ഞങ്ങള്‍ പോകുന്നു - വന്നില്ലെങ്കില്‍ കരയരുതേ " എന്ന മുദ്രാവാക്യം ഈ കാലത്ത് ഉണ്ടായതാണ് . ( സ്വാതന്ത്രസമരസേനാനി കെ.ഇ.മാമ്മനുമായി ക്രിസ് സീത നടത്തിയ അഭിമുഖം ). തിരുവനന്തപുരം പേട്ടയില്‍ നടന്ന ഇന്ത്യാ അനുകൂല പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പുണ്ടാവുകയും, അതില്‍ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ഥി ഉള്‍പ്പടെ മൂന്നുപേര്‍ മരിക്കുകയും ചെയ്തു . രാജാവ് പദ്മനാഭന്റെ മറയത്ത് ആയതിനാല്‍ ജനരോഷം ദിവാന് നേരെ ആയിരുന്നു . മേല്‍പ്പറഞ്ഞ പേട്ട വെടിവെപ്പ് നടന്നു ഏതാനും ദിവസങ്ങള്‍ക്കു ശേഷം , 1947 ജൂലി 27 ന് , തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അകാദമിയില്‍ വെച്ച് സോഷ്യലിസ്റ്റ് രേവലുഷനരി പാര്‍ടിയുടെ KCS മണി ദിവാനെ വധിക്കാന്‍ ശ്രമിച്ചു. രാജ്യം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ , സ്വാതിതിരുനാള്‍ ജന്മദിന അനുസ്മരണത്തിന്റെ ഭാഗമായി , ശെമ്മാങ്കുടി ശ്രീനിവാസ ഐയ്യരുടെ കച്ചേരി നടത്തുകയായിരുന്നു പ്രക്ഷോഭത്തിന്റെ ഈ നാളുകളിലും ഭരണകൂടം. ഇരുട്ടില്‍ നടത്തിയ ആക്രമണത്തില്‍ KCS മണിയ്ക്ക് ലക്‌ഷ്യം പിഴച്ചു. കഴുത്തിലും, മുഖത്തും, കയ്യിലും സാരമായി പരിക്കേറ്റ ദിവാന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു . പേട്ട വെടിവെപ്പില്‍ മരിച്ച പതിനാലുകാരന്‍ രാജേന്ദ്രന് വേണ്ടി വരുത്തിയ പെനിസിലിന്‍ ആണ് ദിവാന് പരിക്കേറ്റപ്പോള്‍ ഉപയോഗിച്ചത് എന്നത് ചരിത്രത്തിന്റെ വിരോധാഭാസം .

എന്തായാലും, ഈ സംഭവത്തിനു ശേഷം മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ഉള്ള സമ്മതം മൌണ്ട്ബാറ്റെനെ അറിയിച്ചു. വധശ്രമത്തെ തുടര്‍ന്ന് മദ്രാസിലേക്ക് പോയ സി.പി ആഗസ്റ്റ്‌ 19ന് ദിവാന്‍ സ്ഥാനം രാജി വെച്ചു. ശ്രീ.P.G.N ഉണ്ണിത്താന്‍ ആണ് ശേഷം ദിവാന്‍ ആയതു

Ratings and Recommendations by outbrain