October 03, 2012

സമരം പലവിധമുലകില്‍ സുലഭം !

മാന്യമഹാ ജനങ്ങളെ,
 പങ്കെടുക്കുവിന്‍, സഹകരിയ്ക്കുവിന്‍, വിജയിപ്പിയ്ക്കുവിന്‍ ,

ബസ്‌-കാറ്-തീവണ്ടി-മോട്ടോര്‍ സൈക്കിള്‍-കപ്പല്‍-ബിമാനം ഇത്യാദി വാഹങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍, ഉപയോഗിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ , നിലവില്‍ സ്വന്തമായി വാഹനങ്ങള്‍ ഉള്ളവര്‍ , ഇല്ലാത്തവര്‍  എന്നിങ്ങനെയുള്ള ബഹുജനങ്ങളുടെ പ്രത്യേകശ്രദ്ധയിലേക്ക്. - സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!!


ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയും വമ്പിച്ച അപകടസാധ്യത ഉള്ളവയുമാണ് ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയും. ഇന്ത്യാ മഹാരാജ്യത്ത് മാത്രം ഓരോ മിനിട്ടിലും ഒരു മരണവും നാല് പരിക്കുകളും റോഡ്‌ അപകടങ്ങള്‍ മൂലം സംഭവിയ്ക്കുന്നു എന്നാണു കണക്ക്. 1,05,000 മരണങ്ങളും 2102400 പരിക്കുകളും പ്രതിവര്‍ഷം. ഇത് പോരാഞ്ഞു വല്ലപ്പോഴും സംഭവിക്കുന്ന തീവണ്ടി-വിമാന-കപ്പല്‍ അപകടങ്ങള്‍ വേറെ. സ്ഥിതിഗതികള്‍ ഇത്രയ്ക്കു ഗുരുതരമായിട്ടും 'ഗതാഗത സൗകര്യം, രാജ്യ പുരോഗതി ' എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു രാജ്യം ഭരിയ്ക്കുന്നവര്‍ വര്‍ഷാവര്‍ഷം പുതിയ റോഡുകള്‍ നിര്‍മിയ്ക്കുന്നു, പൊട്ടി പൊളിഞ്ഞവ നന്നാക്കുന്നു, മാത്രമല്ല, പുതിയ വാഹങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിനെ തടസ്സപ്പെടുത്തുന്നുമില്ല. 


പിന്നെ , വാഹനാപകടം ഉണ്ടാവാന്‍ ഒരു ഭൂമികുലുക്കമോ സുനാമിയോ ഒന്നും ആവശ്യമില്ല. സ്ഥലകാലഭേദമില്ലാതെ സംഭവിക്കാനും സാധ്യത ഉണ്ട്. മേഘങ്ങള്‍ക്ക് മുകളില്‍ പൊങ്ങി പറക്കുന്ന വിമാനത്തിന്റെ മൂക്കില്‍ ഒരു കാക്ക പോയി ഉമ്മ വെച്ചാല്‍ തീരുന്നതെ ഉള്ളൂ സംഭവം.
വന്‍കരയിലേക്ക് ഇടിച്ചു കേറി കൊണ്ടിരിക്കുന്ന ഉപഭൂഖണ്ഡം ഭൌമാപാളികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദം വിണ്ടു കീറിയ ഭൂമിയായി ഓടി കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍....എന്റെ ശിവനേ!!
 

ഗവേന്മേന്റിനു ഈ ഭൌമചലനത്തെ കുറിച്ചും ടെക്ടോണിക് പ്ളേറ്റുകളിലെ സമ്മര്‍ദത്തെ കുറിച്ചും അറിയില്ല എന്നുണ്ടോ??
എന്നിട്ടും ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വണ്ടിയിലോക്കെ കയറുന്നു എങ്കില്‍ അതിനൊക്കെ കാരണം, അധികൃതരുടെ അനാസ്ഥയാണ്. സമരം ചെയ്തെ മതിയാവൂ. കൂടംകുളം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാസര്‍ഗോട്ട് നിന്നും സമരാനുകൂലികള്‍ കയറിയ തീവണ്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ആണവസമരത്തിന്റെ  ഗതി എന്ത്.  എന്തിനെ വിശ്വസിച്ചാണ് ഈ നിരപരാധികളും ജീവനില്‍ കൊതിയുള്ളവരുമായ ജനങ്ങള്‍ വാഹങ്ങളില്‍ കയറുന്നത്?
സമരക്കാരുടെ ജീവനെന്താ വിലയില്ലേ?
 ഇനി, ഇന്നത്തെ ജനങ്ങള്‍ ഒക്കെ ചത്ത്തോടുങ്ങിയാല്‍ പൊലും, ഭാവി തലമുറകളില്‍ വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ അത്രയ്ക്ക് നിസ്സാരമല്ല.

ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം.. !മലിനീകരണം... !ജീവനും സ്വത്തിനും അപകടം.!
വാഹനങ്ങള്‍ പുറത്ത് വിടുന്ന വിഷമയമായ പുക ചര്‍മ രോഗങ്ങള്‍ തൊട്ടു ശ്വാസകോശ അര്‍ബുദം വരെ ഉണ്ടാകുന്നതിനു കാരണം ആകുന്നു. ഗര്‍ഭം അലസിപ്പിയ്ക്കുന്നു, ഗര്‍ഭസ്ഥ ശിശുവിന് അംഗ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നു.  ഇന്ന് പുറത്ത് പോകുന്ന പുകയിലെ രാസവസ്തുക്കള്‍ നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ജീവജാലങ്ങളെ ബുദ്ധിമുട്ടിയ്ക്കും. ഹരിതഗൃഹപ്രഭാവത്തിന് കാരണമാകും.  ഐസ് ഫ്രിഡ്ജില്‍  ഉണ്ടാക്കി
ധ്രുവപ്രദേശത്തെയ്ക്ക് കൊണ്ടുവേക്കേണ്ടി വരും .  ഓസോണ്‍ പാളിയെ നശിപ്പിക്കും. ഓര്‍ക്കുക, കടലിനും കരയ്ക്കും കവചമാണ് ഓസോണ്‍.

 ഇതൊക്കെ സമയം എടുത്തു സംഭാവിയ്ക്കുന്നവ മാത്രം.

ഓണ്‍ ദി സ്പോട്ട്, റെഡി മണി ആയി കിട്ടുന്നതാണ് റോഡ്‌ അപകടം മൂലം ഉണ്ടാവുന്ന ഉയര്‍ന്ന മരണ സംഖ്യയും അംഗവൈകല്യങ്ങളും. മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ നോക്കുക.  ഓര്‍ക്കുക, വാഹന ഗതാഗതം ഉള്ളത് കൊണ്ടല്ലേ ചാലയില്‍ ടാങ്കെര്‍ ലോറി പൊട്ടിത്തെറിച്ചപ്പോള്‍  സംഭവിച്ചത് പോലത്തെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് ?

ഇതൊക്കെ ഉണ്ടാവാതിരിയ്ക്കാന്‍ ഒരൊറ്റ പോംവഴിയെ ഉള്ളൂ. അതാണ്‌ വാഹന നിരോധനം.

 മുന്‍കാല അപകടങ്ങളില്‍ നിന്നും പാഠം പഠിയ്ക്കാത്ത, ജനവിരുദ്ധമായ വാഹന/റോഡ്‌  നയവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെതിരെ ദേശീയ വാഹന വിരുദ്ധ സമിതി ഉടന്‍ തന്നെ ജനകീയ പ്രക്ഷോഭത്തിനു ഇറങ്ങുന്നു.ഇനിയും മരിയ്ക്കാത്ത മനസ്സാക്ഷിയ്ക്കുടയവരെ  , നിങ്ങള്‍ക്ക് സ്വാഗതം. 

സമരം മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍
- ദേശിയ പാതകള്‍ ഉള്‍പ്പടെയുള്ള എല്ലാ വഴികളും ഒറ്റയടിപ്പാതകലാക്കി ചുരുക്കുക .
-ഇനി മേലില്‍ പുതിയ വഴികള്‍ നിര്‍മ്മിയ്ക്കാതിരിക്കുക, നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുക.
-വഴിവെട്ടു നിരോധന നിയമം ഉടന്‍ കൊണ്ട് വരിക
-വാഹനങ്ങള്‍ ഉണ്ടാക്കുന്നതോ വില്ക്കുന്നതോ വാങ്ങിക്കുന്നതോ ഉപയോഗിക്കുന്നതോ കുറ്റകരമായി പ്രഖ്യാപിക്കുക
-ഇപ്പോഴുള്ള എല്ലാ വാഹന നിര്‍മാണ ശാലകളും അടച്ചു പൂട്ടുക.
- വാഹങ്ങള്‍ക്കുള്ള ഇന്ധന/നിര്‍മാണ/സംരക്ഷണ/നിര്‍മാര്‍ജ്ജനങ്ങള്‍ക്ക് വേണ്ട തുക  ഭൂമിയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വരുന്ന പട്ടിണിപ്പാവങ്ങളുടെ വയറു നിറയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതിനായി നിയമം കൊണ്ട് വരിക.
-വ്യവസായ വിപ്ലവത്തിന് കാരണമായ ആവിയന്ത്രം കണ്ടു പിടിച്ച  വാട്സന്‍ സായിപ്പിനെ മരണാനന്തര വിചാരണയ്ക്ക് വിധേയാനാക്കുക.

(ശിലായുഗ മനുഷ്യന്‍ - ഭാവിയുടെ വാഗ്ദാനം എന്നായിരിക്കും സമരസമിതിയുടെ ഔദ്യോഗിക മുദ്രാവാക്യം)

സമര്‍പ്പണം: 
'gullible' ആയ കൂടംകുളം നിവാസികളെ ഭയപ്പെടുത്തി സമരം ചെയ്യിക്കുന്ന തല്‍പരകക്ഷികള്‍ക്ക്‌, ആള് കൂടുന്നിടത്തെ കച്ചവടം മനസ്സിലാക്കി പര്‍വതീകരിച്ച മാധ്യമങ്ങള്‍ക്ക്, മുതലെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക്. വൈദ്യുതി ക്ഷാമത്താല്‍ പൊറുതി മുട്ടുന്ന ജനകൊടികള്‍ക്ക്. അനുദിനം തീര്‍ന്നു കൊണ്ടിരിക്കുന്ന ഫോസ്സില്‍ ഇന്ധനങ്ങളില്‍ മറഞ്ഞിരിക്കുന്ന മരങ്ങള്‍ക്കും, ജീവികള്‍ക്കും.

October 02, 2012

ആര്‍ക്കെന്നില്ലാതെ ഒരു കവിത
ഒരു മുകില്‍ കൂടി പെയ്തു തീരുമ്പൊഴും,
ഒരു തിര വന്നു കാല്‍ ഉമ്മ വെക്കുമ്പോഴും,
അറിയുന്നു ഞാന്‍ പ്രിയേ,  നിന്‍ പ്രണയമെന്നി-
ലെയ്ക്കൊഴുകുന്ന, വറ്റാത്ത ദിവ്യപ്രവാഹമായ്
ദൂരെ കടലില്‍ ചക്രവാളത്തിലാ മേഘ-
ശകലത്തിന്‍ പിന്നിലായ് സൂര്യന്‍ മറയവേ
കരയോട് കടലിന്റെ ദാഹമായ് വീശുന്ന 
വന്യമാം കാറ്റിനുന്മാദമുദിയ്ക്കവേ
അറിയുന്നു ഞാന്‍ നിന്‍ വിരല്‍ത്തുമ്പിനറ്റത്തു
  പടരുന്ന പ്രണയനിലാവിന്റെ കുളിരും,
നിന്നിടനെഞ്ചിന്‍ താളമായ്, ജീവനിശ്വാസമായ്
 ഹൃദയത്തിലുണരുന്ന  പ്രാണന്റെ പ്രാണനും.
ആദിമമാം ഒരു  പ്രേരണയിലെന്‍  കരം 
 നിന്നെയുമെന്നെയും  ചേര്‍ത്തണച്ചീടവേ
ചുമലിലഭയം തേടും നിന്റെ മൂര്‍ദ്ധാവില്‍  ഞാന്‍
അറിയാതെ ചേരുന്നു  ചുണ്ടുകള്‍ പ്രിയസഖീNB:മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഒരു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതാന്‍ തുടങ്ങി ഇവിടെ എത്തിയതാണ് .


Ratings and Recommendations by outbrain