October 03, 2012

സമരം പലവിധമുലകില്‍ സുലഭം !

മാന്യമഹാ ജനങ്ങളെ,
 പങ്കെടുക്കുവിന്‍, സഹകരിയ്ക്കുവിന്‍, വിജയിപ്പിയ്ക്കുവിന്‍ ,

ബസ്‌-കാറ്-തീവണ്ടി-മോട്ടോര്‍ സൈക്കിള്‍-കപ്പല്‍-ബിമാനം ഇത്യാദി വാഹങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍, ഉപയോഗിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ , നിലവില്‍ സ്വന്തമായി വാഹനങ്ങള്‍ ഉള്ളവര്‍ , ഇല്ലാത്തവര്‍  എന്നിങ്ങനെയുള്ള ബഹുജനങ്ങളുടെ പ്രത്യേകശ്രദ്ധയിലേക്ക്. - സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!!


ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയും വമ്പിച്ച അപകടസാധ്യത ഉള്ളവയുമാണ് ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയും. ഇന്ത്യാ മഹാരാജ്യത്ത് മാത്രം ഓരോ മിനിട്ടിലും ഒരു മരണവും നാല് പരിക്കുകളും റോഡ്‌ അപകടങ്ങള്‍ മൂലം സംഭവിയ്ക്കുന്നു എന്നാണു കണക്ക്. 1,05,000 മരണങ്ങളും 2102400 പരിക്കുകളും പ്രതിവര്‍ഷം. ഇത് പോരാഞ്ഞു വല്ലപ്പോഴും സംഭവിക്കുന്ന തീവണ്ടി-വിമാന-കപ്പല്‍ അപകടങ്ങള്‍ വേറെ. സ്ഥിതിഗതികള്‍ ഇത്രയ്ക്കു ഗുരുതരമായിട്ടും 'ഗതാഗത സൗകര്യം, രാജ്യ പുരോഗതി ' എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു രാജ്യം ഭരിയ്ക്കുന്നവര്‍ വര്‍ഷാവര്‍ഷം പുതിയ റോഡുകള്‍ നിര്‍മിയ്ക്കുന്നു, പൊട്ടി പൊളിഞ്ഞവ നന്നാക്കുന്നു, മാത്രമല്ല, പുതിയ വാഹങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിനെ തടസ്സപ്പെടുത്തുന്നുമില്ല. 


പിന്നെ , വാഹനാപകടം ഉണ്ടാവാന്‍ ഒരു ഭൂമികുലുക്കമോ സുനാമിയോ ഒന്നും ആവശ്യമില്ല. സ്ഥലകാലഭേദമില്ലാതെ സംഭവിക്കാനും സാധ്യത ഉണ്ട്. മേഘങ്ങള്‍ക്ക് മുകളില്‍ പൊങ്ങി പറക്കുന്ന വിമാനത്തിന്റെ മൂക്കില്‍ ഒരു കാക്ക പോയി ഉമ്മ വെച്ചാല്‍ തീരുന്നതെ ഉള്ളൂ സംഭവം.
വന്‍കരയിലേക്ക് ഇടിച്ചു കേറി കൊണ്ടിരിക്കുന്ന ഉപഭൂഖണ്ഡം ഭൌമാപാളികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദം വിണ്ടു കീറിയ ഭൂമിയായി ഓടി കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍....എന്റെ ശിവനേ!!
 

ഗവേന്മേന്റിനു ഈ ഭൌമചലനത്തെ കുറിച്ചും ടെക്ടോണിക് പ്ളേറ്റുകളിലെ സമ്മര്‍ദത്തെ കുറിച്ചും അറിയില്ല എന്നുണ്ടോ??
എന്നിട്ടും ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വണ്ടിയിലോക്കെ കയറുന്നു എങ്കില്‍ അതിനൊക്കെ കാരണം, അധികൃതരുടെ അനാസ്ഥയാണ്. സമരം ചെയ്തെ മതിയാവൂ. കൂടംകുളം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാസര്‍ഗോട്ട് നിന്നും സമരാനുകൂലികള്‍ കയറിയ തീവണ്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ആണവസമരത്തിന്റെ  ഗതി എന്ത്.  എന്തിനെ വിശ്വസിച്ചാണ് ഈ നിരപരാധികളും ജീവനില്‍ കൊതിയുള്ളവരുമായ ജനങ്ങള്‍ വാഹങ്ങളില്‍ കയറുന്നത്?
സമരക്കാരുടെ ജീവനെന്താ വിലയില്ലേ?
 ഇനി, ഇന്നത്തെ ജനങ്ങള്‍ ഒക്കെ ചത്ത്തോടുങ്ങിയാല്‍ പൊലും, ഭാവി തലമുറകളില്‍ വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ അത്രയ്ക്ക് നിസ്സാരമല്ല.

ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം.. !മലിനീകരണം... !ജീവനും സ്വത്തിനും അപകടം.!
വാഹനങ്ങള്‍ പുറത്ത് വിടുന്ന വിഷമയമായ പുക ചര്‍മ രോഗങ്ങള്‍ തൊട്ടു ശ്വാസകോശ അര്‍ബുദം വരെ ഉണ്ടാകുന്നതിനു കാരണം ആകുന്നു. ഗര്‍ഭം അലസിപ്പിയ്ക്കുന്നു, ഗര്‍ഭസ്ഥ ശിശുവിന് അംഗ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നു.  ഇന്ന് പുറത്ത് പോകുന്ന പുകയിലെ രാസവസ്തുക്കള്‍ നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ജീവജാലങ്ങളെ ബുദ്ധിമുട്ടിയ്ക്കും. ഹരിതഗൃഹപ്രഭാവത്തിന് കാരണമാകും.  ഐസ് ഫ്രിഡ്ജില്‍  ഉണ്ടാക്കി
ധ്രുവപ്രദേശത്തെയ്ക്ക് കൊണ്ടുവേക്കേണ്ടി വരും .  ഓസോണ്‍ പാളിയെ നശിപ്പിക്കും. ഓര്‍ക്കുക, കടലിനും കരയ്ക്കും കവചമാണ് ഓസോണ്‍.

 ഇതൊക്കെ സമയം എടുത്തു സംഭാവിയ്ക്കുന്നവ മാത്രം.

ഓണ്‍ ദി സ്പോട്ട്, റെഡി മണി ആയി കിട്ടുന്നതാണ് റോഡ്‌ അപകടം മൂലം ഉണ്ടാവുന്ന ഉയര്‍ന്ന മരണ സംഖ്യയും അംഗവൈകല്യങ്ങളും. മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ നോക്കുക.  ഓര്‍ക്കുക, വാഹന ഗതാഗതം ഉള്ളത് കൊണ്ടല്ലേ ചാലയില്‍ ടാങ്കെര്‍ ലോറി പൊട്ടിത്തെറിച്ചപ്പോള്‍  സംഭവിച്ചത് പോലത്തെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് ?

ഇതൊക്കെ ഉണ്ടാവാതിരിയ്ക്കാന്‍ ഒരൊറ്റ പോംവഴിയെ ഉള്ളൂ. അതാണ്‌ വാഹന നിരോധനം.

 മുന്‍കാല അപകടങ്ങളില്‍ നിന്നും പാഠം പഠിയ്ക്കാത്ത, ജനവിരുദ്ധമായ വാഹന/റോഡ്‌  നയവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെതിരെ ദേശീയ വാഹന വിരുദ്ധ സമിതി ഉടന്‍ തന്നെ ജനകീയ പ്രക്ഷോഭത്തിനു ഇറങ്ങുന്നു.ഇനിയും മരിയ്ക്കാത്ത മനസ്സാക്ഷിയ്ക്കുടയവരെ  , നിങ്ങള്‍ക്ക് സ്വാഗതം. 

സമരം മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍
- ദേശിയ പാതകള്‍ ഉള്‍പ്പടെയുള്ള എല്ലാ വഴികളും ഒറ്റയടിപ്പാതകലാക്കി ചുരുക്കുക .
-ഇനി മേലില്‍ പുതിയ വഴികള്‍ നിര്‍മ്മിയ്ക്കാതിരിക്കുക, നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുക.
-വഴിവെട്ടു നിരോധന നിയമം ഉടന്‍ കൊണ്ട് വരിക
-വാഹനങ്ങള്‍ ഉണ്ടാക്കുന്നതോ വില്ക്കുന്നതോ വാങ്ങിക്കുന്നതോ ഉപയോഗിക്കുന്നതോ കുറ്റകരമായി പ്രഖ്യാപിക്കുക
-ഇപ്പോഴുള്ള എല്ലാ വാഹന നിര്‍മാണ ശാലകളും അടച്ചു പൂട്ടുക.
- വാഹങ്ങള്‍ക്കുള്ള ഇന്ധന/നിര്‍മാണ/സംരക്ഷണ/നിര്‍മാര്‍ജ്ജനങ്ങള്‍ക്ക് വേണ്ട തുക  ഭൂമിയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വരുന്ന പട്ടിണിപ്പാവങ്ങളുടെ വയറു നിറയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതിനായി നിയമം കൊണ്ട് വരിക.
-വ്യവസായ വിപ്ലവത്തിന് കാരണമായ ആവിയന്ത്രം കണ്ടു പിടിച്ച  വാട്സന്‍ സായിപ്പിനെ മരണാനന്തര വിചാരണയ്ക്ക് വിധേയാനാക്കുക.

(ശിലായുഗ മനുഷ്യന്‍ - ഭാവിയുടെ വാഗ്ദാനം എന്നായിരിക്കും സമരസമിതിയുടെ ഔദ്യോഗിക മുദ്രാവാക്യം)

സമര്‍പ്പണം: 
'gullible' ആയ കൂടംകുളം നിവാസികളെ ഭയപ്പെടുത്തി സമരം ചെയ്യിക്കുന്ന തല്‍പരകക്ഷികള്‍ക്ക്‌, ആള് കൂടുന്നിടത്തെ കച്ചവടം മനസ്സിലാക്കി പര്‍വതീകരിച്ച മാധ്യമങ്ങള്‍ക്ക്, മുതലെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക്. വൈദ്യുതി ക്ഷാമത്താല്‍ പൊറുതി മുട്ടുന്ന ജനകൊടികള്‍ക്ക്. അനുദിനം തീര്‍ന്നു കൊണ്ടിരിക്കുന്ന ഫോസ്സില്‍ ഇന്ധനങ്ങളില്‍ മറഞ്ഞിരിക്കുന്ന മരങ്ങള്‍ക്കും, ജീവികള്‍ക്കും.

9 comments:

  1. ഞങ്ങള്‍ ആസൂത്രണം ചെയ്യുന്ന അടുത്ത സമരം കൃഷിക്കെതിരെ ആണ്.
    പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാവേണ്ട സസ്യങ്ങളെ മനുഷ്യന്‍ തിരഞ്ഞു പിടിച്ചു അവ മാത്രമായി കൃഷി ചെയ്യുന്ന നടപടി തികച്ചും അധാര്‍മികമാണ്. കൃഷിക്കിടയില്‍ വളരുന്ന പുല്ലും, 'കള' എന്നറിയപ്പെടുന്ന ഇതര സസ്യങ്ങളും നശിപ്പിക്കുന്നത് വഴി കൃഷിക്കാര്‍ ചെയ്യുന്നത് അവയുടെ ജീവിയ്ക്കാനുള്ള അവകാശത്തെ ധ്വംസിയ്ക്കലാണ്. കീടങ്ങള്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ സഹജീവികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എലി, അണ്ണാന്‍ തുടങ്ങിയ പാവം പിടിച്ച, ജീവിയ്കാനായി മാത്രം ഭക്ഷണം കഴിയ്ക്കുന്ന ജീവികളെ എത്ര നിഷ്ടൂരമായാണ്‌ കൃഷിയെ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞു മനുഷ്യന്‍ കൊന്നൊടുക്കുന്നത്. മാത്രമല്ല, ഈ സഹജീവികളെ കൊല്ലാന്‍ ഉപയോഗിയ്ക്കുന്ന കീടനാശിനികള്‍, കളനാശിനികള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ തുടങ്ങിയ രാസവസ്തുക്കളില്‍ പലതും മനുഷ്യന് തന്നെ തിരിച്ചടിയാവുന്നു. മഞ്ഞപ്പിത്തവും മദ്യപാനവുമല്ല , എലിവിഷമാണ് ഇന്ന് നടക്കുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ ഏറിയ പങ്കിന്റെയും മൂലഹേതു എന്ന് മനസ്സിലാക്കുക.
    മാത്രമല്ല, ഇങ്ങനെ ആസൂത്രിതമായി ചില ചെടികള്‍ മാത്രം വളര്‍ത്തി അവ ഭക്ഷണമാക്കുന്നതിനാല്‍, പ്രകൃതിയില്‍ സ്വാഭാവികമായി വളരുന്ന കിഴങ്ങ്-പഴ- ഇല വര്‍ഗങ്ങളെ മനുഷ്യന്‍ പാടെ വിസ്മരിച്ചിരിക്കുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ ആസൂത്രിത വിളകള്‍ കിട്ടാതായാല്‍ പട്ടിണി എന്ന് പറഞ്ഞു ജനം മുറവിളി കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല, റബ്ബര്‍, ഏലം, കാപ്പി, കഞ്ചാവ് തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യുന്നതിനായി ഘോരഘോര വനാന്തരങ്ങള്‍ , അവയില്‍ അധിനിവസിക്കുന്ന അനേക ലക്ഷം ജീവജാലങ്ങള്‍ തുടങ്ങിയവയെ മനുഷ്യന്‍ നശിപ്പിച്ചതായും, നശീകരണം തുടരുന്നതായും സമര സമിതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
    ആസൂത്രിതമായി ചില സസ്യങ്ങള്‍ മാത്രം കൃഷി എന്ന പേരില്‍ മനുഷ്യന്‍ വന്‍തോതില്‍ വളര്‍ത്തുന്നതാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണം. കൃഷി ചെയ്തില്ലെങ്കിലും സമാധാനമായി ജീവിയ്ക്കുന്ന ഉറുമ്പ്, എലി, മാന്‍, മുയല്‍, പുലി, സിംഹം, പൂച്ച, കടുവ, കുരങ്ങു, കുതിര, ഒട്ടകം, പശു, ആട്, മുള്ളന്‍ പന്നി തുടങ്ങിയ ലക്ഷോപലക്ഷം ജീവജാലങ്ങളെ മനുഷ്യന്‍ കണ്ടു പഠിക്കേണ്ടതാണ്. അവയെ ഒക്കെ തുടര്‍ന്നും ജീവിയ്ക്കാന്‍ അനുവദിയ്ക്കെണ്ടാതാണ്
    ആയതിനാല്‍, തികച്ചും അനാവശ്യവും, പരിസ്ഥിതിവിരുദ്ധവും, മനുഷ്യന്റെ സ്വാര്‍ഥതയും ആയ കൃഷി എന്ന ഏര്‍പ്പാട് നിര്‍ത്ത്തലാക്കുന്നതിനു വേണ്ടിയായിരിക്കും സമരസമിതിയുടെ അടുത്ത പോരാട്ടം.

    "പഴശ്ശിയുടെ തന്ത്രങ്ങള്‍ കമ്പനി കാണാന്‍ ഇരിക്കുന്നതേയുള്ളൂ. "

    ReplyDelete
  2. എനിക്ക് ഇത് നന്നായി ബോധിച്ചു. എവിടെയോ മറഞ്ഞിരിക്കുന്ന ആപത്തിനെകാട്ടി രാഷ്ട്രീയ മുതലെടുപ്പിന് ശ്രെമിക്കുന്ന പൊള്ള രാഷ്ട്രീയക്കാര്‍ക്ക്‌ ഉള്ള നല്ല ലേഖനം.... അതേ വേഗം നിരോധിക്കു ഗതാഗതം

    ReplyDelete
  3. വരട്ടെ, കാണാം,
    ഞാന്‍ സുപ്രീംകോടതിയുടെ നിലപാടുകള്‍ക്കൊപ്പമാണ്. ജനങ്ങളുടെ ആശങ്ക ദൂരികരിക്കൂ, പദ്ധ
    തി നടപ്പാക്കൂ അത്രേയുള്ളൂ!!

    ReplyDelete
  4. ആണവനിലയം മാത്രമേ ഉളൂ ഒരു ബദല്‍ സംവിധാനം. എല്ലാ വികസിത രാജ്യങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തികൊണ്ടിരിക്കുന്ന സംവിധാനം തന്നെ ഇന്ത്യയില്‍ വേണം എന്ന് എന്താണിത്ര നിര്‍ബന്ദം. അപ്പോള്‍ ഇത് വെറും ഊര്‍ജഉല്‍പാദനം മാത്രം ലക്‌ഷ്യം വെച്ചല്ല. ജഗദീഷിന്‍റെ ബ്ലോഗില്‍ ഇതിനെകുറിച്ച് വിശദമായി പറയുന്നുണ്ട്. വായിക്കുമല്ലോ.

    എന്തായാലും ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു.

    ReplyDelete
  5. രണ്ടാഴ്ച്ചമുമ്പ് തന്നെ
    ഒരു മൊബൈൽ വായന
    നടത്തിയെങ്കിലും സമയക്കുറവു
    കാരണം അഭിപ്രായിക്കാൻ ഇന്നേ ആയുള്ളൂ...!

    ആക്ഷേപഹാസ്യത്തിൽ കൂടിയാണെങ്കിലും
    തികച്ചും വേറിട്ട ഇത്തരം ചിന്താഗതികൾക്ക്
    ഒരു പ്രത്യേക അഭിവാദ്യങ്ങൾ കേട്ടൊ സഖേ...

    സാധാരണക്കാരുടെതിൽ നിന്നും ‘ഐ.ക്യൂ’ ലെവൽ
    കൂടുതലുണ്ടാകുമ്പോഴാണല്ലോ, അവരുടെയൊക്കെ തലച്ചോറിൽ
    ‘ക്രിയേറ്റിവിറ്റിയുടെ’ അംശങ്ങൾ കൂടൂതൽ പ്രസരിച്ച് പല നവീനീനമായ
    ആശയങ്ങൾ ഉടലെടുത്ത് അവയൊക്കെ പ്രാപ്തമാക്കി ലോകത്തിന് മുഴുവൻ
    ഗുണവും ദോഷവുമൊക്കെ പിന്നീടുണ്ടാക്കി തീർക്കുക ...അല്ലേ ഭായ്......

    അപ്പോൾ പറഞ്ഞുവരുന്നത് അംജിതൊക്കെ ഈ ‘ഐ.ക്യൂ’ലെവൽ കൂടുതലുള്ള
    ഗണത്തിൽ പെട്ടൊരുവനായതുകൊണ്ട് ഇതല്ല ഇതിനപ്പുറവും പടച്ചു വിടും ...!

    ReplyDelete
  6. മനുഷ്യന്‍ തീയെ മെരുക്കാന്‍ പഠിച്ച നാള്‍ മുതല്‍, ചക്രം കണ്ടു പിടിച്ച നാള്‍ മുതല്‍ , ഒവ്വൊരു കണ്ടുപിടിത്തവും ,എല്ലായ്പ്പോഴും ഗുണത്തോടൊപ്പം ദോഷവും ചെയ്തിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിന് ശേഷം വന്ന മാറ്റങ്ങള്‍ അതോടൊപ്പം കൊണ്ടുവന്നത് പ്രകൃതിക്ക് മേല്‍ കൂടുതല്‍ ദുരിതങ്ങളാണ്. ഈ റിയാക്ടര്‍ പൊട്ടി തെറിക്കില്ല, ആണവ വികിരണം ഉണ്ടാകില്ല എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. ഇത് വായിച്ചു കഴിഞ്ഞു തൊട്ടടുത്ത നിമിഷത്തില്‍ താങ്കളും ഞാനും ജീവനോടെ ഉണ്ടാവുമെന്ന് പറയാനും എനിക്ക് കഴിയില്ല. ഓരോ നിമിഷവും പ്രവചനാതീതം ആണ്. അടുത്ത സൂര്യോദയം കാണാന്‍ ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ , ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അടുത്ത ദിവസം പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തെ ഇത്ര ഭയം? hope for the best- not the worst.
    http://articles.economictimes.indiatimes.com/2012-08-08/news/33100893_1_reactor-pressure-vessel-pmo-v-narayanasamy-fuel-bundles

    http://www.thehindu.com/news/states/tamil-nadu/article2640076.ece

    http://www.firstpost.com/india/why-the-kudankulam-protesters-have-it-all-wrong-253669.html

    http://www.world-nuclear.org/info/inf17.html

    ഫുകുഷിമയ്ക്ക് ശേഷം ഉണ്ടായ വികാരപ്രക്ഷുബ്ധത ഒന്നടങ്ങിയാല്‍ ജപ്പാന്‍ പോലും അവരുടെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു തരാം. ഇപ്പോള്‍ പറയുന്നത് കാര്യമാക്കേണ്ട.

    ReplyDelete
  7. യോജിക്കാനാവുന്നില്ല...

    ReplyDelete
  8. ശരിയാണ്..
    വികസിതരാജ്യങ്ങള്‍ എന്തുചെയ്യുന്നുവെന്ന് മാത്രം നോക്കി ഇന്നതുചെയ്യണംന്ന് നിശ്ചയിക്കണംന്നില്ല.
    നമുക്കനുയോജ്യമായ സ്രോതസ്സുകള്‍ കണ്ടെത്താന്‍ പറ്റണം.
    കണ്ടെത്തണമെന്നൊന്നുമില്ല.
    ബദല്‍സംവിധാനങ്ങള്‍ക്കായുള്ള മുറവിളികള്‍ എമ്പാടുമുണ്ടല്ലോ..
    അതിനു ചെവികൊടുത്താല്‍മതി...

    ReplyDelete
  9. അംജിതേ,

    “കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു...
    ഈ വരുന്ന മാർച്ച് മാസം 3 ന്
    രാവിലെ 10 മണി മുതൽ 3 മണി വരെ
    തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്
    ഇത് സംഘടിപ്പിക്കുന്നത്.“

    നാട്ടിലുണ്ടെങ്കിൽ പോകാൻ മറക്കണ്ട കേട്ടൊ

    ReplyDelete

Comments Please

Ratings and Recommendations by outbrain