January 08, 2015

സ്നേഹിയ്ക്കാന്‍ മറന്നു പോവുന്ന മതജീവികളോട്മതവിശ്വാസികളെ ,
ഈയടുത്തുണ്ടായ രണ്ടു കൂട്ടക്കൊലകളുടെ അന്തരീക്ഷത്തില്‍ മുസ്ലീം സുഹൃത്തുക്കളോട് പ്രത്യേകമായി പറയുകയാണ്‌ . എന്ന് വെച്ച് , ഹിന്ദു , ക്രിസ്ത്യന്‍ , ബുദ്ധന്മാരെ ഒന്നും ഒഴിവാക്കി എന്ന് അതിനര്‍ത്ഥം ഇല്ല . തീവ്രമതവിശ്വാസം പൊട്ടി ഒഴുകി ഇതരമനുഷ്യരോട് വിദ്വേഷം പുലര്‍ത്തുന്ന പാഷണത്തില്‍ കൃമികള്‍ നിലനില്‍ക്കുന്ന എല്ലാ സമൂഹങ്ങളോടുമായാണ് എനിയ്ക്ക് പറയാനുള്ളത് .
മതവിശ്വാസികള്‍ എല്ലാവരും മതഭ്രാന്തന്മാര്‍ ആണെന്നോ , നിങ്ങളുടെത് ഒഴിച് മറ്റെല്ലാ മതങ്ങളില്‍ വിശ്വസിയ്ക്കുന്നവരോട് വെറുപ്പും വൈരാഗ്യവുമായി നടക്കുന്നവര്‍ ആണെന്നോ എനിയ്ക്ക് അഭിപ്രായമില്ല . എങ്കിലും, നിങ്ങള്‍ക്കിടയില്‍ ചിലരുണ്ട് - മതം മൂത്ത് കണ്ണ് കാണാതായവര്‍ . പരലോകഭീതിയില്‍ ഈ ലോകം കാണാതെ പോകുന്നവര്‍ . ഈ ലോകത്ത് അവനവന്റെ മതം മാത്രം മതിയെന്നും ശരിയെന്നും കരുതി ജീവിയ്ക്കുന്നവര്‍ . ഒരു പക്ഷേ, അവര്‍ ആകെയുള്ള വിശ്വാസികളില്‍ ഒരു ന്യൂനപക്ഷം ആയിരിക്കാം . ഹിന്ദു ആവാം , മുസ്ലീം ആവാം, ക്രിസ്ത്യാനി ആവാം , ജൂതനാവാം , ബൌദ്ധനാവാം . പക്ഷേ, അങ്ങനെ ഉള്ളവര്‍ നിങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ട് . 
അത് കൊണ്ട് തന്നെ , നിങ്ങളെ ഞാന്‍ ഒരു കാര്യം ഓര്‍മിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു . കുറെ കൊല്ലങ്ങള്‍ക്ക് മുന്പ് സ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ പറഞ്ഞു തന്നതാണ് . ഒരു പെട്ടി തക്കാളിയില്‍ ഒരു ചീഞ്ഞ തക്കാളി ഉണ്ടെങ്കില്‍ അത് പെട്ടിയിലെ ബാക്കി തക്കാളിയേ കൂടി ചീത്തയാക്കും . ഇംഗ്ലീഷില്‍ പറഞ്ഞാല്‍ a rotten apple laid among sound apples will rot all the rest. സാറുമ്മാര്‍ക്ക് സാധാരണക്കാരായ വിദ്യാര്‍ഥികളോട് സംവദിയ്ക്കാന്‍ അനുയോജ്യമായത് തക്കാളി ആണെന്ന് തോന്നിയത് കൊണ്ട് അവര്‍ ആപ്പിളിന് പകരം തക്കാളി ഉപയോഗിച്ചു . നിങ്ങള്‍ക്കിടയിലെ ചീഞ്ഞ തക്കാളിയെ നിങ്ങള്‍ തിരിച്ചറിഞ്ഞു പുറത്തു കളഞ്ഞില്ലെങ്കില്‍ നിങ്ങളും ചീത്തയാവും - ഒരു സംശയവും വേണ്ട . മൈ നെയിം ഈസ്‌ ഖാന്‍ - ഐ ആം നോട് എ ടെററിസ്റ്റ് എന്നോ, മൈ നെയിം ഈസ്‌ കൃഷ്ണന്‍ കുട്ടി, ഐ ആം നോട് അ സംഘി എന്നോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല . പേര് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ തീരുമാനിയ്ക്കും - ഇവന്‍ അത് തന്നെ സാധനം എന്ന് . നിങ്ങള്‍ ജീവിയ്ക്കുന്ന സമൂഹത്തിലെ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ക്കെതിരെ നിങ്ങള്‍ പ്രതികരിയ്ക്കുന്നില്ല എങ്കില്‍, അത് കുറ്റകരമായ അനാസ്ഥയാണ് , നിങ്ങള്‍ ആ തീവ്രവാദികളോളം തന്നെ കുറ്റവാളികളും ആണ് . അക്ഷരത്തോടും മനുഷ്യരാശിയോടും ഒരു പോലെ വൈരികളായ പ്രഭാഷകന്മാര്‍ പറയുന്നത് കേട്ട് വഴി തെറ്റി പോവുന്നതിനു പകരം അവര്‍ പറയുന്നത് തെറ്റാണ് എന്ന് ഉറക്കെ പറഞ്ഞു എതിര്‍ക്കുന്നതാണ് ഈ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഏക വഴി. ശശികല എന്നോ, സക്കീര്‍ നായിക് എന്നോ ഒക്കെ വിഷ സര്‍പ്പങ്ങള്‍ക്ക് പേരുണ്ടാവാം . എങ്കിലും വിഷം വിഷം തന്നെയാണ് .
കുറെ കാലം മുന്പ് നടന്ന ഒരു സംഭവം പറയാം .
അഞ്ചാം ക്ലാസ്സിലെ നാല് ഡിവിഷനില്‍ ഒന്നിന്റെ ക്ലാസ്സ്‌ ലീഡര്‍ ആയിരുന്നു എന്‍റെ സ്നേഹിതന്‍ വിനയന്‍ . വിനയന്റെ ക്ലാസ്സില്‍ ഇരുന്നു സംസാരിച്ച കുറച്ചു കുട്ടികളെ അധ്യാപകര്‍ക്ക്‌ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ ക്രമസമാധാനപാലനത്തിന്റെ ചുമതല ഉള്ള വിനയനെ ഉത്തരവാദിത്വബോധം പ്രേരിപ്പിയ്ക്കുന്നു . സ്റ്റാഫ്‌ റൂമില്‍ ചെന്ന് ആദ്യം കണ്ട അധ്യാപകനോട് വിനയന്‍ കാര്യം അവതരിപ്പിച്ചു .

" മാഷേ, കുറച്ചു മുസ്ലീം കുട്ടികള്‍ ക്ലാസ്സിലിരുന്നു വര്‍ത്തമാനം പറയുന്നു . മിണ്ടാതിരിയ്ക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല "

പടെ പടെ പടെ ന്നു മൂന്നടി വിനയന്റെ തുടയില്‍ വീണു - അടിയും വടിയും നിരോധിയ്ക്കാത്ത കാലത്താണ് സംഭവം .
വിദ്യാര്‍ഥികളില്‍ ഹിന്ദു വിദ്യാര്‍ഥി , മുസ്ലീം വിദ്യാര്‍ഥി , ക്രിസ്ത്യന്‍ വിദ്യാര്‍ഥി എന്നൊന്നും ഇല്ല അധ്യാപകന് . എല്ലാവരും വിദ്യാര്‍ഥികള്‍ മാത്രമാണ് . അഞ്ചാം ക്ലാസ്സിലെ ഒരു വിദ്യാര്‍ഥി മുസ്ലീം സഹപാഠി, ഹിന്ദു സഹപാഠി എന്നൊക്കെ തരം തിരിച്ചു കാണുന്നു എന്നറിഞ്ഞപ്പോള്‍ , ആ ഒരു 'വേറിട്ട കാഴ്ചപ്പാട് ' മാറ്റിയെടുക്കാന്‍ അദ്ധ്യാപകന്‍ കൊടുത്ത ഒരു മരുന്നാണ് ആ അടി . എത്ര വൈകി കിടന്നാലും, എത്ര തന്നെ സുഖമില്ലെങ്കിലും അമ്പലത്തില്‍ പോകണം എന്ന ലക്ഷ്യത്തോടെ അതിരാവിലെ എഴുന്നേല്‍ക്കുന്ന , അമ്പലക്കമ്മിറ്റി ഭാരവാഹി ആയ ഒരു ഹിന്ദുമത വിശ്വാസി ആണ് ആ അദ്ധ്യാപകന്‍ . അല്ലാതെ , നിരീശ്വരവാദിയൊന്നുമല്ല . ഇന്നിപ്പോള്‍ , ഇങ്ങനെ നിങ്ങളോട് പറയാനുള്ള ആര്‍ജ്ജവവും ഊര്‍ജ്ജവും ആ അധ്യാപകനാണ് എനിയ്ക്ക് നല്‍കിയത് . എന്‍റെ അച്ഛനാണ് അദ്ദേഹം .
ഇന്നാണ് ഇത് നടക്കുന്നത് എങ്കില്‍ എന്താണ് സംഭവിയ്ക്കുക എന്ന് ചിന്തിയ്ക്കാന്‍ പ്രയാസമാണ് . പത്തൊന്‍പതു കൊല്ലം കൊണ്ട് അത്രയേറെ വര്‍ഗ്ഗീയ ധ്രുവീകരണം നടന്നു കഴിഞ്ഞിരിയ്ക്കുന്നു. സെക്കുലര്‍ എന്ന വാക്ക് പോലും മതഭ്രാന്തന്മാരേ വിറളി പിടിപ്പിക്കും . ചീഞ്ഞ തക്കാളികള്‍ അത്രയേറെ മറ്റു തക്കാളികളെ സ്വാധീനിചിരിയ്ക്കുന്നു . പില്‍ക്കാലത്ത്‌ വിനയന്റെ കാഴ്ചപ്പാട് എന്തായി എന്നറിയില്ല . എങ്കിലും ആ സന്ദേശം ക്ലാസ്സില്‍ മുഴുവനും എത്തി എന്ന് കരുതാം . ആരെങ്കിലുമൊക്കെ ഉള്‍ക്കൊണ്ടിട്ടുമുണ്ടാവാം . അഞ്ചാം ക്ലാസ്സിനു ശേഷം എട്ടു വര്‍ഷം കഴിഞ്ഞ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വെച്ച് വീണ്ടും കണ്ടു മുട്ടിയ സുമേഷ് ആണ് എന്നോട് ഈ സംഭവം പറയുന്നത് .
പറഞ്ഞു വരുന്നത്, മതം പോലെ ഒരു സിസ്റ്റത്തിന്റെ പുറമേ നിന്ന് കൊണ്ട് അതിനുള്ളിലെ കുഴപ്പങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയില്ല . പുറമേ നിന്ന് അത് പരിഹരിയ്ക്കാന്‍ ശ്രമിച്ചാല്‍ അത് മുഷിച്ചിലാവും - അകത്തും പുറത്തും ഉള്ളവര്‍ക്ക് . തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനും, തെറ്റായ വഴിയ്ക് പോവുന്ന ചെറുപ്പക്കാരെ തിരുത്താനും അതിനുള്ളില്‍ നിന്ന് മാത്രമേ സാധ്യമാവൂ . പാമ്പിന്‍ വിഷത്തിനു പ്രതിവിധി പാമ്പിന്‍ വിഷം തന്നെയാണ് . വിശ്വ്വാസം എന്ന പേരിലുള്ള തോന്നിവാസങ്ങള്‍ ഇല്ലാതാകാന്‍ വിശ്വാസികള്‍ തന്നെ മുന്നിട്ടിറങ്ങണം . മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും നേരെ നിസ്സംഗമായി നില്‍ക്കുന്ന, തീരെ പ്രതികരിയ്ക്കാത്ത, പരോക്ഷമായി, ചിലപ്പോഴെങ്കിലും പ്രത്യക്ഷമായി ആ ചെയ്തികളെ ന്യായീകരിക്കുന്ന ഭൂരിപക്ഷം വരുന്ന ലിബറല്‍ മതവിശ്വാസികള്‍ എന്ന് പറയപ്പെടുന്നവര്‍ തന്നെയാണ് ഈ അപചയങ്ങള്‍ക്കെല്ലാം കാരണം . 
എങ്കിലും , ഇനിയും വൈകിയിട്ടില്ല - മതം എന്ന് പറഞ്ഞു കാണിച്ചു കൂട്ടുന്ന പേക്കൂത്തുകളെ വിശ്വാസികള്‍ ആയിട്ടുള്ളവര്‍ എതിര്‍ത്താല്‍ അവര്‍ക്ക് തന്നെ രക്ഷപ്പെടാം . അല്ലാത്ത പക്ഷം , നേരത്തെ സൂചിപ്പിച്ചത് പോലെ മൈ നെയിം ഈസ്‌ ഖാന്‍ - ഐ ആം നോട് എ ടെററിസ്റ്റ് എന്നോ, മൈ നെയിം ഈസ്‌ കൃഷ്ണന്‍ കുട്ടി, ഐ ആം നോട് അ സംഘി എന്നോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല. പക്ഷേ, അത് നിങ്ങളുടെ നിസ്സംഗതയുടെയും മൌനത്തിന്റെയും പരിണിതഫലം തന്നെയാണ് . തീവ്രവാദികളെ സൃഷ്ടിയ്ക്കുന്നത് നിങ്ങളുടെ മൌനമാണ് . പീകെ പറയുന്നത് പോലെ റോംഗ് നമ്പരുകളെ റോംഗ് നമ്പര്‍ ആണെന്ന് പറഞ്ഞ് നിലയ്ക്ക് നിര്‍ത്തിയാല്‍ നേരെയാവാന്‍ ഉള്ളതെയുള്ളൂ സമൂഹം . എനിയ്ക്ക് വിശ്വ്വസമുണ്ട്.

വെറുക്കാനും കൊല്ലാനും പ്രേരിപ്പിയ്ക്കുന്ന മതബോധം ആണോ , സ്നേഹിയ്ക്കാനും സഹിഷ്ണുവാകാനും പഠിപ്പിയ്ക്കുന്ന മതബോധമാണോ നിങ്ങളുടേത് എന്ന് എനിയ്ക്കറിയില്ല . ഞാന്‍ ഈ പറഞ്ഞതൊക്കെ ഭക്തി, ദൈവം, അന്തിമാവിചാരണ , പരലോകം, ചിത്രഗുപ്തന്റെ കണക്കുപുസ്തകം തുടങ്ങിയ സങ്കല്പങ്ങള്‍ വല്ലാതെ അലട്ടുന്നത് മൂലം നിങ്ങള്‍ക്കാര്‍ക്കെങ്കിലും അസഹ്യമായ വിധം അരോചകമായി തോന്നുന്നു എങ്കില്‍ ദയവു ചെയ്തു എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുക  . എനിക്കും നിങ്ങള്‍ക്കും അതായിരിയ്ക്കും സൗകര്യം. 


January 02, 2015

പാതി പറഞ്ഞൊരു മുത്തശ്ശിക്കഥ

"പണ്ട് പണ്ട് ദൂരെ ദൂരെയൊരു  രാജ്യത്ത് ... , 
സുന്ദരിയായൊരു രാജകുമാരി ഉണ്ടായിരുന്നു .
സുന്ദരി എന്ന് പറഞ്ഞാല്‍ ..,
കാട്ടുതേന്‍ തോല്‍ക്കുന്ന നിറം ,
ഇടവപ്പാതിയിലെ മേഘം നാണിച്ചു പോകും കുമാരിയുടെ നീണ്ടു ചുരുണ്ട മുടി കണ്ടാല്‍.
മഷിയെഴുതാതെ തന്നെ കണ്ണുകള്‍ അതീവ സുന്ദരം - നീണ്ടു വിടര്‍ന്ന് നല്ല രസമാണ് കാണാന്‍ 
എള്ളിന്‍റെ പൂ പോലത്തെ മൂക്ക്"


" എള്ളിന്റെ പൂവോ , അങ്ങനത്തെ പൂവുണ്ടോ ?"
"അങ്ങനേം ഒരു പൂവുണ്ട് .. ഞാനും കണ്ടിട്ടില്ല"

"തൊണ്ടിപ്പഴം പോലത്തെ ചുണ്ട്, മുറുക്കി ചുവപ്പിച്ച പോലെ ഇരിക്കും - എന്താ ചന്തം !"
" തൊണ്ടിപ്പഴമോ?"
"അതേടാ ചെക്കാ, അങ്ങനേം ഒരു പഴമുണ്ട് "
"മുറുക്കാന്‍ പാടില്ലാന്നാണല്ലോ ടീച്ചര്‍ പറഞ്ഞത് .. ഈ രാജകുമാരി മുറുക്ക്വോ?"
"നിനക്ക് വേണേല്‍ കേട്ടാമതി .. അല്ലെങ്കീ ഞാനിപ്പോ കഥ നിര്‍ത്തും ."
"ശരി ശരി .. കഥ പറയ്"
"ങ്ഹാ"

"അങ്ങനെ സുന്ദരിയായ രാജകുമാരി , ഒരു ദിവസം കൂട്ടുകാരികളോടൊപ്പം അങ്ങ് ദൂരെ നോക്കെത്താദൂരത്തെ മാനം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ മലയുടെ ചെരിവിലെ വാടാത്ത പൂ വിരിയുന്ന പൂന്തോട്ടത്തില്‍ പൂ നുള്ളാന്‍ പോയി ." 
"ഉം .."
"കാട് കടന്ന്, മേട് കടന്ന്, കളിച്ചു ചിരിച്ച് , കുമാരിയും തോഴിമാരും പോവുന്ന വഴിക്കൊരു പൊയ്കയുണ്ട് . പഞ്ചവര്‍ണ്ണത്തില്‍ താമരപ്പൂ വിരിയുന്ന , നോക്കിയാല്‍ മുഖം കാണുന്ന തെളിനീരുള്ള ഒരു താമരപ്പൊയ്ക ."

"അഞ്ചു നിറോ.. !!? "
"ഉം .. മഴവില്ലിന്റെ രണ്ടു നിറം കുറവ് .. അങ്ങനത്തെ പൂക്കള്‍ . മക്കള് കണ്ടിട്ടില്ലേ ?"
"ഇല്ലാ "
"ഞാനും കണ്ടിട്ടില്ല, എങ്കിലും നല്ല ഭംഗിയാ"

"കുമാരിയ്ക്ക് താമരപ്പൂ വലിയ ഇഷ്ടമാണ് . താമരപ്പൂ , അതും പഞ്ചവര്‍ണ്ണപ്പൂ കണ്ടപ്പോ കുമാരി പിന്നെ മുന്നും പിന്നും നോക്കിയില്ല . കൂട്ടുകാരികള്ടെ കൂടെ, പട്ടുപാവാട അരയില്‍ കുത്തി , കൊലുസ്സും വളയും കിലുക്കി പൊയ്കയില്‍ പൂ പറിയ്ക്കാന്‍ ഇറങ്ങി .
അപ്പോഴതാ പെട്ടെന്ന് ആകാശത്തെ മേഘങ്ങളൊക്കെ രണ്ടായി പകുത്ത് ഒരു പറക്കും കുതിര താഴോട്ട് കുതിച്ചു പറന്നു വരുന്നു . 
കുതിരപ്പുറത്ത്‌ ആരാ വന്നതെന്നറിയ്യ്വോ - പോയ്കയുടെ കാവല്‍ക്കാരനായ ഗന്ധര്‍വന്‍ ."

"നിര്‍ത്ത് നിര്‍ത്ത് ..വെറുതെ നുണ പറയാ .. പറക്കുന്ന കുതിരയോന്നും ഇല്ല . ഈ കഥ പൊട്ടക്കഥയാ "
"പോ ചെക്കാ , പറക്കുന്ന കുതിരയുണ്ട്ന്നു .."
"ഇല്ലാ .. ഇല്ലാ .. ഇല്ലാ .."
"വേണേങ്കീ വിശ്വസിച്ചാ മതി . രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രിയ്ക്ക് തല മാറ്റി വെച്ച കഥയ്ക്ക്‌ ശാസ്ത്രസാധൂകരണം കൊടുക്കാം . ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പുഷ്പക വിമാനം ചര്‍ച്ചക്കെടുക്കാം. എനിക്കൊരു കഥ പറയാന്‍ പറ്റില്ല .. ഇതെവിടുത്തെ ന്യായം .. കിടന്നുറങ്ങാന്‍ നോക്ക് ചെക്കാ.. നിനക്കിനി കഥയുമില്ല പാട്ടുമില്ല ..ഓരോരോ കുനിഷ്ട്‌ ചോദ്യങ്ങളേ .. അടി കിട്ടാത്തതിന്റെ കേടാ .. പിള്ളേരെയൊന്നും സ്കൂളില്‍ ചേര്‍ക്കണ്ടായിരുന്നു. ഒക്കെത്തിനും വിവരം വെച്ച് പോയി. "Ratings and Recommendations by outbrain