April 22, 2011

വേനല്‍ മഴ

കാട്ടാനക്കൂട്ടം മലഞ്ചെരുവിലേക്ക്  പടര്‍ന്നിറങ്ങിയത്  പോലെ കാര്‍മേഘശകലങ്ങള്‍ കിഴക്കേ അതിരിലൂടെ ആകാശത്തേക്ക് പടര്‍ന്നു കയറിയത്  അറിഞ്ഞില്ല..
തണുത്ത ഭാരമേറിയ കാറ്റ് നിലം  പറ്റെ  വീശിയടിച്ചതും  അറിഞ്ഞില്ല..
കാശിയ്ക്കു പോകാന്‍ കൂടെയിറങ്ങിയ കൂട്ടുകാരന് മെയ്മറന്നു തുണ  നില്‍ക്കാതെ  കരിയിലകള്‍ കൂട്ടത്തോടെ പറന്നകന്നതും ‍ അറിഞ്ഞില്ല...
പൂക്കള്‍ നിറഞ്ഞു തല കുനിച്ചു നിന്ന വാകമരച്ചില്ല, മുക്രയിട്ടു നുരമാന്തുന്ന കാളക്കൂറ്റനെ   പോലെ തല കുലുക്കിയതും അറിഞ്ഞില്ല ..
 ഉച്ചനേരം    അല്പം പോലും പാഴാക്കാതെ വെയില്‍  കാഞ്ഞിരുന്ന  പക്ഷികള്‍ പിന്നേക്ക് പറയാന്‍ വെച്ചിരുന്ന വിശേഷങ്ങള്‍ ഒന്നൊന്നായി ഉച്ചത്തില്‍ ചൊല്ലിയാര്‍ത്ത് ഏതൊക്കെയോ മരക്കൊമ്പില്‍ കൂടണഞ്ഞതും അറിഞ്ഞില്ല ..
ഒരു തുള്ളിയായി തുടങ്ങി , പലതുള്ളിയായി പെരുകി ചന്നം പിന്നം ആര്‍ത്തലച്ചു മഴ മണ്ണോടു ചേര്‍ന്നോഴുകിയതും അറിഞ്ഞില്ല ..

എങ്കിലും മഴയ്ക്ക്‌ കഴിയുമോ, ഞാന്‍ അറിയാതെ  പൊഴിയുവാന്‍ .. 
ഒരു പാട് നാളില്‍ മഴയ്ക്ക്‌ കൂട്ടായി കുട വിടര്‍ത്താതെ നനഞ്ഞു കുതിര്‍ന്നു ഒപ്പം നടന്ന എന്നെ മറക്കുവാന്‍ ..
ആളയച്ചൂ മഴ, കിഴക്കന്‍ കടലില്‍ നിന്നും കൂട്ടായി പോന്ന വായാടി കാറ്റിനെ..
കാറ്റ് വന്നുപചാരം ചൊല്ലി ഉണര്‍ത്തിച്ചൂ, പുതുമണ്ണിന്റെ ഗന്ധം ..
ഞാന്‍ എന്നേ മറന്നൂ .. മുന്നിലിരുന്നു പല്ലിളിക്കുന്ന ജോലിത്തിരക്കിനെ തീര്‍ത്തും മറന്നു..
ജനലിനരികില്‍ , കാരാഗൃഹത്തിലെ നിസ്സഹായനായി എന്നേ മാറ്റിയ ജനലഴികള്‍ക്കപ്പുറം ഞാന്‍ കണ്ടു ,    എന്റെ കളിക്കൂട്ടുകാരനെ ..
പ്രായമേറാത്ത മഴയെ..
കാലത്തിന്റെ പിരിയന്‍ ഗോവണികളില്‍ എവിടെയോ കൊഴിഞ്ഞു വീണ എന്റെ ബാല്യകൌമാരങ്ങളെ ..
ചിരിച്ചു കൊണ്ട് പൊഴിഞ്ഞു വീണ മഴത്തുള്ളികള്‍ക്കൊപ്പം എന്റെ കണ്ണില്‍ നിന്നും അടര്‍ന്നു..
നഷ്ടസ്വര്‍ഗ്ഗങ്ങള്‍ക്ക് തര്‍പ്പണം ചെയ്തു കൊണ്ട് രണ്ടിറ്റു കണ്ണുനീര്‍ 


April 10, 2011

വേനല്‍ കെടുതി


ശൂന്യതയാണ് ചുറ്റിനും ,
വഴിതെറ്റിയ പായ്ക്കപ്പലിനെ പോലെ ,
ദിശ ഇലാത്ത സഞ്ചാരിയെ പോലെ 
എനിക്കറിയില്ല , ഇനി എങ്ങോട്ടെന്നു ..
എന്ത് ചെയ്യണം എന്ന് ..
എന്റെ കൈകളിലും , കണ്ണുകളിലും 
മനസ്സിലും ശൂന്യതയാണ് 

എങ്കിലും , ഞാന്‍ പ്രതീക്ഷ കൈ വിടുന്നില്ല...
മരുഭൂമിയില്‍  ഇനിയുമൊരു മഴ പെയ്യും.. 
അതിനു പിറകെ ഒരു പൂക്കാലം 
 പുഞ്ചിരിച്ചു കൊണ്ട് കടന്നു വരും...
നിറക്കൂട്ടിനോപ്പം  ഞാനും എത്തും...
  വര്‍ണ്ണ ചിറകുകള്‍ നീര്‍ത്തി വീശി.. 
പുതിയ പൂക്കളെ കാണാന്‍ ..
കണ്ടു പുഞ്ചിരിക്കാന്‍ ..
തഴുകി തലോടാന്‍ ...
പഴയ പൂക്കളെ കാണാന്‍ ..
കിന്നാരം പറയാന്‍ ..
കൈകോര്‍ത്താടാന്‍ ...
എല്ലാം മറന്നു പൊട്ടിച്ചിരിക്കാന്‍ ..
ഒന്ന് കെട്ടിപ്പിടിക്കാന്‍ ..
സ്നേഹം പങ്കു വെക്കാന്‍ ...
എനിക്കറിയില്ല, ഞാന്‍ കാത്തിരിക്കുന്ന  മഴ എന്ന് പെയ്യുമെന്ന് ..!
ഇനിയും വരാത്തൊരു പൂക്കാലം എന്ന് വന്നു ചേരുമെന്ന് ..!
ഒരു പക്ഷെ നാളെ ,!
അല്ലെങ്കില്‍ മറ്റെന്നാള്‍ ..!
അല്ലെങ്കില്‍ അതിനും അപ്പുറത്ത് ,
വിചാരിച്ചിരിക്കാതെ...
എല്ലാ പ്രതീക്ഷയും വറ്റി വരണ്ടു 
എന്റെ മനസ്സ് വിണ്ടു കീറുമ്പോള്‍ ...
എങ്കിലും എനിക്കുറപ്പാണ് ..
മഴ പെയ്തിരിക്കും ...

മഴയ്ക്ക് പിറകെ വരുന്ന,
കണ്ണിനു കുളിര്‍മയേകുന്ന ..
പാലക്കാടന്‍ പച്ചയ്ക്ക് 
അകമ്പടി കൂടുന്ന 
പൂക്കാലവേളയില്‍ ‍,
ഇനിയും കാണാം..

എലാവര്‍ക്കും നന്ദി.. ഇനിയും കാണും വരെ നന്മകള്‍ ആശംസിക്കുന്നു ..

Ratings and Recommendations by outbrain