December 31, 2010

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും ഒന്ന്

മൂന്ന് വീരയുവാകള്‍ ..!!
സിമെന്റിന്റെ പരസ്യത്തിലെ ചുമര് തകര്‍ന്നാലും  തകരില്ലെന്നുറപ്പുള്ള  സൌഹൃദത്തിന്റെ വക്താക്കാള്‍.
ഉടായിപ്പുകള്‍ക്കും, ഉപകാരങ്ങള്‍ക്കും ഊണിലും, ഉറക്കത്തിലും  ഒരുമിച്ച്. 
പക്ഷെ മൂവരും അസ്വസ്ഥരാണ്.
കാര്യം നിസ്സാരം!! ചെത്ത് തെങ്ങില്‍ നിന്നും കള്ള് കട്ട് കുടിക്കുക, വഴിയെ പോകുന്ന പെണ്‍മണികളെ കമന്റ്‌ അടിക്കുക, അമ്പലത്തിന്റെ ഭാണ്ടാരത്ത്തില്‍ നിന്നും കാശെടുക്കുക തുടങ്ങിയ കലാപരിപാടികള്‍ കാലഹരണപ്പെട്ടിരിക്കുന്നു. പോരാത്തതിന് മത്സരിക്കാന്‍ യുവതലമുറയില്‍ നിന്നും ഒട്ടേറെ പേര്‍ മുന്നോട്ടു സധൈര്യം കടന്നു വന്നിട്ടുമുണ്ട്. അത് കൊണ്ട് പുതിയതായിട്ട് എന്തെങ്കിലും വേണം മൂവര്‍ സംഘത്തിനു ബോര്‍ അടിക്കുമ്പോള്‍ തൊട്ടു നക്കാന്‍.
അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ത്രിസന്ധ്യാ നേരത്ത് കുലംകുഷമായ ചര്‍ച്ചയിലാണ് മൂവരും.
"എന്താപ്പോ ചെയ്യാ... ?"ഒന്നാമന്‍  ആത്മഗതം പോലെ മൊഴിഞ്ഞു.
"ഒന്നും ചെയ്യാണ്ടിരുന്നിട്ടു ഒരു രസോം ഇല്ല" രണ്ടാമന്‍  നിരാശാഭൂതത്തെ കുടം തുറന്നു വിട്ടു.
"ഈ നാട്ടില്‍ ഇനി ഒന്നും നടക്കുംന്ന് തോന്നുണില്ലാ"  മൂന്നാമന്‍  സിറ്റുവേഷന്‍ അനലൈസ് ചെയ്തു.
ആലോചന ദീപാരാധനയിലൂടെ അതാഴപ്പൂജ വരെയെത്തുമോ എന്നാണു മൂവരുടെയും സംശയം. 
ആശയസംപന്നനായ രണ്ടാമന്  അധികം ആലോചിക്കാതെ  തന്നെ പോംവഴി മുന്നില്‍ തെളിഞ്ഞു.  
" ബ്രദേഴ്സ്, നമുക്കൊരു യാത്ര പോയാലോ..?" തെളിഞ്ഞ ടുബിന്റെ വെളിച്ചം രണ്ടാമന്‍  കൂട്ടുകാരുമായി പങ്കു വെച്ചു.
"എങ്ങോട്ട്?" ഒന്നാമന്റെയും മൂന്നാമന്റെയും ചോദ്യം കാര്യമാത്ര പ്രസക്തം.
"എങ്ങോട്ടെങ്കിലും" ഉത്തരം രണ്ടാമന് ഉരുളക്കു ഉപ്പേരി. 
"അത് നല്ലതാ, ലക്ഷ്യമില്ലാത്ത യാത്രയാ രസം. ലക്ഷ്യതിലെത്തുംപഴത്തെ നഷ്ട ബോധം ഉണ്ടാവില്ലല്ലോ" മൂന്നാമന്‍ രണ്ടാമനെ പിന്താങ്ങി.
"എന്നാലും......?" ഒന്നാമന് സംശയം.
"ഒരു എന്നാലും ഇല്ല.. നമ്മള്‍ പോവുന്നു, അത്രതന്നെ" രണ്ടും  മൂന്നും ഒന്നിനെ ഒതുക്കി.
"എന്നാല്‍ ശരി, അങ്ങനെ തന്നെ" പ്രഥമന്‍ എഗ്രീ ചെയ്തു.
അങ്ങനെ മൂവരും യാത്രയായി..  സഹ്യനെയും വിന്ധ്യനെയും ഭേദിച്ച് ഹിമവാന്റെ മടിത്തട്ട് വരെ നീണ്ടു സഞ്ചാരം. 
മദ്രാസില്‍ നിന്നും പൊങ്കല്‍-വട, ഹൈദ്രബാദില്‍ നിന്നും ബിരിയാണി, ബോംബെല്‍ന്നു വടപാവ്, അമൃത്സരില്‍ന്നു ലസ്സി, കാഷ്മീരില്‍ന്നു കബാബ് എന്നിങ്ങനെ പലതും കഴിച്ചിട്ടും സംഘത്തിനു തൃപ്തി ആയില്ല. ഇനിയും എന്തോ ബാക്കി എന്നാ തോന്നല്‍ മൂവരെയും വേട്ടയാടി കൊണ്ടിരുന്നു  സദാസമയവും. 
സഞ്ചാരം കാശിയിലെത്തിയപ്പോള്‍ സംഘാംഗങ്ങള്‍ക്ക്  വീണ്ടു വിചാരമുണ്ടായി. "എന്ത് കൊണ്ട് ഭക്തി മാര്‍ഗത്തില്‍ ചരിച്ചു കൂടാ?"
ഭക്തിമാര്‍ഗം വടക്കോട്ടും തെക്കോട്ടും വ്യാപിച്ചപ്പോള്‍ യാത്ര ഹൃഷികേശം, ബദരിനാഥം തുടങ്ങി ശ്രീരംഗം, രാമേശ്വരം വരെ എത്തി.   
ഒടുവില്‍  കെട്ടും കെട്ടി ഭാണ്ടവുമായി മൂവരും കല്ലും മുള്ളും, കാടും മലയും കടന്നെത്തി നീലയില്‍ വെള്ള അക്ഷരങ്ങള്‍ ദേവനാഗരിയിലും മലയാളത്തിലും എഴുതിയ ഒരു ബോര്‍ഡിനു മുന്നില്‍. 
ദേവനാഗരി വിദഗ്ധന്‍ ഒന്നാമന്‍ സംസ്കൃതത്തില്‍ വായിച്ചു "തത്വമസി"!!
ഭാഷാ പണ്ഡിതന്‍ മൂന്നാമന്‍ മലയാളം മൊഴിഞ്ഞു "തത്വമസി"!!
ഭാഷയില്‍ താല്പര്യം ഇല്ലാത്ത രണ്ടാമന്‍ ആഴിയിലെ തീയിലും വാടാത്ത ആലിന്റെ തുഞ്ചത്തെക്ക് കണ്ണ് നട്ട്  ചോദിച്ചു " എന്ന് വച്ചാല്‍ എന്താ സംഗതി?"
വഴിയെ പോയ തല നരച്ച കാര്‍ന്നോരു പറഞ്ഞു "അത് നീ ആകുന്നു"
"ഏത്?" മൂവരും ഒരേ സ്വരത്തില്‍ ഒരുമിച്ച് ചോദിച്ചു.
ആലിന്റെ തുഞ്ചത്തൊരു കാട്ടുതത്ത ചിറകടിച്ചു പറഞ്ഞു "തിരഞ്ഞു വന്ന കോവിലന്‍ നീ തന്നെ"
സന്ധിയും സമാസവും അറിയാവുന്ന മൂന്നാമന്‍  അര്‍ഥം ചികഞ്ഞു " കോവിലന്‍, കോവിലിനകത്തുള്ളവന്‍"
ഗണിതവിശാരദന്‍  രണ്ടാമന്‍ ലഘൂകരിച്ചു " എ സമം ബി, ബി സമം സി, അത് കൊണ്ട് എ സമം സി, സമ്പൂര്‍ണ സോഷ്യലിസം "
ഒന്നാമന്‍ കൊവിലിനകത്തെക്കും, തന്നെയും, മറ്റുള്ളവരെയും മാറി മാറി നോക്കി. എന്നിട്ട് ഹരി നാമ കീര്‍ത്തനം ചൊല്ലി. " ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ....."
മൂന്നാമന്‍  അക്കിത്തത്തെ കൂട്ട് പിടിച്ചു " ഓരോരോ മുഖവും ഞാന്‍ വെവ്വേറെ നിരീക്ഷിച്ചപ്പോഴുണ്ടോരോ മാനവ രൂപവുമോരോ നാരായണരൂപം"
കൊവിലിനുള്ളിലെക്കെത്തി നോക്കി മൂവരും ചോദിച്ചു " ഞാനെന്ന ഞാനും, നീയെന്ന നീയും, പൂവെന്ന പൂവും, പുഴുവെന്ന പുഴുവും ഒന്ന് തന്നെയോ ഓംകാര പൊരുളേ?"
കാടുതാണ്ടി ഉരല്‍കുഴിയില്‍ മുങ്ങി നിവര്‍ന്നൊരു  കാറ്റ് പറഞ്ഞു  "എല്ലാം ഒന്ന് തന്നെ"
മനസ്സിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നൊരു പൊന്‍ താരകത്തെ നോക്കി മൂവരും ഉറക്കെ വിളിച്ചു "സ്വാമിയെ ശരണമയ്യപ്പോ" 
സന്നിധാനത്തും പരിസരത്തും  തിങ്ങി നിറഞ്ഞ പുരുഷാരം അതേറ്റു വിളിച്ചു.
"ഇനി മടങ്ങാം അല്ലെ?" ഒന്നാമന്‍ ചോദിച്ചു.
"ലക്ഷ്യമില്ലാതൊരു ലക്‌ഷ്യം കണ്ടെത്തിയതിന്റെ ആശ്വാസം തോന്നുന്നു, മടങ്ങാം " രണ്ടാമന്‍ പറഞ്ഞു.
ഒന്നും മിണ്ടാതെ മലയിറങ്ങിയ മൂന്നാമന്റെ പുറകെ മറ്റുള്ളവരും നടന്നു.
-ശുഭം- 
inner peace

 image courtesy: Mahmoud, Jerusalem, Palestine Territory,  Occupied. 

15 comments:

 1. ഈ നട്ട പാതിരയ്ക്ക് വെറുതെ ഒന്നു കയറിയിട്ട് പോകാമെന്ന് കരുതി വന്നതാ...,പിടിച്ചിരുത്തി കളഞ്ഞു,
  ഗംഭീരം..

  ReplyDelete
 2. ഹരിനാമ കീത്തനവും അക്കിത്തത്തെയുമൊക്കെ അറിയാവുന്നവർ എന്റെ ഡിസംബർ മാസ കവിതയായ “തത്വമസി” യിലെ ഈ നാലു വരികൾ കൂടി കേൾക്കുക. (ബാക്കി അവിടെ വായിക്കുക.)
  "സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
  സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
  സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
  സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും"

  ReplyDelete
 3. രസകരമായ അവതരണം.
  നല്ലൊരു പുതുവര്‍ഷവും ആശംസിക്കുന്നു.

  ReplyDelete
 4. "അത് നല്ലതാ, ലക്ഷ്യമില്ലാത്ത യാത്രയാ രസം. ലക്ഷ്യതിലെത്തുംപഴത്തെ നഷ്ട ബോധം ഉണ്ടാവില്ലല്ലോ" Nice..

  ReplyDelete
 5. സുബീ, നല്ല അഭിപ്രായത്തിനു നന്ദി.

  കലാവല്ലഭാ, കവിത ഞാന്‍ വായിച്ചു. അഭിപ്രായം അവിടെ കൊടുത്തിട്ടുമുണ്ട്. ഞാനീ ഭക്തിക്കും വിഭാക്തിക്ക് ഇടക്കെവിടെയോ ആയതു കൊണ്ട് അന്ധമായ ഭക്തി പലപ്പോഴും എനിക്ക് ദഹിക്കാറില്ല.

  പ്രിയ റ്റോംസ് , വരവിനും വായനക്കും നന്ദി. വീണ്ടും വരിക. വൈകിയാണെങ്കിലും ഇരിക്കട്ടെ ഒരു പുതുവത്സരാശംസ എന്റെ വകയും.

  നന്ദി ചെറുവാടീ, നല്ലൊരു പുതുവര്‍ഷം തിരിച്ചും നേരുന്നു. വല്ലപോഴുമൊക്കെ വരിക.

  പ്രവാസീ, എന്റെ കൂട്ടുകാര്‍ക്ക് പലര്‍ക്കും ഈ കഥയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സംഗതി അതാ..വരവിനും വായനക്കും നന്ദി. വീണ്ടും വരിക

  ReplyDelete
 6. മദ്രാസില്‍ നിന്നും പൊങ്കല്‍-വട, ഹൈദ്രബാദില്‍ നിന്നും ബിരിയാണി, ബോംബെല്‍ന്നു വടപാവ്, അമൃത്സരില്‍ന്നു ലസ്സി, കാഷ്മീരില്‍ന്നു കബാബ് എന്നിങ്ങനെ പലതും കഴിച്ചിട്ടും സംഘത്തിനു തൃപ്തി ആയില്ല. ഇനിയും എന്തോ ബാക്കി എന്നാ തോന്നല്‍ മൂവരെയും വേട്ടയാടി കൊണ്ടിരുന്നു സദാസമയവും.

  കഞ്ഞീം പൂളയുമല്ലേ..തിന്നാന്‍ ബാക്കിയായത്‌..?ഹ,,ഹ,,ഹ,,

  ReplyDelete
 7. കൂടെ നടക്കാനുള്ള സുഹൃത്തിനു ഇഷ്ടായി എന്നത് എനിക്കും പെരുത്തിഷ്ടായീ..നന്ദി, വീണ്ടും വരിക

  xp ചേച്ചീ... കണ്ടു പിടിച്ചു കളഞ്ഞു അല്ലെ...? പക്ഷെ കഞ്ഞീം പൂളേം അല്ലാ...
  പൂള ബിരിയാണിയാണ് അവര്‍ക്ക് മിസ്സ്‌ ആയത്..
  ഹി ഹി

  ReplyDelete
 8. ശരിക്കും പോയിട്ടുണ്ടോ അങ്ങനെ ഒരു യാത്ര :)

  ReplyDelete
 9. അങ്ങനെ ചോദിച്ചാല്‍ , ഒരു യാത്ര എന്ന് പറയാന്‍ പറ്റില്ല. ഇടയ്ക്കിടയ്ക്ക് ഊര് ചുറ്റല്‍ പതിവാണ്. ആകെ മൊത്തം യാത്രകളുടെ അവിടുന്നും ഇവിടുന്നുമൊക്കെ ചുരണ്ടിയതാണ് ഇത്. എന്തായാലും ആസേതുഹിമാചലം കണ്ടിട്ടുണ്ട്. അവര് ചെയ്തതൊക്കെ ഞാനും ചെയ്തിട്ടുണ്ട്.

  ReplyDelete
 10. ലക്ഷ്യമില്ലാത്തകൊച്ചുയാത്രകളെ എഴുത്തിൽ കൂടി ലക്ഷ്യത്തിലെത്തിച്ചു...!
  പിന്നെ
  അംജിതിനും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 11. ലക്ഷ്യമില്ലാത്ത യാത്ര ആയിരുന്നുവെങ്കിലും ഒടുവില്‍ ലക്‌ഷ്യത്തില്‍ തന്നെ എത്തിചേര്‍ന്നില്ലേ?

  "അത് നീ തന്നെയാണ്" എന്നും "അഹം ബ്രഹ്മാസ്മി" (ഞാന്‍ ബ്രഹ്മമാകുന്നു) എന്നും തിരിച്ചറിഞ്ഞില്ലേ?

  എഴുത്തിന്റെ ശൈലി എനിക്കിഷ്ടമായി. ലളിതവും ആശയവും കൂടിച്ചേരുമ്പോള്‍ വായനക്കാര്‍ക്ക് ഒട്ടും മുഷിവ് തോന്നില്ല. ആശംസകള്‍.

  ReplyDelete
 12. മുരളിയേട്ടാ, വളരെ നന്ദി. ബിലാത്തിയിലെ തിരു കുടുംബത്തിനും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു.

  വായാടി ചേച്ചീ, ലക്ഷ്യമില്ലാത്ത ഈ യാത്രകള്‍ തന്നെയാണ് എന്റെ ലക്‌ഷ്യം. ഇനിയും ഒരുപാട് യാത്രകള്‍ ബാക്കിയുണ്ട്. റോബര്‍ട്ട്‌ ഫ്രോസ്റ്റ് എഴുതിയ വരികള്‍ കേട്ടിട്ടില്ലേ?
  miles and miles to go before I sleep..
  അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.

  ReplyDelete

Comments Please

Ratings and Recommendations by outbrain