December 17, 2010

സംഭവാമി യുഗേ യുഗേ!! ( ഒരു ചോര്‍ത്തല്‍ കഥ)

അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടു മണിക്കൂറും ഇരുപത്തി എട്ടു മിനിട്ടും.., 
ഭൂഗോളത്തിന്റെ ഈ ഭാഗം ഏറെക്കുറെ പൂര്‍ണ്ണമായി ഉറക്കത്തില്‍ മുഴുകിയിരിക്കുന്നു.
ഔദ്യോഗികമായി ഉണര്‍വ്വിന്റെ പാപഭാരം പേറുന്നത് ഞാനും, ദൂരെയെവിടെയോ ഓരിയിടുന്ന ഒരു നായയും, ചന്ദ്രനും, നക്ഷത്രങ്ങളും മാത്രം.
സകല ചരാചരങ്ങള്‍ക്കും, പ്രത്യേകിച്ച് ഒറ്റയ്ക്ക് തൊണ്ട കീറുന്ന ശ്വാനവീരന്, സഹതാപത്തിന്റെ പഞ്ചാരക്കുഴംപിന്മേല്‍ പുഞ്ചിരി കൊണ്ടൊരു അലങ്കാരം വെച്ച ശുഭാരാത്രിയും ആശംസിച്ചു ഈയുള്ളവന്‍ പള്ളിയറ പൂകി.
നാളെത്തെ ലോകപരിപാലനത്തിനു ഇന്ന് വിശ്രമം അത്യാവശ്യം എന്ന്  ഋഷി വാക്യം. തെറ്റിച്ചു കൂടാ.
മുപ്പാരിലും വ്യാപിച്ചു കിടക്കുന്ന നമ്മുടെ ചാരന്മാര്‍ ഒരു പ്രധാന വിഷയം ചോര്‍ത്തി എടുത്തിട്ടുണ്ട്.
നാളെ നമുക്ക് മൂന്നു വി.വി.ഐ.പികളുടെ ആതിഥേയന്‍ ആയി വേഷം കെട്ടി ആടേണ്ടി വരുമെന്ന് ചാര സൂക്തം.
ഐക്യനാടുകള്‍, പഴയ ലോക സാമ്രാജ്യം, മാവോയുടെ നാട് എന്നീ ദേശങ്ങളിലെ തലവന്മാര്‍ അതീവ രഹസ്യമായി ഒരു സന്ദര്‍ശനം പ്ലാന്‍ ചെയ്തിട്ടുണ്ട് പോലും. നേരം വെളുക്കട്ടെ.. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?

പുലരി കിഴക്ക് വെള്ള വിരിച്ചു.
കൃത്യം ആറു മണിക്ക് തന്നെ അലാറം ചെവി തുളച്ചു കൊണ്ട് ഉച്ചത്തില്‍ അലറി വിളിച്ചു. പണ്ടാരത്തിന്റെ തലയ്ക്കു ഒന്ന് കൊടുത്തു വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ്  ചെയ്തത്. എടുത്തപ്പോള്‍ സെക്രട്ടറി ഊര്‍മിള ചാറ്റര്‍ജി. അഭിവാദനങ്ങള്‍ക്കും പ്ര്ത്യഭിവാദനങ്ങള്‍ക്കും  ശേഷം വംഗപുത്രി ആംഗലേയത്തില്‍  മൊഴിഞ്ഞു.
" തലൈവാ, സന്ദര്‍ശകരുണ്ട്"
"എത്ര പേര്‍?"
"മൂന്ന്‌. രണ്ടു ദോരകളും ഒരു ചീനനും"
"അംഗരക്ഷകര്‍?"
"ആരുമില്ല, പേര് ചോദിച്ചിട്ട് പറയുന്നു പോലുമില്ല"
"സായുക്കള്‍ കറുത്തതോ വെളുത്തതോ?"
"ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്"
"എപ്പോള്‍ എത്തി?"
"അഞ്ചരക്കുള്ള വണ്ടിക്ക്"
"ശരി, കാത്തിരിക്കാന്‍ പറയൂ. ഞാന്‍ ഇതാ എത്തി. ഒരു അര മണിക്കൂര്‍"

വാച്ചില്‍ ആറ്-ഇരുപത്തി ഒന്‍പത്. സന്ദര്‍ശക മുറിയുടെ വാതില്‍ പരിചാരകന്‍ തുറന്നു  തന്നു. കാലിന്‍ മേല്‍ കാല്‍ കേറ്റി വച്ച അവസ്ഥയില്‍ ആസനസ്ഥരാണ്‌ മൂന്ന് പേരും. ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നു, ഓരോരുത്തരും മാറി മാറി. ക്ഷമയുടെ നെല്ലിപടിയുടെ വീതി അളക്കുകയായിരിക്കും. നമ്മെ കണ്ടതും ചാടി എഴുന്നേറ്റു വടി പോലെ അറ്റെന്‍ഷനില്‍ ആയി മൂവര്‍ സംഘം.
" സുപ്രഭാതം... വിപ്ലവം ജയിക്കട്ടെ"
രണ്ടു പേര്‍ സുപ്രഭാതവും ചീനന്‍ വിപ്ലവാഭിവാദനങ്ങളും മടക്കി.
"ഐക്യനാടുകളില്‍ ക്ഷേമം കറവപ്പശുവായി കാശ് ചുരത്തുന്നില്ലേ, മി.പ്രസിഡന്റ്‌?"
"അവിടുത്തെ കൃപ കൊണ്ട് എല്ലാം ഭംഗിയായി നടക്കുന്നു തലൈവാ"
"രാജ്ഞിക്ക് സുഖം തന്നെയല്ലേ, പുറപ്പെടുമ്പോള്‍ എന്തെങ്കിലും പറഞ്ഞിരുന്നോ?". സൂര്യനസ്തമിച്ച സാമ്രാജ്യത്തിനെ വക വെച്ചില്ലെന്നു വേണ്ട.
"രാജ്ഞിയും രാജകുമാരനും  അവിടുത്തേ പ്രത്യേകമായി അന്വേഷിച്ചു എന്ന് അറിയിക്കാന്‍ കല്‍പ്പിച്ചിരുന്നു."
"തിരിച്ചും അങ്ങനെ തന്നെ എന്ന് അറിയിക്കൂ"
"ആജ്ഞ പോലെ തലൈവാ"
"ഹിമാലായത്തിനപ്പുറത്തു ഇപ്പോഴും വസന്തം ഇടിയും മഴയുമായി പെയ്യുന്നില്ലേ, ചീനി ഭായീ?"
"കുറവാണ്, ഐക്യനാടുകളിലെ കാലാവസ്ഥയാണ് മിക്കവാറും"
"സൂക്ഷിക്കണം, ജനങ്ങള്‍ ഇടി മുഴക്കം പ്രതീക്ഷിക്കുന്നുണ്ട്"
"സൂക്ഷിച്ചോളാമേ.. അവിടുന്നൊരു മേല്‍നോട്ടം വഹിച്ചാല്‍ മതി"
മൂന്ന്‌ പേരും പരുങ്ങലിലാണ്. എന്തോ പറയാനുള്ളത് പോലെ തോന്നുന്നു. സീക്രട്ട് സര്‍വീസ് തന്ന വിവരം ശരിയാണെങ്കില്‍ ജി- എട്ടു മുതല്‍ ജി-നൂറു വരെ കൂടിക്കാഴ്ചകള്‍ രണ്ടു ദിവസത്തിനകം പലവട്ടം നടത്തിയ ശേഷമാണ് ലോകനേതാക്കള്‍ ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നത്. കേബിള്‍ കമ്പിയിലെ ചോര്‍ച്ച പരിഹരിക്കാനായിരിക്കും എന്നാണു വിദഗ്ദ്ധ അനുമാനം. സംഗതി എന്താണെങ്കിലും ആഗതര്‍ തന്നെ പറയട്ടെ. അതല്ലേ അതിന്റെ ഒരു ശരി?
"എന്താണാവോ മൂന്ന് പേരും ഒരുമിച്ച്? കൊട്ടും കുരവയുമോന്നും ഇല്ലാതെ?"
"അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കല്ലേ  തലൈവരേ . അറിഞ്ഞു  കാണുമല്ലോ കമ്പി സന്ദേശങ്ങള്‍  ചോരുന്നത്."
എങ്ങനെ അറിയാതിരിക്കും. ഈ ലോകത്ത് ഒരു കരിയില അനങ്ങിയാലും, അതിനു മുന്‍പ് എന്നോട് പറഞ്ഞിരിക്കും ഞാന്‍ അനങ്ങാന്‍ പോകുന്നു എന്ന്‍.
"അതിന്റെ പേരില്‍ നിങ്ങള്‍ ഒരുത്തനെ അകത്താക്കിയില്ലേ?, എന്നിട്ടും പ്രശ്നമോ?"
"അകത്താക്കി എന്നുള്ളത് നേര് തന്നെ. പക്ഷേ ചോര്‍ച്ചയടയ്ക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല." ഐക്യന്‍ പറഞ്ഞു.
"മാത്രമല്ല, അവന്റെ ആള്‍ക്കാര്‍ സൈബര്‍ ലോകം മുഴുവനായും ആക്രമിച്ചു കൊണ്ടും ഇരിക്കുന്നു." ബ്രിട്ടീഷ് ദോരയുടെ പിന്കുറിപ്പ്.
"അകത്തായവന്‍ വെറും ഒരു പിണിയാള്‍ മാത്രമാണെന്നാണ് അടുക്കള വര്‍ത്തമാനം." ചീനനും പങ്ക് ചേര്‍ന്നു.

"മൈ ഡിയര്‍ കുഞ്ഞുങ്ങളെ, അവന്മാര്‍ ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ? ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ലോക ജനതയും അറിയട്ടെ ചിലതെല്ലാം" നമ്മള്‍ നിലപാട് വ്യക്തമാക്കി.
"ഇവിടെ ഞാനും, പ്രധാന സചിവനും, മാഡവും ചേര്‍ന്നു അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക്‌ ദാനം ചെയ്തത് ഐക്യനാടുകളില്‍ എത്തിക്കാണുമല്ലോ അല്ലെ? അങ്ങനെ ചെയ്തത് കൊണ്ട് നാട് നന്നായതല്ലാതെ മോശമായി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. നിങ്ങള്‍ക്കും ആ വഴിയെ പോയ്ക്കൂടെ?"
"തലൈവാ, ഇങ്ങനെ കയ്യോഴിയരുത്. അവിടുത്തേക്ക്‌ അറിയാമല്ലോ ഭരണം ഒരു നാടകം ആണെന്ന്? ഒന്ന് ചിന്തിക്കും, വേറൊന്നു പറയും, മറ്റൊന്ന് പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സ്ഥിതി വച്ച് ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല." ഐക്യന്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചു.
"മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങള്‍ തകരുന്നു. നുണകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ചെറു മീനുകള്‍ക്ക് നമ്മോടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. " ചീനനും ബ്രിട്ടനും ഒരേ പോലെ പറഞ്ഞു.
"ഞാന്‍ എന്ത് വേണം?" ഇതൊന്നു ഒഴിവായി കിട്ടാനായി ഞാന്‍ എന്ത് ചെയ്യണം എന്ന് വ്യംഗ്യം.
"ഇതിനൊരു പോംവഴി വേണം. ഇനിമേലില്‍ ഒന്നും ചോരരുത്." ഏകാസ്വരെ മൂവരും മൊഴിഞ്ഞു.
"ബുദ്ധിരാക്ഷസന്മാരായ ബോണ്ട്‌, ഹോംസ്, പടിക്കലെ പണിക്കര്‍, സേതുരാമയ്യര്‍... എല്ലാവരും തോറ്റു പിന്മാറിയോ?" കംപെടിഷന്‍ നമുക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കണമല്ലോ.
"എല്ലാവരും കയ്യൊഴിഞ്ഞു തലൈവരേ.. അവിടുന്നല്ലാതെ അടിയങ്ങള്‍ക്കു വേറെ ആരും ആശ്രയം ഇല്ല. കൈ  വെടിയരുതെ .." ആര്‍ത്തനാദങ്ങള്‍.. പാവങ്ങള്‍. എന്റെ മനസ്സ് ചൂട് തട്ടിയ വെണ്ണപ്പരുവം ആകുന്നുവോ?
ഐക്യന്‍ തലേ രാത്രി വിമാനത്തിലിരുന്നു കാണാപ്പാഠം പഠിച്ച ശ്ലോകം തട്ടി വിടാന്‍ ഒരുങ്ങി.
"യദാ യദാഹി  ധര്‍മസ്യ........."
കൈ കാണിച്ചു വിലക്കി.  പുകഴ്ത്തി കാര്യം നേടാനുള്ള ശ്രമമാണ്. താല്പര്യമില്ല.
"ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" !!
മൂവര്‍സംഘം മുഖത്തോടു മുഖം നോക്കി.
"ഡോളര്‍ അടിക്കാനുള്ള കമ്മട്ടം അവിടുന്ന് കയ്യില്‍ വെച്ചോളൂ..കാര്യം നടക്കണം" അവസാന മുടിവ്.
"നിങ്ങള്‍ക്ക് മടങ്ങാം. രണ്ടു നാള്‍ക്കകം വീട്ടിലേക്കു  എഴുതി അറിയിക്കാം പ്രശനത്തിനുള്ള മരുന്ന്." ഒഴിഞ്ഞു പോ മാരണങ്ങളെ.
ആകാശത്ത് നിന്നും പൊട്ടി മുളച്ച യുദ്ധ വിമാനങ്ങളില്‍ കയറി മൂവരും യാത്രയായി. തലവേദന ഒഴിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ ഉറങ്ങാനും.

രണ്ടാമത് നാള്‍ മദ്ധ്യാഹ്നം.
രംഗം വെളുത്ത ഭവനം. ഐക്യന്റെ ആസ്ഥാനം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ റഡാര്‍ ഒരു പ്രാവിനെ കണ്ടു ഞെട്ടുന്നു. പ്രാവ് പറന്നു വരുന്നത് പ്രസിഡണ്ട്‌ നില്‍ക്കുന്ന ദിശയിലെക്ക്  ഉപഗ്രഹതിലെക്കും തിരിച്ചും സന്ദേശങ്ങള്‍ പാഞ്ഞു. ഉപഗ്രഹം അതിന്റെ സൂക്ഷ്മ നയനങ്ങളാല്‍ കണ്ടു പിടിച്ചു, പ്രാവിന്റെ കാലില്‍ ബന്ധിച്ചിരിക്കുന്നു ഒരു ചുരുള്‍. കടലാസോ, തുകലോ, പ്ലസ്ടികോ  എന്ന്  തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല. വൈറ്റ് ഹൌസില്‍ ജൈവാക്രമണം എന്ന് റോയിട്ടെര്സിനു മിന്നല്‍ വേഗത്തില്‍ സന്ദേശം പാഞ്ഞു. ലോകത്താകമാനം ടി. വി ചാനലുകള്‍ സെപ്റ്റംബര്‍ പതിനൊന്നിന്റെ ആക്രമണം സംപ്രേഷണം ചെയ്തിരുന്നതിലും ഉത്സാഹത്തില്‍ പറന്നു വരുന്ന പ്രാവിനെ ലോകം മുഴുവന്‍ കാണിച്ചു സംതൃപ്തിയടഞ്ഞു. വിമാനവേധ തോക്കുകളെയും, കലഷ്നിക്കൊവുകളെയും തോല്‍പ്പിച്ചു കൊണ്ട് പറന്നു വന്ന പ്രാവ് പ്രസിഡന്റിന്റെ തോളില്‍ സേഫ് ലാന്‍ഡ്‌ നടത്തി. ടി.വി ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതിനാല്‍ മനസ്സിലുള്ള ഭയം പുറത്ത് കാണിക്കാതെ പ്രസിഡന്റ്‌ പ്രാവിന്റെ കാലില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക്‌  ഡപ്പി അഴിച്ചെടുത്തു സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രാവിനെ ഉടന്‍ തന്നെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വേണ്ടി ജൈവായുധ വകുപ്പിന് കൈമാറി. ബോംബ്‌ നിര്‍വീര്യമാക്കുന്നതിനുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഡപ്പി തുറക്കപ്പെട്ടു. അകത്തൊരു കടലാസ് ചുരുള്‍ മാത്രം.  സുരക്ഷ വകുപ്പ് മേധാവി വിറയ്ക്കുന്ന കൈകളോടെ ചുരുള്‍ എടുത്തു വായിച്ചു.
"കേബിള്‍ ചോര്‍ച്ചക്കുള്ള പ്രതിവിധി ഇത്. 
ഇലക്ട്രോണിക് സന്ദേശങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വെക്കുക.
പക്ഷി മാര്‍ഗം സന്ദേശങ്ങള്‍ അയക്കുക
എന്ന് സ്വന്തം............"
സന്ദേശം പ്രസിഡന്റിന്റെ ചെവിയില്‍ എത്തേണ്ട താമസം, ലോകത്താകമാനമുള്ള പരുന്ത്‌ , പ്രാവ്, തത്ത, മൈന വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും സകല പക്ഷികളെയും  പിടിചെടുക്കാനുള്ള ഓര്‍ഡര്‍ എല്ലാ സഖ്യ രാജ്യങ്ങളിലേക്കും പാഞ്ഞു. വാര്‍ത്ത കാതോടു കാതോരം പാറി പറന്നു ഇന്ത്യ, ചൈന , ജപ്പാന്‍ തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളിലും കാട്ടുതീ പോലെ പാഞ്ഞെത്തി.   കമ്പ്യൂട്ടര്‍, ഇമെയില്‍, ടെലെഗ്രാഫ്, തുടങ്ങിയ സകല  വാര്‍ത്താ വിനിമയ സംവിധാനങ്ങളും ലോകം ബഹിഷ്കരിച്ചു. ടെലിവിഷന്‍, റേഡിയോ എന്നിവ ചലച്ചിത്ര സംബന്ധമായ പ്രക്ഷേപണങ്ങളില്‍  മാത്രം ഒതുങ്ങി. അഞ്ചലോട്ടക്കാരന്റെ തസ്തിക തിരുവനന്തപുരം മുതല്‍ വാഷിങ്ങ്ടന്‍ വരെയുള്ള സമസ്ത സര്‍ക്കാര്‍ ആപ്പീസുകളിലും തിരിച്ചെത്തി. സോമാലിയ, എത്യോപ്യ, കെനിയ, ഇടുക്കിയുടെ ഹൈ റേഞ്ച് തുടങ്ങി ലോകത്തുള്ള  ദീര്‍ഖ ദൂര ഓട്ടക്കാരുടെ സകല ഉത്പാദന കേന്ദ്രങ്ങളിലും സമൃദ്ധി വസന്തോല്സവമായി വിരിഞ്ഞു. പക്ഷി സന്ദേശങ്ങള്‍ക്കായി  സ്പെഷല്‍ തീവണ്ടികള്‍, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ നടപ്പില്‍ വന്നു.
ലോകം ശാന്തം. യാതൊരു ചോര്‍ച്ചയും ഇല്ല.  ഈയുള്ളവന്റെ വീട്ടിലേക്കു പക്ഷികള്‍ കൂട്ടം കൂട്ടമായി പറന്നെത്തി. ഓരോരോ രാഷ്ട്രമേധാവികളുടെ നന്ദി സന്ദേശങ്ങള്‍. ഒടുവില്‍, വരുന്ന പക്ഷികളെ ആട്ടിയോടിക്കാന്‍ പരുന്തു വര്‍ഗത്തില്‍ പെട്ട പക്ഷി പ്രവരരുടെ ഒരു ബട്ടാലിയനെ രംഗത്ത്‌ ഇറക്കേണ്ടി  വന്നു. അഭിനന്ദന-നന്ദി സന്ദേശങ്ങളെ സ്പാം എന്ന് മുദ്രകുത്തി കൊത്തിയോടിച്ചു..
ലോകം ശാന്തം. ഐക്യനും, ചീനനുമെല്ലാം കല്ല്‌ വെച്ച നുണകള്‍ മിനുട്ടിന് നൂറു എന്ന കണക്കിന് വീണ്ടും തള്ളി തുടങ്ങി. ഒരേയൊരു കുഴപ്പം മാത്രം - നുണ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുമ്പോഴേക്കും സൂര്യന്‍ നാലഞ്ചു പ്രാവശ്യം ഉദിച്ചസ്തമിചിരിക്കും. 

പക്ഷി സന്ദേശങ്ങള്‍ നടപ്പില്‍ വന്നു കൃത്യം ഒരാഴ്ച തികഞ്ഞ ദിവസം. പൊടിയരിക്കഞ്ഞിയും, മുളക് വറുത്തതും, ചുട്ട പപ്പടവുമായി നമ്മള്‍ അമ്രുതെതിനോരുങ്ങിയ നേരം സെക്രട്ടറി  ഡൈനിംഗ് ടേബിളിന്റെ എതിര്‍വശത്ത് വന്നു നിന്ന് പറഞ്ഞു.
"തലൈവാ സന്ദര്‍ശകനുണ്ട്, അടിയന്തിരമായി കാണണം എന്ന് പറഞ്ഞു തല തല്ലുന്നു"
"പേര് പറഞ്ഞില്ലേ?"
"അര്‍ജുനന്‍, നാട്ടില്‍ നിന്നാണെന്ന് അറിയിക്കാന്‍  പറഞ്ഞു"
നാടെന്നു വെച്ചാല്‍ നമ്മുടെ സ്വന്തം കൊച്ചു കേരളത്തില്‍ നിന്ന്. ലോകപരിപാലനാര്‍ത്ഥം കേരളം വിട്ടു തമിഴ്നാട്ടില്‍ താമസിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. ഇവിടെയാകുമ്പോള്‍ വിന്ധ്യ പര്‍വതത്തിനിപ്പുറം  വന്നു താമസമാക്കിയ അഗസ്ത്യനെയും കാര്‍ത്തികേയനെയും യഥേഷ്ടം കണ്ടു കാര്യങ്ങള്‍ക്കൊരു നീക്ക് പോക്ക് ഉണ്ടാക്കാമല്ലോ. ബോറടിക്കുമ്പോള്‍ നാഡി ജ്യോതിഷത്തിന്റെ ഓലകള്‍ വായിച്ചു സമയം കളയുകയും ആവാം.
അമൃതേത് മുഴുമിപ്പിക്കാതെ  എഴുന്നേറ്റു സന്ദര്‍ശക മുറിയിലേക്ക് ചെന്നു. പ്രശ്നം ഗുരുതരമാണെന്ന് കണ്ട കുശിനിക്കാരനും സെക്രെട്ടറിയും  പതുക്കെ അവരവരുടെ കാര്യാലയങ്ങളിലേക്ക് പിന്‍ വലിഞ്ഞു.
കുശലാന്വേഷണങ്ങള്‍ക്ക്  ഇട കൊടുക്കാതെ അര്‍ജുനന്‍-ഫല്‍ഗുനന്‍ പ്രശ്നത്തിലേക്ക് കടന്നു.
"ഇങ്ങനെ തുടങ്ങിയാല്‍ കഷ്ടമാണ് തലൈവരേ! എത്രയൊക്കെയായാലും ആരെങ്കിലും സ്വന്തം കഞ്ഞിയില്‍ മണ്ണിടുമോ?"
" മണ്ണ് ഇട്ടെന്നു ആര് പറഞ്ഞു?"
"പിന്നെ എന്താണീ ചെയ്തിരിക്കുന്നത്? കേബിള്‍ ചോര്‍ത്തി എടുത്ത വിവരങ്ങള്‍ വിറ്റല്ലേ അവിടുന്ന് മൂന്നാറിലെ എസ്റ്റേറ്റ്‌ വാങ്ങാനിരുന്നത്?"
"പത്ത് എസ്റ്റേറ്റ്‌ വാങ്ങാനുള്ള പണം ഈ പെട്ടിയിലുണ്ട്" മുറിയുടെ മൂലക്കിരുന്ന തടിച്ച പെട്ടി ചൂണ്ടി കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. "ഐക്യന്റെ കമ്മട്ടത്തില്‍ അടിച്ചതാണ്. രൂപയാക്കി മാറ്റണം."
"ഒന്നും മനസ്സിലാകുന്നില്ല തലൈവാ..!!" അര്‍ജുനന്റെ കണ്ണുകള്‍ പുറകോട്ടു വലിച്ച ഞാണ്‍ മാതിരി പുറത്തേക്കു തുറിച്ചു വന്നു.
"നാളെ മുതല്‍ വീണ്ടും കേബിള്‍ സന്ദേശങ്ങള്‍ പുനരാരംഭിക്കാന്‍ പോകുന്നു. കുറച്ചു മുന്‍പേ ഐക്യന്‍ ഇവിടെ വന്നു പോയിരുന്നു."
"എന്തിനാണാവോ?"
"ഒസാമയെ കണ്ടെത്തി എന്ന സന്ദേശം കൊട്ടാരത്തില്‍ എത്തിയപ്പോഴേക്കും ദിവസം മൂന്ന്‌ കഴിഞ്ഞിരുന്നു. അതിനുള്ളില്‍ ഒസാമ താമസം പാതാളത്തിലേക്ക്‌ മാറ്റി. ഐക്യന്റെ പട്ടാളക്കാര്‍ തിരഞ്ഞു ചെന്നപ്പോള്‍ താടിയിലെ രണ്ടു പൂട മാത്രമാണ് കിട്ടിയത്."
"ഐക്യന്‍ കോപത്തിലാണോ?"
"എന്ന് പറഞ്ഞു കൂടാ.. നമുക്ക് മുന്നില്‍ കോപിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല അയാള്‍"
"കമ്മട്ടം തിരിച്ചു കൊടുക്കുന്നുണ്ടോ?"
"കൊടുത്തേക്കാം എന്ന് ഞാന്‍ പറഞ്ഞു. കഞ്ഞി കുടിക്കാനുള്ള കാശ് ഖജനാവിലില്ല പോലും"
"അപ്പോള്‍ നാളെ മുതല്‍ വീണ്ടും ചോര്‍ത്തി തുടങ്ങാം, അല്ലെ?"
"തീര്‍ച്ചയായും, ബെസ്റ്റ് ഓഫ് ലക്ക് "

അടുത്ത നാള്‍ മുതല്‍ കേബിള്‍ സന്ദേശങ്ങളും, ഫോണ്‍ വിളികളും പൂര്‍വാധികം ശക്തിയില്‍ ലോകത്ത് പുനസ്ഥാപിക്കപെട്ടു. ഇരട്ടി ശക്തിയില്‍ വാര്‍ത്ത ചോരലും.
എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ജനങ്ങളുടെ കൂടെ തന്നെ.

സംഭവാമി യുഗേ യുഗേ!!

13 comments:

  1. എങ്ങിനെ കഴിയുന്നു ഇതൊക്കെ എഴുതാന്‍ ന്റെ തലൈവാ .....!!

    കലക്കന്‍ ....രസകരം ....

    ReplyDelete
  2. ഫൈസൂ, ഇതൊക്കെ നമ്മുടെ ഒരു നമ്പരല്ലേ!!
    സഖാവേ, ലാല്‍ സലാം.. വസന്തത്തിന്റെ ഇടിമുഴക്കം പ്രതീക്ഷിക്കാമല്ലോ അല്ലെ?

    ReplyDelete
  3. നന്ദി പ്രദീപ്‌.
    പ്രദീപിന്റെ കഥകള്‍ വായിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
  4. "നുണ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുമ്പോഴേക്കും സൂര്യന്‍ നാലഞ്ചു പ്രാവശ്യം ഉദിച്ചസ്തമിച്ചിരിക്കും." ഇതു കലക്കി. നന്നായി എഴുതുന്നുണ്ട്. വ്യത്യസ്തമായ രചന. തുടരുക. സ്ഥിരമായി വായിക്കണമെന്നുണ്ട്. അതുകൊണ്ട് ഫോളോ ചെയ്യാനുള്ള സൗകര്യം ചെയ്യുമല്ലോ?

    ഈ പുതുവര്‍ഷത്തില്‍ ധാരാളം നല്ല നല്ല പോസ്റ്റുകള്‍ എഴുതാന്‍ സാധിക്കട്ടെ. ആശംസകള്‍!

    ReplyDelete
  5. വ്യത്യസ്തമായ രചന ... നല്ല അവതരണം ... അത് പോലെ തന്നെ ഒഴുക്കുള്ളതും

    hats off to you dear

    ReplyDelete
  6. വായാടി ചേച്ചീ, പ്രോത്സാഹനത്തിനു നന്ദി. ഈ ബൂലോകം മുഴുവന്‍ എന്നെ ഫോളോ ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിനു വേണ്ടി എന്ത് ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്തായാലും സമയം കിട്ടുമ്പോഴൊക്കെ ഇതിലെ വരിക.

    സമീര്‍ ഭായ്, വണക്കം.നന്‍ട്രി. അനര്‍ഗള നിര്‍ഗള സന്ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍

    ReplyDelete
  7. angane njaan vaayichu manasilaakki..hhh kollaam..kollaaam..

    ReplyDelete
  8. താങ്ക്സുണ്ടെടാ മച്ചൂ, താങ്ക്സ്

    ReplyDelete
  9. ഇമ്മാതിരി കടുകട്ടി സാധനങ്ങളൊന്നും
    എനിക്ക് തിരീല ,,അത് കൊണ്ട് ഞാന്‍ പോണു,,

    ReplyDelete
  10. അയ്യോ ചേച്ചീ പോവല്ലേ...!! അയ്യോ ചേച്ചീ പോവല്ലേ..!!
    വന്നതിനും വായിച്ചതിനും നന്ദി..
    അടുത്ത പോസ്റ്റ്‌ മുതല്‍ കട്ടി കുറക്കാന്‍ ശ്രമിക്കാം.

    ReplyDelete
  11. അമ്പടാ..കേമാ..
    ഇതുഭയങ്കരമായല്ലോ ഈ ചോർത്തൽ
    കൽക്കീണ്ട് ട്ടാ അംജിത്

    ReplyDelete
  12. വളരെ നന്ദി മുരളിയേട്ടാ.. ഇതൊക്കെ നമ്മള്‍ടെ ഒരു സൈഡ് ബിസിനസ്‌ അല്ലെ? :)

    ReplyDelete

Comments Please

Ratings and Recommendations by outbrain