January 02, 2015

പാതി പറഞ്ഞൊരു മുത്തശ്ശിക്കഥ

"പണ്ട് പണ്ട് ദൂരെ ദൂരെയൊരു  രാജ്യത്ത് ... , 
സുന്ദരിയായൊരു രാജകുമാരി ഉണ്ടായിരുന്നു .
സുന്ദരി എന്ന് പറഞ്ഞാല്‍ ..,
കാട്ടുതേന്‍ തോല്‍ക്കുന്ന നിറം ,
ഇടവപ്പാതിയിലെ മേഘം നാണിച്ചു പോകും കുമാരിയുടെ നീണ്ടു ചുരുണ്ട മുടി കണ്ടാല്‍.
മഷിയെഴുതാതെ തന്നെ കണ്ണുകള്‍ അതീവ സുന്ദരം - നീണ്ടു വിടര്‍ന്ന് നല്ല രസമാണ് കാണാന്‍ 
എള്ളിന്‍റെ പൂ പോലത്തെ മൂക്ക്"


" എള്ളിന്റെ പൂവോ , അങ്ങനത്തെ പൂവുണ്ടോ ?"
"അങ്ങനേം ഒരു പൂവുണ്ട് .. ഞാനും കണ്ടിട്ടില്ല"

"തൊണ്ടിപ്പഴം പോലത്തെ ചുണ്ട്, മുറുക്കി ചുവപ്പിച്ച പോലെ ഇരിക്കും - എന്താ ചന്തം !"
" തൊണ്ടിപ്പഴമോ?"
"അതേടാ ചെക്കാ, അങ്ങനേം ഒരു പഴമുണ്ട് "
"മുറുക്കാന്‍ പാടില്ലാന്നാണല്ലോ ടീച്ചര്‍ പറഞ്ഞത് .. ഈ രാജകുമാരി മുറുക്ക്വോ?"
"നിനക്ക് വേണേല്‍ കേട്ടാമതി .. അല്ലെങ്കീ ഞാനിപ്പോ കഥ നിര്‍ത്തും ."
"ശരി ശരി .. കഥ പറയ്"
"ങ്ഹാ"

"അങ്ങനെ സുന്ദരിയായ രാജകുമാരി , ഒരു ദിവസം കൂട്ടുകാരികളോടൊപ്പം അങ്ങ് ദൂരെ നോക്കെത്താദൂരത്തെ മാനം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ മലയുടെ ചെരിവിലെ വാടാത്ത പൂ വിരിയുന്ന പൂന്തോട്ടത്തില്‍ പൂ നുള്ളാന്‍ പോയി ." 
"ഉം .."
"കാട് കടന്ന്, മേട് കടന്ന്, കളിച്ചു ചിരിച്ച് , കുമാരിയും തോഴിമാരും പോവുന്ന വഴിക്കൊരു പൊയ്കയുണ്ട് . പഞ്ചവര്‍ണ്ണത്തില്‍ താമരപ്പൂ വിരിയുന്ന , നോക്കിയാല്‍ മുഖം കാണുന്ന തെളിനീരുള്ള ഒരു താമരപ്പൊയ്ക ."

"അഞ്ചു നിറോ.. !!? "
"ഉം .. മഴവില്ലിന്റെ രണ്ടു നിറം കുറവ് .. അങ്ങനത്തെ പൂക്കള്‍ . മക്കള് കണ്ടിട്ടില്ലേ ?"
"ഇല്ലാ "
"ഞാനും കണ്ടിട്ടില്ല, എങ്കിലും നല്ല ഭംഗിയാ"

"കുമാരിയ്ക്ക് താമരപ്പൂ വലിയ ഇഷ്ടമാണ് . താമരപ്പൂ , അതും പഞ്ചവര്‍ണ്ണപ്പൂ കണ്ടപ്പോ കുമാരി പിന്നെ മുന്നും പിന്നും നോക്കിയില്ല . കൂട്ടുകാരികള്ടെ കൂടെ, പട്ടുപാവാട അരയില്‍ കുത്തി , കൊലുസ്സും വളയും കിലുക്കി പൊയ്കയില്‍ പൂ പറിയ്ക്കാന്‍ ഇറങ്ങി .
അപ്പോഴതാ പെട്ടെന്ന് ആകാശത്തെ മേഘങ്ങളൊക്കെ രണ്ടായി പകുത്ത് ഒരു പറക്കും കുതിര താഴോട്ട് കുതിച്ചു പറന്നു വരുന്നു . 
കുതിരപ്പുറത്ത്‌ ആരാ വന്നതെന്നറിയ്യ്വോ - പോയ്കയുടെ കാവല്‍ക്കാരനായ ഗന്ധര്‍വന്‍ ."

"നിര്‍ത്ത് നിര്‍ത്ത് ..വെറുതെ നുണ പറയാ .. പറക്കുന്ന കുതിരയോന്നും ഇല്ല . ഈ കഥ പൊട്ടക്കഥയാ "
"പോ ചെക്കാ , പറക്കുന്ന കുതിരയുണ്ട്ന്നു .."
"ഇല്ലാ .. ഇല്ലാ .. ഇല്ലാ .."
"വേണേങ്കീ വിശ്വസിച്ചാ മതി . രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രിയ്ക്ക് തല മാറ്റി വെച്ച കഥയ്ക്ക്‌ ശാസ്ത്രസാധൂകരണം കൊടുക്കാം . ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പുഷ്പക വിമാനം ചര്‍ച്ചക്കെടുക്കാം. എനിക്കൊരു കഥ പറയാന്‍ പറ്റില്ല .. ഇതെവിടുത്തെ ന്യായം .. കിടന്നുറങ്ങാന്‍ നോക്ക് ചെക്കാ.. നിനക്കിനി കഥയുമില്ല പാട്ടുമില്ല ..ഓരോരോ കുനിഷ്ട്‌ ചോദ്യങ്ങളേ .. അടി കിട്ടാത്തതിന്റെ കേടാ .. പിള്ളേരെയൊന്നും സ്കൂളില്‍ ചേര്‍ക്കണ്ടായിരുന്നു. ഒക്കെത്തിനും വിവരം വെച്ച് പോയി. "



8 comments:

  1. വായിച്ചു, ആശംസകൾ

    ReplyDelete
  2. പറക്കുംകുതിരയെ കണ്ടുപിടിച്ചതുതന്നെ നമ്മളാ!!!

    ReplyDelete
  3. ഹഹ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു ,, പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ ,,അവര്‍ ചോദിച്ചു കൊണ്ടേ ഇരിക്കും :)

    ReplyDelete
  4. അതേ അടികിട്ടാത്തതിന്റെ കേടാ. എല്ലാത്തിനും വെവരം വെച്ചുപോയി:)
    കൊള്ളാം. നന്നായി എഴുതി. എങ്കിലും ആ കഥ മുഴുമിപ്പിക്കായിരുന്നു

    ReplyDelete
  5. രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രിയ്ക്ക് തല മാറ്റി വെച്ച കഥയ്ക്ക്‌ ശാസ്ത്രസാധൂകരണം കൊടുക്കാം “ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പുഷ്പക വിമാനം
    ചര്‍ച്ചക്കെടുക്കാം. എനിക്കൊരു കഥ പറയാന്‍ പറ്റില്ല ..
    ഇതെവിടുത്തെ ന്യായം .. കിടന്നുറങ്ങാന്‍ നോക്ക് ചെക്കാ..
    നിനക്കിനി കഥയുമില്ല പാട്ടുമില്ല ..ഓരോരോ കുനിഷ്ട്‌ ചോദ്യങ്ങളേ ..
    അടി കിട്ടാത്തതിന്റെ കേടാ .. പിള്ളേരെയൊന്നും സ്കൂളില്‍ ചേര്‍ക്കണ്ടായിരുന്നു.
    ഒക്കെത്തിനും വിവരം വെച്ച് പോയി. "

    എന്താ ചെയ്യാ പിള്ളേർക്കെല്ലാം വിവരം വെച്ചു...!
    സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  6. പണ്ടൊക്കെ അവിശ്വസനീയമായ മുത്തശ്ശിക്കഥകള്‍ മുത്തശ്ശിമാരുടെ നാവില്‍നിന്ന്‌ വീഴുന്നത് അത്ഭുതത്തോടെ,ജിജ്ഞാസയോടെ കേട്ടുകൊണ്ടാണ് വളര്‍ന്നത്.....
    ഇന്നാണെങ്കില്‍ കണ്ടോ കഥയ്ക്കുള്ളിലെ തര്‍ക്കുത്തരം.
    പിന്നെ മുത്തശ്ശിമാരുമായി സന്ധിക്കാനുള്ള അവസരം പിള്ളേര്‍ക്കും കിട്ടുന്നില്ലല്ലോ!!!
    ആശംസകള്‍

    ReplyDelete
  7. വായിച്ചു .... സത്യത്തിന്റെ മുഖം ചിലപ്പോൾ ഇങ്ങനെയും തോന്നാം

    ReplyDelete
  8. ന്യൂ ജെനറേഷന്‍ പിള്ലെരോടാ കളി .

    ReplyDelete

Comments Please

Ratings and Recommendations by outbrain