December 31, 2010

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും ഒന്ന്

മൂന്ന് വീരയുവാകള്‍ ..!!
സിമെന്റിന്റെ പരസ്യത്തിലെ ചുമര് തകര്‍ന്നാലും  തകരില്ലെന്നുറപ്പുള്ള  സൌഹൃദത്തിന്റെ വക്താക്കാള്‍.
ഉടായിപ്പുകള്‍ക്കും, ഉപകാരങ്ങള്‍ക്കും ഊണിലും, ഉറക്കത്തിലും  ഒരുമിച്ച്. 
പക്ഷെ മൂവരും അസ്വസ്ഥരാണ്.
കാര്യം നിസ്സാരം!! ചെത്ത് തെങ്ങില്‍ നിന്നും കള്ള് കട്ട് കുടിക്കുക, വഴിയെ പോകുന്ന പെണ്‍മണികളെ കമന്റ്‌ അടിക്കുക, അമ്പലത്തിന്റെ ഭാണ്ടാരത്ത്തില്‍ നിന്നും കാശെടുക്കുക തുടങ്ങിയ കലാപരിപാടികള്‍ കാലഹരണപ്പെട്ടിരിക്കുന്നു. പോരാത്തതിന് മത്സരിക്കാന്‍ യുവതലമുറയില്‍ നിന്നും ഒട്ടേറെ പേര്‍ മുന്നോട്ടു സധൈര്യം കടന്നു വന്നിട്ടുമുണ്ട്. അത് കൊണ്ട് പുതിയതായിട്ട് എന്തെങ്കിലും വേണം മൂവര്‍ സംഘത്തിനു ബോര്‍ അടിക്കുമ്പോള്‍ തൊട്ടു നക്കാന്‍.
അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ത്രിസന്ധ്യാ നേരത്ത് കുലംകുഷമായ ചര്‍ച്ചയിലാണ് മൂവരും.
"എന്താപ്പോ ചെയ്യാ... ?"ഒന്നാമന്‍  ആത്മഗതം പോലെ മൊഴിഞ്ഞു.
"ഒന്നും ചെയ്യാണ്ടിരുന്നിട്ടു ഒരു രസോം ഇല്ല" രണ്ടാമന്‍  നിരാശാഭൂതത്തെ കുടം തുറന്നു വിട്ടു.
"ഈ നാട്ടില്‍ ഇനി ഒന്നും നടക്കുംന്ന് തോന്നുണില്ലാ"  മൂന്നാമന്‍  സിറ്റുവേഷന്‍ അനലൈസ് ചെയ്തു.
ആലോചന ദീപാരാധനയിലൂടെ അതാഴപ്പൂജ വരെയെത്തുമോ എന്നാണു മൂവരുടെയും സംശയം. 
ആശയസംപന്നനായ രണ്ടാമന്  അധികം ആലോചിക്കാതെ  തന്നെ പോംവഴി മുന്നില്‍ തെളിഞ്ഞു.  
" ബ്രദേഴ്സ്, നമുക്കൊരു യാത്ര പോയാലോ..?" തെളിഞ്ഞ ടുബിന്റെ വെളിച്ചം രണ്ടാമന്‍  കൂട്ടുകാരുമായി പങ്കു വെച്ചു.
"എങ്ങോട്ട്?" ഒന്നാമന്റെയും മൂന്നാമന്റെയും ചോദ്യം കാര്യമാത്ര പ്രസക്തം.
"എങ്ങോട്ടെങ്കിലും" ഉത്തരം രണ്ടാമന് ഉരുളക്കു ഉപ്പേരി. 
"അത് നല്ലതാ, ലക്ഷ്യമില്ലാത്ത യാത്രയാ രസം. ലക്ഷ്യതിലെത്തുംപഴത്തെ നഷ്ട ബോധം ഉണ്ടാവില്ലല്ലോ" മൂന്നാമന്‍ രണ്ടാമനെ പിന്താങ്ങി.
"എന്നാലും......?" ഒന്നാമന് സംശയം.
"ഒരു എന്നാലും ഇല്ല.. നമ്മള്‍ പോവുന്നു, അത്രതന്നെ" രണ്ടും  മൂന്നും ഒന്നിനെ ഒതുക്കി.
"എന്നാല്‍ ശരി, അങ്ങനെ തന്നെ" പ്രഥമന്‍ എഗ്രീ ചെയ്തു.
അങ്ങനെ മൂവരും യാത്രയായി..  സഹ്യനെയും വിന്ധ്യനെയും ഭേദിച്ച് ഹിമവാന്റെ മടിത്തട്ട് വരെ നീണ്ടു സഞ്ചാരം. 
മദ്രാസില്‍ നിന്നും പൊങ്കല്‍-വട, ഹൈദ്രബാദില്‍ നിന്നും ബിരിയാണി, ബോംബെല്‍ന്നു വടപാവ്, അമൃത്സരില്‍ന്നു ലസ്സി, കാഷ്മീരില്‍ന്നു കബാബ് എന്നിങ്ങനെ പലതും കഴിച്ചിട്ടും സംഘത്തിനു തൃപ്തി ആയില്ല. ഇനിയും എന്തോ ബാക്കി എന്നാ തോന്നല്‍ മൂവരെയും വേട്ടയാടി കൊണ്ടിരുന്നു  സദാസമയവും. 
സഞ്ചാരം കാശിയിലെത്തിയപ്പോള്‍ സംഘാംഗങ്ങള്‍ക്ക്  വീണ്ടു വിചാരമുണ്ടായി. "എന്ത് കൊണ്ട് ഭക്തി മാര്‍ഗത്തില്‍ ചരിച്ചു കൂടാ?"
ഭക്തിമാര്‍ഗം വടക്കോട്ടും തെക്കോട്ടും വ്യാപിച്ചപ്പോള്‍ യാത്ര ഹൃഷികേശം, ബദരിനാഥം തുടങ്ങി ശ്രീരംഗം, രാമേശ്വരം വരെ എത്തി.   
ഒടുവില്‍  കെട്ടും കെട്ടി ഭാണ്ടവുമായി മൂവരും കല്ലും മുള്ളും, കാടും മലയും കടന്നെത്തി നീലയില്‍ വെള്ള അക്ഷരങ്ങള്‍ ദേവനാഗരിയിലും മലയാളത്തിലും എഴുതിയ ഒരു ബോര്‍ഡിനു മുന്നില്‍. 
ദേവനാഗരി വിദഗ്ധന്‍ ഒന്നാമന്‍ സംസ്കൃതത്തില്‍ വായിച്ചു "തത്വമസി"!!
ഭാഷാ പണ്ഡിതന്‍ മൂന്നാമന്‍ മലയാളം മൊഴിഞ്ഞു "തത്വമസി"!!
ഭാഷയില്‍ താല്പര്യം ഇല്ലാത്ത രണ്ടാമന്‍ ആഴിയിലെ തീയിലും വാടാത്ത ആലിന്റെ തുഞ്ചത്തെക്ക് കണ്ണ് നട്ട്  ചോദിച്ചു " എന്ന് വച്ചാല്‍ എന്താ സംഗതി?"
വഴിയെ പോയ തല നരച്ച കാര്‍ന്നോരു പറഞ്ഞു "അത് നീ ആകുന്നു"
"ഏത്?" മൂവരും ഒരേ സ്വരത്തില്‍ ഒരുമിച്ച് ചോദിച്ചു.
ആലിന്റെ തുഞ്ചത്തൊരു കാട്ടുതത്ത ചിറകടിച്ചു പറഞ്ഞു "തിരഞ്ഞു വന്ന കോവിലന്‍ നീ തന്നെ"
സന്ധിയും സമാസവും അറിയാവുന്ന മൂന്നാമന്‍  അര്‍ഥം ചികഞ്ഞു " കോവിലന്‍, കോവിലിനകത്തുള്ളവന്‍"
ഗണിതവിശാരദന്‍  രണ്ടാമന്‍ ലഘൂകരിച്ചു " എ സമം ബി, ബി സമം സി, അത് കൊണ്ട് എ സമം സി, സമ്പൂര്‍ണ സോഷ്യലിസം "
ഒന്നാമന്‍ കൊവിലിനകത്തെക്കും, തന്നെയും, മറ്റുള്ളവരെയും മാറി മാറി നോക്കി. എന്നിട്ട് ഹരി നാമ കീര്‍ത്തനം ചൊല്ലി. " ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ....."
മൂന്നാമന്‍  അക്കിത്തത്തെ കൂട്ട് പിടിച്ചു " ഓരോരോ മുഖവും ഞാന്‍ വെവ്വേറെ നിരീക്ഷിച്ചപ്പോഴുണ്ടോരോ മാനവ രൂപവുമോരോ നാരായണരൂപം"
കൊവിലിനുള്ളിലെക്കെത്തി നോക്കി മൂവരും ചോദിച്ചു " ഞാനെന്ന ഞാനും, നീയെന്ന നീയും, പൂവെന്ന പൂവും, പുഴുവെന്ന പുഴുവും ഒന്ന് തന്നെയോ ഓംകാര പൊരുളേ?"
കാടുതാണ്ടി ഉരല്‍കുഴിയില്‍ മുങ്ങി നിവര്‍ന്നൊരു  കാറ്റ് പറഞ്ഞു  "എല്ലാം ഒന്ന് തന്നെ"
മനസ്സിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നൊരു പൊന്‍ താരകത്തെ നോക്കി മൂവരും ഉറക്കെ വിളിച്ചു "സ്വാമിയെ ശരണമയ്യപ്പോ" 
സന്നിധാനത്തും പരിസരത്തും  തിങ്ങി നിറഞ്ഞ പുരുഷാരം അതേറ്റു വിളിച്ചു.
"ഇനി മടങ്ങാം അല്ലെ?" ഒന്നാമന്‍ ചോദിച്ചു.
"ലക്ഷ്യമില്ലാതൊരു ലക്‌ഷ്യം കണ്ടെത്തിയതിന്റെ ആശ്വാസം തോന്നുന്നു, മടങ്ങാം " രണ്ടാമന്‍ പറഞ്ഞു.
ഒന്നും മിണ്ടാതെ മലയിറങ്ങിയ മൂന്നാമന്റെ പുറകെ മറ്റുള്ളവരും നടന്നു.
-ശുഭം- 
inner peace

 image courtesy: Mahmoud, Jerusalem, Palestine Territory,  Occupied. 

December 17, 2010

സംഭവാമി യുഗേ യുഗേ!! ( ഒരു ചോര്‍ത്തല്‍ കഥ)

അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടു മണിക്കൂറും ഇരുപത്തി എട്ടു മിനിട്ടും.., 
ഭൂഗോളത്തിന്റെ ഈ ഭാഗം ഏറെക്കുറെ പൂര്‍ണ്ണമായി ഉറക്കത്തില്‍ മുഴുകിയിരിക്കുന്നു.
ഔദ്യോഗികമായി ഉണര്‍വ്വിന്റെ പാപഭാരം പേറുന്നത് ഞാനും, ദൂരെയെവിടെയോ ഓരിയിടുന്ന ഒരു നായയും, ചന്ദ്രനും, നക്ഷത്രങ്ങളും മാത്രം.
സകല ചരാചരങ്ങള്‍ക്കും, പ്രത്യേകിച്ച് ഒറ്റയ്ക്ക് തൊണ്ട കീറുന്ന ശ്വാനവീരന്, സഹതാപത്തിന്റെ പഞ്ചാരക്കുഴംപിന്മേല്‍ പുഞ്ചിരി കൊണ്ടൊരു അലങ്കാരം വെച്ച ശുഭാരാത്രിയും ആശംസിച്ചു ഈയുള്ളവന്‍ പള്ളിയറ പൂകി.
നാളെത്തെ ലോകപരിപാലനത്തിനു ഇന്ന് വിശ്രമം അത്യാവശ്യം എന്ന്  ഋഷി വാക്യം. തെറ്റിച്ചു കൂടാ.
മുപ്പാരിലും വ്യാപിച്ചു കിടക്കുന്ന നമ്മുടെ ചാരന്മാര്‍ ഒരു പ്രധാന വിഷയം ചോര്‍ത്തി എടുത്തിട്ടുണ്ട്.
നാളെ നമുക്ക് മൂന്നു വി.വി.ഐ.പികളുടെ ആതിഥേയന്‍ ആയി വേഷം കെട്ടി ആടേണ്ടി വരുമെന്ന് ചാര സൂക്തം.
ഐക്യനാടുകള്‍, പഴയ ലോക സാമ്രാജ്യം, മാവോയുടെ നാട് എന്നീ ദേശങ്ങളിലെ തലവന്മാര്‍ അതീവ രഹസ്യമായി ഒരു സന്ദര്‍ശനം പ്ലാന്‍ ചെയ്തിട്ടുണ്ട് പോലും. നേരം വെളുക്കട്ടെ.. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?

പുലരി കിഴക്ക് വെള്ള വിരിച്ചു.
കൃത്യം ആറു മണിക്ക് തന്നെ അലാറം ചെവി തുളച്ചു കൊണ്ട് ഉച്ചത്തില്‍ അലറി വിളിച്ചു. പണ്ടാരത്തിന്റെ തലയ്ക്കു ഒന്ന് കൊടുത്തു വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ്  ചെയ്തത്. എടുത്തപ്പോള്‍ സെക്രട്ടറി ഊര്‍മിള ചാറ്റര്‍ജി. അഭിവാദനങ്ങള്‍ക്കും പ്ര്ത്യഭിവാദനങ്ങള്‍ക്കും  ശേഷം വംഗപുത്രി ആംഗലേയത്തില്‍  മൊഴിഞ്ഞു.
" തലൈവാ, സന്ദര്‍ശകരുണ്ട്"
"എത്ര പേര്‍?"
"മൂന്ന്‌. രണ്ടു ദോരകളും ഒരു ചീനനും"
"അംഗരക്ഷകര്‍?"
"ആരുമില്ല, പേര് ചോദിച്ചിട്ട് പറയുന്നു പോലുമില്ല"
"സായുക്കള്‍ കറുത്തതോ വെളുത്തതോ?"
"ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്"
"എപ്പോള്‍ എത്തി?"
"അഞ്ചരക്കുള്ള വണ്ടിക്ക്"
"ശരി, കാത്തിരിക്കാന്‍ പറയൂ. ഞാന്‍ ഇതാ എത്തി. ഒരു അര മണിക്കൂര്‍"

വാച്ചില്‍ ആറ്-ഇരുപത്തി ഒന്‍പത്. സന്ദര്‍ശക മുറിയുടെ വാതില്‍ പരിചാരകന്‍ തുറന്നു  തന്നു. കാലിന്‍ മേല്‍ കാല്‍ കേറ്റി വച്ച അവസ്ഥയില്‍ ആസനസ്ഥരാണ്‌ മൂന്ന് പേരും. ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നു, ഓരോരുത്തരും മാറി മാറി. ക്ഷമയുടെ നെല്ലിപടിയുടെ വീതി അളക്കുകയായിരിക്കും. നമ്മെ കണ്ടതും ചാടി എഴുന്നേറ്റു വടി പോലെ അറ്റെന്‍ഷനില്‍ ആയി മൂവര്‍ സംഘം.
" സുപ്രഭാതം... വിപ്ലവം ജയിക്കട്ടെ"
രണ്ടു പേര്‍ സുപ്രഭാതവും ചീനന്‍ വിപ്ലവാഭിവാദനങ്ങളും മടക്കി.
"ഐക്യനാടുകളില്‍ ക്ഷേമം കറവപ്പശുവായി കാശ് ചുരത്തുന്നില്ലേ, മി.പ്രസിഡന്റ്‌?"
"അവിടുത്തെ കൃപ കൊണ്ട് എല്ലാം ഭംഗിയായി നടക്കുന്നു തലൈവാ"
"രാജ്ഞിക്ക് സുഖം തന്നെയല്ലേ, പുറപ്പെടുമ്പോള്‍ എന്തെങ്കിലും പറഞ്ഞിരുന്നോ?". സൂര്യനസ്തമിച്ച സാമ്രാജ്യത്തിനെ വക വെച്ചില്ലെന്നു വേണ്ട.
"രാജ്ഞിയും രാജകുമാരനും  അവിടുത്തേ പ്രത്യേകമായി അന്വേഷിച്ചു എന്ന് അറിയിക്കാന്‍ കല്‍പ്പിച്ചിരുന്നു."
"തിരിച്ചും അങ്ങനെ തന്നെ എന്ന് അറിയിക്കൂ"
"ആജ്ഞ പോലെ തലൈവാ"
"ഹിമാലായത്തിനപ്പുറത്തു ഇപ്പോഴും വസന്തം ഇടിയും മഴയുമായി പെയ്യുന്നില്ലേ, ചീനി ഭായീ?"
"കുറവാണ്, ഐക്യനാടുകളിലെ കാലാവസ്ഥയാണ് മിക്കവാറും"
"സൂക്ഷിക്കണം, ജനങ്ങള്‍ ഇടി മുഴക്കം പ്രതീക്ഷിക്കുന്നുണ്ട്"
"സൂക്ഷിച്ചോളാമേ.. അവിടുന്നൊരു മേല്‍നോട്ടം വഹിച്ചാല്‍ മതി"
മൂന്ന്‌ പേരും പരുങ്ങലിലാണ്. എന്തോ പറയാനുള്ളത് പോലെ തോന്നുന്നു. സീക്രട്ട് സര്‍വീസ് തന്ന വിവരം ശരിയാണെങ്കില്‍ ജി- എട്ടു മുതല്‍ ജി-നൂറു വരെ കൂടിക്കാഴ്ചകള്‍ രണ്ടു ദിവസത്തിനകം പലവട്ടം നടത്തിയ ശേഷമാണ് ലോകനേതാക്കള്‍ ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നത്. കേബിള്‍ കമ്പിയിലെ ചോര്‍ച്ച പരിഹരിക്കാനായിരിക്കും എന്നാണു വിദഗ്ദ്ധ അനുമാനം. സംഗതി എന്താണെങ്കിലും ആഗതര്‍ തന്നെ പറയട്ടെ. അതല്ലേ അതിന്റെ ഒരു ശരി?
"എന്താണാവോ മൂന്ന് പേരും ഒരുമിച്ച്? കൊട്ടും കുരവയുമോന്നും ഇല്ലാതെ?"
"അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കല്ലേ  തലൈവരേ . അറിഞ്ഞു  കാണുമല്ലോ കമ്പി സന്ദേശങ്ങള്‍  ചോരുന്നത്."
എങ്ങനെ അറിയാതിരിക്കും. ഈ ലോകത്ത് ഒരു കരിയില അനങ്ങിയാലും, അതിനു മുന്‍പ് എന്നോട് പറഞ്ഞിരിക്കും ഞാന്‍ അനങ്ങാന്‍ പോകുന്നു എന്ന്‍.
"അതിന്റെ പേരില്‍ നിങ്ങള്‍ ഒരുത്തനെ അകത്താക്കിയില്ലേ?, എന്നിട്ടും പ്രശ്നമോ?"
"അകത്താക്കി എന്നുള്ളത് നേര് തന്നെ. പക്ഷേ ചോര്‍ച്ചയടയ്ക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല." ഐക്യന്‍ പറഞ്ഞു.
"മാത്രമല്ല, അവന്റെ ആള്‍ക്കാര്‍ സൈബര്‍ ലോകം മുഴുവനായും ആക്രമിച്ചു കൊണ്ടും ഇരിക്കുന്നു." ബ്രിട്ടീഷ് ദോരയുടെ പിന്കുറിപ്പ്.
"അകത്തായവന്‍ വെറും ഒരു പിണിയാള്‍ മാത്രമാണെന്നാണ് അടുക്കള വര്‍ത്തമാനം." ചീനനും പങ്ക് ചേര്‍ന്നു.

"മൈ ഡിയര്‍ കുഞ്ഞുങ്ങളെ, അവന്മാര്‍ ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ? ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ലോക ജനതയും അറിയട്ടെ ചിലതെല്ലാം" നമ്മള്‍ നിലപാട് വ്യക്തമാക്കി.
"ഇവിടെ ഞാനും, പ്രധാന സചിവനും, മാഡവും ചേര്‍ന്നു അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക്‌ ദാനം ചെയ്തത് ഐക്യനാടുകളില്‍ എത്തിക്കാണുമല്ലോ അല്ലെ? അങ്ങനെ ചെയ്തത് കൊണ്ട് നാട് നന്നായതല്ലാതെ മോശമായി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. നിങ്ങള്‍ക്കും ആ വഴിയെ പോയ്ക്കൂടെ?"
"തലൈവാ, ഇങ്ങനെ കയ്യോഴിയരുത്. അവിടുത്തേക്ക്‌ അറിയാമല്ലോ ഭരണം ഒരു നാടകം ആണെന്ന്? ഒന്ന് ചിന്തിക്കും, വേറൊന്നു പറയും, മറ്റൊന്ന് പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സ്ഥിതി വച്ച് ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല." ഐക്യന്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചു.
"മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങള്‍ തകരുന്നു. നുണകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ചെറു മീനുകള്‍ക്ക് നമ്മോടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. " ചീനനും ബ്രിട്ടനും ഒരേ പോലെ പറഞ്ഞു.
"ഞാന്‍ എന്ത് വേണം?" ഇതൊന്നു ഒഴിവായി കിട്ടാനായി ഞാന്‍ എന്ത് ചെയ്യണം എന്ന് വ്യംഗ്യം.
"ഇതിനൊരു പോംവഴി വേണം. ഇനിമേലില്‍ ഒന്നും ചോരരുത്." ഏകാസ്വരെ മൂവരും മൊഴിഞ്ഞു.
"ബുദ്ധിരാക്ഷസന്മാരായ ബോണ്ട്‌, ഹോംസ്, പടിക്കലെ പണിക്കര്‍, സേതുരാമയ്യര്‍... എല്ലാവരും തോറ്റു പിന്മാറിയോ?" കംപെടിഷന്‍ നമുക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കണമല്ലോ.
"എല്ലാവരും കയ്യൊഴിഞ്ഞു തലൈവരേ.. അവിടുന്നല്ലാതെ അടിയങ്ങള്‍ക്കു വേറെ ആരും ആശ്രയം ഇല്ല. കൈ  വെടിയരുതെ .." ആര്‍ത്തനാദങ്ങള്‍.. പാവങ്ങള്‍. എന്റെ മനസ്സ് ചൂട് തട്ടിയ വെണ്ണപ്പരുവം ആകുന്നുവോ?
ഐക്യന്‍ തലേ രാത്രി വിമാനത്തിലിരുന്നു കാണാപ്പാഠം പഠിച്ച ശ്ലോകം തട്ടി വിടാന്‍ ഒരുങ്ങി.
"യദാ യദാഹി  ധര്‍മസ്യ........."
കൈ കാണിച്ചു വിലക്കി.  പുകഴ്ത്തി കാര്യം നേടാനുള്ള ശ്രമമാണ്. താല്പര്യമില്ല.
"ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" !!
മൂവര്‍സംഘം മുഖത്തോടു മുഖം നോക്കി.
"ഡോളര്‍ അടിക്കാനുള്ള കമ്മട്ടം അവിടുന്ന് കയ്യില്‍ വെച്ചോളൂ..കാര്യം നടക്കണം" അവസാന മുടിവ്.
"നിങ്ങള്‍ക്ക് മടങ്ങാം. രണ്ടു നാള്‍ക്കകം വീട്ടിലേക്കു  എഴുതി അറിയിക്കാം പ്രശനത്തിനുള്ള മരുന്ന്." ഒഴിഞ്ഞു പോ മാരണങ്ങളെ.
ആകാശത്ത് നിന്നും പൊട്ടി മുളച്ച യുദ്ധ വിമാനങ്ങളില്‍ കയറി മൂവരും യാത്രയായി. തലവേദന ഒഴിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ ഉറങ്ങാനും.

രണ്ടാമത് നാള്‍ മദ്ധ്യാഹ്നം.
രംഗം വെളുത്ത ഭവനം. ഐക്യന്റെ ആസ്ഥാനം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ റഡാര്‍ ഒരു പ്രാവിനെ കണ്ടു ഞെട്ടുന്നു. പ്രാവ് പറന്നു വരുന്നത് പ്രസിഡണ്ട്‌ നില്‍ക്കുന്ന ദിശയിലെക്ക്  ഉപഗ്രഹതിലെക്കും തിരിച്ചും സന്ദേശങ്ങള്‍ പാഞ്ഞു. ഉപഗ്രഹം അതിന്റെ സൂക്ഷ്മ നയനങ്ങളാല്‍ കണ്ടു പിടിച്ചു, പ്രാവിന്റെ കാലില്‍ ബന്ധിച്ചിരിക്കുന്നു ഒരു ചുരുള്‍. കടലാസോ, തുകലോ, പ്ലസ്ടികോ  എന്ന്  തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല. വൈറ്റ് ഹൌസില്‍ ജൈവാക്രമണം എന്ന് റോയിട്ടെര്സിനു മിന്നല്‍ വേഗത്തില്‍ സന്ദേശം പാഞ്ഞു. ലോകത്താകമാനം ടി. വി ചാനലുകള്‍ സെപ്റ്റംബര്‍ പതിനൊന്നിന്റെ ആക്രമണം സംപ്രേഷണം ചെയ്തിരുന്നതിലും ഉത്സാഹത്തില്‍ പറന്നു വരുന്ന പ്രാവിനെ ലോകം മുഴുവന്‍ കാണിച്ചു സംതൃപ്തിയടഞ്ഞു. വിമാനവേധ തോക്കുകളെയും, കലഷ്നിക്കൊവുകളെയും തോല്‍പ്പിച്ചു കൊണ്ട് പറന്നു വന്ന പ്രാവ് പ്രസിഡന്റിന്റെ തോളില്‍ സേഫ് ലാന്‍ഡ്‌ നടത്തി. ടി.വി ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതിനാല്‍ മനസ്സിലുള്ള ഭയം പുറത്ത് കാണിക്കാതെ പ്രസിഡന്റ്‌ പ്രാവിന്റെ കാലില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക്‌  ഡപ്പി അഴിച്ചെടുത്തു സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രാവിനെ ഉടന്‍ തന്നെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വേണ്ടി ജൈവായുധ വകുപ്പിന് കൈമാറി. ബോംബ്‌ നിര്‍വീര്യമാക്കുന്നതിനുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഡപ്പി തുറക്കപ്പെട്ടു. അകത്തൊരു കടലാസ് ചുരുള്‍ മാത്രം.  സുരക്ഷ വകുപ്പ് മേധാവി വിറയ്ക്കുന്ന കൈകളോടെ ചുരുള്‍ എടുത്തു വായിച്ചു.
"കേബിള്‍ ചോര്‍ച്ചക്കുള്ള പ്രതിവിധി ഇത്. 
ഇലക്ട്രോണിക് സന്ദേശങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വെക്കുക.
പക്ഷി മാര്‍ഗം സന്ദേശങ്ങള്‍ അയക്കുക
എന്ന് സ്വന്തം............"
സന്ദേശം പ്രസിഡന്റിന്റെ ചെവിയില്‍ എത്തേണ്ട താമസം, ലോകത്താകമാനമുള്ള പരുന്ത്‌ , പ്രാവ്, തത്ത, മൈന വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും സകല പക്ഷികളെയും  പിടിചെടുക്കാനുള്ള ഓര്‍ഡര്‍ എല്ലാ സഖ്യ രാജ്യങ്ങളിലേക്കും പാഞ്ഞു. വാര്‍ത്ത കാതോടു കാതോരം പാറി പറന്നു ഇന്ത്യ, ചൈന , ജപ്പാന്‍ തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളിലും കാട്ടുതീ പോലെ പാഞ്ഞെത്തി.   കമ്പ്യൂട്ടര്‍, ഇമെയില്‍, ടെലെഗ്രാഫ്, തുടങ്ങിയ സകല  വാര്‍ത്താ വിനിമയ സംവിധാനങ്ങളും ലോകം ബഹിഷ്കരിച്ചു. ടെലിവിഷന്‍, റേഡിയോ എന്നിവ ചലച്ചിത്ര സംബന്ധമായ പ്രക്ഷേപണങ്ങളില്‍  മാത്രം ഒതുങ്ങി. അഞ്ചലോട്ടക്കാരന്റെ തസ്തിക തിരുവനന്തപുരം മുതല്‍ വാഷിങ്ങ്ടന്‍ വരെയുള്ള സമസ്ത സര്‍ക്കാര്‍ ആപ്പീസുകളിലും തിരിച്ചെത്തി. സോമാലിയ, എത്യോപ്യ, കെനിയ, ഇടുക്കിയുടെ ഹൈ റേഞ്ച് തുടങ്ങി ലോകത്തുള്ള  ദീര്‍ഖ ദൂര ഓട്ടക്കാരുടെ സകല ഉത്പാദന കേന്ദ്രങ്ങളിലും സമൃദ്ധി വസന്തോല്സവമായി വിരിഞ്ഞു. പക്ഷി സന്ദേശങ്ങള്‍ക്കായി  സ്പെഷല്‍ തീവണ്ടികള്‍, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ നടപ്പില്‍ വന്നു.
ലോകം ശാന്തം. യാതൊരു ചോര്‍ച്ചയും ഇല്ല.  ഈയുള്ളവന്റെ വീട്ടിലേക്കു പക്ഷികള്‍ കൂട്ടം കൂട്ടമായി പറന്നെത്തി. ഓരോരോ രാഷ്ട്രമേധാവികളുടെ നന്ദി സന്ദേശങ്ങള്‍. ഒടുവില്‍, വരുന്ന പക്ഷികളെ ആട്ടിയോടിക്കാന്‍ പരുന്തു വര്‍ഗത്തില്‍ പെട്ട പക്ഷി പ്രവരരുടെ ഒരു ബട്ടാലിയനെ രംഗത്ത്‌ ഇറക്കേണ്ടി  വന്നു. അഭിനന്ദന-നന്ദി സന്ദേശങ്ങളെ സ്പാം എന്ന് മുദ്രകുത്തി കൊത്തിയോടിച്ചു..
ലോകം ശാന്തം. ഐക്യനും, ചീനനുമെല്ലാം കല്ല്‌ വെച്ച നുണകള്‍ മിനുട്ടിന് നൂറു എന്ന കണക്കിന് വീണ്ടും തള്ളി തുടങ്ങി. ഒരേയൊരു കുഴപ്പം മാത്രം - നുണ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുമ്പോഴേക്കും സൂര്യന്‍ നാലഞ്ചു പ്രാവശ്യം ഉദിച്ചസ്തമിചിരിക്കും. 

പക്ഷി സന്ദേശങ്ങള്‍ നടപ്പില്‍ വന്നു കൃത്യം ഒരാഴ്ച തികഞ്ഞ ദിവസം. പൊടിയരിക്കഞ്ഞിയും, മുളക് വറുത്തതും, ചുട്ട പപ്പടവുമായി നമ്മള്‍ അമ്രുതെതിനോരുങ്ങിയ നേരം സെക്രട്ടറി  ഡൈനിംഗ് ടേബിളിന്റെ എതിര്‍വശത്ത് വന്നു നിന്ന് പറഞ്ഞു.
"തലൈവാ സന്ദര്‍ശകനുണ്ട്, അടിയന്തിരമായി കാണണം എന്ന് പറഞ്ഞു തല തല്ലുന്നു"
"പേര് പറഞ്ഞില്ലേ?"
"അര്‍ജുനന്‍, നാട്ടില്‍ നിന്നാണെന്ന് അറിയിക്കാന്‍  പറഞ്ഞു"
നാടെന്നു വെച്ചാല്‍ നമ്മുടെ സ്വന്തം കൊച്ചു കേരളത്തില്‍ നിന്ന്. ലോകപരിപാലനാര്‍ത്ഥം കേരളം വിട്ടു തമിഴ്നാട്ടില്‍ താമസിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. ഇവിടെയാകുമ്പോള്‍ വിന്ധ്യ പര്‍വതത്തിനിപ്പുറം  വന്നു താമസമാക്കിയ അഗസ്ത്യനെയും കാര്‍ത്തികേയനെയും യഥേഷ്ടം കണ്ടു കാര്യങ്ങള്‍ക്കൊരു നീക്ക് പോക്ക് ഉണ്ടാക്കാമല്ലോ. ബോറടിക്കുമ്പോള്‍ നാഡി ജ്യോതിഷത്തിന്റെ ഓലകള്‍ വായിച്ചു സമയം കളയുകയും ആവാം.
അമൃതേത് മുഴുമിപ്പിക്കാതെ  എഴുന്നേറ്റു സന്ദര്‍ശക മുറിയിലേക്ക് ചെന്നു. പ്രശ്നം ഗുരുതരമാണെന്ന് കണ്ട കുശിനിക്കാരനും സെക്രെട്ടറിയും  പതുക്കെ അവരവരുടെ കാര്യാലയങ്ങളിലേക്ക് പിന്‍ വലിഞ്ഞു.
കുശലാന്വേഷണങ്ങള്‍ക്ക്  ഇട കൊടുക്കാതെ അര്‍ജുനന്‍-ഫല്‍ഗുനന്‍ പ്രശ്നത്തിലേക്ക് കടന്നു.
"ഇങ്ങനെ തുടങ്ങിയാല്‍ കഷ്ടമാണ് തലൈവരേ! എത്രയൊക്കെയായാലും ആരെങ്കിലും സ്വന്തം കഞ്ഞിയില്‍ മണ്ണിടുമോ?"
" മണ്ണ് ഇട്ടെന്നു ആര് പറഞ്ഞു?"
"പിന്നെ എന്താണീ ചെയ്തിരിക്കുന്നത്? കേബിള്‍ ചോര്‍ത്തി എടുത്ത വിവരങ്ങള്‍ വിറ്റല്ലേ അവിടുന്ന് മൂന്നാറിലെ എസ്റ്റേറ്റ്‌ വാങ്ങാനിരുന്നത്?"
"പത്ത് എസ്റ്റേറ്റ്‌ വാങ്ങാനുള്ള പണം ഈ പെട്ടിയിലുണ്ട്" മുറിയുടെ മൂലക്കിരുന്ന തടിച്ച പെട്ടി ചൂണ്ടി കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. "ഐക്യന്റെ കമ്മട്ടത്തില്‍ അടിച്ചതാണ്. രൂപയാക്കി മാറ്റണം."
"ഒന്നും മനസ്സിലാകുന്നില്ല തലൈവാ..!!" അര്‍ജുനന്റെ കണ്ണുകള്‍ പുറകോട്ടു വലിച്ച ഞാണ്‍ മാതിരി പുറത്തേക്കു തുറിച്ചു വന്നു.
"നാളെ മുതല്‍ വീണ്ടും കേബിള്‍ സന്ദേശങ്ങള്‍ പുനരാരംഭിക്കാന്‍ പോകുന്നു. കുറച്ചു മുന്‍പേ ഐക്യന്‍ ഇവിടെ വന്നു പോയിരുന്നു."
"എന്തിനാണാവോ?"
"ഒസാമയെ കണ്ടെത്തി എന്ന സന്ദേശം കൊട്ടാരത്തില്‍ എത്തിയപ്പോഴേക്കും ദിവസം മൂന്ന്‌ കഴിഞ്ഞിരുന്നു. അതിനുള്ളില്‍ ഒസാമ താമസം പാതാളത്തിലേക്ക്‌ മാറ്റി. ഐക്യന്റെ പട്ടാളക്കാര്‍ തിരഞ്ഞു ചെന്നപ്പോള്‍ താടിയിലെ രണ്ടു പൂട മാത്രമാണ് കിട്ടിയത്."
"ഐക്യന്‍ കോപത്തിലാണോ?"
"എന്ന് പറഞ്ഞു കൂടാ.. നമുക്ക് മുന്നില്‍ കോപിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല അയാള്‍"
"കമ്മട്ടം തിരിച്ചു കൊടുക്കുന്നുണ്ടോ?"
"കൊടുത്തേക്കാം എന്ന് ഞാന്‍ പറഞ്ഞു. കഞ്ഞി കുടിക്കാനുള്ള കാശ് ഖജനാവിലില്ല പോലും"
"അപ്പോള്‍ നാളെ മുതല്‍ വീണ്ടും ചോര്‍ത്തി തുടങ്ങാം, അല്ലെ?"
"തീര്‍ച്ചയായും, ബെസ്റ്റ് ഓഫ് ലക്ക് "

അടുത്ത നാള്‍ മുതല്‍ കേബിള്‍ സന്ദേശങ്ങളും, ഫോണ്‍ വിളികളും പൂര്‍വാധികം ശക്തിയില്‍ ലോകത്ത് പുനസ്ഥാപിക്കപെട്ടു. ഇരട്ടി ശക്തിയില്‍ വാര്‍ത്ത ചോരലും.
എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ജനങ്ങളുടെ കൂടെ തന്നെ.

സംഭവാമി യുഗേ യുഗേ!!

December 05, 2010

ന സ്ത്രീ സ്വാതന്ത്രം അര്‍ഹതി !!

"ഡേ, മദ്രാസി മല്ലൂ, സംഭവം ശരിയാണോഡേയ്?" 
എന്റെ ഹിന്ദിക്കാരി സുഹൃത്ത് , കൃത്യമായി പറഞ്ഞാല്‍ നെഹ്രുവിന്റെ നാട്ടുകാരി സുമിത്രാ ബെഹന്റെതാണ്  ചോദ്യം?
"എന്ത്, ഏത്, എപ്പോള്‍, എങ്ങിനെ..?  മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കടീ ഗോസായിച്ചീ". തലയും വാലും ഇല്ലാതെ ആതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഒരു ചോദ്യം ഇട്ടു തന്നാല്‍ നമ്മളെന്തു മറുപടി കൊടുക്കാന്‍..!
" നിന്റെ നാട്ടില്‍, പഞ്ചായത്ത് ഭരിക്കണത് മൊത്തമായും ചില്ലറയായും പെണ്ണുങ്ങളാണോ?" വിശദീകരണം പുറകെ വന്നു.
50%  സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളിലെ ജനപ്രതിനിധികള്‍ക്കിടയില്‍ നിയമത്തിന്റെ പിന്ബലത്താല്‍ നടപ്പിലായി കഴിഞ്ഞു. ഹിന്ദു, എക്സ്പ്രെസ്സ്, ടൈംസ്‌ ഓഫ് ഇന്ത്യ .. എന്തിനു വാഷിങ്ങ്ടന്‍ പോസ്റ്റില്‍ വരെ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തെ ചരിത്ര സംഭവ വികാസത്തെ കുറിച്ച് എഡിറ്റോറിയാലുകള്‍ പ്രത്യക്ഷപ്പെട്ടു. പത്രങ്ങളായ പത്രങ്ങളെല്ലാം ബുദ്ധിജീവികളുടെ പേരും മേല്‍വിലാസവും തപ്പിയെടുത്ത്, അവരെ ഓടിച്ചിട്ട്‌ പിടിച്ച് തോക്കിന്‍തുമ്പിലും, വാള്‍മുനയിലും നിര്‍ത്തി ലേഖനങ്ങള്‍ എഴുതിപ്പിച്ചു. സംഭവം ഭൂമിയുടെയും സൌരയൂധത്തിന്റെയും അതിര്‍ത്തികള്‍ക്കും  അപ്പുറത്ത്‌ ആല്ഫാ സെഞ്ച്വറിയിലെ അന്യഗ്രഹ ജീവികള്‍ പോലും ചര്‍ച്ചാ വിഷയമാക്കി. ചൊവ്വയില്‍ ചായകുടിക്കാന്‍ പോയ അപ്പുക്കുട്ടന്‍ നായര്‍ രഹസ്യമായി എന്നോട് പറഞ്ഞത് അവിടത്തെ ചായക്കടയിലും ഇത് തന്നെയാണ് ചര്‍ച്ചാവിഷയം എന്നാണു.ഇപ്പളാണ് സംഭവം കശ്മലയുടെ ചെവിയില്‍  എത്തിയത് എന്ന് തോന്നുന്നു. പെണ്‍ബുദ്ധി മാത്രമല്ല കേള്‍വിയും പിന്നോട്ടായിരിക്കണം.
"അങ്ങനെ മോത്തമായോന്നുമില്ല, ഒരു അമ്പത് ശതമാനം സീറ്റ്  ഞങ്ങള്‍ പുരുഷകേസരികളുടെ  ദയയുടെയും സഹാനുഭൂതിയുടെയും ഫലമായി അവര്‍ക്കങ്ങു കൊടുത്തിരിക്കുന്നു..അത്രതന്നെ"
"ഓഹ്..ദയ, സഹാനുഭൂതി..മാങ്ങാത്തൊലി..നിന്റെയൊക്കെ നാട്ടീന്നു, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌..! വീരവാദം മുഴക്കാതെ പോ ചെക്കാ.. വീരാംഗനകള്‍ പൊരുതി നേടിയതെന്ന് പറ"
"ശരി പെങ്ങളെ.. നീ പറയുന്നത് പോലെ". തര്‍ക്കിക്കാന്‍ എനിക്ക് തല്‍കാലം മൂഡില്ല.
പെണ്ണ് കരുതിക്കോട്ടെ ഞാന്‍ തോറ്റു കൊടുത്തതാണെന്നു. ക്ഷമ ആട്ടിന്സൂപ്പിന്റെ ഗുണം  ചെയ്യുമെന്ന് പണ്ട് സൌദാമിനി  ടീച്ചര്‍ പറഞ്ഞതോര്‍ത്തു ഞാന്‍ മിണ്ടാതിരുന്നു. 
ദേ വരുന്നു അടുത്ത ചോദ്യം.. " ഡാ മരങ്ങോടാ, അധികാരം കിട്ടിയാല്‍ വയറു നിറയുമോടാ?"
പെണ്ണിന് വെറുതെ ഇരിക്കാനുള്ള ഭാവമില്ല. സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പാ കേറ്റുന്ന വര്‍ഗ്ഗം.
"അതെന്താ മോളെ, അങ്ങനെ ഒരു ചോദ്യം?" ദൈവമേ,പെണ്ണിന് വിവരം വച്ചോ?
"ചോദിച്ചതിനു  ഉത്തരം മതി, മറുചോദ്യം വേണ്ട!" ഭീഷണി ലൈനില്‍ ആണ് സഹോദരി
" ആളൊരു മരമണ്ടി ആണെങ്കിലും അല്പം വിവരമുണ്ട്. എടീ ബടുക്കൂസേ, ഇത് ഞങ്ങളുടെ  ഒരു തന്ത്രമല്ലേ?  ഇനി എന്തെങ്കിലും ആവശ്യം ഉന്നയിച്ചു മാവേലി നാട്ടിലെ സ്ത്രീ പ്രജകള്‍ അലറി വിളിക്കുമ്പോള്‍, ഞങ്ങള്‍ പുരുഷ കേസരികള്‍  പെണ്‍വര്‍ഗ്ഗത്തെ ഒതുക്കാനായി കണ്ടു പിടിച്ച കിടിലന്‍  സൂത്രം"
"അതായത്, അപ്പോള്‍ നിങ്ങള്‍ പറയും, ഞങ്ങള്‍ നിങ്ങള്‍ക്ക് അധികാരം തന്നില്ലേ, ഇതില്‍ കൂടുതല്‍ ഒന്നും ഇനിമേല്‍ വയ്യ.. നിങ്ങളായി, നിങ്ങളുടെ പാടായി എന്ന്. അല്ലെ?" ക്രോസ് വിസ്താരമാണല്ലോ. ഇവള് കഴിഞ്ഞ ജന്മത്തില്‍ വക്കീലായിരുന്നോ?
"അതെ, അത് തന്നെ..തലയില്‍ ആള്‍താമസം ഉണ്ടല്ലേ?" എനിക്ക് എവിടെയോ അല്പം അപകടം മണത്തു തുടങ്ങി.
അംജദ്  ഖാന്‍ അഥവാ ഗബ്ബാര്‍ സിംഗ് ഷോലെയില്‍ ചിരിക്കുന്ന പോലെ പെണ്ണൊരു കൊലച്ചിരി പാസാക്കി. ഹാ..ഹാ..ഹഹഹാ,,
"മരമണ്ടന്‍ നീയാടാ ചെക്കാ.. നിന്റെ നാട്ടിലെ ആണ്സിംഗങ്ങളും"
"?"
"അധികാരം മൊത്തമായും കയ്യില്‍ കിട്ടിയാല്‍ ഞങ്ങള് ചുമ്മാ ഇരിക്കും കരുതുന്നുവോ വിഡ്ഢികളെ? ഈ അന്‍പതും, പിന്നെ ജനറല്‍ സീറ്റില്‍ ജയിച്ചു  വന്നതുമായി ഞങ്ങള്‍ ഒരു അറുപത്-അറുപത്തഞ്ചു ശതമാനം സ്ത്രീകള്‍ നിങ്ങളെ ഭരിക്കും. ഞങ്ങള്‍ക്ക് തോന്നിയ രീതിയില്‍ നിയമങ്ങള്‍ നിര്‍മിക്കും, ഉള്ള നിയമങ്ങള്‍ എടുത്തു കളയും, ബലാല്‍സംഗ വീരന്മാര്‍ക്കും, സ്ത്രീ പീഡനം നടത്തുന്നവര്‍ക്കും  വധശിക്ഷ നടപ്പാക്കും. പൊതു-സ്വകാര്യ തൊഴില്‍ മേഖലകളില്‍ അമ്പതു ശതമാനം സ്ത്രീകള്‍ക്ക് സംവരണം  ചെയ്യും, പതിമൂന്നു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ മഹിളകള്‍ക്കും മാസം മൂവായിരം രൂപ വെറുതെ കൊടുക്കും..."
"ഇത്രയേ ഉള്ളോ?"
"ഇല്ലാ, തീര്‍ന്നിട്ടില്ലാ.. ഗാര്‍ഹിക ജോലികളില്‍ 100 % പുരുഷസംവരണം. എന്തെങ്കിലും  ഞങ്ങള്‍ തിരിച്ചു തരണമല്ലോ.. പിന്നെ സൌന്ദര്യവര്‍ധക വസ്തുക്കള്‍, സാരികള്‍, ചുരിദാറുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കുള്ള സകല നികുതികളും എടുത്തു കളയും, വസ്ത്രാവകാശ നിയമം നടപ്പിലാക്കും..സ്ത്രീകളെ കണ്ടിട്ടില്ലാത്ത രീതിയില്‍ തുറിച്ചു നോക്കുന്ന പുരുഷ പ്രജകളുടെ കണ്ണ് കുത്തി പൊട്ടിക്കും.."
ചുരുക്കിപ്പറഞ്ഞാല്‍ നമ്മളെല്ലാം നോക്കുകുത്തികളായി  മാറുമെന്നു!! അഹങ്കാരം കണ്ടില്ലേ?
ഭാഗ്യം, പ്രസവിക്കുന്ന ജോലി ആണുങ്ങള്‍ ഏറ്റെടുക്കണം എന്ന് വീരാംഗന പ്ലാന്‍ ചെയ്തില്ലല്ലോ..!
"ഇടക്കെന്തോ  പറഞ്ഞല്ലോ വസ്ത്രാവകാശം എന്ന്.. അതെന്താണാവോ?"
"ഞങ്ങള്‍ക്ക് തോന്നിയ പോലെ, തോന്നിയ സമയത്ത്, തോന്നിയ ഡ്രസ്സ്‌ ധരിക്കാനുള്ള സ്വാതന്ത്രം. പുരുഷ മേല്ക്കൊയ്മക്ക് വഴങ്ങില്ല ഇനിമേല്‍ ഭാരതീയ നാരികള്‍."
ഇവളെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. തല ഒരു പുകയടുപ്പായി മാറി. പുകക്കു നടുവില്‍ പെട്ടെന്ന് ഒരു ഇടിവാള്‍ മിന്നി. മഹിളാ രത്നതിനെ മലര്‍ത്തി അടിക്കാനുള്ള പൂഴിക്കടകന്‍ കണ്മുന്നില്‍ തെളിഞ്ഞു.
ഞാനും പാസ്സാക്കി ഒരു ചിരി.. ഗബ്ബര്‍ സിംഗിന്റെ കൊലച്ചിരി അല്ല.. ക്ലിന്റ് ഈസ്റ്റ്‌വുഡ് മോഡല്‍ ഉഷാറ് പുഞ്ചിരി.
" എടീ വിവരം കേട്ടവളെ, ഭാരതീയ വനിതയുടെ പ്രാതിനിധ്യമേ, ഞാന്‍ ഈ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം."
"ഇപ്പോഴത്തേക്ക്  വേണമെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ചെവി തരാം.. ഭരണം ഞങ്ങളുടെ കയ്യില്‍ വന്നാല്‍ പിന്നെ കഴിഞ്ഞെന്നു വരില്ല"
"ഓ, അവിടുത്തെ ഇഷ്ടം.. തല്‍ക്കാലം ഇതൊന്നു കേള്‍ക്ക്‌". പ്രസിഡന്റ്‌ ഒബാമാ സ്റ്റൈലില്‍ ഞാന്‍ പറഞ്ഞു തുടങ്ങി.
"ഈ അമ്പത് ശതമാനം പഞ്ചായതീ രാജില്‍ മാത്രമല്ലേ അനുവദിച്ചു തന്നിട്ടുള്ളൂ.. സംസ്ഥാന - രാജ്യ നിയമ നിര്‍മാണ സഭകളിലേക്കില്ലല്ലോ? അവിടെ 33 % കൊണ്ട് വരാനായി രാജ്യം മുഴുവന്‍ മുക്രയിട്ടു പായുന്നല്ലേ ഒള്ളൂ?"
"yes , അതിനു?" മാനിനീ മണിയുടെ കണ്ണില്‍ സംശയം.
" എന്നിട്ട് പോലും, ആ യാദവന്‍മാരെന്തിനാ  അതിനെ തുരങ്കം വെക്കാന്‍ നെട്ടോട്ടമോടുന്നത് എന്നത് ഇപ്പൊ മനസ്സിലായില്ലേ?  ഇനി 33 % നടപ്പില്‍ വന്നാല്‍ പോലും പാര്‍ലമെന്റിലെ വനിതകള്‍ ലാലുവിന്റെം, മുലായത്തിന്റെമൊക്കെ വീട്ടിലെ മഹിളകള്‍ തന്നെ ആയിരിക്കും . വടക്കേതിലെ യാദവന്‍മാര്‍ക്ക്  പകരക്കാരായിട്ടു തെക്കോട്ട്‌ വന്നാല്‍ കരുണാനിധി,  യെദിയൂരപ്പ തുടങ്ങിയ ആണ്‍ ശിങ്കങ്ങള്‍ ഇവിടെയുമുണ്ട്. അവiര്‍ക്കും കുടുംബം വിട്ടുള്ള കളിയില്ല മോളെ.. "
 "ഹേ മിസ്റ്റര്‍, സ്ത്രീകള്‍ പഴയ പോലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരല്ല..  ഈ കിളവന്മാരെയൊക്കെ ഒതുക്കാന്‍ ഞങ്ങള്‍ക്കറിയാം "
"മാഡം, ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ മുഴുവന്‍ ഓരോ സംസ്ഥാനങ്ങളിലെ സീറ്റ്‌മോഹികളെ കൊണ്ട് നിറയും.. ഇനി തൊട്ടു അവരൊക്കെ കുടുംബത്തിനെയും കൂടെ ഇറക്കുമതി ചെയ്യും. അതിന്റെടക്കാണോ നിങ്ങളുടെ പുട്ടുകച്ചവടം."
"ഓ, ഐ സീ..."
"പിന്നെ, മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ' രണ്ടു തല തമ്മില്‍ ചേര്‍ന്നാലും, നാല് മുല തമ്മില്‍ ചേരില്ലെന്ന്..മനസ്സിലായോ നാരീമണീ?"
ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു ഞാന്‍ പ്രസംഗം അവസാനിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരി വിടര്‍ന്നു പോയ വായ അടക്കാന്‍ മറന്നു പിന്നെയും ഒരു പത്തു മിനിറ്റ് അങ്ങനെതന്നെ ഇരുന്നു.
ഇതി സമാപ്തം..

Ratings and Recommendations by outbrain