December 14, 2014

Broken Circle Breakdown (2012)


പ്രായം മനസ്സിലും , ശരീരത്തിലും , സമൂഹത്തിലും ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നതിനാലാവണം കാര്‍ന്നോന്മാര്‍ക്കും, നമുക്കുമൊക്കെ പ്രായമായി വരുന്നു എന്ന ചിന്തയില്‍ നിന്നും ഓടി ഒളിയ്ക്കാന്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് . നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ഇരുപത്തിനാല് മണിക്കൂര്‍ ചുറ്റളവുള്ള ഓരോ വൃത്തങ്ങളാണ് . കണക്കില്‍ പറഞ്ഞാല്‍ മുന്നൂറ്ററുപതു ഡിഗ്രി - അല്ലെങ്കില്‍ 2π റേഡിയന്‍ . ഈ വൃത്തം പൂര്‍ത്തിയാക്കുന്ന ചങ്ങലക്കണ്ണികള്‍ ആണ് നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തികളും . എല്ലാ ദിവസവും ഈ വൃത്തം അതുപോലെ തുടരണം എന്നൊരു പ്രതീക്ഷയാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നത്-അതിനുള്ളിലെ സ്നേഹമായി നിലകൊള്ളുന്നത്, ജീവിതത്തെ മുന്നോട്ടു കൊണ്ട് പോവുന്നത് . അതില്‍ ഏതെങ്കിലും ഒരു കണ്ണി ഇല്ലാതായാല്‍ വൃത്തം മുറിയുകയാണ് . അവിടെ ഒരു കണ്ണി ഉണ്ടായിരുന്നു എന്ന ഓര്‍മയെ പിന്നെയുള്ളൂ - ആ കണ്ണി തന്ന ഓര്‍മകളും. ആ കണ്ണി ഇല്ലാത്ത വൃത്തം പുതിയതാണ് - പഴയതില്‍ നിന്നും വ്യത്യസ്തം . അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നല്ലത് . പുതിയ വൃത്തവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് ജീവിച്ചു പോവാം . എങ്കിലും, ആ പൊരുത്തപ്പെടല്‍ എല്ലായ്പ്പോഴും സാധ്യമാണോ ?

Broken Circle Breakdown എന്ന ബെല്‍ജിയന്‍ സിനിമ ഈ ഒരു പൊരുത്തപ്പെടല്‍ ഇല്ലായ്മയുടെ കഥയാണ്‌ . ഇതില്‍ പ്രണയമുണ്ട്, ലൈംഗീകതയുണ്ട് , കുടുംബമുണ്ട് , സന്തോഷമുണ്ട്, സംഗീതമുണ്ട് , ബന്ധങ്ങളുണ്ട് , സൌന്ദര്യമുണ്ട് , എല്ലാത്തിനും ഉപരിയായി നില്‍ക്കുന്ന മരണം എന്ന സത്യത്തിന്റെ ദുഖമുണ്ട് . ദിദിയെര്‍ എന്ന നാസ്തികനായ ഒരു ബ്ലൂഗ്രാസ്സ് ഗായകനും , എലിസ എന്ന വിശ്വാസിയായ ഒരു പച്ചകുത്തല്‍ കലാകാരിയും , അവരുടെ മകള്‍ മേയ്ബെല്‍ , ദിദിയെര്‍ പാടുന്ന ( പിന്നെ എലിസയും ചേരുന്ന ) ഗായകസംഘവും , ആശുപത്രിയിലെ സ്ടാഫും , ഇവരുടെയൊക്കെ ഇടയിലെ ശക്തമായ സ്നേഹവും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ .

ബ്ലൂഗ്രാസ്സ് സംഗീതത്തിന്റെ ജന്മനാടായ  അമേരിക്കയെ സ്വപ്നം കാണുന്ന ദിദിയരും, ജീവിതത്തിലെ മുന്‍ഗണനകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി, അവ മാറുമ്പോള്‍ അവയ്ക്ക് മുകളില്‍ വീണ്ടും പച്ച കുത്തി അവയെ മറച്ചു , പുതിയ മുന്‍ഗണന മറ്റൊരു ഭാഗത്ത്‌ പച്ച കുത്തുന്ന പച്ചകുത്തല്‍ കലാകാരി എലിസയും യാദൃശ്ചികമായി പരിചയപ്പെടുന്നു . അവര്‍ പ്രണയിക്കുന്നു , ബന്ധപ്പെടുന്നു, അവിചാരിതമായി എലിസ ഗര്‍ഭിണിയാകുന്നു . എലിസയും ദിദിയറും വിവാഹിതരാവുന്നു. മേയ്ബേല്‍ ജനിയ്ക്കുന്നു. മേയ്ബെലിനു ലുക്കീമിയ പിടിപെട്ടതായി തിരിച്ചറിയുന്നത്‌ വരെ അവര്‍ ഭൂമിയിലെ ഏറ്റവും സന്തുഷ്ടമായ കുടുംബങ്ങളില്‍ ഒന്നായി കഴിയുകയാണ് . പിന്നെയങ്ങോട്ട് എല്ലാം മാറി മറിയുന്നു  . മേയ്ബെലിന്റെ മരണം ദിദിയറിനെയും എലിസയെയും വല്ലാതെ ഉലയ്ക്കുന്നു . അവിശ്വാസിയായ ദിദിയര്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന മതവിശ്വാസങ്ങളെ വിമര്‍ശിച്ച് ദുഃഖം മറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ , വിശ്വാസിയായ എലിസ സ്വാഭാവികമായും തന്റെ വിശ്വാസങ്ങളിലാണ് അഭയം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് . വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഈ ആശ്വാസം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇരുവരെയും ഉലയ്ക്കുകയാണ്. "ആ വൃത്തം മുറിഞ്ഞു പോയി, മേയ്ബേല്‍ ഇനി തിരിച്ചു വരില്ല " എന്ന് ദിദിയര്‍ പറയുമ്പോഴും , മേയ്ബെലിന്റെ ആത്മാവിനെ കുറിച്ചും , മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ചിന്തകള്‍ എലിസയെ മഥിക്കുന്നു. ദുരന്തത്തില്‍ നിന്നും ദുരന്തത്തിലെയ്ക്കുള്ള വീഴ്ചയാണ് സിനിമ . എങ്കില്‍പോലും, ആ ദുരന്തങ്ങള്‍  ഓരോന്നും സംഗീതാത്മകമായി കാവ്യഭംഗി ഉള്‍ക്കൊള്ളുന്നവയും ആണ് .

മുപ്പതു ഡിഗ്രി ചെരിവില്‍ വിഷാദത്തിന്റെ ആഴങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്ന പ്രമേയമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എങ്കിലും , ലീനിയര്‍ ആയുള്ള ഒരു കഥാകഥനരീതിയല്ല ഇതില്‍ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് . പ്രണയം, ജീവിതം, സന്തോഷം, വേര്‍പാട്, സങ്കടം തുടങ്ങിയവ ഒട്ടും  ക്രമമല്ലാതെയാണ്  സ്ക്രീനില്‍ കടന്നു വരുന്നത് .   നോണ്‍ലീനിയര്‍ ആയുള്ള ഈ ആഖ്യാന രീതി , വികാരങ്ങളില്‍ നിന്നും വികാരങ്ങളിലെയ്ക്കുള്ള ഒരു സീ-സോ ആയി കാഴ്ചക്കാരന്റെ മനസ്സിനെ കൊണ്ട് പോവുന്നു . ഒരു പുഞ്ചിരിയുടെ ഉന്നതിയില്‍ നിന്നും കണ്ണീര്‍ത്തുള്ളിയുടെ താഴ്ചയിലേയ്ക്കുള്ള വീഴ്ച, പ്രേക്ഷകനില്‍  ആഘാതം കൂടുതലായി എല്പ്പിയ്ക്കാന്‍ ഉതകുന്നതാണ് . ഒന്നില്‍ക്കൂടുതല്‍ തവണ , നിങ്ങളുടെ ഹൃദയം കണ്ണീര്‍ വാര്‍ക്കും - എത്ര തന്നെ കരിങ്കല്ലാണ് എന്ന്  അവകാശപ്പെട്ടാലും, ഞാന്‍ ഉറപ്പു നല്‍കുന്നു .

 നോണ്‍-ലീനിയര്‍ ആഖ്യാനത്തിന്റെ കൊടുമുടിയിലാണ് സിനിമ എങ്കിലും , ഒരിയ്ക്കല്‍ പോലും പ്രേക്ഷകന് ഒരു സംശയമോ പരസ്പരബന്ധമില്ലായ്മയോ അനുഭവപ്പെടാത്ത രീതിയിലുള്ള മികച്ച കയ്യടക്കം സംവിധായകന്‍ കാഴ്ച വെച്ചിരിയ്ക്കുന്നു എന്നത് തികച്ചും പ്രശംസനീയമാണ് . വ്യസനം ആണ് സിനിമയുടെ കാമ്പെങ്കിലും, റാന്‍ഡം ആയുള്ള വികാരങ്ങളുടെ ദൃശ്യഭാഷ്യം,  വികാരതീവ്രതയുടെ മുഹൂര്‍ത്തങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് മേല്‍ക്കൈ വരുന്ന തരത്തില്‍ വളരെ നന്നായി ഉപയോഗിച്ചിരിയ്ക്കുന്ന നിശബ്ദത,  അതുപോലെ തന്നെ ചടുലമായ ബ്ലൂഗ്രാസ്സ് സംഗീതം എന്നിവ  ചിത്രത്തെ തികച്ചും ആസ്വാദ്യകരമാക്കുന്നു . ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് സംഗീതവും, ബന്ധങ്ങളുടെ തീവ്രതയും. സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രീതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ് ഓരോ  അഭിനേതാവിന്റെയും പ്രകടനം .  വിഷാദമധുരമായ ഒരു മോഹനചലച്ചിത്രം  എന്ന് BCB യേ  നിസ്സംശയം നിര്‍വചിയ്ക്കാം . 

Director: Felix Van Groeningen
Screen Play: Carl Joos Felix Van Groeningen
ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്ന Johan Heldenbergh,  Mieke Dobbels നോടോത്ത് രചന നിര്‍വഹിച്ച  ഒരു നാടകമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എന്ന സിനിമയായി മാറിയത്  . 


3 comments:

 1. കുറിപ്പ് വായിച്ചു. തികച്ചും അപരിചിതമായ ചിത്രങ്ങള്‍!

  ReplyDelete
 2. ചിത്രത്തെക്കുറിച്ച് നല്ലൊരു വിവരണം
  ആശംസകള്‍

  ReplyDelete
 3. ' Broken Circle Breakdown എന്ന ബെല്‍ജിയന്‍
  സിനിമ ഈ ഒരു പൊരുത്തപ്പെടല്‍ ഇല്ലായ്മയുടെ കഥയാണ്‌ .
  ഇതില്‍ പ്രണയമുണ്ട്, ലൈംഗീകതയുണ്ട് , കുടുംബമുണ്ട് , സന്തോഷമുണ്ട്,
  സംഗീതമുണ്ട് , ബന്ധങ്ങളുണ്ട് , സൌന്ദര്യമുണ്ട് , എല്ലാത്തിനും ഉപരിയായി നില്‍ക്കുന്ന
  മരണം എന്ന സത്യത്തിന്റെ ദുഖമുണ്ട് . ദിദിയെര്‍ എന്ന നാസ്തികനായ ഒരു ബ്ലൂഗ്രാസ്സ് ഗായകനും ,
  എലിസ എന്ന വിശ്വാസിയായ ഒരു പച്ചകുത്തല്‍ കലാകാരിയും , അവരുടെ മകള്‍ മേയ്ബെല്‍ , ദിദിയെര്‍ പാടുന്ന ( പിന്നെ എലിസയും ചേരുന്ന ) ഗായകസംഘവും , ആശുപത്രിയിലെ സ്ടാഫും , ഇവരുടെയൊക്കെ ഇടയിലെ ശക്തമായ സ്നേഹവും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ .'

  ഈ ബെൽജിയം മൂവിയെ പറ്റി ഇതിലും നന്നായി
  ഇനി എങ്ങിനെ വിശകലനം ചെയ്യാണാണ് അല്ലേ
  സൂപ്പറായിട്ടുണ്ട് കേട്ടൊ അംജിത്

  ReplyDelete

Comments Please

Ratings and Recommendations by outbrain