September 25, 2015

പറിക്കപ്പെടാന്‍ കൂട്ടാക്കാതിരുന്ന ഒരു ആപ്പിളിന്റെ കഥ

സ്വാതന്ത്രം ലഭിയ്ക്കുന്നതിന് മുന്പായി നാട്ടുരാജ്യങ്ങളെ ഒരു കൂടയിലാക്കി , ഇന്ത്യ എന്ന മഹാരാജ്യം രൂപീകരിക്കുന്നതിനു വേണ്ടി ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് എല്ലാവരും കേട്ട് കാണും . യഥാര്‍ത്ഥത്തില്‍ സര്‍ദാര്‍ പട്ടേലും, വൈസ്രോയി മൌണ്ട്ബാറ്റനും , വീ.പി. മേനോനും അടങ്ങുന്ന ത്രിമൂര്‍ത്തി സംഘമായിരുന്നു തലോടണ്ട സ്ഥലത്ത് തലോടിയും തല്ലെണ്ടിടത്ത് തല്ലിയും , ഈ ദുഷ്കരമായ പ്രവൃത്തി സാധ്യമാക്കിയത് . അശോകന്റെയോ , അക്ബരിന്റെയോ, ബ്രിട്ടീഷ് രാജിന്റെയോ കാലത്ത് ഇന്ന് ഇന്ത്യ എന്ന് വിളിക്കുന്ന ഭൂവിഭാഗം മുഴുവനായും ഒരൊറ്റ ഭരണത്തിന്റെ കീഴില്‍ വന്നിട്ടില്ല . ഇന്നും വിഘടനവാദങ്ങളും , നിലവില്‍ ഇല്ലാത്ത രാജാക്കന്മാരോട് ഉള്ള വിധേയത്വവും ഭക്തിയും ചിലര്‍ക്കെങ്കിലും കുറഞ്ഞിട്ടുമില്ല . അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ എത്രത്തോളം കഠിനമായ ജോലി ആയിരുന്നിരിയ്ക്കണം ' ഈ ആപ്പിളുകള്‍ മുഴുവന്‍ പറിച്ച് ഒരു കൂടയില്‍ ഒരുമിപ്പിയ്ക്കുക ' എന്നത് .

ബ്രിട്ടീഷ് രാജില്‍ ഉള്‍പ്പെടാതിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് എവിടെയാണ് ( സെകുലര്‍ ഇന്ത്യയിലോ , മതാധിഷ്ടിത പാകിസ്ഥാനിലോ ) ചേരേണ്ടത് എന്ന് തീരുമാനിക്കാന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നു . കാശ്മീര്‍ , ഹൈദരാബാദ്, ഭോപാല്‍ , തിരുവിതാംകൂര്‍ എന്നിവയായിരുന്നു ഈ നാട്ടുരാജ്യങ്ങളില്‍ വലിപ്പം കൊണ്ടും വിഭവങ്ങള്‍ കൊണ്ടും ഏറ്റവും പ്രാധാന്യം ഉണ്ടായിരുന്നവ. സ്വാഭാവികമായും , അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിൽ ആയിരുന്നു ഇവരെ ഏതെങ്കിലും വിധത്തില്‍ ഇന്ത്യയ്ക്ക് കീഴില്‍ കൊണ്ട് വരാനുള്ള ചുമതല വരേണ്ടിയിരുന്നത് . എങ്കിലും, ഒരു വികാരജീവിയായിരുന്ന നെഹ്‌റുവിനു പകരം ഈ ജോലിയ്ക്ക് ഏറ്റവും അനുയോജ്യന്‍ അക്ഷോഭ്യനായ പട്ടേല്‍ ആണെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ്‌ അല്ല, വൈസ്രോയി മൌണ്ട്ബാറ്റെന്‍ ആണ് ( Viceroy's personal report no.10, 27 June 1947). നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിക്കുന്ന പക്ഷം , ആ ഇടങ്ങളില്‍ ഭരണവിരുദ്ധപ്രക്ഷോഭങ്ങള്‍ നടത്തി ഭരണം അട്ടിമറിച്ച് ഇന്ത്യയില്‍ ചേര്‍ക്കുക എന്ന ഒട്ടും പ്രാക്ടിക്കല്‍ അല്ലാത്ത ഒരു പദ്ധതി ആയിരുന്നു നെഹ്രുവിന്റെത് . " സുഹൃത്തേ, നിങ്ങളുടെ ബുദ്ധിക്കു കുഴപ്പമൊന്നും ഇല്ലല്ലോ?" എന്നായിരുന്നു ഇതിനോട് വൈസ്രോയിയുടെ പ്രതികരണം ( Jawaharlal Nehru, June 10-1947 , cited in The Transfer of Power , Vol11, p 233)

ഇതില്‍, നമുക്കേറ്റവും പരിചിതമായ തിരുവിതാംകൂറിന്റെ ലയനത്തെ കുറിച്ചാണ് ഈ ലേഖനം .
സ്വാതന്ത്ര്യം ലഭിയ്ക്കുന്ന കാലയളവിനു തൊട്ടുമുന്‍പാണ് തിരുവിതാംകൂറിന്റെ കടലോരങ്ങളില്‍ അമൂല്യവും അപൂര്‍വവുമായ ധാതുനിക്ഷേപം ഉണ്ടെന്നു ലോകം തിരിച്ചറിയുന്നത്‌ . അന്താരാഷ്‌ട്രതാത്പര്യം ഇന്നും ശക്തമായ ഈ ധാതുനിക്ഷേപത്തിന്റെ പിന്‍ബലത്തില്‍, സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാന്‍ ബ്രിട്ടനുമായി തിരുവിതാംകൂര്‍ രഹസ്യ ഉടമ്പടി ഉണ്ടാക്കിയിരുന്നു എന്നും, അങ്ങനെയാണെങ്കില്‍ തിരുവിതാംകൂറില്‍ ബോംബിടാന്‍ ഇന്ത്യന്‍ വായുസേനയെ നെഹ്‌റു ചട്ടം കെട്ടിയിരുന്നു എന്നുമാണ് പറയപ്പെടുന്നത്‌ ( Cambel-Johnson, Mission with MountBatten, p.54; ). പോരാത്തതിന് , സോവിയറ്റ് യൂണിയനുമായി നെഹ്‌റു നയതന്ത്രബന്ധം ഉണ്ടാക്കിയതും വന്ചിഭൂപനെ ചൊടിപ്പിച്ചു . അദ്ദേഹം ഇന്ത്യയില്‍ ചേരാന്‍ കൂട്ടാക്കിയില്ല .( Times of India, 7 July 1947). ചര്‍ച്ചകള്‍ക്ക് പോലും രാജാവ് തയാറായില്ല. "മന്നന്‍ പദ്മനാഭനാണ്, ഞാന്‍ വെറും ദാസന്‍ " എന്ന് പറഞ്ഞു ഒഴിയാനാണ് രാജാവ് ശ്രമിച്ചത് .

ഇത് മാത്രമോ , സ്വതന്ത്ര തിരുവിതാംകൂറിന്റെ ഏറ്റവും വലിയ അനുകൂലികളില്‍ ഒരാളായിരുന്നു മുഹമ്മദാലി ജിന്ന . ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വേണ്ടിയുള്ള എന്തിനോടും നൂറ് വട്ടം യോജിപ്പായിരുന്നു ജിന്നയ്ക്ക് . നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ ഇന്ത്യക്കെതിരെ നിര്‍ത്താന്‍ ജിന്ന കഴിയുന്നതും പരിശ്രമിച്ചു . 1947 ജൂണ്‍ 20 ന് , ജിന്ന സ്വതന്ത്രതിരുവിതാംകൂറിനു പിന്തുണ അറിയിച്ചു കൊണ്ട് 'Ready to establish relationship with Travancore which will be of mutual advantage' എന്ന് മഹാരാജാവിനു ടെലെഗ്രാം ചെയ്യുകയുണ്ടായി . ഇതിനു മറുപടിയായി രാജാവിന് വേണ്ടി ദിവാന്‍ സീ.പി. രാമസ്വാമി അയ്യര്‍ അയച്ച മറുപടി ഇപ്രകാരമായിരുന്നു - തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നിലകൊള്ളാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതിനാല്‍ , Independent Sovereign State of Travancore ഉം , Government of Pakistan ഉം തമ്മില്‍ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാവുന്നതെയുള്ളൂ . ( The strange case of Sir C.P.Ramaswami Iyer, Ramachandra Guha, May 25 2008, The Hindu) . തീവ്രദേശീയത , മതം , പാകിസ്ഥാന്‍വിദ്വേഷം എന്നിവ മുഖമുദ്രയായിടുള്ള അഭിനവ മുന്‍-രാജകുടുംബ ഭക്തരും, ഇന്ത്യാവിരുദ്ധ-പാക് അനുകൂലികള്‍ ആയിരുന്ന അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടവും തമ്മിലുള്ള ചേര്‍ച്ച-ഇല്ലായ്മ ഒരു പഠനത്തിനുള്ള വിഷയമാണ് .

ജൂലൈ 20 ന്, ദിവാന്‍ സര്‍ സി.പി. , രാജാവിന് വേണ്ടി മൌന്റ്റ്ബാറ്റന്‍ പ്രഭുവുമായി കൂടിക്കാഴ്ച നടത്താന്‍ വൈസ്രോയിയുടെ കൊട്ടാരത്തില്‍ എത്തി. പ്രഖ്യാപിത ഇന്ത്യയുടെ നേതാക്കാന്മാരെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ചേരുന്നതിനു തടസ്സങ്ങളായി സര്‍ സി.പി നിരത്തിയത് . നെഹ്രുവിനെ സ്ഥിരത ഇല്ലാത്തയാള്‍ എന്നും, ഗാന്ധിയെ ' ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ സ്വാധീനം ' , ' ചെറുപ്പകാരികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യമാല്ലാത്ത ലൈംഗീകഭ്രാന്തന്‍ ' എന്നുമൊക്കെയാണ് ദിവാന്‍ വിശേഷിപ്പിച്ചത്‌ . ഇത്തരക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ചേരാന്‍ മഹാരാജാവിനു സമ്മതം അല്ല എന്നും , അന്യായമായി ഇന്ത്യയില്‍ ചേരാന്‍ തന്റെ രാജ്യത്തെ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിക്കുകയാണ് എന്നും , രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞൊപ്പിച്ചു ( Viceroy's Personal Report No.14, 25 July 1947, Transfer of Power, Vol 12, p 336 )

പക്ഷേ, ദിവാന്‍ സമര്‍ത്ഥനം ചെയ്തത് രാജാവിന്റെ കാഴ്ചപ്പാട് മാത്രമായിരുന്നു . ന്യൂനപക്ഷം വരുന്ന രാജഭക്തര്‍ ഒഴിച്ച് ബാക്കിയുള്ള സാമാന്യജനത്തിന് രാജഭരണം വേണ്ടായിരുന്നു. ശ്രീനാരായണഗുരു, അയ്യങ്കാളി , വൈകുണ്ട സ്വാമികള്‍ തുടങ്ങിയവരുടെ പോയ ഒരു നൂറ്റാണ്ടിലെ പ്രവര്‍ത്തന ഫലമായി രാജഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപീടവരും, അധസ്ഥിതര്‍ ആയി തീര്‍ന്നവരുമായ സാമൂഹികവിഭാഗങ്ങള്‍ക്ക് ഉണ്ടായ സ്വാതന്ത്ര്യബോധം , അവകാശദാഹം, ഉണര്‍വ്വ് , മതപരവും ജാതീയവുമായി സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍, അതിന്റെ ഫലമായി ഏറെ മുന്പല്ലാതെ സംഭവിച്ചിരുന്ന വൈക്കം സത്യാഗ്രാഹവും മറ്റു അവകാശ സമരങ്ങളും , തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരുന്ന നായര്‍ - ഈഴവ സംഘര്‍ഷങ്ങള്‍ , ഗാന്ധിയുടെയും നെഹ്രുവിന്റെയും നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ടിയുടെ (സ്റ്റേറ്റ് കോണ്‍ഗ്രസ്‌ ) സ്വാധീനം , സ്വാധീനം വര്‍ധിച്ചു വന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍, 1946 ഒക്ടോബറില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരവും അനുബന്ധമായി നൂറ് കണക്കിന് ആളുകള്‍ മരിച്ച വെടിവെപ്പ് തുടങ്ങിയവ ഭൂരിഭാഗം ജനങ്ങളെയും ഇന്ത്യയോട് തല്‍പ്പരര്‍ ആക്കി എന്ന് വേണം കരുതാന്‍ ( സ്വന്തം കാഴ്ചപ്പാട് )

രാജഭരണത്തോട് വിമുഖരും, ഇന്ത്യയോട് തല്പ്പരരുമായ ജനങ്ങള്‍ രാജവിരുദ്ധപ്രക്ഷോഭങ്ങള്‍ നടത്തി . ദിവാന്റെ ഭരണകൂടം സ്വ്വഭാവികമായും അതിനെ അടിച്ചമര്‍ത്താനും ശ്രമിച്ചു. അഞ്ചുരൂപാ പോലീസ് എന്ന് അറിയപ്പെട്ടിരുന്ന റോയല്‍ പോലീസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും , വിപ്ലവപാര്‍ടികളുടെയും എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഉരുക്കുമുഷ്ടി പ്രയോഗിച്ചു . അക്കാമ്മ ചെറിയാന്‍ ഈ സമരത്തിന്റെ നേതാവ് ആയിരുന്നു .
"അമ്മേ ഞങ്ങള്‍ പോകുന്നു - വന്നില്ലെങ്കില്‍ കരയരുതേ " എന്ന മുദ്രാവാക്യം ഈ കാലത്ത് ഉണ്ടായതാണ് . ( സ്വാതന്ത്രസമരസേനാനി കെ.ഇ.മാമ്മനുമായി ക്രിസ് സീത നടത്തിയ അഭിമുഖം ). തിരുവനന്തപുരം പേട്ടയില്‍ നടന്ന ഇന്ത്യാ അനുകൂല പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പുണ്ടാവുകയും, അതില്‍ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ഥി ഉള്‍പ്പടെ മൂന്നുപേര്‍ മരിക്കുകയും ചെയ്തു . രാജാവ് പദ്മനാഭന്റെ മറയത്ത് ആയതിനാല്‍ ജനരോഷം ദിവാന് നേരെ ആയിരുന്നു . മേല്‍പ്പറഞ്ഞ പേട്ട വെടിവെപ്പ് നടന്നു ഏതാനും ദിവസങ്ങള്‍ക്കു ശേഷം , 1947 ജൂലി 27 ന് , തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അകാദമിയില്‍ വെച്ച് സോഷ്യലിസ്റ്റ് രേവലുഷനരി പാര്‍ടിയുടെ KCS മണി ദിവാനെ വധിക്കാന്‍ ശ്രമിച്ചു. രാജ്യം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ , സ്വാതിതിരുനാള്‍ ജന്മദിന അനുസ്മരണത്തിന്റെ ഭാഗമായി , ശെമ്മാങ്കുടി ശ്രീനിവാസ ഐയ്യരുടെ കച്ചേരി നടത്തുകയായിരുന്നു പ്രക്ഷോഭത്തിന്റെ ഈ നാളുകളിലും ഭരണകൂടം. ഇരുട്ടില്‍ നടത്തിയ ആക്രമണത്തില്‍ KCS മണിയ്ക്ക് ലക്‌ഷ്യം പിഴച്ചു. കഴുത്തിലും, മുഖത്തും, കയ്യിലും സാരമായി പരിക്കേറ്റ ദിവാന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു . പേട്ട വെടിവെപ്പില്‍ മരിച്ച പതിനാലുകാരന്‍ രാജേന്ദ്രന് വേണ്ടി വരുത്തിയ പെനിസിലിന്‍ ആണ് ദിവാന് പരിക്കേറ്റപ്പോള്‍ ഉപയോഗിച്ചത് എന്നത് ചരിത്രത്തിന്റെ വിരോധാഭാസം .

എന്തായാലും, ഈ സംഭവത്തിനു ശേഷം മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ഉള്ള സമ്മതം മൌണ്ട്ബാറ്റെനെ അറിയിച്ചു. വധശ്രമത്തെ തുടര്‍ന്ന് മദ്രാസിലേക്ക് പോയ സി.പി ആഗസ്റ്റ്‌ 19ന് ദിവാന്‍ സ്ഥാനം രാജി വെച്ചു. ശ്രീ.P.G.N ഉണ്ണിത്താന്‍ ആണ് ശേഷം ദിവാന്‍ ആയതു

January 02, 2015

പാതി പറഞ്ഞൊരു മുത്തശ്ശിക്കഥ

"പണ്ട് പണ്ട് ദൂരെ ദൂരെയൊരു  രാജ്യത്ത് ... , 
സുന്ദരിയായൊരു രാജകുമാരി ഉണ്ടായിരുന്നു .
സുന്ദരി എന്ന് പറഞ്ഞാല്‍ ..,
കാട്ടുതേന്‍ തോല്‍ക്കുന്ന നിറം ,
ഇടവപ്പാതിയിലെ മേഘം നാണിച്ചു പോകും കുമാരിയുടെ നീണ്ടു ചുരുണ്ട മുടി കണ്ടാല്‍.
മഷിയെഴുതാതെ തന്നെ കണ്ണുകള്‍ അതീവ സുന്ദരം - നീണ്ടു വിടര്‍ന്ന് നല്ല രസമാണ് കാണാന്‍ 
എള്ളിന്‍റെ പൂ പോലത്തെ മൂക്ക്"


" എള്ളിന്റെ പൂവോ , അങ്ങനത്തെ പൂവുണ്ടോ ?"
"അങ്ങനേം ഒരു പൂവുണ്ട് .. ഞാനും കണ്ടിട്ടില്ല"

"തൊണ്ടിപ്പഴം പോലത്തെ ചുണ്ട്, മുറുക്കി ചുവപ്പിച്ച പോലെ ഇരിക്കും - എന്താ ചന്തം !"
" തൊണ്ടിപ്പഴമോ?"
"അതേടാ ചെക്കാ, അങ്ങനേം ഒരു പഴമുണ്ട് "
"മുറുക്കാന്‍ പാടില്ലാന്നാണല്ലോ ടീച്ചര്‍ പറഞ്ഞത് .. ഈ രാജകുമാരി മുറുക്ക്വോ?"
"നിനക്ക് വേണേല്‍ കേട്ടാമതി .. അല്ലെങ്കീ ഞാനിപ്പോ കഥ നിര്‍ത്തും ."
"ശരി ശരി .. കഥ പറയ്"
"ങ്ഹാ"

"അങ്ങനെ സുന്ദരിയായ രാജകുമാരി , ഒരു ദിവസം കൂട്ടുകാരികളോടൊപ്പം അങ്ങ് ദൂരെ നോക്കെത്താദൂരത്തെ മാനം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ മലയുടെ ചെരിവിലെ വാടാത്ത പൂ വിരിയുന്ന പൂന്തോട്ടത്തില്‍ പൂ നുള്ളാന്‍ പോയി ." 
"ഉം .."
"കാട് കടന്ന്, മേട് കടന്ന്, കളിച്ചു ചിരിച്ച് , കുമാരിയും തോഴിമാരും പോവുന്ന വഴിക്കൊരു പൊയ്കയുണ്ട് . പഞ്ചവര്‍ണ്ണത്തില്‍ താമരപ്പൂ വിരിയുന്ന , നോക്കിയാല്‍ മുഖം കാണുന്ന തെളിനീരുള്ള ഒരു താമരപ്പൊയ്ക ."

"അഞ്ചു നിറോ.. !!? "
"ഉം .. മഴവില്ലിന്റെ രണ്ടു നിറം കുറവ് .. അങ്ങനത്തെ പൂക്കള്‍ . മക്കള് കണ്ടിട്ടില്ലേ ?"
"ഇല്ലാ "
"ഞാനും കണ്ടിട്ടില്ല, എങ്കിലും നല്ല ഭംഗിയാ"

"കുമാരിയ്ക്ക് താമരപ്പൂ വലിയ ഇഷ്ടമാണ് . താമരപ്പൂ , അതും പഞ്ചവര്‍ണ്ണപ്പൂ കണ്ടപ്പോ കുമാരി പിന്നെ മുന്നും പിന്നും നോക്കിയില്ല . കൂട്ടുകാരികള്ടെ കൂടെ, പട്ടുപാവാട അരയില്‍ കുത്തി , കൊലുസ്സും വളയും കിലുക്കി പൊയ്കയില്‍ പൂ പറിയ്ക്കാന്‍ ഇറങ്ങി .
അപ്പോഴതാ പെട്ടെന്ന് ആകാശത്തെ മേഘങ്ങളൊക്കെ രണ്ടായി പകുത്ത് ഒരു പറക്കും കുതിര താഴോട്ട് കുതിച്ചു പറന്നു വരുന്നു . 
കുതിരപ്പുറത്ത്‌ ആരാ വന്നതെന്നറിയ്യ്വോ - പോയ്കയുടെ കാവല്‍ക്കാരനായ ഗന്ധര്‍വന്‍ ."

"നിര്‍ത്ത് നിര്‍ത്ത് ..വെറുതെ നുണ പറയാ .. പറക്കുന്ന കുതിരയോന്നും ഇല്ല . ഈ കഥ പൊട്ടക്കഥയാ "
"പോ ചെക്കാ , പറക്കുന്ന കുതിരയുണ്ട്ന്നു .."
"ഇല്ലാ .. ഇല്ലാ .. ഇല്ലാ .."
"വേണേങ്കീ വിശ്വസിച്ചാ മതി . രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രിയ്ക്ക് തല മാറ്റി വെച്ച കഥയ്ക്ക്‌ ശാസ്ത്രസാധൂകരണം കൊടുക്കാം . ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പുഷ്പക വിമാനം ചര്‍ച്ചക്കെടുക്കാം. എനിക്കൊരു കഥ പറയാന്‍ പറ്റില്ല .. ഇതെവിടുത്തെ ന്യായം .. കിടന്നുറങ്ങാന്‍ നോക്ക് ചെക്കാ.. നിനക്കിനി കഥയുമില്ല പാട്ടുമില്ല ..ഓരോരോ കുനിഷ്ട്‌ ചോദ്യങ്ങളേ .. അടി കിട്ടാത്തതിന്റെ കേടാ .. പിള്ളേരെയൊന്നും സ്കൂളില്‍ ചേര്‍ക്കണ്ടായിരുന്നു. ഒക്കെത്തിനും വിവരം വെച്ച് പോയി. "



December 29, 2014

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു - സംസാര ( 2001)





ബുദ്ധമതത്തിന്റെ  പശ്ചാത്തലത്തില്‍ ആഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുന്ന  ഒരു ചിത്രം . ആഗ്രഹമാണ് ദുഖങ്ങള്‍ക്ക് കാരണം എന്നാണല്ലോ ഗുരുവരുള്‍ . പ്രബുദ്ധതയിലേയ്ക്കുള്ള യാത്രയില്‍ അനുഭവത്തെ  ഗുരുവായി സ്വീകരിയ്ക്കേണ്ടി വരുന്ന തഷി എന്നൊരു ബുദ്ധസന്യാസിയുടെ ജീവിതമാണ്  ഇതിവൃത്തം . ലഡാക്കിന്റെ മനോഹരമായ ദ്രിശ്യചാരുതയില്‍ ശാന്തമായൊഴുകുന്ന അരുവി പോലെയാണ് കഥാഗതി . 




" അദ്ദേഹം പോലും ഇരുപത്തോന്‍പതു വര്‍ഷം ലൌകീകജീവിതം നയിച്ചതിനു ശേഷമാണു ബുദ്ധനായത്. അദ്ദേഹത്തിന്റെ നിര്‍വാണപ്രാപ്തിയില്‍ ഈ അനുഭവങ്ങള്‍ക്കും പങ്കില്ലേ ?" - അഞ്ചു വയസ്സില്‍ മഠത്തില്‍ ചേര്‍ന്ന , ഇരുപതു വര്‍ഷം സന്യാസജീവിതവും , അതിനു ശേഷം ഏകാന്തമായ യോഗനിദ്രയില്‍ മൂന്നുവര്‍ഷവും , മൂന്നു മാസവും , മൂന്നാഴ്ചയും , മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ, എന്നിട്ട് പോലും മനസ്സ് പതറി പോവുന്ന , വിഹാരത്തിലെയ്ക്കുള്ള വഴിമദ്ധ്യേ കണ്ട  പേമ എന്ന സുന്ദരിയില്‍ അനുരക്തനാവുന്ന , ഉറക്കത്തില്‍ മനോനിയന്ത്രണം നഷ്ടപ്പെട്ടു സ്വപ്നസ്ഖലനം സംഭവിയ്ക്കുന്ന  തഷി എന്ന ലാമ , തന്റെ ഗുരുവിനോട് ചോദിയ്ക്കുന്ന നിസ്സാരവും ഗൌരവവും ആയ ചോദ്യം .

.
ഇതിന്റെ ഉത്തരവും തഷി തന്നെ ഉടനെ നല്‍കുന്നുണ്ട് 
" എന്‍റെ ഉദ്ബോധനങ്ങള്‍ പോലും , നിങ്ങളുടേതായ വീക്ഷണത്തില്‍  പൂര്‍ണ്ണമായും  നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉള്‍ക്കൊള്ളരുത്" എന്ന ബുദ്ധവചനം ആണ് തഷി ഉദ്ധരിക്കുന്നത്.  കൂടെ തന്നെ പറയുന്നു " അറിഞ്ഞ ചിലത് അറിയാതിരിയ്ക്കണം , അവയെ പൂര്‍ണമായും അറിയാന്‍ . ചിലതെല്ലാം ത്യജിയ്ക്കണം എങ്കില്‍ അവ നമ്മുടെ സ്വന്തമായിരിയ്ക്കണം "

ഗുരു തഷിയെ വിഹാരത്തില്‍ നിന്നും വിടുതല്‍ നേടാന്‍ അനുവദിക്കുന്നു . പിന്നീട്, സന്യാസം ത്യജിച്ച തഷി ലൌകീകജീവിതത്തില്‍ മുഴുകുകയാണ് . ഒന്നിന് പുറകെ ഒന്നായി വരുന്ന ആഗ്രഹങ്ങള്‍ക്ക് വിധേയനായി തീരുന്ന തഷി സ്വയം തിരിച്ചറിയുന്നത്‌ , അല്ലെങ്കില്‍ താന്‍ തേടിയലഞ്ഞ  അറിവിന്റെ വെളിച്ചം തഷിയില്‍ ആദ്യമായി പതിയുന്നത് , ഇതിനകം സമാധിയായ ഗുരു മറ്റൊരു ശിഷ്യന്റെ പക്കല്‍ കൊടുത്തയച്ച ഒരു സന്ദേശത്തിലൂടെയാണ് .  
" എന്‍റെ ദൌത്യം പൂര്‍ത്തിയായിട്ടില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു  , അത് കൊണ്ട് തന്നെ ഞാന്‍ ഇനിയും ഈ സംസാരത്തില്‍ പിറവിയെടുക്കും . നമ്മള്‍  ഇനിയും കണ്ടുമുട്ടും എന്നും എനിയ്ക്കറിയാം . അപ്പോള്‍ നിനക്ക് എന്നോട് പറയാന്‍ സാധിയ്ക്കും എന്ന് കരുതുന്നു - ആയിരം ആഗ്രഹങ്ങള്‍ സഫലീകരിയ്ക്കുന്നതിനാണോ , അതോ ഒരാഗ്രഹത്തെ കീഴടക്കുന്നതിനാണോ പ്രാധാന്യം എന്ന് "


വെളിച്ചം ദുഖമാണ് . തഷി അസ്വസ്ഥനാവുന്നു . പാതിരാവില്‍ ലോകം ഉറങ്ങി കിടക്കുമ്പോള്‍ ഭാര്യയേയും മകനെയും ഉപേക്ഷിച്ചു സന്യാസത്തിലേയ്ക്ക് നടന്നു പോയ ബുദ്ധനെ അനുസ്മരിപ്പിയ്ക്കുന്ന വിധം തഷിയും ഒരു രാത്രി വീട് വിട്ടിറങ്ങുന്നു . പക്ഷേ, അപ്പോഴും തഷിയുടെ അനുഭവപാഠം പൂര്‍ത്തിയായിട്ടില്ല . ഒരിക്കല്‍ കൂടി വിഹാരത്തിലെക്കുള്ള യാത്രയില്‍ തഷിയുടെ വഴിയില്‍ പേമ വരുന്നു . പിന്ന്ടങ്ങോട്ടുള്ള സംഭാഷണം കസ്തൂര്‍ബയില്‍ നിന്നും രാഷ്ട്രീയപാഠങ്ങള്‍ പഠിച്ച ഗാന്ധിജിയുടെ അനുഭവവും ആയാണ് എനിയ്ക്ക് ബന്ധപ്പെടുത്താന്‍ കഴിഞ്ഞത് . യശോധര എന്ന സിദ്ധാര്‍ത്ഥന്റെ ഭാര്യയെ പ്രതീകാത്മാകമായി അവതരിപ്പിയ്ക്കുന്ന പേമ എന്ന കഥാപാത്രം അവിടെ വാനോളം വലുതാവുന്നു . കഥയില്‍ മുഴുവനായും തന്നെ തഷിയിലും പക്വതയും നിയന്ത്രണവും പേമയിലുണ്ട് എന്നത് ഈ രംഗങ്ങളില്‍ പൂര്‍ണമാവുന്നു . വീണ്ടും മനസ്സ് പതറുന്ന തഷി , പേമയുടെ മുന്നില്‍ നിസ്സാരനായി തീരുകയാണ് .


, " ഒരു തുള്ളി വെള്ളം വറ്റി പോവാതെ എങ്ങിനെ സൂക്ഷിയ്ക്കാം ? " ശിലാലിഖിതമായൊരു ചോദ്യമാണ് കഥയിലെ അവസാന പാഠം. അതെ ശിലയുടെ പുറകില്‍ തന്നെ അതിന്റെ ഉത്തരവും ഉണ്ട് - "അത് കടലിലേയ്ക്ക് എറിയുന്നത് വഴി ". സംസാരസാഗരം , ഭവസാഗരം എന്നൊക്കെയുള്ള ആ ആഗ്രഹക്കടലില്‍ ഒരു മോഹം എറിഞ്ഞ് , ആ കടലില്‍ മുങ്ങിപ്പോയ തഷി എന്ന ബുദ്ധസന്യാസി ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന പരുന്തിനെ കാണുന്നിടത്ത് സിനിമ അവസാനിയ്ക്കുന്നു . ബൌദ്ധവിശ്വാസങ്ങളില്‍ ഒരാളുടെ തലയ്ക്കു മുകളില്‍ പരുന്ത് പറക്കുന്നത്, അയാള്‍  എല്ലാ പിന്‍വിളികളും വിട്ട് , ആഗ്രഹങ്ങളില്‍ നിന്നും  പൂര്‍ണമുക്തി നേടിയതിന്റെ അടയാളമായാണ് , 

ഒരു മലയാളി എന്ന നിലയിലും , ബൌദ്ധപാരമ്പര്യം ഉള്ള ഒരു വ്യക്തി എന്ന നിലയിലും എനിയ്ക്ക് ഈ ചിത്രത്തോട് കൂടുതല്‍ താദാമ്യം പ്രാപിയ്ക്കാന്‍ കഴിഞ്ഞു എന്നാണു വിശ്വാസം. കേരളത്തിലെ അമ്പലങ്ങളിലെ ഒരു ചടങ്ങായ ശീവേലിയ്ക്ക് സമാനമായ ചടങ്ങുകള്‍ മലയാളത്തിനു പുറത്തു കാണുന്നത് ടിബറ്റിലും , ലഡാക്കിലുമൊക്കെ ബുദ്ധവിഹാരങ്ങളില്‍ ആണ്  . പോയ്ക്കുതിരയും കെട്ടുകാളയുമൊക്കെ അല്പസ്വല്പം രൂപവ്യത്യാസത്തോടെ ഇതിലെ വിഹാര ദൃശ്യങ്ങളിലും കാണാന്‍ സാധിയ്ക്കും. 'അപ്പൊ ' എന്നാണു ഗുരുവിനെ ശിഷ്യര്‍ അഭിസംബോധന ചെയ്യുന്നത്, മക്കള്‍ അച്ഛനെയും . . 'അമ്മ' എന്ന് തന്നെയാണ് അമ്മ  . ലഡാക്കിലെ ഈ 'അപ്പന്‍ ' എന്നെ അത്യാവശ്യത്തിന് അത്ഭുതപ്പെടുത്തി . ' മാ' എന്നത് പൊതുവായി ഉള്ള വിളി ആണെങ്കിലും അപ്പന്‍ അത്രയ്ക്ക് പൊതുവല്ല . മാത്രമല്ല, പഴയ ബുദ്ധവിഹാരങ്ങള്‍ ആയിരുന്ന കേരളത്തിലെ ഒരു പാട് മഹാക്ഷേത്രങ്ങളിലെ  മൂര്‍ത്തികള്‍  ഗുരുവായൂരപ്പന്‍ , വൈക്കത്തപ്പന്‍, അയ്യ'പ്പന്‍' , തുടങ്ങിയ അപ്പ നാമങ്ങളില്‍ , ഭാരതത്തില്‍ മറ്റെങ്ങും ഇല്ലാത്ത വിധം അറിയപ്പെടുന്നതിന്റെ പുറകിലെ രഹസ്യങ്ങളിലേയ്ക്ക് ഒന്ന് ചിന്തിപ്പിയ്ക്കാനും ഈ 'അപ്പോ' എന്ന അഭിസംബോധനയ്ക്ക് കഴിഞ്ഞു . ശബരിമലയിലെ പരുന്തു പറക്കുന്ന സംഗതിയുടെ കിടപ്പും ബുദ്ധസ്വാധ്വീനം തന്നെയാണ് എന്ന് തോന്നുന്നു .

വാല്‍ക്കഷണം :  ഈ ചിത്രത്തിലെ ഒരു രംഗം എന്‍റെ കോളേജ് കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന ഒരു വ്യത്യസ്ത 'ബിറ്റ്' ആയിരുന്നു . ആഗ്രഹങ്ങള്‍ക്ക് വശഗതനാകുന്ന തഷി , ഭാര്യ ഇല്ലാതിരുന്ന സമയത്ത് സുജാത എന്ന സ്ത്രീയുമായി അവിഹിതമായി ബന്ധപ്പെടുന്ന  ഈ സീന്‍ , കേവലം ഒരു 'തുണ്ട്' എന്നതില്‍ ഉപരിയായി  അതിന്റെ വ്യത്യസ്തത കൊണ്ടും, കലാചാരുത കൊണ്ടും അന്നേ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു .  'സംസാര' എന്ന ഈ ചിത്രത്തില്‍ ഈ  വ്യത്യസ്തതയും , കലാചാരുതയും , ദ്രിശ്യഭംഗിയും നന്നായി അനുഭവപ്പെടും . ആ 'തുണ്ട്' ശ്രദ്ധ ആകര്‍ഷിച്ചതില്‍ ഒരു അദ്ഭുതവും ഇല്ല. 


സംവിധാനം : , 
രചന : Tim Baker , Pan Nalin
DOP : Rali Raltchev, BAC

December 14, 2014

Broken Circle Breakdown (2012)


പ്രായം മനസ്സിലും , ശരീരത്തിലും , സമൂഹത്തിലും ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നതിനാലാവണം കാര്‍ന്നോന്മാര്‍ക്കും, നമുക്കുമൊക്കെ പ്രായമായി വരുന്നു എന്ന ചിന്തയില്‍ നിന്നും ഓടി ഒളിയ്ക്കാന്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് . നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ഇരുപത്തിനാല് മണിക്കൂര്‍ ചുറ്റളവുള്ള ഓരോ വൃത്തങ്ങളാണ് . കണക്കില്‍ പറഞ്ഞാല്‍ മുന്നൂറ്ററുപതു ഡിഗ്രി - അല്ലെങ്കില്‍ 2π റേഡിയന്‍ . ഈ വൃത്തം പൂര്‍ത്തിയാക്കുന്ന ചങ്ങലക്കണ്ണികള്‍ ആണ് നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തികളും . എല്ലാ ദിവസവും ഈ വൃത്തം അതുപോലെ തുടരണം എന്നൊരു പ്രതീക്ഷയാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നത്-അതിനുള്ളിലെ സ്നേഹമായി നിലകൊള്ളുന്നത്, ജീവിതത്തെ മുന്നോട്ടു കൊണ്ട് പോവുന്നത് . അതില്‍ ഏതെങ്കിലും ഒരു കണ്ണി ഇല്ലാതായാല്‍ വൃത്തം മുറിയുകയാണ് . അവിടെ ഒരു കണ്ണി ഉണ്ടായിരുന്നു എന്ന ഓര്‍മയെ പിന്നെയുള്ളൂ - ആ കണ്ണി തന്ന ഓര്‍മകളും. ആ കണ്ണി ഇല്ലാത്ത വൃത്തം പുതിയതാണ് - പഴയതില്‍ നിന്നും വ്യത്യസ്തം . അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നല്ലത് . പുതിയ വൃത്തവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് ജീവിച്ചു പോവാം . എങ്കിലും, ആ പൊരുത്തപ്പെടല്‍ എല്ലായ്പ്പോഴും സാധ്യമാണോ ?

Broken Circle Breakdown എന്ന ബെല്‍ജിയന്‍ സിനിമ ഈ ഒരു പൊരുത്തപ്പെടല്‍ ഇല്ലായ്മയുടെ കഥയാണ്‌ . ഇതില്‍ പ്രണയമുണ്ട്, ലൈംഗീകതയുണ്ട് , കുടുംബമുണ്ട് , സന്തോഷമുണ്ട്, സംഗീതമുണ്ട് , ബന്ധങ്ങളുണ്ട് , സൌന്ദര്യമുണ്ട് , എല്ലാത്തിനും ഉപരിയായി നില്‍ക്കുന്ന മരണം എന്ന സത്യത്തിന്റെ ദുഖമുണ്ട് . ദിദിയെര്‍ എന്ന നാസ്തികനായ ഒരു ബ്ലൂഗ്രാസ്സ് ഗായകനും , എലിസ എന്ന വിശ്വാസിയായ ഒരു പച്ചകുത്തല്‍ കലാകാരിയും , അവരുടെ മകള്‍ മേയ്ബെല്‍ , ദിദിയെര്‍ പാടുന്ന ( പിന്നെ എലിസയും ചേരുന്ന ) ഗായകസംഘവും , ആശുപത്രിയിലെ സ്ടാഫും , ഇവരുടെയൊക്കെ ഇടയിലെ ശക്തമായ സ്നേഹവും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ .

ബ്ലൂഗ്രാസ്സ് സംഗീതത്തിന്റെ ജന്മനാടായ  അമേരിക്കയെ സ്വപ്നം കാണുന്ന ദിദിയരും, ജീവിതത്തിലെ മുന്‍ഗണനകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി, അവ മാറുമ്പോള്‍ അവയ്ക്ക് മുകളില്‍ വീണ്ടും പച്ച കുത്തി അവയെ മറച്ചു , പുതിയ മുന്‍ഗണന മറ്റൊരു ഭാഗത്ത്‌ പച്ച കുത്തുന്ന പച്ചകുത്തല്‍ കലാകാരി എലിസയും യാദൃശ്ചികമായി പരിചയപ്പെടുന്നു . അവര്‍ പ്രണയിക്കുന്നു , ബന്ധപ്പെടുന്നു, അവിചാരിതമായി എലിസ ഗര്‍ഭിണിയാകുന്നു . എലിസയും ദിദിയറും വിവാഹിതരാവുന്നു. മേയ്ബേല്‍ ജനിയ്ക്കുന്നു. മേയ്ബെലിനു ലുക്കീമിയ പിടിപെട്ടതായി തിരിച്ചറിയുന്നത്‌ വരെ അവര്‍ ഭൂമിയിലെ ഏറ്റവും സന്തുഷ്ടമായ കുടുംബങ്ങളില്‍ ഒന്നായി കഴിയുകയാണ് . പിന്നെയങ്ങോട്ട് എല്ലാം മാറി മറിയുന്നു  . മേയ്ബെലിന്റെ മരണം ദിദിയറിനെയും എലിസയെയും വല്ലാതെ ഉലയ്ക്കുന്നു . അവിശ്വാസിയായ ദിദിയര്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന മതവിശ്വാസങ്ങളെ വിമര്‍ശിച്ച് ദുഃഖം മറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ , വിശ്വാസിയായ എലിസ സ്വാഭാവികമായും തന്റെ വിശ്വാസങ്ങളിലാണ് അഭയം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് . വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഈ ആശ്വാസം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇരുവരെയും ഉലയ്ക്കുകയാണ്. "ആ വൃത്തം മുറിഞ്ഞു പോയി, മേയ്ബേല്‍ ഇനി തിരിച്ചു വരില്ല " എന്ന് ദിദിയര്‍ പറയുമ്പോഴും , മേയ്ബെലിന്റെ ആത്മാവിനെ കുറിച്ചും , മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ചിന്തകള്‍ എലിസയെ മഥിക്കുന്നു. ദുരന്തത്തില്‍ നിന്നും ദുരന്തത്തിലെയ്ക്കുള്ള വീഴ്ചയാണ് സിനിമ . എങ്കില്‍പോലും, ആ ദുരന്തങ്ങള്‍  ഓരോന്നും സംഗീതാത്മകമായി കാവ്യഭംഗി ഉള്‍ക്കൊള്ളുന്നവയും ആണ് .

മുപ്പതു ഡിഗ്രി ചെരിവില്‍ വിഷാദത്തിന്റെ ആഴങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്ന പ്രമേയമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എങ്കിലും , ലീനിയര്‍ ആയുള്ള ഒരു കഥാകഥനരീതിയല്ല ഇതില്‍ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് . പ്രണയം, ജീവിതം, സന്തോഷം, വേര്‍പാട്, സങ്കടം തുടങ്ങിയവ ഒട്ടും  ക്രമമല്ലാതെയാണ്  സ്ക്രീനില്‍ കടന്നു വരുന്നത് .   നോണ്‍ലീനിയര്‍ ആയുള്ള ഈ ആഖ്യാന രീതി , വികാരങ്ങളില്‍ നിന്നും വികാരങ്ങളിലെയ്ക്കുള്ള ഒരു സീ-സോ ആയി കാഴ്ചക്കാരന്റെ മനസ്സിനെ കൊണ്ട് പോവുന്നു . ഒരു പുഞ്ചിരിയുടെ ഉന്നതിയില്‍ നിന്നും കണ്ണീര്‍ത്തുള്ളിയുടെ താഴ്ചയിലേയ്ക്കുള്ള വീഴ്ച, പ്രേക്ഷകനില്‍  ആഘാതം കൂടുതലായി എല്പ്പിയ്ക്കാന്‍ ഉതകുന്നതാണ് . ഒന്നില്‍ക്കൂടുതല്‍ തവണ , നിങ്ങളുടെ ഹൃദയം കണ്ണീര്‍ വാര്‍ക്കും - എത്ര തന്നെ കരിങ്കല്ലാണ് എന്ന്  അവകാശപ്പെട്ടാലും, ഞാന്‍ ഉറപ്പു നല്‍കുന്നു .

 നോണ്‍-ലീനിയര്‍ ആഖ്യാനത്തിന്റെ കൊടുമുടിയിലാണ് സിനിമ എങ്കിലും , ഒരിയ്ക്കല്‍ പോലും പ്രേക്ഷകന് ഒരു സംശയമോ പരസ്പരബന്ധമില്ലായ്മയോ അനുഭവപ്പെടാത്ത രീതിയിലുള്ള മികച്ച കയ്യടക്കം സംവിധായകന്‍ കാഴ്ച വെച്ചിരിയ്ക്കുന്നു എന്നത് തികച്ചും പ്രശംസനീയമാണ് . വ്യസനം ആണ് സിനിമയുടെ കാമ്പെങ്കിലും, റാന്‍ഡം ആയുള്ള വികാരങ്ങളുടെ ദൃശ്യഭാഷ്യം,  വികാരതീവ്രതയുടെ മുഹൂര്‍ത്തങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് മേല്‍ക്കൈ വരുന്ന തരത്തില്‍ വളരെ നന്നായി ഉപയോഗിച്ചിരിയ്ക്കുന്ന നിശബ്ദത,  അതുപോലെ തന്നെ ചടുലമായ ബ്ലൂഗ്രാസ്സ് സംഗീതം എന്നിവ  ചിത്രത്തെ തികച്ചും ആസ്വാദ്യകരമാക്കുന്നു . ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് സംഗീതവും, ബന്ധങ്ങളുടെ തീവ്രതയും. സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രീതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ് ഓരോ  അഭിനേതാവിന്റെയും പ്രകടനം .  വിഷാദമധുരമായ ഒരു മോഹനചലച്ചിത്രം  എന്ന് BCB യേ  നിസ്സംശയം നിര്‍വചിയ്ക്കാം . 

Director: Felix Van Groeningen
Screen Play: Carl Joos Felix Van Groeningen
ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്ന Johan Heldenbergh,  Mieke Dobbels നോടോത്ത് രചന നിര്‍വഹിച്ച  ഒരു നാടകമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എന്ന സിനിമയായി മാറിയത്  . 


June 21, 2013

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു ( ഉത്തരകാണ്ഡം )


   
  അവനെ ഒന്ന് കടിക്കണം .
 പടിപ്പുരയിൽ നിന്നും ഗണിച്ചത് വെച്ച് ഇടി വെട്ടുംപോഴാണ് മുഹൂർത്തം 
.കുറെ കാലം പാമ്പ് കണ്ണിൽ ഈർക്കിൽ ഓടിച്ച് താങ്ങ് കൊടുത്തും , വിസ്കോസിടി കൂടുതലുള്ള എഞ്ചിൻ ഓയിൽ ഒഴിച്ചും കാത്തിരുന്നു . അവനെയൊന്നു ഇടിവെട്ടി പണ്ടാരടങ്ങാനായിട്ട്. എന്നിട്ട് വേണമല്ലോ ഒന്ന് കടിച്ച് സുഖിക്കാൻ .
ആരോ പണ്ട് പറഞ്ഞത് പോലെ രാത്രിയും പകലും കുറെ കാലം മാറി മാറി പാമ്പിന്റെ കണ്ണ് പൊത്തി കളിച്ചു . മഴ പെയ്തു മാനം തെളിഞ്ഞ നേരം മാറി പിന്നെയും മഴ പെയ്തു . പിന്നെയും മാനം തെളിഞ്ഞു . പാമ്പിനെ താടിയിൽ കെട്ടിത്തൂക്കിയ ക്ഷമയുടെ സഞ്ചി ഓൾമോസ്റ്റ്‌ ഒരു നെല്ലിപ്പലകയിൽ ചെന്ന് മുട്ടി - മുട്ടിയില്ല എന്നായി .
ദേണ്ടെടാ വെട്ടുന്നു ഒരു ഇടി . കിറുകൃത്യം അവന്റെ നെറുകംതലയ്ക്കു തന്നെ .
നൂറെ നൂറ്റിപ്പത്തിൽ ചെന്ന് പാമ്പ് ആഞ്ഞു കൊത്തി. പാഴാക്കാൻ പാമ്പിനു സമയമില്ല .
പക്ഷേ, ഇടി പറ്റിച്ചു .
 ചന്നം പിന്നം നിലയ്ക്കാതെ അവന്റെ തലയ്ക്കു മുകളിൽ ഇടി തുരുതുരാ വെട്ടിയിറങ്ങി .
 പാമ്പ് ഒന്നാലോചിച്ചപ്പോ കിട്ടിയ ചാനസിനെല്ലാം കൊതുന്നതാണ് ബുദ്ധി എന്ന് തോന്നി . വെയിലുള്ളപ്പോ വൈക്കോൽ ഉണക്കണം .
ടോപ്‌ ഗിയറിൽ പൾസ് ജെനെരെട്ടരിന്റെ ഫ്രീക്വേന്സി മാക്സിമത്തിലാക്കി കഴിയുന്നത്ര റീകോഇൽ വെലോസിട്ടിയിൽ പാമ്പ് ആഞ്ഞാഞ്ഞു കൊത്തി. 
എന്നിട്ടും ഇടി നിന്നില്ല . കൊത്തി കൊത്തി പാമ്പിനു മടുത്തു . 
ഇനിയും കൊത്തിയാൽ പല്ല് തേയും എന്നായപ്പോൾ പാമ്പ് ആണ്ടവനൊരു നിവെദനഹർജി സമർപ്പിച്ചു - എന്റെ പളനിയാണ്ടവാ, ഇതൊന്നു നിന്ന് കിട്ടിയാൽ തല മൊട്ടയടിച്ച് കല്ലുമഴക്കായി കാത്തിരുന്നോളാമേ! . 
എന്നിട്ടും രക്ഷയില്ല , ബ്യൂറോക്രസിയുടെ നിരുത്തരവാദപരമായ സമീപനം പാമ്പിന്റെ നിവേദനം ചുവപ്പ് നാടയിൽ കുരുക്കി , മുകളിലോട്ടു പോവാതെ ഭദ്രമായി ചിതൽപ്പുറ്റിൽ സൂക്ഷിച്ചു . പാമ്പൊരു കോടീശ്വരൻ അല്ലല്ലോ കാര്യങ്ങൾ വഴിക്ക് നടക്കാൻ .
പിന്നെയും പിന്നെയും ഇടതടവില്ലാതെ കൊത്തി കൊത്തി പാമ്പിന്റെ പല്ല് ഒട്ടുമില്ലാതെ തേഞ്ഞു പോയി . ഇപ്പോഴും ഇടി നിലച്ചിട്ടില്ല . ക്ഷീണിച്ചു ഒരു പരുവമായെങ്കിലും ഫലം നോക്കാതെ കർമം ചെയ്യുന്ന പാമ്പ് കൊത്ത് നിർത്തിയുമില്ല. RTI വെച്ച് നിവേദനം എവിടെത്തി എന്ന് നോക്കാൻ പാമ്പിനു ടെയിം കിട്ടിയില്ല .
നിലവിലെ സാഹചര്യത്തിൽ അവന് സൗജന്യമായി ലഭിക്കുന്ന ഫുട് മസ്സാജ് ആണ് പാമ്പിന്റെ ഓരോ കടിയും എന്നാണു സുക്കെർബെർഗ് സീഐഎക്ക് നല്കിയ രഹസ്യവിവരം .

NB:അധികമായാൽ വിഷം അമൃതാവും എന്ന കോണ്‍വേഴ്സ് പ്രസ്താവന അനുസരിച്ച് അവൻ ചിരഞ്ജീവി ആയി മാറി . നിലവിൽ ആശ്വതാമാവ്‌, ബജരംഗ്ബലി , ജാംബവാൻ എന്നിവരോടൊപ്പം ഇരുപത്തെട്ടു കളിച്ച് ചെവിയിൽ കുണുക്കും, തലയിൽ കിരീടവുമായി നീണാൾ വാഴുന്നു . ( അതികഠിനചവയാതീത ഹിന്ദുത്വം )

October 03, 2012

സമരം പലവിധമുലകില്‍ സുലഭം !

മാന്യമഹാ ജനങ്ങളെ,
 പങ്കെടുക്കുവിന്‍, സഹകരിയ്ക്കുവിന്‍, വിജയിപ്പിയ്ക്കുവിന്‍ ,

ബസ്‌-കാറ്-തീവണ്ടി-മോട്ടോര്‍ സൈക്കിള്‍-കപ്പല്‍-ബിമാനം ഇത്യാദി വാഹങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍, ഉപയോഗിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ , നിലവില്‍ സ്വന്തമായി വാഹനങ്ങള്‍ ഉള്ളവര്‍ , ഇല്ലാത്തവര്‍  എന്നിങ്ങനെയുള്ള ബഹുജനങ്ങളുടെ പ്രത്യേകശ്രദ്ധയിലേക്ക്. - സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!!


ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയും വമ്പിച്ച അപകടസാധ്യത ഉള്ളവയുമാണ് ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയും. ഇന്ത്യാ മഹാരാജ്യത്ത് മാത്രം ഓരോ മിനിട്ടിലും ഒരു മരണവും നാല് പരിക്കുകളും റോഡ്‌ അപകടങ്ങള്‍ മൂലം സംഭവിയ്ക്കുന്നു എന്നാണു കണക്ക്. 1,05,000 മരണങ്ങളും 2102400 പരിക്കുകളും പ്രതിവര്‍ഷം. ഇത് പോരാഞ്ഞു വല്ലപ്പോഴും സംഭവിക്കുന്ന തീവണ്ടി-വിമാന-കപ്പല്‍ അപകടങ്ങള്‍ വേറെ. സ്ഥിതിഗതികള്‍ ഇത്രയ്ക്കു ഗുരുതരമായിട്ടും 'ഗതാഗത സൗകര്യം, രാജ്യ പുരോഗതി ' എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു രാജ്യം ഭരിയ്ക്കുന്നവര്‍ വര്‍ഷാവര്‍ഷം പുതിയ റോഡുകള്‍ നിര്‍മിയ്ക്കുന്നു, പൊട്ടി പൊളിഞ്ഞവ നന്നാക്കുന്നു, മാത്രമല്ല, പുതിയ വാഹങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിനെ തടസ്സപ്പെടുത്തുന്നുമില്ല. 


പിന്നെ , വാഹനാപകടം ഉണ്ടാവാന്‍ ഒരു ഭൂമികുലുക്കമോ സുനാമിയോ ഒന്നും ആവശ്യമില്ല. സ്ഥലകാലഭേദമില്ലാതെ സംഭവിക്കാനും സാധ്യത ഉണ്ട്. മേഘങ്ങള്‍ക്ക് മുകളില്‍ പൊങ്ങി പറക്കുന്ന വിമാനത്തിന്റെ മൂക്കില്‍ ഒരു കാക്ക പോയി ഉമ്മ വെച്ചാല്‍ തീരുന്നതെ ഉള്ളൂ സംഭവം.
വന്‍കരയിലേക്ക് ഇടിച്ചു കേറി കൊണ്ടിരിക്കുന്ന ഉപഭൂഖണ്ഡം ഭൌമാപാളികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദം വിണ്ടു കീറിയ ഭൂമിയായി ഓടി കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍....എന്റെ ശിവനേ!!
 

ഗവേന്മേന്റിനു ഈ ഭൌമചലനത്തെ കുറിച്ചും ടെക്ടോണിക് പ്ളേറ്റുകളിലെ സമ്മര്‍ദത്തെ കുറിച്ചും അറിയില്ല എന്നുണ്ടോ??
എന്നിട്ടും ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വണ്ടിയിലോക്കെ കയറുന്നു എങ്കില്‍ അതിനൊക്കെ കാരണം, അധികൃതരുടെ അനാസ്ഥയാണ്. സമരം ചെയ്തെ മതിയാവൂ. കൂടംകുളം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാസര്‍ഗോട്ട് നിന്നും സമരാനുകൂലികള്‍ കയറിയ തീവണ്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ആണവസമരത്തിന്റെ  ഗതി എന്ത്.  എന്തിനെ വിശ്വസിച്ചാണ് ഈ നിരപരാധികളും ജീവനില്‍ കൊതിയുള്ളവരുമായ ജനങ്ങള്‍ വാഹങ്ങളില്‍ കയറുന്നത്?
സമരക്കാരുടെ ജീവനെന്താ വിലയില്ലേ?
 ഇനി, ഇന്നത്തെ ജനങ്ങള്‍ ഒക്കെ ചത്ത്തോടുങ്ങിയാല്‍ പൊലും, ഭാവി തലമുറകളില്‍ വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ അത്രയ്ക്ക് നിസ്സാരമല്ല.

ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം.. !മലിനീകരണം... !ജീവനും സ്വത്തിനും അപകടം.!
വാഹനങ്ങള്‍ പുറത്ത് വിടുന്ന വിഷമയമായ പുക ചര്‍മ രോഗങ്ങള്‍ തൊട്ടു ശ്വാസകോശ അര്‍ബുദം വരെ ഉണ്ടാകുന്നതിനു കാരണം ആകുന്നു. ഗര്‍ഭം അലസിപ്പിയ്ക്കുന്നു, ഗര്‍ഭസ്ഥ ശിശുവിന് അംഗ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നു.  ഇന്ന് പുറത്ത് പോകുന്ന പുകയിലെ രാസവസ്തുക്കള്‍ നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ജീവജാലങ്ങളെ ബുദ്ധിമുട്ടിയ്ക്കും. ഹരിതഗൃഹപ്രഭാവത്തിന് കാരണമാകും.  ഐസ് ഫ്രിഡ്ജില്‍  ഉണ്ടാക്കി
ധ്രുവപ്രദേശത്തെയ്ക്ക് കൊണ്ടുവേക്കേണ്ടി വരും .  ഓസോണ്‍ പാളിയെ നശിപ്പിക്കും. ഓര്‍ക്കുക, കടലിനും കരയ്ക്കും കവചമാണ് ഓസോണ്‍.

 ഇതൊക്കെ സമയം എടുത്തു സംഭാവിയ്ക്കുന്നവ മാത്രം.

ഓണ്‍ ദി സ്പോട്ട്, റെഡി മണി ആയി കിട്ടുന്നതാണ് റോഡ്‌ അപകടം മൂലം ഉണ്ടാവുന്ന ഉയര്‍ന്ന മരണ സംഖ്യയും അംഗവൈകല്യങ്ങളും. മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ നോക്കുക.  ഓര്‍ക്കുക, വാഹന ഗതാഗതം ഉള്ളത് കൊണ്ടല്ലേ ചാലയില്‍ ടാങ്കെര്‍ ലോറി പൊട്ടിത്തെറിച്ചപ്പോള്‍  സംഭവിച്ചത് പോലത്തെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് ?

ഇതൊക്കെ ഉണ്ടാവാതിരിയ്ക്കാന്‍ ഒരൊറ്റ പോംവഴിയെ ഉള്ളൂ. അതാണ്‌ വാഹന നിരോധനം.

 മുന്‍കാല അപകടങ്ങളില്‍ നിന്നും പാഠം പഠിയ്ക്കാത്ത, ജനവിരുദ്ധമായ വാഹന/റോഡ്‌  നയവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെതിരെ ദേശീയ വാഹന വിരുദ്ധ സമിതി ഉടന്‍ തന്നെ ജനകീയ പ്രക്ഷോഭത്തിനു ഇറങ്ങുന്നു.ഇനിയും മരിയ്ക്കാത്ത മനസ്സാക്ഷിയ്ക്കുടയവരെ  , നിങ്ങള്‍ക്ക് സ്വാഗതം. 

സമരം മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍
- ദേശിയ പാതകള്‍ ഉള്‍പ്പടെയുള്ള എല്ലാ വഴികളും ഒറ്റയടിപ്പാതകലാക്കി ചുരുക്കുക .
-ഇനി മേലില്‍ പുതിയ വഴികള്‍ നിര്‍മ്മിയ്ക്കാതിരിക്കുക, നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുക.
-വഴിവെട്ടു നിരോധന നിയമം ഉടന്‍ കൊണ്ട് വരിക
-വാഹനങ്ങള്‍ ഉണ്ടാക്കുന്നതോ വില്ക്കുന്നതോ വാങ്ങിക്കുന്നതോ ഉപയോഗിക്കുന്നതോ കുറ്റകരമായി പ്രഖ്യാപിക്കുക
-ഇപ്പോഴുള്ള എല്ലാ വാഹന നിര്‍മാണ ശാലകളും അടച്ചു പൂട്ടുക.
- വാഹങ്ങള്‍ക്കുള്ള ഇന്ധന/നിര്‍മാണ/സംരക്ഷണ/നിര്‍മാര്‍ജ്ജനങ്ങള്‍ക്ക് വേണ്ട തുക  ഭൂമിയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വരുന്ന പട്ടിണിപ്പാവങ്ങളുടെ വയറു നിറയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതിനായി നിയമം കൊണ്ട് വരിക.
-വ്യവസായ വിപ്ലവത്തിന് കാരണമായ ആവിയന്ത്രം കണ്ടു പിടിച്ച  വാട്സന്‍ സായിപ്പിനെ മരണാനന്തര വിചാരണയ്ക്ക് വിധേയാനാക്കുക.

(ശിലായുഗ മനുഷ്യന്‍ - ഭാവിയുടെ വാഗ്ദാനം എന്നായിരിക്കും സമരസമിതിയുടെ ഔദ്യോഗിക മുദ്രാവാക്യം)

സമര്‍പ്പണം: 
'gullible' ആയ കൂടംകുളം നിവാസികളെ ഭയപ്പെടുത്തി സമരം ചെയ്യിക്കുന്ന തല്‍പരകക്ഷികള്‍ക്ക്‌, ആള് കൂടുന്നിടത്തെ കച്ചവടം മനസ്സിലാക്കി പര്‍വതീകരിച്ച മാധ്യമങ്ങള്‍ക്ക്, മുതലെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക്. വൈദ്യുതി ക്ഷാമത്താല്‍ പൊറുതി മുട്ടുന്ന ജനകൊടികള്‍ക്ക്. അനുദിനം തീര്‍ന്നു കൊണ്ടിരിക്കുന്ന ഫോസ്സില്‍ ഇന്ധനങ്ങളില്‍ മറഞ്ഞിരിക്കുന്ന മരങ്ങള്‍ക്കും, ജീവികള്‍ക്കും.

October 02, 2012

ആര്‍ക്കെന്നില്ലാതെ ഒരു കവിത




ഒരു മുകില്‍ കൂടി പെയ്തു തീരുമ്പൊഴും,
ഒരു തിര വന്നു കാല്‍ ഉമ്മ വെക്കുമ്പോഴും,
അറിയുന്നു ഞാന്‍ പ്രിയേ,  നിന്‍ പ്രണയമെന്നി-
ലെയ്ക്കൊഴുകുന്ന, വറ്റാത്ത ദിവ്യപ്രവാഹമായ്
ദൂരെ കടലില്‍ ചക്രവാളത്തിലാ മേഘ-
ശകലത്തിന്‍ പിന്നിലായ് സൂര്യന്‍ മറയവേ
കരയോട് കടലിന്റെ ദാഹമായ് വീശുന്ന 
വന്യമാം കാറ്റിനുന്മാദമുദിയ്ക്കവേ
അറിയുന്നു ഞാന്‍ നിന്‍ വിരല്‍ത്തുമ്പിനറ്റത്തു
  പടരുന്ന പ്രണയനിലാവിന്റെ കുളിരും,
നിന്നിടനെഞ്ചിന്‍ താളമായ്, ജീവനിശ്വാസമായ്
 ഹൃദയത്തിലുണരുന്ന  പ്രാണന്റെ പ്രാണനും.
ആദിമമാം ഒരു  പ്രേരണയിലെന്‍  കരം 
 നിന്നെയുമെന്നെയും  ചേര്‍ത്തണച്ചീടവേ
ചുമലിലഭയം തേടും നിന്റെ മൂര്‍ദ്ധാവില്‍  ഞാന്‍
അറിയാതെ ചേരുന്നു  ചുണ്ടുകള്‍ പ്രിയസഖീ



NB:മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഒരു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതാന്‍ തുടങ്ങി ഇവിടെ എത്തിയതാണ് .


February 02, 2012

ഒരു സിനിമാ താരത്തിന്റെ ആദ്യ അഭിമുഖം

ഏറണാകുളത്തെ അമൃത ഇന്റര്‍നാഷണല്‍ എന്ന ഒരു  ചെറിയ വലിയ ഹോട്ടല്‍ .

ഒരു നട്ടുച്ച നേരം, ഈയുള്ളവന്‍ അലഞ്ഞു തിരിഞ്ഞു നടന്നു മടുത്തു ചെന്ന് കയറുന്നത് ഇങ്ങോട്ടാണ്‌.
 'സെക്കന്റ്‌ ഷോ' എന്ന വിശ്വവിഖ്യാതമാവാന്‍ പോകുന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ , അദ്ദേഹത്തിന്റെ വലം കൈ ഫെല്ലിനി, ഇടം കൈ പ്രവീണ്‍ എന്നിവര്‍ അവിടെ തങ്ങുന്നുണ്ട് എന്ന ഉള്‍വിളിയാണ് ആഗമനത്തിന്റെ മൂലഹേതു. 

 നേരെ ചെന്ന് റിസപ്ഷനിലെ പെണ്കൊടിയോടു കല്‍പ്പിച്ചു - ശ്രീ ശ്രീ ശ്രീനാഥ് രാജേന്ദ്രന്‍ അവര്‍കളുടെ അന്തപുരത്തിലേക്ക് നമ്മെ കൊണ്ട് പോകൂ സുന്ദരീ..
സുന്ദരി ഇരുന്നിടത്തു നിന്നും അനങ്ങാതെ കൈ കൊണ്ട് ചൂണ്ടി കാണിച്ചു , റിസപ്ഷന്റെ നേരെ ഇടതു വശത്ത് അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ.

അടഞ്ഞു കിടന്ന വാതില്‍ കാള്ളിംഗ് ബെല്ലിന്റെ സംഭവ ബഹുലമായ ഒച്ചപ്പാട് മൂലം തുറക്കപ്പെട്ടു. സ്വന്തം വീടിനേക്കാള്‍ സ്വാതന്ത്രത്തോടെ ഞാന്‍ ആ സംവിധായകന്റെ മുറിയുടെ ശീതീകരിച്ച ഉള്ളടക്കത്തിലെയ്ക്ക് കടന്നു കയറി.

ദേണ്ടെടാ ഇരിയ്ക്കുന്നു കട്ടിലിന്മേല്‍ ഒരു രൂപം. നീട്ടി വളര്‍ത്തിയ ചപ്രാച്ചി തലമുടി പാറി പരത്തി നിരത്തിയിട്ടും , ഒന്നര ആഴ്ചയായി വടിയ്ക്കാത്ത്ത താടി ചൊറിഞ്ഞും ഇരിയ്ക്കുന്നു , ടീഷര്‍ട്ടിനും ബര്‍മുഡയ്ക്കുമുള്ളില്‍ ഭാവിയിലെ സുപ്രസിദ്ധ സിനിമാ താരം മിസ്റ്റര്‍ സണ്ണി വെയ്ന്‍ . ( സിനിമയിലെ വേഷമാണ്, പ്രൊമോഷന്‍ വേലകള്‍ക്കാവശ്യം ഉള്ളതിനാല്‍ മനുഷ്യക്കോലം എന്ന് നമ്മള്‍ വിളിയ്ക്കുന്ന കോലം അദ്ദേഹത്തിനു താല്‍ക്കാലികമായി നിഷിദ്ധമാണ്. )

കുശലാന്വേഷണങ്ങള്‍ , പാരവെപ്പുകള്‍, കാലു വാരലുകള്‍ എന്നിവയ്ക്ക് ശേഷം ഒന്ന് മയങ്ങിയേക്കാം എന്ന് കരുതി ചായാന്‍ തുടങ്ങിയപ്പോഴാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത്.
- ഭാവിയിലെ  താരം സണ്ണിക്കുട്ടന്റെ ആദ്യ അഭിമുഖം ഈയുള്ളവന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്താ പ്രശ്നം..?? 

ഒരു സിനിമാതാരത്ത്തിന്റെ    ആദ്യ അഭിമുഖം, അതൊരു  ചില്ലറ  കാര്യമാണോ  സൈമാ ??
ശ്രീനാഥിനോടും സണ്ണിയോടും കാര്യം പറഞ്ഞു. ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ ഡയലോഗ്    മനസ്സില്‍ സ്മരിച്ചു കൊണ്ട് ഒറ്റസ്വരത്തില്‍ അവര്‍ ആവശ്യപ്പെട്ടു  - ദക്ഷിണ വെയ്ക്കാന്‍ . 
ഉത്തരം ഉരുളയ്ക്കുപ്പേരി - ഷവര്‍മ മതിയോ ?
ഓ , മതിയേ - താരവും , സംവിധായകനും , ഇടം കയ്യും , വലം കയ്യും സംതൃപ്തര്‍ .
ബട്ട്‌, ഓണ്‍ ഒരു കണ്ടിഷന്‍ - കാശ് ശ്രീ കൊടുക്കണം. നമ്മള്‍ നയം വ്യക്തമാക്കി.
അട പാവീ, നീ ഇന്നും നേരെയായിട്ടില്ല അല്ലെ, എന്ന് ശ്രീ ചോദിച്ചെങ്കിലും ഒടുവില്‍ ഞങ്ങള്‍ വെച്ച് പിടിച്ചു നോര്‍ത്തില്‍ തന്നെയുള്ള ഒരു ഹോട്ടെലിലേയ്ക്ക്.

പോകുന്ന വഴി സണ്ണിയോടുള്ള  അഭിമുഖം.. ഫെല്ലിനി ഫോട്ടോഗ്രാഫര്‍.
*************************
സണ്ണി

ചോ: സണ്ണീ, ഒരു പുതുമുഖം  ആണല്ലോ? അപ്പോള്‍ സ്വയം ഒന്ന് പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. ഒന്ന് പരിചയപ്പെടുത്താമോ?

സണ്ണി:  എന്റെ  പേര്   സണ്ണി.സണ്ണി വെയ്ന്‍ .. നിങ്ങളെ പോലെ തികച്ചും ഒരു സാധാരണക്കാരന്‍ . കൊച്ചു കൊച്ചു സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒക്കെയുള്ള ഒരു ശരാശരി മലയാളി. അല്ലാതെ ഞാന്‍ ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഞാന്‍ ആണ് ഷാരൂഖ് ഖാന്‍  എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ. മ്മള് പാവം, വെറും പാവം, പാവം  പാവം സണ്ണി.

ഫെല്ലിനി: അതെയതെ..ഉറങ്ങുമ്പോള്‍ മാത്രം!! പിന്നെ, ഷാരൂഖ് ഖാന്‍ ഇത് കേള്‍ക്കേണ്ടാ.

സണ്ണി: അങ്ങനെയും പറയാം.. എങ്കിലും അപ്പോഴെങ്കിലും ഞാന്‍ പാവമാണല്ലോ. 

സണ്ണി, ഒരു പഴയ ചിത്രം
ചോ: വളരെ പ്രശസ്തമായ ഒരു ചോദ്യമാണ് അടുത്തത്. ഒരു സിനിമാ നടന്‍ ആയില്ലായിരുന്നു എങ്കില്‍ സണ്ണി ആരാവുമായിരുന്നു?

സണ്ണി: മോനെ കുട്ടാ, അംജീ, ആ വെള്ളം മാറ്റി വെച്ചേക്കു , നീ എന്നെ ഒരു സരോജ് കുമാര്‍ ആയി കണക്കാക്കല്ലേ. എന്തായാലും ചോദിച്ചത് കൊണ്ട് പറയാം. സണ്ണി എന്നും സണ്ണി തന്നെയാണ് . അതിപ്പോ  സിനിമാനടന്‍  ആയാലും , അല്ലെങ്കിലുമൊക്കെ സണ്ണി സണ്ണി തന്നെ. എന്നെ കുറിച്ച് ഒരു മഹാന്‍ ആയേക്കുമെന്നോന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ അത്ര മോശം അഭിപ്രായവും ഇല്ല. മഗര്‍ യെ തോ , കോയി ന ജാനേ.. കി മേരി മന്‍സില്‍ ഹേ കഹാം. !!

പ്രവീണ്‍ : അപ്പൊ നിനക്ക് ഹിന്ദി ഒക്കെ അറിയും അല്ലെ സണ്ണീ.. എടാ ഭീകരാ.

സണ്ണി: ഊതല്ലേ..വല്ലാതെ ഊതിയാല്‍  അകത്തു നിന്നും വേണ്ടാത്തതൊക്കെ വെളിയില്‍ വരും.

ചോ: ഡാ സണ്ണീ, നീ ഇപ്പൊ ഒരു സിനിമാ നടന്‍ ആണല്ലോ? ഒരു നടന്‍ ആവാനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ട്‌ എന്ന് നീ കരുതുന്നുണ്ടോ?

സണ്ണി: സുഹൃത്തെ , സിനിമ കാണുന്നതില്‍ കൂടുതലായി ഒരിയ്ക്കലും ഞാന്‍ കരുതിയിരുന്നില്ല, എന്നെങ്കിലും ഒരു ദിവസം ഇങ്ങനെ ഒക്കെ ആയി തീരുമെന്ന്. പക്ഷെ, മോഡെല്ലിംഗ് രംഗത്ത് താല്പര്യം ഉണ്ടായിരുന്നു. ഒരു പക്ഷെ സിനിമാ താരങ്ങളേക്കാള്‍ എന്നെ ആകര്‍ഷിച്ചിരുന്നത് മോഡല്‍ താരങ്ങള്‍  ആയിരുന്നു. പിന്നെ , ഒരു നടന്‍ ആവണം, വെള്ളിത്തിരയില്‍  മുഖം കാണിയ്ക്കണം എന്നൊക്കെ ആഗ്രഹം ഇല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? ഇതാ ഈ നിനക്ക് പോലും ആഗ്രഹം കാണും നിന്റെ  ഈ മുഖം ഒന്ന് സ്ക്രീനില്‍ കാണണം എന്ന്. പിന്നെ, യോഗ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍ , പണ്ട് നാടോടിക്കാറ്റില്‍ വിജയന്‍ പറഞ്ഞ പോലെ , ജീവിതത്തില്‍ പല വേഷങ്ങളും കേട്ടിയാടിയിട്ടുണ്ട്. പിന്നെ, ഒരാളെ സ്വീകരിയ്ക്കണോ, പുറം തള്ളണോ  എന്നൊക്കെ തീരുമാനിയ്ക്കുന്നത്  പ്രേക്ഷകരാണല്ലോ ?? അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ യോഗ്യത ഉണ്ട്.. ഇല്ലെങ്കില്‍ ഇല്ല . (പുറകില്‍  നിന്നും  ശ്രീ പാട്ട്   തുടങ്ങി - കരകാണാകടലലമേലെ.... )

ചോ :  അല്ല സണ്ണീ, ഈ അഭിനയം എന്ന്  പറയുന്ന സംഗതിയെ  കുറിച്ച് എന്താ നിന്റെ അഭിപ്രായം?

സണ്ണി : എടാ , നീ ഇത് വരെ അത് വിട്ടില്ലേ? (പണ്ടൊരിയ്ക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞു ലൊക്കേഷനില്‍ നിന്നും തിരിച്ചു റൂമിലേയ്ക്ക് വരുന്ന വഴിയ്ക്ക്  ഇതേ ചോദ്യം ഞാന്‍ സണ്ണിയോട് ചോദിച്ചിരുന്നു. അന്ന് ഒരു പച്ചാളം ഭാസി ലൈനില്‍ സണ്ണി പറഞ്ഞത് അഭിനയം എന്നത് അരി വറുക്കല്‍ ആണെന്നാണ്‌. )
സണ്ണി പെട്ടെന്ന് കൈ വന്ന പക്വതയില്‍ തുടര്‍ന്നു : അഭിനയത്തെ കുറിച്ച് പറയാന്‍ മാത്രം നമ്മള്‍  വളര്‍ന്നിട്ടില്ലല്ലോ മോനെ. എന്റെ അഭിനയത്തെ കുറിച്ചാണ് നിനക്ക് അറിയേണ്ടത്  എങ്കില്‍ ഇതാ ഡയറക്ടര്‍ സര്‍ ഇവിടെയുണ്ട്. അങ്ങോട്ട്‌ ചോദിയ്ക്കാം. അല്ലെങ്കില്‍ നീ തന്നെ നേരിട്ട് കണ്ടിട്ടുണ്ടല്ലോ. നിനക്ക് സ്വയം വിലയിരുത്താം. 
(അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. സെക്കന്റ്‌ ഷോ എന്ന സിനിമ ഒരുപാട് പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയാണ്. നായകന്‍ ദുല്‍കര്‍, നായിക ഗൌതമി, സംവിധായകന്‍ ശ്രീ, ക്യാമറമാന്‍ പപ്പു ചേട്ടന്‍ , സണ്ണി ഉള്‍പ്പടെയുള്ള മറ്റു താരങ്ങള്‍ അങ്ങനെ.. ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌   മിക്കവാറും പുതുമുഖങ്ങളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍  ആദ്യ ചിത്രം  പുറത്തിറങ്ങുന്നതിനു  മുന്നേ തന്നെ താരമായി വളര്‍ന്നു കഴിഞ്ഞിരിയ്ക്കുന്നു. അത് കൊണ്ട് തന്നെ സണ്ണിയുടെ സുഹൃത്തുക്കളായ ഞാന്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതീക്ഷ ഈ സിനിമയുടെ കണ്ടെത്തലായി സണ്ണി അറിയപ്പെടുമെന്നാണ്. തീര്‍ച്ചയായും സാമാന്യത്തിലധികം റേഞ്ച് ഉള്ള നടനാണ്‌ സണ്ണി എന്ന് തന്നെയാണ് എന്റെ അഭിപ്രായം.)

ചോ: ശ്രീ, സണ്ണി എന്ന് പറഞ്ഞ നടനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ..?

ശ്രീ: സണ്ണി എന്ന സിനിമാ  നടന്‍ ഈ കഴിഞ്ഞ മഴക്കാലത്തല്ലേ പൊട്ടി മുളച്ചത്. അതിലും കുറെ കാലം മുന്‍പ് തന്നെ സഹിയ്ക്കാന്‍ തുടങ്ങിയതാ ഈ മനുഷ്യനെ. ഉള്ളത് പറയാമല്ലോ. ജന്മനാ ഇവന്‍ ഒരു നടനാ. എന്താ അഭിനയം. കയ്യില്‍ കാശുല്ലപ്പോള്‍ രാജാവായ സണ്ണി. കാശില്ലാത്ത സമയത്ത് ആ അഹങ്കാരം ഒന്നുമില്ലാതെ എന്റെ പോക്കെട്ടിലെ കാശ് ചിലവാക്കുന്ന സണ്ണി. എവിടെ നിന്നെങ്കിലും അടി വരുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നില്‍ക്കുന്ന സണ്ണി....


സണ്ണി: സ്റ്റോപ്പ്‌.... അസൂയാ..അപവാദം... എന്നെ കരി വാരി തേക്കാനുള്ള തല്പരകക്ഷികളുടെ കുത്സിത ശ്രമം. ഇല്ലാ , നിങ്ങള്‍ക്കാവില്ലാ... ചന്തുവിനെ തോല്‍പ്പിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ.

ചോ: ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് എന്താണ് സണ്ണിയുടെ അഭിപ്രായം.?

സണ്ണി: വളരെ നല്ല ഒരു മനുഷ്യന്‍ , നല്ല ഒരു സുഹൃത്ത്, കഴിവുള്ള നടന്‍ ..പിന്നെ നമ്മുടെ അതെ പ്രായം.. അതൊക്കെത്തന്നെ.

ചോ: അതല്ല സണ്ണീ, ദുല്‍ഖര്‍ എന്ന് പറയുമ്പോള്‍ ഒരു താരപുത്രന്‍ . തീര്‍ച്ചയായും നമ്മളൊക്കെ ഒരുപാട് ദൂരെ നിന്നും ആരാധനയോടെ നോക്കി  കാണുന്ന മമ്മൂക്കയുടെ മകന്‍.. അപ്പോള്‍ ..

സണ്ണി: ഒന്ന് പോടാ ചെക്കാ.. അവനെ നിനക്കും അറിയാവുന്നതല്ലേ. നീയും ഞാനും ഇപ്പോള്‍ സംസാരിയ്ക്കുന്ന പോലെ സംസാരിയ്ക്കാവുന്ന , യാതൊരു ജാടയും ഇല്ലാത്ത നല്ലൊരു മനുഷ്യന്‍ . ആത്മാര്‍ഥത ഉള്ള ഒരു പയ്യന്‍ . പിന്നെ, അവന്റെ അഭിനയം എങ്ങനെയുണ്ട് എന്നറിയാന്‍ ഇവരോട് ചോദിച്ചാല്‍ മതി. അല്ലെ ശ്രീ?? 

ശ്രീ: തീര്‍ച്ചയായും നല്ല കഴിവുള്ള ഒരു നടനാണ്‌ ദുല്‍ഖര്‍. ഒരു മാസത്തെ ഒരു ആക്ടിംഗ് ക്യാമ്പ്‌ നടത്തിയതിനു ശേഷമാണ് നമ്മള്‍ ഷൂട്ടിംഗ് ആരംഭിച്ചത്. അപ്പോഴേയ്ക്കും എല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. നിനക്കറിയാമല്ലോ അംജീ, നമ്മളൊക്കെ ഒരു ഇരുപത്താറു- ഇരുപത്തെട്ടു വയസ്സ് പ്രായമുള്ളവര്‍. ആ ഒരു സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പിന്നെ, ആദ്യദിവസങ്ങളില്‍ ദുല്‍ഖറും ഒരു പുതുമുഖം തന്നെയായിരുന്നു. ബട്ട്‌, യു സീ, അവസാനമൊക്കെ ആയപ്പോഴേയ്ക്കും ഹി വാസ് സുപെര്‍ബ്. പ്രത്യേകിച്ച് സെന്റിമെന്റ്സ് ഒക്കെ കണ്‍വെ  ചെയ്യാനുള്ള അവന്റെ കഴിവ് അസാധ്യം തന്നെ. മമ്മൂക്കയും ആ കാര്യത്തില്‍ ഒരു ഇതിഹാസം ആണല്ലോ. ദുല്‍ഖര്‍ ഹാവ് ദി മെറ്റീരിയല്‍  ആന്‍ഡ്‌ കാലിബര്‍ ടു ബി എ ബിഗ്‌ നെയിം ഇന്‍ മലയാളം മൂവി വേള്‍ഡ്.

ചോ: സണ്ണീ, ഷൂട്ടിംഗ് നടക്കുംപോലത്തെ വല്ല രസകരമായ സംഭവങ്ങളും ഒന്ന് പങ്കു വെക്കാമോ.

സണ്ണി: ശ്രീ പറഞ്ഞത് പോലെ, സമപ്രായക്കാരുടെ  ഒരു സെറ്റ്. നിന്നെപ്പോലത്തെ ഹറാം പിരപ്പുകലല്ലേ  എല്ലാം. ഒരു പാട് തമാശകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് ഞങ്ങള്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നു. എന്തായാലും ഈ അഭിമുഖത്തില്‍ ഞാന്‍ ഒന്നും തെളിച്ചു പറയുന്നില്ല. ഇനിയുമുണ്ടല്ലോ  ഒരുപാട്  അഭിമുഖങ്ങള്‍ . അവിടെ  പറയാന്‍  എന്തെങ്കിലുമൊക്കെ   മിച്ചം  വേണ്ടേ .

ശ്രീ: സണ്ണീ , ഇവനെ വിശ്വസിയ്ക്കല്ലേ. നീ ഈ പറഞ്ഞത് അവന്‍ അത് പോലെ എഴുതും. ചിലപ്പോള്‍ ഒന്ന് പോലിപ്പിയ്ക്കും. സംഗതി പുറത്ത് വരുമ്പോള്‍ കാണാം, സണ്ണി പറഞ്ഞു- ഞാന്‍ അഭിമുഖം ബ്ലോഗ്ഗേഴ്സിനു കൊടുക്കാറില്ല. ഒണ്‍ലി ഫോര്‍ ടെലിവിഷന്‍ എന്നൊക്കെ. 

സണ്ണി: (നെടുമുടി വേണുവിനെ അനുകരിച്ചു കൊണ്ട് ). ദേഹത്ത് തൊട്ടു കളിയ്ക്കരുത്. അറിയാമോ.. മഹാ ഊച്ചാളിയാ ഞാന്‍ .

ചോ: സണ്ണി പറഞ്ഞത് എഴുതിയില്ലെങ്കിലും ശ്രീ പറയുന്നത് എഴുതാം.. കേട്ടോ ശ്രീ. പിന്നെ, സണ്ണീ, ഇത് കഴിഞ്ഞു എന്താ നിന്റെ പ്ളാന്‍ ?

സണ്ണി: ഞാന്‍ അങ്ങനെ പ്രത്യേകിച്ച് ഒന്നും പ്ളാന്‍ ചെയ്യുന്നില്ല. നമുക്ക് വേണ്ടത് നമുക്ക് മുന്നിലെത്തും. വരാനുള്ളത് വഴിയില്‍ തങ്ങില്ല, മാന്‍ പ്രോപോസേസ് - ഗോഡ് ദിസ്പോസേസ് എന്നോക്കെയുണ്ടല്ലോ.  അത് കൊണ്ട് സണ്ണിക്കുള്ളത്  സണ്ണിയ്ക്ക് കിട്ടിയിരിയ്ക്കും. ഇനിയിപ്പോ കിട്ടാന്‍ ഒന്നും ഇല്ലെങ്കില്‍ സണ്ണി എത്ര ശ്രമിച്ചാലും അതൊട്ട്‌ കിട്ടുകയും ഇല്ല. അതാണ്‌ സണ്ണി. (സണ്ണിക്കൊരു ട്രേഡ് മാര്‍ക്ക്‌ ചിരി വരാറുണ്ട് ഇങ്ങനെയുള്ള സമയങ്ങളില്‍)

ചോ: ശ്രീ, എന്താണ് താങ്കളുടെ ഭാവി പരിപാടി ? 

ശ്രീ: ഭാവിയെ കുറിച്ച് ചിന്തിയ്ക്കാന്‍ ഉള്ള സമയം ആയിട്ടില്ല മോനെ. പടത്തിന്റെ ജോലികള്‍ ഇനിയും ഒരുപാട് ബാക്കി. ഇതൊന്നു തിയേറ്ററില്‍ എത്തിയാല്‍ പിന്നെ ഒന്ന് വിശ്രമിയ്ക്കണം എന്നുണ്ട്. എന്ന് വെച്ചാല്‍ നിനക്ക് അറിയാമല്ലോ, വിശ്രമം എന്ന് പറഞ്ഞാല്‍ ഒരു യാത്ര. ഭുട്ടന്‍ വരെ ഒന്ന് പോവണം എന്നുണ്ട്. ഒരുപാട് കാലമായുള്ള ആഗ്രഹമാണ്. അത് കഴിഞ്ഞു വരുമ്പോള്‍ പുതിയ പ്രൊജക്റ്റ്‌. അതൊക്കെ തന്നെ.
ശ്രീ, ഫെല്ലിനി , ഞാന്‍

ചോ: അല്ല മോനെ, ഒരു സംശയം. മലയാളത്തിലെ പല സംവിധായകരും സ്വന്തമായി ഒരു ചിത്രം ചെയ്യുന്നത് പത്തോ പതിനഞ്ചോ വര്‍ഷം ആരുടെയെങ്കിലും അസിസ്റ്റന്റ്‌ ആയി കൂടെ നിന്നാണ്. നീ എങ്ങനെ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് സാധിച്ചു  ?

ശ്രീ:  അറിയാമല്ലോ ജയരാജ് സാറിന്റെ കൂടെ ഞാന്‍ രണ്ടു സിനിമയില്‍ വര്‍ക്ക്‌ ചെയ്തു. ഗുല്‍മോഹര്‍ . ലൗഡ്സ്പീക്കര്‍ എന്ന രണ്ടു സിനിമ. അത് കഴിഞ്ഞു നില്‍ക്കുമ്പോഴാണ്  നമ്മുടെ വിനി
 (തിരക്കഥാകൃത്ത് വിനി വിശ്വലാല്‍ ) ഇങ്ങനെ ഒരു ത്രെഡ് പറയുന്നത്. പിന്നെ അതിന്റെ പുറകെ  കൂടി. അംജിയും ഉണ്ടായിരുന്നല്ലോ ഒറ്റപ്പാലത്ത് നമ്മുടെ കൂടെ. പിന്നെ എന്താ പറയ്യാ, ആള്‍ക്കെമിസ്ട്ടില്‍ പറയുന്നത് പോലെ When you want something, all the universe conspires in helping you to achieve it. പിന്നെ, When you find your path, you must not be afraid. You need to have sufficient courage to make mistakes. Disappointment, defeat, and despair are the tools God uses to show us the way. അതൊക്കെ തന്നെ. പിന്നെ എന്റെ വീട്ടുകാരും, സുഹൃത്തുക്കളും, ജയരാജ് സാര്‍ ഉള്‍പ്പടെയുള്ള ഗുരുക്കന്മാരുമൊക്കെ നന്നായി സപ്പോര്‍ട്ട് ചെയ്തു. അത് കൊണ്ട് ഇപ്പോള്‍ ഈ പടം ഒരു യാഥാര്‍ത്ഥ്യം ആയി മാറി.

ഓര്‍ഡര്‍ ചെയ്ത ഷേവര്‍മ ഇതിനനകം മുന്നില്‍ വരികയും, ഒരു ഓര്‍മ മാത്രമായി തീരുകയും ചെയ്തിരുന്നു. രാത്രി ഡബ്ബിംഗ് ഉള്ളത് കൊണ്ട് പ്രവീണും ഫെല്ലിനിയും  പോവാനായി തിരക്ക് കൂട്ടാനും തുടങ്ങി. (ഒന്ന് നിര്‍തെടോ  ഓന്റെ ഒരു ഇന്റര്‍വ്യൂ. അതൊക്കെ ഇനി പിന്നേം ചെയ്യാം എന്നൊക്കെ ഫെല്ലിനി പറഞ്ഞു തുടങ്ങി.) അത് കൊണ്ട് ചുരുക്കാന്‍ സമയമായി.

ചോ: സെക്കന്റ്‌ ഷോ എന്ന ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ ശില്‍പ്പികള്‍ക്ക് എന്താണ് അഭിപ്രായം . ഇതിന്റെ ഉത്തരം ഫെല്ലിനിയും പ്രവീണും പറയെട്ടെ.
പ്രവീണ്‍ : നമ്മളെയും വിടാന്‍ ഭാവമില്ല അല്ലെ? ഹും..

ഫെല്ലിനി: വലിയ അവകാശ വാദങ്ങളോ കൊട്ടിഘോഷിയ്ക്കലോ ഒന്നുമില്ല. പ്രേക്ഷകര്‍ക്കിഷ്ട്ടപെടുന്ന, അവരെ രസിപ്പിയ്ക്കുന്ന, അവരെ മടുപ്പിയ്ക്കാത്ത  ഒരു  സിനിമ. ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനമാണ്. മനസ്സില്‍ യുവത്വമുള്ള ഏതൊരാള്‍ക്കും വേണ്ടി യുവാക്കള്‍ ഒരുക്കുന്ന ഒരു സിനിമ. അത്ര തന്നെ.
സണ്ണിയും ശ്രീനാഥും തല കുലുക്കി സമ്മതിച്ചു. കൂട്ടത്തില്‍ ഞാനും.

ചോ: ശ്രീ, അവസാനത്തെ ചോദ്യം.. ഇത് ഞാന്‍ കുറെ കാലമായി ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്. മോനെ, അടുത്ത പടത്തില്‍ ഒരു ചാന്‍സ് തരുമോ? ഞാന്‍ വളരെ നന്നായി അഭിനയിയ്ക്കും. ഡാ സണ്ണീ, ഒന്ന് ശുപാര്‍ശിക്കെടാ..!!

ഒരു കൂട്ടച്ചിരി. ചിരിയ്ക്കൊടുവില്‍ ഗൌരവം വീണ്ടെടുത്തു ശ്രീ പറഞ്ഞു. "നിനക്ക് പറ്റിയ കഥാപാത്രം ഉണ്ടെങ്കില്‍ അംജീ, തീര്‍ച്ചയായും നിന്നെ അഭിനയിപ്പിച്ചിരിയ്ക്കും. കഥാപാത്രം ഇല്ലെങ്കില്‍ പിന്നെ ഒന്നും പറയരുത്."

സണ്ണി: അതിനു നീ സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതി ഒരു സരോജ് കുമാര്‍ ആയി മാറേണ്ടി വരും സൈമാ ... ഹി ഹി !!

സന്തോഷം. സമാധാനം. പായ്ക്ക് അപ്പ്‌. ഷിഫ്റ്റ്‌ ടു ഡബ്ബിംഗ് സ്റ്റുഡിയോ
********************************************************* 

അപ്പോള്‍ ശേഷം ഭാഗം സ്ക്രീനില്‍ കാണാം.  ഫെബ്രുവരി  മൂന്ന് - അതായത് നാളെ, സെക്കന്റ്‌ ഷോ തിയെറ്റരുകളില്‍ എത്തുന്നു. എല്ലാ മാന്യ വായനക്കാരും തിയേറ്ററില്‍ പോയി പടത്തിന്റെ ആദ്യ ഷോ തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . നിങ്ങള്‍ ഇപ്പോള്‍ വായിച്ച അഭിമുഖം ജനുവരി പതിനാലാം തിയതി ഞങ്ങള്‍ നടത്തിയ ഒരു സൌഹൃദ സംഭാഷണമാണ്.


October 25, 2011

മൂന്ന് സ്വതന്ത്ര പരിഭാഷകള്‍ .

വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകള്‍ ഒന്നുമല്ല, അനശ്വരങ്ങളായ മൂന്നു ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് ഞാന്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നത്‌. വാക്കിനു ബദല്‍ വാക്കായിട്ടല്ല. ഒരല്പം വ്യത്യാസത്തോടു കൂടി,ആശയം ഉള്‍ക്കൊണ്ടു കൊണ്ട് കഴിയുന്നതും സ്വതന്ത്രമായ ഒരു പരിഭാഷയാണ് ഇവ.


മേരെ നയ്നാ.. സാവന്‍ ഭാദോ.. ഫിര്‍ ഭി മേരാ മന്‍ പ്യാസാ
 
കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
ഉന്മാദിയാമീ ഹൃദയമെന്തറിവൂ
വിഷാദഭരിതമായോരീണം എങ്ങു നിന്നോ വന്നിതെന്റെ ചുണ്ടില്‍ , കൊണ്ട് പോകുന്നു എന്നെ എങ്ങോ ദൂരെ
എല്ലാം മറന്നു ഞാന്‍ എങ്കിലും എന്തൊക്കെയോ ഇനിയും മായാതെ ഓര്‍മയുണ്ട്.
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കഥയിതു പഴങ്കഥ ആണെങ്കിലും, എല്ലാം മറന്നു ഞാന്‍ പോയെങ്കിലും , നിന്നെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു ഞാനിപ്പോഴും
എങ്കിലും മറക്കുന്നില്ലാ ഞാന്‍ അന്ന് പെയ്ത ആ മഴയുടെ ഒലിയലകള്‍.
ഒരു നിമിഷത്തിന്റെ ആശ്വാസം ഏകിക്കൊണ്ടിതെത്ര ഋതുക്കള്‍ കടന്നു പോയി
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കടന്നു പോയിതെത്ര വര്‍ഷങ്ങള്‍ നാം പിരിഞ്ഞതിന്‍ ശേഷം
സമയരേഖ പോലെ തെളിയുന്നു മിന്നല്‍ , മാനത്തതില്‍ കണ്ടു നിന്നെ ഞാന്‍
ആശാനിരാശകള്‍ ഒളിച്ചു കളിയ്കുന്നോരെന്‍ മനസ്സിന്നും ദാഹാര്‍ത്തമാണ്‌

കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
 
 
'ബഹാരോം ഫൂല്‍ ബര്‍സാവോ , മേരാ മെഹബൂബ് ആയാ ഹേ'

പുഷ്പമാരി ചൊരിയൂ വസന്തങ്ങളെ..
വന്നണഞ്ഞെന്‍ പ്രിയതമയവള്‍ക്കായൊരു
മൃദുഗാനമാലപിയ്ക്കൂ കുളിര്‍തെന്നലെ...

അണിയിക്കുകയവളുടെ കൈകളില്‍ മൈലാഞ്ചി
ചെന്നിറം തുടുത്തു നില്‍ക്കും കുസുമങ്ങളെ
താഴേയ്ക്കിറങ്ങി, വന്നവളുടെ കണ്‍കളില്‍
മഷിയെഴുതൂ നിങ്ങള്‍ മേഘങ്ങളേ
വന്നണഞ്ഞെന്‍ പ്രിയതമയവളുടെ മുടി
അലങ്കരിക്കൂ നിങ്ങള്‍ താരങ്ങളെ

മിഴിയിണ ചെല്ലുന്നിടം ഒക്കെയും ഇന്ന്
ആയിരം ദീപങ്ങള്‍ പുഞ്ചിരിയ്ക്കും
നാണിച്ചു നാണിച്ചെന്നോമലാള്‍ ദൂരത്ത്‌
നമ്രശിരസ്കയായ് മാറി നില്‍ക്കും
തെല്ലടങ്ങുകെന്‍ ഹൃദന്തമേ, ഇതാ
വന്നണഞ്ഞെന്‍ പ്രിയതമയരികില്‍

ഒരുനാളിതിലെ വന്നണയും സ്നേഹമെന്നറിയും,
തളിര്‍മൊട്ടുക, ളെന്നുടെ രാഗഭരം മൃദുമെത്തയോരുക്കീ
വര്‍ണ്ണങ്ങള്‍ ചൊരിയൂ ചക്രവാളങ്ങളെ ,
വന്നണഞ്ഞെന്‍ പ്രിയതമ ചാരെ
 


ചൌധവീന്‍ കാ ചാന്ദ് ഹോ ..യാ ആഫ്താബ് ഹോ..ജോ ഭി ഹോ തും, ഖുദാ കീ കസം ലാജവാബ് ഹോ


""പൂര്‍ണ്ണചന്ദ്രനോ നീ , അതോ സൂര്യതേജസ്സോ?
എന്ത് തന്നെ ആവട്ടെ, ഞാന്‍ ആണയിട്ടു പറയുന്നു - അതുല്യയാണ് നീ!!
ഒരു നനുത്ത മേഘം എന്ന പോലെ നിന്റെ കാര്‍ക്കൂന്തല്‍ തോളുരുമ്മി കിടക്കുന്നു !
തുള്ളി തുളുമ്പും എന്ന് തോന്നിപ്പിക്കുന്നതോ നിന്റെ മിഴിയിണകളില്‍
ഉന്മാദം പടര്‍ത്തുന്ന പ്രണയ ലഹരിയോ?
നീലത്തടകത്ത്തില്‍ പരിലസിക്കുന്ന ഒരു താമരപ്പൂവാണ് നിന്റെ മുഖം..
അതോ, ജീവന്റെ വീണ മീട്ടി പാടുന്ന മനോഹരഗീതമോ?
ഏതോ കവിയുടെ മനസ്സിലെ സുന്ദരസ്വപ്നമോ നീ , പോയ്മറഞ്ഞ വസന്തമേ ?
നിന്‍ ചെന്‍ചൊടിയില്‍ വിളയാടുന്നു മിന്നലൊത്ത പുഞ്ചിരികള്‍ ,
ആരും മതിമയങ്ങി വീഴുന്നു നിന്റെ ദര്‍ശനമാത്രയില്‍
ഭൌമസൌന്ദര്യത്തിന്‍ നിസ്തുലരൂപമേ , ""

Ratings and Recommendations by outbrain